നോവൽ

തെറം ‐ 2

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Nov 08, 2025, 02:30 PM | 9 min read

ചിത്രീകരണം: കെ പി മുരളീധരൻഎതിരാളി

മേഘങ്ങളാല്‍ മൂടിക്കെട്ടി ഗൗരവചിന്തകളിലായിരുന്നു വൈകുന്നേരം.

മഴ പെയ്യുമെന്ന തോന്നലുണ്ടായെങ്കിലും ചാറ്റല്‍മഴപോലും പെയ്യില്ലെന്ന് മുത്തലിക്ക് അറിയാമായിരുന്നു.

രണ്ടാമത്തെ ബൂട്ടിന്റെ ലേയ്‌സ് കെട്ടിക്കഴിഞ്ഞ് കാലുകളനക്കവെ അവന്‍ വീണ്ടും മുസ്‌തഫയെ വിളിച്ചു.

ആദ്യത്തെ വിളിയില്‍ തന്നെ മുസ്‌തഫ ഫോണെടുത്തു.

‘‘ആ... പറ...''

മുസ്‌തഫയുടെ ഗൗരവം വിട്ടുമാറാത്ത സ്വരം, അതില്‍ അസ്വസ്ഥത നിഴലിട്ടിരിക്കുന്നു.

അവന്‍ യാത്രയിലാണ്, അങ്ങേത്തലയ്‌ക്കല്‍ കാറില്‍ നിന്നുയര്‍ന്ന ഹിന്ദി ഗാനം കേട്ടപ്പോള്‍ മുത്തലിക്ക് മനസ്സിലായി.

‘‘എങ്ങോട്ടാ...?''

‘‘സുള്ള്യക്ക്... കൊര്‍ച്ച് കാര്‍വാറ്ണ്ട്... അവിടുന്ന് നേരെ മംഗലാരം... ആ വയി ഗോവ...''

‘‘ഇന്ന് പോവണ്ടായിരുന്നു..!''

‘‘എന്താ...?''

‘‘എന്തോ ഒരു പേടി...!''

‘‘ആരെ വിചാരിച്ചിട്ട്...?''

‘‘നിന്നെ... പിന്നാരെ...?''

‘‘എനിക്ക് പേടീല്ലല്ലോ... എന്തിന് വെറുതെ നീ പേടിക്ക്ന്ന്...!''

മുസ്‌തഫയൊന്ന് നിശ്ശബ്ദനായി. ഹിന്ദി ഗാനത്തിന്റെ ഒച്ച താഴ്‌ന്നു.

‘‘വരുന്നത് വരും... വിധിച്ചിട്ട്‌ണ്ടെങ്കില് തട്ക്കാന്‍ കളിച്ചാലും നിക്കൂലാ... എനിക്കത് നല്ലോണം അറിയാം. അതോണ്ട് എനിക്ക് ഒരു പേടിയൂല്ലാ.''

മുസ്‌തഫയോട് തര്‍ക്കിച്ചിട്ട് കാര്യമില്ല, മുത്തലിക്ക് അറിയാം.

‘‘ആരാ ഒ്പ്പരം...?''

‘‘പുത്യ ചങ്ങായിയാ... രാഘവേന്ദ്രന്‍.. നെനക്കറീലാ...''

മുത്തലി മൂളി.

‘‘വേറൊന്നൂല്ലല്ലോ...!''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

പതിവുപോലെ മുസ്‌തഫ ഉത്തരത്തിന് കാത്തുനിന്നില്ല. അപ്പുറത്തുനിന്ന് കോള്‍ കട്ടായതിന്റെ ഒച്ചയും കേട്ട് മുത്തലി ഒന്ന് നിന്നു. മൈതാനത്തിന് മുകളിലൂടെ ഒരു കൂട്ടം പക്ഷികള്‍ കൂടുംതേടി പറന്നുപോവുന്നത് അവന്റെ കണ്ണില്‍ കെണിഞ്ഞു. അവനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.

‘‘മാനം നോക്കിനില്‍ക്കാതെ മൈതാനത്ത് നോക്കെടാ മൊതലേ...''

മലബാര്‍ സ്‌ട്രൈക്കേഴ്‌സിന്റെ കോച്ച് വർഗീസ് അവനെ കൈകൊട്ടിവിളിച്ചു.

കളിയില്‍ മുത്തലി റിസർവിലായിരുന്നു. രണ്ട് ഗോളിന് മലബാര്‍ സ്‌ട്രൈക്കേഴ്‌സ് പിന്നിലായപ്പോള്‍ അവസാനത്തെ പത്ത് മിനുട്ടില്‍ അവനെ ഇടതുഫോർവേഡില്‍ വർഗീസ് ഇറക്കി. അവന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും കളിയുടെ ഫലത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ പോവില്ലെന്ന് സ്വന്തം ടീമിന്റെ ഒരറ്റവും മുട്ടാത്ത കളി കണ്ടപ്പോള്‍ അയാള്‍ക്ക് മനസ്സിലായിരുന്നു. പന്ത് ആദ്യം കിട്ടിയപ്പോള്‍ എതിര്‍കളിക്കാരന്‍ തട്ടിയെടുക്കുകയും തിരിച്ചെടുക്കാന്‍ ശ്രമിക്കവെ അത് മുത്തലിയുടെ ഭാഗത്ത് നിന്നുള്ള ഫൗള്‍ ആവുകയും എതിര്‍ടീമിന് അനുകൂലമായി ഫ്രീകിക്ക് കിട്ടുകയുമുണ്ടായി. ഇവനെ കയറ്റിയത് തെറ്റായിപ്പോയല്ലോയെന്ന് വർഗീസ് നെറ്റിക്ക് വലങ്കൈ കൊണ്ട് ഒന്ന് തല്ലുന്നത് അവന്‍ ദൈന്യതയോടെ കണ്ടു.

‘ഇന്ന് തൊടുന്നതെല്ലാം തെറ്റിപ്പോവുകയാണല്ലോ...’

കുറ്റബോധത്തോടെ അവന്‍ തല കുനിച്ചു.


