യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐19

മണിപ്പുരി സിനിമാസംവിധായകൻ പബൻ കുമാർ ഹോബാമിനും കുടുംബത്തിനുമൊപ്പം വേണു
avatar
വേണു

Published on Nov 15, 2025, 10:56 AM | 10 min read

ഏപ്രിൽ 10. കേബുൾ ലാംജോ‐ മോയ്‌റംഗ്

പുതിയൊരു മരണവാർത്തയുമായാണ് ഇന്നു നേരം പുലർന്നത്. കെപിബി എന്നു ഞങ്ങൾ വിളിക്കുന്ന ഗാന്ധിമതി ബാലൻ മരിച്ചു. എനിക്ക് വളരെ അടുപ്പമുള്ള ആളായിരുന്നു ബാലൻ. ബാലൻ നിർമിച്ച, കെ ജി ജോർജിന്റെ ‘പഞ്ചവടിപ്പാലം’ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാനുമൊരു സഹായിയായിരുന്നു. ബാലൻ നിർമാതാവായിരുന്ന ‘മൂന്നാംപക്ക’ത്തിന്റെ ക്യാമറാമാൻ ഞാനായിരുന്നു. ബാലന്റെ അകാല മരണം വല്ലാതെ വിഷമിപ്പിച്ചു.

മരിച്ചവർക്കായി കഴിഞ്ഞദിവസം സമർപ്പിച്ച വസ്‌തുക്കളുടെ അവശിഷ്ടങ്ങൾ ഐസോയുടെ വീടിന്റെ മുന്നിലെ വഴിയിൽ അലങ്കോലമായി കിടക്കുന്നുണ്ട്.

ഇന്നു രാവിലെ ഭക്ഷണം കഴിക്കാൻ ഞങ്ങൾ പോയത് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു. വീടിന്റെ വേലിക്കു പുറത്ത് കണ്ട ഷെഡ്ഡിൽ ഒരാൾ ഞണ്ടു കെണികൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്തുള്ള കടയുടെ മുന്നിൽ രണ്ടു സ്ത്രീകൾ ഗൗരവത്തിൽ സംസാരിച്ചു നിൽക്കുന്നു. തടിയൻ ഗോതമ്പു ദോശയും പുഴുങ്ങിയ മുട്ടയുമായിരുന്നു പ്രഭാത ഭക്ഷണം. അതുകഴിഞ്ഞ് ഞങ്ങൾ കേബുൾ ലാംജോ നാഷണൽ പാർക്ക് കാണാൻ പോയി. ഐസോയും സുഹൃത്തും കൂടെ വന്നു. ഇന്ന് ജെയിംസ് ഇല്ല. എന്റെ വണ്ടിയിലാണ് യാത്ര. അപൂർവ ജീവികളുടെ അവസാനത്തെ അഭയസ്ഥാനവും പൂർണമായും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു മഹാജൈവപിണ്ഡത്തിന്റെ ബാഹ്യരൂപം എന്തായിരിക്കുമെന്ന് യാതൊരു ധാരണയുമില്ലാതെയാണ് പാർക്കിന്റെ പേരുള്ള ഗേറ്റ് കടന്ന് ഒരു കുന്നിന്റെ മേലേക്കുള്ള വഴിയിലേക്ക് കയറിയത്. വഴി അവസാനിക്കുന്ന സ്ഥലത്ത് നിന്നാൽ കാണുന്നത് കിലോമീറ്ററുകൾ പരന്നുകിടക്കുന്ന പുൽപ്രദേശങ്ങളാണ്. ഇതാണ് കേബുൾ ലാംജോ നാഷണൽ പാർക്ക്. ഇക്കാണുന്നതെല്ലാം വെള്ളത്തിനു മേലെ പൊങ്ങിക്കിടക്കുകയാണെന്നും, അനന്തമായ ഈ പുൽപരപ്പിനടിയിൽ വെള്ളത്തിന്റെ മറ്റൊരു വിശാല ലോകം ഒളിച്ചിരിക്കുന്നുണ്ടെന്നും വിശ്വസിക്കുക എളുപ്പമല്ല, പ്രത്യേകിച്ച് ഈ ഒരൊറ്റ ഫുംദിക്കു മാത്രം നാൽപ്പത് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ടെന്ന് ഓർക്കുമ്പോൾ.

