നോവൽ

തെറം ‐ 2
November 08, 2025എതിര്‍ടീമിന്റെ മെയിൻ സ്ട്രൈക്കര്‍ എടുത്ത ഗ്രൗണ്ട്ലെവല് ഫ്രീകിക്ക് ഗോളാവേണ്ടതായിരുന്നു. ഗോളിയുടെ കാലില്‍ തട്ടി ത്രോ ആയി. ത്രോയില്‍ നിന്ന് മുത്തലിയുടെ ടീമിന്റെ സെന്റര്‍ബാക്ക് പന്ത് കാലിലെടുക്കുകയും മുന്നോട്ട് വീശിയടിക്കുകയും ചെയ്തു. അപ്പുറത്തുനിന്ന് ഹെഡ് ചെയ്ത പന്ത് കൊണ്ടത് മുത്തലിയുടെ നെഞ്ചില്‍. എല്ലാം തെറ്റിക്കൊണ്ടിരുന്ന മുത്തലി നെഞ്ചില്‍നിന്ന് തെറ്റാതെ പന്ത് കാലിലേക്കെടുത്തു. രണ്ട് കളിക്കാരെ വെട്ടിച്ച്, പുറത്തേക്ക് തള്ളിയിടാനൊരുങ്ങിയ എതിരാളിയില്‍നിന്ന് വഴുതി മാറി, ഗോള്പോസ്റ്റിലേക്കൊന്ന് നോക്കി, പന്ത് ആഞ്ഞടിക്കുമ്പോള്‍ അവന്റെ ഇടതുകാലിന് ഇരുപത്തിമൂന്ന് വര്‍ഷക്കാലം അനുഭവിച്ച അപമാനത്തിന്റെയും വേദനകളുടെയും അതിബലമുണ്ടായിരുന്നു. മഴവില്ല് പോലെ ഉയര്‍ന്നുപൊന്തിയ പന്ത് തല തല്ലുന്നത് പോലെ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് തട്ടി മേല്പ്പോട്ടുയര്ന്നപ്പോള് ഗാലറിയില്‍നിന്ന് ആരവം ഉയര്‍ന്നു. ‘‘മുത്തലി... മുത്തലി...’’ എന്ന വിളി ഗാലറിയില്‍ കയ്യടിക്കുന്നത് പോലെ ഒറ്റയ്ക്കും കൂട്ടമായും ഉയരുന്നത് പുറത്തേക്ക് പോയ പന്ത് നോക്കിനില്ക്കവെ മുത്തലിയുടെ ചെവിയില്‍ തൊട്ടു. പൊടുന്നനെ ആര്‍പ്പുവിളി നിശ്ശബ്ദമാവുന്നതായും ‘മുത്തലി.. മുത്തലി..' എന്ന് വിറ പടര്‍ന്ന ഒച്ചയില്‍ ഒരാള്‍ മാത്രം ആശ്രയത്തിനെന്നപോലെ തന്നെ വിളിക്കുന്നതായും അവന് തോന്നി. അവന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു അതിന്. കടല്‍ പോലെ അവന്റെ മനസ്സിരമ്പി. ‘‘മുത്തലീ.. മുത്തലീ..’’