എതിര്‍ടീമിന്റെ മെയിൻ സ്‌ട്രൈക്കര്‍ എടുത്ത ഗ്രൗണ്ട്‌ലെവല്‍ ഫ്രീകിക്ക് ഗോളാവേണ്ടതായിരുന്നു. ഗോളിയുടെ കാലില്‍ തട്ടി ത്രോ ആയി. ത്രോയില്‍ നിന്ന് മുത്തലിയുടെ ടീമിന്റെ സെന്റര്‍ബാക്ക് പന്ത് കാലിലെടുക്കുകയും മുന്നോട്ട് വീശിയടിക്കുകയും ചെയ്‌തു. അപ്പുറത്തുനിന്ന് ഹെഡ് ചെയ്‌ത പന്ത് കൊണ്ടത് മുത്തലിയുടെ നെഞ്ചില്‍. എല്ലാം തെറ്റിക്കൊണ്ടിരുന്ന മുത്തലി നെഞ്ചില്‍നിന്ന് തെറ്റാതെ പന്ത് കാലിലേക്കെടുത്തു. രണ്ട് കളിക്കാരെ വെട്ടിച്ച്, പുറത്തേക്ക് തള്ളിയിടാനൊരുങ്ങിയ എതിരാളിയില്‍നിന്ന് വഴുതി മാറി, ഗോള്‍പോസ്റ്റിലേക്കൊന്ന് നോക്കി, പന്ത് ആഞ്ഞടിക്കുമ്പോള്‍ അവന്റെ ഇടതുകാലിന് ഇരുപത്തിമൂന്ന് വര്‍ഷക്കാലം അനുഭവിച്ച അപമാനത്തിന്റെയും വേദനകളുടെയും അതിബലമുണ്ടായിരുന്നു. മഴവില്ല് പോലെ ഉയര്‍ന്നുപൊന്തിയ പന്ത് തല തല്ലുന്നത് പോലെ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് തട്ടി മേല്‍പ്പോട്ടുയര്‍ന്നപ്പോള്‍ ഗാലറിയില്‍നിന്ന് ആരവം ഉയര്‍ന്നു.

‘‘മുത്തലി... മുത്തലി...’’ എന്ന വിളി ഗാലറിയില്‍ കയ്യടിക്കുന്നത് പോലെ ഒറ്റയ്‌ക്കും കൂട്ടമായും ഉയരുന്നത് പുറത്തേക്ക് പോയ പന്ത് നോക്കിനില്‍ക്കവെ മുത്തലിയുടെ ചെവിയില്‍ തൊട്ടു. പൊടുന്നനെ ആര്‍പ്പുവിളി നിശ്ശബ്ദമാവുന്നതായും ‘മുത്തലി.. മുത്തലി..' എന്ന് വിറ പടര്‍ന്ന ഒച്ചയില്‍ ഒരാള്‍ മാത്രം ആശ്രയത്തിനെന്നപോലെ തന്നെ വിളിക്കുന്നതായും അവന് തോന്നി. അവന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു അതിന്. കടല് പോലെ അവന്റെ മനസ്സിരമ്പി.

‘‘മുത്തലീ.. മുത്തലീ..’’

വിലാപത്തിന്റെ ചൂടേറ്റ ആ സ്വരം അവനെ ചുറ്റിപ്പിടിച്ചു. അത് മുസ്‌തഫയായിരുന്നു.

ഒരു ദുഃസ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണരുന്നത് പോലെ അവന്‍ തലയുയര്‍ത്തി ചുറ്റിലും നോക്കി. അവിടെയെങ്ങും കാണാതെ അവന്‍ നില്‍ക്കവെ ഗാലറിയില്‍നിന്ന് ഒച്ച ഉയര്‍ന്നു.

‘‘തിരിഞ്ഞുകളിക്കാണ്ട് പോയി കളിയെടാ മുത്തലീ.. വിസില് വിളിക്കാറായി...''

കളി തീരാന്‍ പത്ത് മിനുട്ടുള്ളപ്പോള്‍ പന്ത് വീണ്ടും മുത്തലിയുടെ കാലില്‍ കെണിഞ്ഞു. ഇത്തവണ സ്വന്തം ടീമിന്റെ ആളുകളും ഗാലറിയിലെ ആളുകളും ഒരേപോലെ മുത്തലിക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. കടലിലും കരയിലും അടിയേറ്റ് വീണ കെട്ട നിമിഷങ്ങളൊക്കെയും അവനെ തിരയായും കാറ്റായും വളഞ്ഞുപിടിച്ചു. നിന്നനില്‍പ്പിലൊന്ന് തിരിഞ്ഞ് സ്വപ്‌നത്തില്‍ മുസ്‌തഫ ഇടങ്കാലില്‍നിന്ന് വലങ്കാലിലേക്ക് പന്ത് ഉയര്‍ത്തിയെടുത്ത് വായുവിലേക്കുയര്‍ന്ന് അടിച്ചത് മുത്തലി ആവര്‍ത്തിച്ചു. ‘ഗോള്‍...' എന്ന് അനൗണ്‍സര്‍ തൊണ്ട പൊട്ടുന്ന ഒച്ചയില്‍ അലറുകയും ഗാലറി അത് ഏറ്റുവിളിക്കുകയും സഹകളിക്കാര്‍ ആവേശത്തോടെ അവന് കൈകൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്‌തപ്പോള്‍ ഭാവഭേദമൊന്നുമില്ലാതെ അവന്‍ മൈതാനമധ്യത്തിലേക്ക് തിരിഞ്ഞുനടന്നു. അവന്റെ മനസ്സിലപ്പോള്‍ നിയന്ത്രിക്കാനാവാത്തൊരു പേടി അലയടിക്കുന്നുണ്ടായിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘മെഷീന്‍ഗണ്ണില്‍ നിന്നുള്ള വെടിയുണ്ട പോലെ പവര്‍ഫുള്ളെ'ന്ന് മുത്തലിയുടെ ഗോളിനെ അനൗണ്‍സര്‍ വിശേഷിപ്പിച്ചപ്പോള്‍ ‘വെടിയുണ്ട പോലെ' എന്ന വാക്കുകള്‍ മാത്രം അവന്റെ ചെവിയില്‍ വന്നുമുട്ടി. അവനില്‍ ഒരു തരിപ്പ് കയറുകയും ആശ്രയത്തിനെന്നോണം മുസ്‌തഫയെ കാണാന്‍ അവന്‍ ഗാലറിയിലേക്ക് വീണ്ടും കണ്ണുകളുയര്‍ത്തുകയും കാണാത്തതിന്റെ നിരാശയില്‍ തല തിരിക്കുകയും ചെയ്‌തു.