ഏഴുനിറങ്ങൾ തുന്നിച്ചേർത്ത മെയ്‌തെയ്‌ പതാകഏഴുനിറങ്ങൾ തുന്നിച്ചേർത്ത മെയ്‌തെയ്‌ പതാക

തീർത്തും വിജനമായ പരിസരത്ത് പെട്ടെന്ന് പുതിയൊരു മനുഷ്യശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ നിൽക്കുന്ന വ്യൂ പോയിന്റിലെ ചെറുപ്പക്കാരൻ ഗൈഡാണ്. ആയാസപ്പെട്ട് മനപ്പാഠമാക്കിയ ഹിന്ദി വാചകങ്ങൾ വളരെ കൃത്രിമമായ രീതിയിൽ പ്രസംഗം പോലെ അവതരിപ്പിച്ചാണ് അയാൾ സംസാരം ആരംഭിച്ചത്. ഹിന്ദിയറിയാവുന്ന ഒരാൾക്ക് ഈ സംഭാഷണം അങ്ങേയറ്റം പരിഹാസ്യമായി തോന്നിയാൽ തെറ്റു പറയാനാവില്ല. ഐസോയ്‌ക്ക്‌ ഹിന്ദി അറിയാം. ചിരിയടക്കാനാവാതെ മെയ്‌തെയ് ഭാഷയിൽ ഐസോ അയാളോടെന്തോ പറഞ്ഞു. പെട്ടെന്ന് നിശ്ശബ്ദനായ അയാൾ എന്നെ ഒന്നു നോക്കിയിട്ട് അടുത്തുണ്ടായിരുന്ന ഒരു മുറിയിൽനിന്ന് വലിയ ക്യാമറ പോലെ എന്തോ ഒന്ന് കൊണ്ടുവന്ന് ഒരു സ്റ്റാൻഡിൽ ഉറപ്പിച്ചു. കണ്ടിട്ട് വലിയ ദൂരക്കാഴ്‌ചയുള്ള സ്‌പോട്ടിങ് ടെലിസ്‌കോപ് പോലെയുണ്ട്. എന്റെ സാധാരണ ബൈനോക്കുലറിന്റെ പരിധിക്ക് പുറത്ത് ഫുംദിയുടെ നരച്ച നീലിമയിൽ അവ്യക്തമായി കണ്ട കറുത്ത പൊട്ടുകൾ സാങ്ഗായ് മാനുകൾ തന്നെയാണെന്നുറപ്പിക്കാനുള്ള ആവേശത്തിൽ ഹൈടെക് ടെലിസ്‌കോപ്പിലൂടെ നോക്കിയപ്പോൾ, പൂർണമായും പൂപ്പൽ പിടിച്ചു കാഴ്‌ച മറഞ്ഞ ലെൻസുകളിലൂടെ ആകെ കാണാൻ കഴിഞ്ഞത് മങ്ങിയ വെളുത്ത മൂടൽ മാത്രമായിരുന്നു.


ഞങ്ങളിപ്പോൾ നിൽക്കുന്ന ഉയർന്ന ഭാഗത്തുനിന്ന് കുത്തനെയുള്ള നടവഴിയിലൂടെ താഴേക്കിറങ്ങിയാൽ വെള്ളത്തിന്റെ, അല്ലെങ്കിൽ ഫുംദിയുടെ അരികുവരെ എത്താം. അവിടെ ഫുംദിയെ മുറിച്ചുകൊണ്ട് ഏകദേശം ഏഴെട്ടടി വീതിയുള്ള ഒരു ജലപാത മുന്നോട്ട് തെളിച്ചുവെച്ചിട്ടുണ്ട്. അതിലേ കുറച്ചുദൂരം പോകാനൊരു വള്ളവും അവിടെയുണ്ടായിരുന്നു. ഹിന്ദി പ്രഭാഷണവും ടെലിസ്‌കോപ്പും ഒരേ പോലെ പരാജയപ്പെട്ടതിന്റെ ക്ഷീണം വള്ളമൂന്നി പരിഹരിക്കാനായിരുന്നു ഗൈഡിന്റെ ശ്രമം.

മേലെനിന്നു കണ്ടതുപോലെയുള്ള ദൂരക്കാഴ്‌ചയല്ല സ്വാഭാവികമായും ഇവിടെ നിരപ്പിൽ കാണുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകളെ തൊട്ടാണ് വള്ളം പോകുന്നത്. തൊട്ടടുത്ത് ചെല്ലുമ്പോഴാണ് ചില പുൽക്കൂട്ടത്തിൽ നിന്ന് വെടിയുണ്ട പോലെ ചെറുകിളികൾ പറന്നു മറയുന്നത്. പൊക്കം കുറഞ്ഞ ചില മരങ്ങളും ഫുംദിയിൽ അവടിവിടെ വേരുപിടിച്ചിട്ടുണ്ട്. അഴുകിയ പുല്ലും പായലും മഴക്കാലത്തു വന്നടിയുന്ന മണ്ണുമായി കെട്ടുപിണഞ്ഞുണ്ടാകുന്ന അകം പൊള്ളയായ നിലത്ത് പുതിയ പുല്ലുകൾ മുളച്ചുനിൽക്കുന്നു. ഫുംദിയുടെ ചെളി മെത്തയിൽ ഒരിക്കൽക്കൂടി കാലുവെയ്‌ക്കണമെന്ന് ആശ തോന്നി. അത് ഗൈഡിനോട് പറഞ്ഞപ്പോൾ അൽപ്പം മുന്നോട്ട് മാറ്റി അയാൾ വള്ളമടുപ്പിച്ചു തന്നു. ചെളിയിലിറങ്ങാൻ മറ്റാരും തൽക്കാലം തയ്യാറല്ല. ഇവിടുത്തെ നിലത്തിന് മാലാങ്ങിന്റെ വീടിരിക്കുന്ന ഫുംദിയേക്കാളും കൂടുതൽ ഉറപ്പുണ്ടെന്ന് തോന്നി. എന്നാൽ ഇവിടെയും നിലത്ത് കാലുകുത്തുമ്പോൾ ആദ്യം പ്രതികരിക്കുന്നത് അടിയിലുള്ള വെള്ളം തന്നെയാണ്.

മെയ്‌തെയ് പുരുഷന്മാരുടെ തലപ്പാവിന്റെ ആകൃതിയിലുള്ള ക്ഷേത്രമുഖംമെയ്‌തെയ് പുരുഷന്മാരുടെ തലപ്പാവിന്റെ ആകൃതിയിലുള്ള ക്ഷേത്രമുഖം

തന്റെ ചില കൂട്ടുകാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വീടിനടുത്തുള്ള ഒരു ലോക്കൽ മദ്യശാലയിലേക്ക് എന്നെ ഐസോ കൂട്ടിക്കൊണ്ടുപോയി. നിലത്തെ അടുപ്പിനരികിലിരുന്ന് പ്രായമായ ഒരു സ്ത്രീ എന്തോ ചെയ്യുന്നുണ്ട്. തൊട്ടപ്പുറത്തിരുന്ന് രാവിലെമുതൽ മദ്യപിക്കുന്ന നാലഞ്ച്‌ ചെറുപ്പക്കാരുടെ മുന്നിലേക്ക് എന്നെ ഇട്ടുകൊടുത്തിട്ട് ഐസോ ഗ്ലാസെടുക്കാനെന്നു പറഞ്ഞ് എങ്ങോട്ടോ പോയി. വേണ്ടെന്ന് നിർബന്ധിച്ചു പറഞ്ഞിട്ടും ഒടുവിൽ രണ്ടെണ്ണം കഴിക്കേണ്ടിവന്നു. നാടൻ ചാരായമാണ്. നല്ല നാറ്റവുമുണ്ട്. അതിൽ ഒന്നുരണ്ടു പേർക്ക് അത്യാവശ്യം ഹിന്ദിയറിയാം. ഒരാൾ ലോറി ഡ്രൈവറാണ്. ലോഡുമായി ഒരിക്കൽ പട്ന വരെ പോയിട്ടുണ്ട്. ഇപ്പോൾ കുക്കികൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൂടെ പോകാൻ ഭയമാണ്. അതുകൊണ്ട് രാവിലെമുതൽ ഇതാണ് പണി എന്നുപറഞ്ഞ് അയാൾ ഗ്ലാസുയർത്തി വീണ്ടും ചിയേഴ്‌സ് പറഞ്ഞു.


കുക്കികളെക്കുറിച്ചുള്ള ആദ്യ പരാമർശത്തോടെ തന്നെ സംസാരവിഷയം പെട്ടെന്ന് കുക്കികൾ മാത്രമായി മാറി. മെയ്‌തെയ്കളുടെ സന്മനസ്സുകൊണ്ട് ഇവിടെ അഭയം ലഭിച്ച സംസ്‌കാരമില്ലാത്ത കാട്ടുവാസികൾ, ഇപ്പോൾ ക്രിസ്‌ത്യാനികളായി പുതിയ അവകാശവാദവുമായി വന്നാൽ വെച്ചേക്കില്ല തുടങ്ങിയ വെല്ലുവെളികൾ ഉച്ചത്തിൽ ഉയരാൻ തുടങ്ങി. അടുപ്പിനടുത്തിരുന്ന അമ്മച്ചി ഉച്ചത്തിലെന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചു. എന്താണവർ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അത് കുക്കി പുരുഷന്മാരെക്കുറിച്ചുള്ള ഒരു പഴയ തമാശയാണെന്നു മാത്രം ഐസോ പറഞ്ഞു.