കളിയില്‍ രണ്ടേ ഒന്നിന് തോറ്റെങ്കിലും മുത്തലിയുടെ അവസാനത്തെ പത്ത് മിനുട്ടിലെ കളിയോടെ അവനും അവന്റെ ടീമും നാട്ടുകാരുടെ പ്രിയപ്പെട്ട ടീമായി മാറിക്കഴിഞ്ഞിരുന്നു. ‘മുത്തലിയുണ്ടെങ്കില്‍ നിങ്ങള്‍ സൂപ്പർലീഗില്‍ കപ്പടിക്കും' എന്ന് ആവേശത്തോടെ പറയുന്നവര്‍ പോലുമുണ്ടായി.

അന്ന് സന്ധ്യയ്‌ക്ക്‌ വർഗീസ് ബസ്‌ സ്റ്റാൻഡിന് ചാരിനില്‍ക്കുന്ന മദ്യശാലയിലേക്ക് മുത്തലിയെ കൂടെക്കൂട്ടി. വിദേശസിനിമകളുടെ പോസ്റ്ററുകള്‍ ചുമരുകളില്‍ അങ്ങിങ്ങായി പതിപ്പിച്ച നിഗൂഢത പതിയിരിക്കുന്ന ചുവന്ന വെട്ടമുള്ള മദ്യശാലയായിരുന്നു അത്.

‘‘ഒരുത്തനും നിന്നില്‍ വല്ല്യ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഈ കളിയോടെ നിന്റേം നമ്മുടെ ടീമിന്റേം ജാതകം മാറിയെടാ കൊച്ചേ..!''


മദ്യപിക്കവെ വർഗീസ് മുത്തലിയെ അഭിനന്ദിച്ചു. ഉത്തരം പറയാതെ അവന്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു. മുസ്‌തഫയെ വിളിച്ചുകിട്ടാത്തതെന്താണ് എന്ന ആലോചനയില്‍ വട്ടം കറങ്ങുകയായിരുന്നു അവന്‍. അവന്‍ വിളിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മുസ്‌തഫയുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പലതും ആലോചിച്ച് കൂട്ടിയതിന്റെ അസ്വാസ്ഥ്യത്തില്‍ മുന്നിലിരുന്ന ഗ്ലാസിലെ മദ്യം അവന്‍ ഒറ്റവലിക്കകത്താക്കി. വെള്ളം ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അവന്റെ തൊണ്ട പുകഞ്ഞു. സാല്‍ഗോക്കര്‍ ഗോവയ്‌ക്ക്‌ വേണ്ടി ഫോർവേഡായി കളിച്ച കാലം ഓര്‍ത്തെടുക്കുകയായിരുന്ന വർഗീസിന് അവന്റെ മനോവേദന മനസ്സിലായില്ല. കല്‍ക്കത്തയിലെ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍സിനെതിരെ താനടിച്ച രണ്ട് ഗോളുകളിലൊന്ന് മുത്തലിയടിച്ചതിന് സമാനമായിരുന്നെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ പറയുന്നത് ശ്രദ്ധിക്കുന്നത് പോലെ താടിക്ക് കൈകൊടുത്താണ് മുത്തലി ഇരുന്നത്. എന്നാല്‍ അവന്‍ അവിടെയായിരുന്നില്ല. അവന്‍ മുസ്‌തഫയുടെ ലോകത്തായിരുന്നു.

വിഫലമായിപ്പോയ ഗോളിനൊപ്പം ഉയര്‍ന്ന മുസ്‌തഫയുടെ വിറയാര്‍ന്ന സ്വരം അവന്റെ മനസ്സില്‍ വീണ്ടും അലയടിച്ചു.

‘മുത്തലി.. മുത്തലി..'

ഇളംതിരകളുടെ മൃദുലമാര്‍ന്ന താളത്തില്‍ മുസ്‌തഫ അവനില്‍ ആവര്‍ത്തിച്ചു. നാല് പെഗ്ഗെന്ന ക്വാട്ട തീര്‍ത്തിട്ട് വർഗീസ് ബാറില്‍ നിന്നിറങ്ങിപ്പോയിട്ടും അവന്‍ അവിടെത്തന്നെയിരുന്നു. കളിക്കളത്തിലെ കളിയില്‍ ഒരിക്കലും നിന്നില്ല അവന്റെ മനസ്സ്‌. ജീവിതത്തിന്റെ കളിക്കളത്തില്‍ നിലയുറപ്പിക്കാനാവാതെ കിതച്ചുകൊണ്ടോടുന്ന താനും മുസ്‌തഫയും മുത്തലിയില്‍ വട്ടംചുറ്റി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ബാറില്‍ നിന്നിറങ്ങുമ്പോള്‍ ചുമരിലെ ഒരു വിദേശസിനിമയുടെ പോസ്റ്ററിലെ വാചകങ്ങള്‍ അവന്റെ മനസ്സില്‍ തറച്ചു: ‘എല്ലാ വലിയ ജയങ്ങള്‍ക്കും പിറകില്‍ കൊടിയൊരു തെറ്റുണ്ടാവും. ആരാലും കാണാത്തൊരു കുറ്റകൃത്യം..!'

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ വഴിവിളക്കിലെ നിയോണ്‍ വെളിച്ചം മരിച്ചുകിടന്നു. തെരുവീഥിയിലൂടെ കാലുകള്‍ നിലത്തുറയ്‌ക്കാതെ നടക്കുമ്പോള്‍ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കുന്ന ഹുദ അവന്റെ മനസ്സില്‍ നിറഞ്ഞു. അവന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ തരിപ്പ് നിറഞ്ഞു.

വോട്ട് ചോദിക്കുന്ന ഒരു രാഷ്‌ട്രീയനേതാവിന്റെ ചിത്രമുള്ള കന്നഡയിലുള്ള വലിയ കട്ടൗട്ടിന്റെ കാലില്‍ പിടിച്ച് അവന്‍ കാലുറപ്പിച്ചു. പാന്റ്‌സിന്റെ കീശയില്‍നിന്ന് മൊബൈലെടുത്ത് അവന്‍ ഹുദയുടെ പേര് കോൺടാക്ട് ലിസ്റ്റില്‍ നിന്നെടുത്ത്‌, അവളുടെ ചിത്രം വലുതാക്കിനോക്കിയെങ്കിലും കണ്ണില്‍ കുടിയിരുന്ന ലഹരി അവന്റെ കാഴ്‌ചയെ മറച്ചു. അവളോട് മിണ്ടാന്‍ അവന് തോന്നി. എന്നാല്‍ അവന്‍ വിളിച്ചത് മുസ്‌തഫയെ. മുസ്‌തഫയിലേക്ക് കോള്‍ പോകുന്നുണ്ടോയെന്ന് ചെവി ചേര്‍ക്കവെ അതിവേഗത്തില്‍ ഒരു ബൈക്ക് അവനടുത്തേക്കെത്തുകയും പിറകില്‍ ഇരുന്നവന്‍ കൊടുവാളെടുത്ത് മുത്തലിയെ ആഞ്ഞുവെട്ടുകയുമുണ്ടായി. കാട്ടുപൂക്കള്‍ വിരിഞ്ഞുകിടക്കുന്ന കുറ്റിക്കാട്ടിലേക്ക് അവന്റെ മൊബൈല്‍ തെറിച്ചു. കനാലിലേക്ക് ഒഴുകിപ്പോകുന്ന മഴവെള്ളത്തിലേക്ക് അവന്‍ വീണു. മഴവെള്ളം അവന് ചുറ്റിലും തളംകെട്ടി. ചോര വെള്ളത്തില്‍ കുതിര്‍ന്നു.

ബൈക്ക് നിര്‍ത്തി മൂവരും ഇറങ്ങിവന്നു.

‘‘നീ വെറും പുസ്ലീമാണെടാ നാറി... പുസ്ലീം...!''


അവരിലൊരാള്‍ അലറി. അയാളുടെ ഒച്ചയുടെ ഊക്കില്‍ കൂടെയുള്ളവര്‍ പിന്നെയും മുത്തലിയെ ആഞ്ഞുവെട്ടുകയും ചവിട്ടുകയും ചെയ്‌തു. അവന്റെ കരച്ചില്‍ അവരുടെ അട്ടഹാസത്തില്‍ നേര്‍ത്തുനേര്‍ത്തില്ലാതെയായി.

ദൂരെയല്ലാത്തൊരിടത്തുനിന്ന് ഒരു പോലീസ് വാഹനത്തിന്റെ ചുവന്ന മുഴക്കമുയര്‍ന്നപ്പോള്‍ വന്നവര്‍ ബൈക്കില്‍ കയറി എതിര്‍ദിശയിലേക്ക് വേഗത്തില്‍ ഓടിച്ചുപോവുമ്പോഴേക്കും അവന്‍ അനങ്ങാനാവാതെ, ഒച്ചയെടുക്കാന്‍ പോലുമാവാതെ ഒടുക്കത്തിന്റെ നിശ്ചലതയിലായിരുന്നു. കുരിശിലകപ്പെട്ട ദൈവത്തെപ്പോലെ മഴവെള്ളത്തില്‍ അവന്‍ കമിഴ്‌ന്നുകിടന്നു. അവനില്‍ ചാവുകടല്‍ തിരയടിച്ചു. തിരകള്‍ക്ക് മുകളില്‍ നിസ്‌കാരപ്പായയിലിരുന്ന് മരിച്ചവരെ തോളിലേറ്റി ഓനത്തില്‍ അബ്ദുള്ള അവനെ നോക്കി. കൂട്ടിനാരുമില്ലാതെ ഉള്‍ക്കടലിലെ ആഴത്തില്‍ ഒറ്റയ്‌ക്ക്‌ ആശയും ആശ്രയവുമില്ലാതെ ശ്വാസംമുട്ടവെ മഴയേക്കാള്‍ ആര്‍ദ്രമായ സ്വരത്തില്‍ മുത്തലിയുടെ ചുണ്ടുകള്‍ വിറച്ചു.

‘‘മുസ്‌തഫ.. മുസ്‌തഫാ...!''

മുത്തലിയുടെ ചുവന്ന കടലില്‍ അപ്പോള്‍ കറുത്ത മഴ പെയ്യാന്‍ തുടങ്ങി.


ഭൂതക്കൊല

മുസ്‌തഫയുടെയും മുത്തലിയുടെയും കഥ പൂർണമാകണമെങ്കില്‍ ഉജ്ജിറയുടെ കഥ അറിയേണ്ടതുണ്ട്. കടലിലേക്ക് വേരുകളാഴ്‌ത്തി നില്‍ക്കുന്ന ഉജ്ജിറയുടെ ഭൂതകാലം ഇരുവരെയും ചുറ്റിപ്പിടിച്ചിരിക്കുന്നു. അഞ്ച് ഘട്ടങ്ങളായി മാറുകയും തുടരുകയും ചെയ്യുന്ന ഉജ്ജിറയുടെ കഥ ആരംഭിക്കുന്നത് ഒരു കടലാമയിലൂടെയാണ്, നാബിയ എന്ന് പേരുള്ള നീലക്കണ്ണുകളുള്ള ഒലിവ് റിഡ്‌ലി കടലാമയില്‍ നിന്ന്.

തെക്കുപടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് സമുദ്രതീരത്ത് ചുവന്ന പറങ്കി പോലെ എരിഞ്ഞുകിടന്ന പോര്‍ച്ചുഗലില്‍ നിന്ന് പതിനാറാം നൂറ്റാണ്ടില്‍ ഡ്വാര്‍ത്തേ ബാര്‍ബോസ എന്ന അന്ധവിശ്വാസിയായ സഞ്ചാരി പായ്‌ക്കപ്പലില്‍ പെഡ്രോ അൽവാരിസ് കബ്രാളിനൊപ്പം പാവങ്ങളുടെ നാട്ടിലേക്ക് കടലിലേക്കിറങ്ങുമ്പോള്‍ കാമുകനുമായി ഇണചേര്‍ന്ന് കഴിഞ്ഞ് ആലസ്യത്തില്‍ കടലില്‍ കിടക്കുന്ന നാബിയയെ കണ്ടു. ചാരായം കുടിച്ച് തല തിരിഞ്ഞുനിന്ന ബാര്‍ബോസയുടെ ഗുരുവും മാന്ത്രികനുമായ അല്‍ബുക്കര്‍ക്കാണ് ആമയില്‍ കടൽയാത്രയിലെ ബാര്‍ബോസയുടെ ശാന്തജീവിതം കണ്ടത്.

‘‘ആമയെ കൂടെക്കൂട്ടിക്കോ... വടക്കുനോക്കിയന്ത്രത്തിനും വഴി തെറ്റുമ്പോള്‍ ആമയെ മറിച്ചിട്ട് നാല് വട്ടം കറക്കിയാല്‍ മതി...''

പോര്‍ച്ചുഗീസ് ഭാഷയില്‍ അല്‍ബുക്കര്‍ ബാര്‍ബോസയോട് പറഞ്ഞു. ഗുരുവിന്റെ വാക്കുകള്‍ അവിശ്വസിക്കാന്‍ അയാള്‍ക്ക് ഒട്ടുമേ തോന്നിയില്ല. അല്‍ബുക്കര്‍ക്കാണ് ആമയ്‌ക്ക്‌ പോര്‍ച്ചുഗല്‍ ജലദേവതയായ നാബിയയുടെ പേര് നല്‍കിയത്. തന്നെ തുണിയിട്ട് പിടിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ നാവികരുടെ അണ്ടവായിലേക്ക് ചുട്ടുപഴുത്തുള്ള യാത്രയായിരിക്കുമെന്നാണ് നാബിയയ്‌ക്ക്‌ തോന്നിയത്. അന്തവും കുന്തവുമില്ലാത്ത യാത്രയുടെ പിടുത്തമാണതെന്ന് സ്വപ്‌നത്തില്‍പോലും അവള്‍ വിചാരിച്ചില്ല. കാമുകനായ മൊശകോടനാവട്ടെ തന്നെ ആളുകള്‍ കൂട്ടംകൂടി പിടികൂടുന്നത് കണ്ട് കടലിന്റെ നീല വെള്ളത്തിലേക്ക് ജീവനുംകൊണ്ട് കുമിളയിടുന്നത് ചിമ്മിത്തുറന്ന കണ്ണില്‍ കണ്ടതോടെ അവളുടെ പ്രണയം ചത്തു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘മരണം വട്ടമിടുമ്പോള്‍ സ്വന്തം കാര്യമേ എല്ലാവരും നോക്കൂ. പ്രേമവും കാമവുമെല്ലാം സാഹചര്യത്തിന്റെ ചുഴിയില്‍ മുങ്ങിപ്പോവും. അല്ലെങ്കില്‍ ജീവന്റെ ജീവനാണെന്ന് പറഞ്ഞ് രാപ്പകല്‍ പിറകെ നടന്നവന്‍ ഇപ്പോള്‍ എവിടെ..!'

കൊടിയ നിരാശയില്‍ അവള്‍ അല്‍പ്പനേരം ആമത്തോടിലേക്ക് ഉൾവലിഞ്ഞ് കൈകാലുകള്‍ ചുരുട്ടിവെച്ചെങ്കിലും തിളച്ച വെള്ളത്തില്‍ മുക്കിത്താഴ്‌ത്താന്‍ മരണം എത്തിയിരിക്കുന്നുവെന്ന വിചാരം നാബിയയെ ഭയമില്ലാത്തവളാക്കി.

‘പ്രതീക്ഷയെല്ലാം അസ്‌തമിക്കുമ്പോള്‍, പ്രാണന്‍ പോകുമെന്ന് ഉറപ്പാകുമ്പോള്‍ ആര്‍ക്ക് മുന്നിലും ഭയം തല താഴ്‌ത്തും. എല്ലാത്തില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കും. വരുന്നയിടത്ത് വെച്ച് കാണാമെന്ന തോന്നല്‍ രൂഢമാവും.'

നാബിയയില്‍ അത് സംഭവിച്ചു.


ഉടലിനൊട്ടി നിന്ന തന്റെ കൂടാരത്തില്‍ നിന്ന് അവള്‍ തലയുയര്‍ത്തുകയും കൈകാലുകള്‍ പുറത്തേക്ക് വിട്ട് മുന്നില്‍ കണ്ട വഴിയിലൂടെ ലാവിഷായി നടക്കാന്‍ തുടങ്ങുകയും ചെയ്‌തു. ‘നോഹയുടെ പെട്ടകം' എന്ന് പേരുള്ള ഒരു പായ്‌ക്കപ്പലിലാണ് താനുള്ളതെന്ന് വൈകാതെ അവള്‍ക്ക് മനസ്സിലായി. കപ്പല്‍ കോള്‍ഹീറ്റ തുറമുഖത്തുനിന്ന് അപ്പോഴും യാത്ര തുടങ്ങിയിരുന്നില്ല. ആണുങ്ങളും പെണ്ണുങ്ങളും കൈക്കുഞ്ഞുങ്ങളും വൃദ്ധരും സൈനികരും ബാര്‍ബോസയേയും കബ്രോളിനെയും അനുഗാമികളെയും യാത്രയാക്കാന്‍ കടല്‍ത്തീരത്ത് കൂട്ടം കൂടിനില്‍ക്കുന്നത് നാബിയ കണ്ടു. രാജ്യസ്‌നേഹം സ്‌ഫുരിക്കുന്ന വാദ്യഘോഷങ്ങള്‍ തീരത്തുനിന്ന് കടലിലേക്ക് എത്തുകയും അതിന്റെ താളത്തില്‍ തിരകള്‍ ഉയര്‍ന്നുപൊങ്ങുന്നതും നാബിയ കണ്ടു. അപ്പോഴാണ് കപ്പല്‍ത്തട്ടിലാണ് ഉള്ളതെന്ന് അവള്‍ തിരിച്ചറിയുന്നത്. ഒന്നാഞ്ഞ് നടന്നാല്‍ കടലിലേക്കും അതുവഴി ജീവിതത്തിലേക്കും തിരിച്ചെത്താമെന്ന് മനസ്സിലായ നിമിഷം മുയലിനെ ഓട്ടപ്പന്തയത്തില്‍ തോല്‍പ്പിച്ച പൂർവികനെ ഓര്‍മിച്ച് അവള്‍ മുട്ടുവേദന വന്ന കാലുകള്‍ കടലിലേക്ക് ചാടാന്‍ മുന്നോട്ടേക്ക് ആവുംവിധം വേഗത്തില്‍ വെച്ചു.


‘കാര്യത്തോടടുക്കുമ്പോള്‍ ഒരു കഥയും ഉപകാരപ്പെടില്ല.'

അടുത്തനിമിഷം നാബിയയ്‌ക്ക്‌ മനസ്സിലായി. കപ്പലിന്റെ അടിത്തട്ടിലേക്ക് താഴ്‌ന്നുകിടക്കുന്ന കയറിന്റെ കപ്പി കടന്നുവെച്ച് കടലിന് മുഖാമുഖമായി നിന്ന് എടുത്തുചാടാന്‍ തുടങ്ങിയതാണ്, ബലമുള്ള രണ്ട് കൈകള്‍ നാബിയയെ എടുത്ത് കറുപ്പ്* നിറച്ച ചെറിയൊരു തുകല്‍പ്പെട്ടിയിലിട്ടു. ധൈര്യമൊട്ടും ചോരാതെ കയ്യും കാലും തലയും പുറത്തേക്കിട്ട് കടലിലേക്കുള്ള തിരിച്ചുപോക്ക് മുടക്കിയവനെ നാബിയ ദേഷ്യത്തോടെ കണ്ണുയര്‍ത്തിനോക്കി. അത് ബാര്‍ബോസയായിരുന്നു. കാറ്റില്‍ അയാളുടെ ചെമ്പന്‍മുടി കപ്പല്‍ക്കൊടി പോലെ ഇളകി.

ആമത്തോടിലൊന്ന് തട്ടി, ബാര്‍ബോസ സ്‌നേഹത്തോടെ മന്ദഹസിച്ചു:

‘‘അടങ്ങിക്കിടക്ക്... നമ്മള്‍ യാത്ര തുടങ്ങാറായി... ഇനിയെന്തെല്ലാം കാണണം...!''

അതുംപറഞ്ഞ് ഏതോ ഒരു കീഴ്ജീവനക്കാരനെ പോര്‍ച്ചുഗലിലെ പതിവുതെറിയായ ‘ഫില്‍ഹോ ഡാ പുട്ടാ...' എന്നുച്ചത്തില്‍ വിളിച്ച് അയാള്‍ മുനമ്പിലേക്ക് നടന്നപ്പോള്‍ നിരാശയും ദേഷ്യവും വീണ്ടും ഒന്നിച്ച് വന്നതിന്റെ ഭ്രാന്തില്‍ നാബിയ കറുപ്പെടുത്ത് രണ്ട് കടി!


നിമിഷങ്ങള്‍ക്കുള്ളില്‍ ആമയില്‍നിന്ന് ദേഷ്യവും നിരാശയും പാറിപ്പോവുകയും അവള്‍ കാലത്തിന് പിറകോട്ട് പോവുകയും പൂർവികരുടെ കൃത്യങ്ങള്‍ മനസ്സിലേക്ക് തിരമാല പോലെ അവളില്‍ വരികയും പൂർവികരായ പൂർവികരെല്ലാം അവളായി മാറുകയുമുണ്ടായി. അമൃത് കടയുന്ന മന്ഥരപർവതം കടലിലേക്ക് താഴാതിരിക്കാന്‍ പർവതത്തിനടിയില്‍ പാറ പോലെ നിന്നതും പറക്കാനാഗ്രഹിച്ച് അരയന്നങ്ങള്‍ കടിച്ചുപിടിച്ച വടിക്കൊമ്പില്‍ തൂങ്ങിനിന്ന് കുട്ടികള്‍ക്കിടയിലേക്ക് തല കുത്തി വീണതും കഥ കേട്ട് ചിരിക്കാതെ മുയലിനെ സിംഹത്തിന് കൊലയ്‌ക്ക്‌ കൊടുത്തതും ദൈവത്തോട് എതിര് പറഞ്ഞ് വീട് നഷ്ടപ്പെടുത്തിയതും അവളായി. കഥകളില്‍നിന്ന് നാബിയ കഷ്ടിച്ച് രക്ഷപ്പെടുമ്പോഴേക്കും കപ്പല്‍ മറുകര തേടി നടുക്കടലിലെത്തിയിരുന്നു.

ട്രോയിയെ കീഴടക്കി സ്വദേശമായ ഗ്രീക്കിലേക്ക് തിരിച്ചുപോകുന്ന ഒഡീസിയസ് അനുഭവിച്ചതുപോലെ കഷ്ടപ്പാടും ദുര്‍ഘടവും നിറഞ്ഞതായിരുന്നു ബാര്‍ബോസയുടെയും കബ്രോളിന്റെയും കൂട്ടരുടെയും കടല്‍സഞ്ചാരം. സമുദ്രദേവന്‍ പൊസൈഡണ്‍ ഇടയ്‌ക്കിടെ തിരമാലയുടെ തലയുയര്‍ത്തി. ക്ഷോഭത്താല്‍ കടല്‍ പൊട്ടിത്തെറിച്ചു. കൊടുങ്കാറ്റും ചുഴലിയുമുണ്ടായി. അല്‍ബുക്കര്‍ക്ക് പ്രവചിച്ചതുപോലെ വടക്കുനോക്കിയന്ത്രത്തിന് വടക്കും തെക്കും തിരിച്ചറിയാന്‍ കഴിയാതെയായി. കറുപ്പില്‍നിന്നെടുത്ത് നാബിയയെ മരപ്പലകയില്‍ മലര്‍ത്തിക്കിടത്തി ബാര്‍ബോസ വട്ടത്തില്‍ കറക്കി. കറുപ്പ് ഇളകിത്തുടങ്ങിയ നാബിയയുടെ തല വട്ടത്തില്‍ കറങ്ങി. കടലിലേക്ക് താനിപ്പോള്‍ തെറിച്ചുപോകുമെന്ന് അവള്‍ സന്തോഷിച്ചു. കറങ്ങിത്തിരിഞ്ഞ് തലയുടെ ഭാഗം നിന്ന ദിക്കിലേക്ക് ബാര്‍ബോസ കപ്പല്‍ തിരിച്ചു. മറുകരയെത്തുന്നത് വരെ ഒരു മാസത്തില്‍ പതിനഞ്ച് വട്ടം അവള്‍ക്ക് വട്ടം കറങ്ങേണ്ടിവന്നു. അപ്പോഴേക്കും അവര്‍ എന്തിനാണ് പോകുന്നതെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും നാബിയ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.


കരയില്‍ കഴിഞ്ഞ് ശീലമില്ലാത്തതിനാലും ഉപ്പുവെള്ളത്തില്‍ കണ്ണും മെയ്യും നനയാത്തതിനാലും പവിഴപ്പുറ്റുകള്‍ക്കിടയിലേക്ക് കണ്ണുതുറന്ന് ചിരിക്കാന്‍ കഴിയാത്തതിനാലും നാബിയ ഏറെ തളര്‍ന്നിരുന്നു. അതോടൊപ്പം തോന്നുമ്പോള്‍ തോന്നുന്ന നേരത്തുള്ള അവരുടെ വട്ടംകറക്കല്‍ കൂടിയായപ്പോള്‍ അവള്‍ക്ക്‌ സ്വയം നഷ്ടപ്പെട്ടു.

എങ്കിലും ലഹരി തലയ്‌ക്ക് കെട്ടുന്ന ഉന്മാദത്തിന്റെ നിശാനേരങ്ങളില്‍ കബ്രോള്‍ ആവേശത്തോടെ ബാര്‍ബോസയോട് പറയുന്നത് അവള്‍ കേള്‍ക്കുകയും അവളുടെ മനസ്സില്‍ അത് മരിക്കും വരെ മായാതെ നില്‍ക്കുകയുമുണ്ടായി.

ഏത് നിമിഷവും മരിക്കുമെന്ന് ഉറപ്പിച്ച അവള്‍ അതുകൊണ്ടുതന്നെ മരിച്ചില്ല, കാരണം അവള്‍ക്ക് കഥകള്‍ അറിയാമായിരുന്നു. ഒരാളറിയുന്ന കഥകള്‍ മറ്റൊരാളിലേക്ക് എത്തുന്നത് വരെ അയാള്‍ മരിക്കുകയില്ലെന്ന രഹസ്യം അവള്‍ക്കറിയില്ലായിരുന്നു. കഥകള്‍ക്ക് അങ്ങനെയൊരു നേരുണ്ടെന്നും അവള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ ഇഴഞ്ഞുകൊണ്ടിരുന്ന കപ്പല്‍ക്കാലത്ത് താന്‍ മരിക്കുമെന്ന് തോന്നിയ നേരങ്ങളിലെല്ലാം കബ്രോള്‍ കഥകളുമായി അവളുടെ കേൾവിയില്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഉജ്ജിറയുടെ തീരത്തേക്ക് കബ്രോളിന്റെ കപ്പലണയുമ്പോള്‍ അവള്‍ ശ്വാസം കിട്ടാതെ ആമത്തോടിലേക്ക് ചുരുങ്ങിച്ചുരുങ്ങിച്ചെറുതായി.

‘‘ഞാന്‍ മരിക്കും...''

നാബിയ കരഞ്ഞു.

നീ മരിക്കില്ല...

കഥ അവളുടെ മനസ്സിന്റെ കൈ പിടിച്ചു.

കഥ സത്യമായി.

നാബിയ മരിച്ചില്ല.


കടലില്‍ പരന്ന കഥകള്‍

‘ചരിത്രം ഒരു കെട്ടുകഥയാണ്. ജയിച്ചവരെ അടയാളപ്പെടുത്തലാണ്. കൊന്നവന്റെയും കൊല്ലിച്ചവന്റെയും ഉന്മത്തഘോഷണങ്ങളാണ്. അധികാരമേറിയവന്റെ വാക്‌പയറ്റുകളാണ്. പിടിച്ചലക്കലിന്റെ ന്യായീകരണങ്ങളാണ്. കീഴടക്കപ്പെട്ടവരുടെ നിലവിളികള്‍ ആരും കാണാതെ മാഞ്ഞുപോവുകയോ മായ്‌ക്കപ്പെടുകയോ ചെയ്യുന്നു.'

കബ്രോള്‍ പറഞ്ഞ ഹിംസയുടെ കഥകള്‍ കേട്ടപ്പോള്‍ നാബിയയ്‌ക്ക്‌ അങ്ങനെ തോന്നി.

മാടായിയില്‍ ദൂരയാത്ര കഴിഞ്ഞ് കപ്പലില്‍ തിരിച്ചുവരികയായിരുന്ന മുസ്ലീങ്ങളെ വാസ്‌കോഡ ഗാമയും അനുയായികളും വളഞ്ഞുപിടിച്ച കഥയായിരുന്നു കബ്രോള്‍ പറഞ്ഞതില്‍ നാബിയയുടെ ഓര്‍മയില്‍ മരിക്കുവോളം മറക്കാതെ തിരയടിച്ചത്. സ്‌ത്രീകളും കുട്ടികളുമായി ഇരുന്നൂറോളം ആളുകളുണ്ടായിരുന്നു കപ്പലില്‍. കയ്യിലുള്ളതെല്ലാം കൊടുത്തിട്ടും അവരെ ചങ്ങലക്കിട്ട് ഗാമയുടെ അനുയായികള്‍ കപ്പലിന് തീയിട്ടു. കപ്പല്‍ മുറിയുടെ സൂത്രദ്വാരത്തിലൂടെ സ്‌ത്രീകളുടെയും കുട്ടികളുടെയും നിലവിളി കണ്ട് ആനന്ദിക്കുന്ന ഗാമയെ വിവരിക്കവെ കബ്രോള്‍ ഒരു കാര്യം പറഞ്ഞു.

‘മറ്റുള്ളവരുടെ വേദന കണ്ട് ആനന്ദിക്കുകയാണ് വേണ്ടത്. നമ്മള്‍ നമ്മുടെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. അന്യന്റെ സങ്കടങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ നമ്മള്‍ കൂടി രോഗിയാവും. സങ്കടം രോഗമാണ്, അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തും.'


ശ്രീലങ്കയിലെ ഗലാലെയില്‍ പടയാളികള്‍ ചെയ്‌തത് മറ്റൊരു രാത്രിയില്‍ കബ്രോള്‍ ചെറുചിരിയോടെ പറഞ്ഞു. അസ്വാഡോയെന്ന പോര്‍ച്ചുഗീസ് സൈനികന്‍ കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലും ഉപയോഗിച്ച് ചതച്ചുകൊല്ലാന്‍ ഗലാലെയിലെ അമ്മമാരെ നിര്‍ബന്ധിക്കുമായിരുന്നു. അവരതിന് തയ്യാറാവില്ല. കുന്തമുനയില്‍ അയാള്‍ കുട്ടികളെ കുത്തിയെടുക്കും. കുട്ടികളുടെ വിലാപം കേട്ട് അയാളുടെ മുഖത്ത് ചിരി വിടരും. പോര്‍ച്ചുഗലിലെ ലൈറെന്ന പക്ഷിയുടെ കരച്ചില്‍ പോലെയാണ് കുട്ടികളുടെ കരച്ചിലെന്ന് അയാള്‍ പറയും. കുഞ്ഞുങ്ങള്‍ അലറിക്കരയുമ്പോള്‍ ലൈര്‍പ്പക്ഷി ഓര്‍മയിലെത്തുകയും അതുവഴി പോര്‍ച്ചുഗലിലേക്ക് മനസ്സുകൊണ്ട് യാത്ര പോവുമെന്നും അയാള്‍ ചിരിക്കും.

ആയിശയെന്ന പെണ്ണിനെക്കുറിച്ചും ഒരിക്കല്‍ കബ്രോളില്‍നിന്ന് നാബിയ കേട്ടു. ഭര്‍ത്താവിനെയും കാത്ത് രാത്രിയില്‍ കുടിലില്‍ ഒറ്റയ്‌ക്കിരിക്കുകയായിരുന്ന ആയിശയെ ഒരു പറങ്കിപ്പടയാളി വെള്ളിയാങ്കല്ലിലെ തുരുത്തിലേക്ക് വലിച്ചുകൊണ്ടുപോയി. പുലരുംവരെ സൈനികര്‍ തങ്ങളുടെ ഭ്രാന്ത് അവളില്‍ തീര്‍ത്തു. അനന്തരം അവളുടെ ശരീരം വെട്ടിനുറുക്കി കടലിലെറിഞ്ഞു. അതിനെതിരുനിന്ന സൈനികന് രാജ്യദ്രോഹക്കുറ്റം ചുമത്തി.


‘‘അയാള്‍ ലിസ്ബണിലെ ജയിലില്‍ ജീവപര്യന്തം തടവിലാ..''

കബ്രോള്‍ ചെറുചിരിയോടെ കൂട്ടിച്ചേര്‍ത്തു.

കബ്രോള്‍ എല്ലാ ക്രൂരതകളും ചിരിയോടെയാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് തന്നെ അയാള്‍ കഥ അവസാനിപ്പിക്കും. കഥകളിലെ നിലവിളിയും അയാളുടെ അട്ടഹാസവും കൂടിക്കലര്‍ന്നു. നെഞ്ചില്‍ പാറക്കല്ല് വെച്ചതുപോലെ ആ കഥകള്‍ അവളില്‍ കട്ടപിടിച്ചു.

‘സ്വന്തം വർഗത്തില്‍ പെട്ടവരെ കൊല്ലുകയും സ്‌ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവിയാകുന്നു മനുഷ്യന്‍.'

നാബിയയ്‌ക്ക്‌ മനസ്സിലായി.

‘‘തമ്മില്‍ത്തല്ലിയും കൊന്നും മനുഷ്യര്‍ ലോകത്ത് നിന്ന് മാഞ്ഞുപോവും.'

അവള്‍ ഉറപ്പിച്ച നേരം കപ്പല്‍ ഒന്ന് ആടിയുലഞ്ഞു. കബ്രോള്‍ തട്ടിലേക്ക് തലയടിച്ച് വീണു. ബാര്‍ബോസ കയറില്‍ പിടിച്ച് തൂങ്ങിനിന്നു. കറുപ്പിന്റെ പാത്രത്തില്‍നിന്ന് നാബിയ കടലിലേക്ക് തലയെത്തിച്ചു. കാറ്റും കോളുമൊന്നുമില്ലാതിരുന്നിട്ടും കപ്പലിന്റെ ഇളകിയാട്ടത്തിന്റെ അത്ഭുതമറിയാന്‍ അവള്‍ കടലിന് ചുറ്റിലും കണ്ണുകള്‍കൊണ്ട് വട്ടം പിടിച്ചു. കാഴ്‌ചയെത്തുന്ന ദൂരത്തായി ഒരു തീരം നാബിയ കണ്ടു, അത് ഉജ്ജിറയായിരുന്നു. ജലമർമരങ്ങള്‍ക്കിടയില്‍ നിലാവിന്റെ നീലവെളിച്ചത്തില്‍ അവള്‍ ആ അത്ഭുതം കണ്ടു, ശാന്തമായൊഴുകുന്ന തിരകളെ ഇടങ്കൈയ്യാല്‍ തച്ചുയര്‍ത്തിക്കൊണ്ട് ദേവതയെ പോലെയൊരു പെണ്ണ് കപ്പലിന് എതിരെ ഇളകുന്നു. ശിരസ്സിലെ അവളുടെ രത്‌നകിരീടം ഓളങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. അത് ഉള്ളാളിലെ റാണിയായിരുന്നു, ചൗത വംശജയായ അംബക്ക റാണി.

അംബക്ക റാണിയെ ആശ്ചര്യത്തോടെ നാബിയ നോക്കിനില്‍ക്കവെ എവിടെനിന്നോ ഒരു ബാങ്കുവിളി മുഴങ്ങി.(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Home