പെട്ടെന്നുണ്ടായ ക്ഷോഭപ്രകടനം അമ്മച്ചിയുടെ ഫലിതത്തോടെ അടങ്ങിപ്പോയി. ഗ്ലാസുകൾ വീണ്ടും നിറഞ്ഞു. പൊട്ടിച്ചിരികൾ വീണ്ടും ഉയർന്നു. പെട്ടെന്ന് കോട്ലിയാൻ ഗ്രാമത്തിലെ തകർക്കപ്പെട്ട കുക്കി വീടുകൾ മനസ്സിൽ തെളിഞ്ഞുവന്നു. വഴിയിലെ പട്ടാളസന്നാഹങ്ങളും സ്ത്രീകളുടെ വാഹന പരിശോധനകളും മലകളിൽ നിന്നു കണ്ണു മാറ്റാതെ നിൽക്കുന്ന അലക്‌സിന്റെ മുഖത്തെ മുറുക്കവും ഞാനോർത്തു. ഉല്ലാസം മതിയാക്കി യാത്ര പറഞ്ഞു ഇറങ്ങി.

കുക്കികൾക്ക് പണ്ടു നിങ്ങൾ അഭയം കൊടുത്തു എന്ന വാദം ശരിയല്ലെന്ന് പലരും പറയുന്നുണ്ടല്ലോ എന്നു പിന്നീട് ഞാൻ ഐസോയോട് ചോദിച്ചു. അഞ്ഞൂറ് വർഷം മുമ്പ്‌ മിയാൻമാറിലെ ചിൻ മലകളിൽനിന്ന്‌ വാങ്ചിയ വഴി വന്ന കുടിയേറ്റക്കാരാണ് മിസോകളും കുക്കികളുമെന്നത് ചരിത്രമാണ്. ഇന്നത്തെ കുക്കി മലകളിൽ അന്നവർ താമസമാക്കുമ്പോൾ അവിടെ ജനവാസമില്ലായിരുന്നു. ഇന്ത്യ, മണിപ്പുർ, മിയാൻമാർ തുടങ്ങിയ പേരുകൾ അന്നീ പ്രദേശത്തെ രാജ്യങ്ങൾക്കില്ല. കേന്ദ്രീകൃത ഭരണവും അതിരുകളും മലകളിൽ ഉണ്ടായിരുന്നില്ല. അന്യവും അപ്രാപ്യവുമായിരുന്ന മലകളിൽ പുതിയ താമസക്കാർ വന്ന വിവരംപോലും താഴ്‌വരയിലെ താമസക്കാരറിയുന്നത് നൂറോ നൂറ്റമ്പതോ വർഷങ്ങൾക്കു ശേഷമാണ്. അങ്ങനെയാണെങ്കിൽ, അഭയം കൊടുത്തതിന്‌ നന്ദി കാണിക്കാത്തവർ എന്ന വിദ്വേഷവാദത്തിൽ കഴമ്പുണ്ടോ എന്നു ചോദിച്ചപ്പോൾ, അതിനെക്കുറിച്ച് ഒരു ചർച്ചക്കില്ലെന്നു പറഞ്ഞ് ഐസോ ഒഴിഞ്ഞുമാറി.


പ്രശസ്‌തരായ നിരവധി കായികതാരങ്ങൾക്ക് ജന്മം കൊടുത്ത സംസ്ഥാനമാണ് മണിപ്പുർ. മേരി കോം, മീരാ ബായ് ചാനു, കുഞ്ചറാണി ദേവി, സരിതാ ദേവി, ഡിങ്ഗോ സിങ്, ജാക്‌സൺ സിങ് തുടങ്ങി ലോകനിലവാരമുള്ള പല താരങ്ങളും മണിപ്പുരിൽ നിന്നുള്ളവരാണ്. ഇവരിൽ ആരേക്കാളുമധികം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത് മേരി കോം ആണെന്ന് നിസ്സംശയം പറയാം. ആറു തവണയാണ് അവർ ഫ്ലൈ, ലൈറ്റ് ഫ്ലൈ വിഭാഗത്തിൽ ലോക ബോക്‌സിങ് ചാമ്പ്യനായിട്ടുള്ളത്. ലോകത്ത് മറ്റാർക്കും ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ലാത്ത റെക്കോഡാണിത്. എന്നാൽ മണിപ്പുരിന്റെ അഭിമാനവും അഹങ്കാരവുമായിരുന്ന മേരി കോമിന് ഇന്ന് ഇംഫാൽ താഴ്‌വര അന്യമായിക്കഴിഞ്ഞു. അതിന്റെ ഏക കാരണം അവർ കുക്കിയാണ് എന്നതാണ്. മേരി കോമിന്റെ ചിത്രങ്ങളും പരസ്യബോർഡുകളും ഇംഫാലിൽനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. രാജ്യത്തിനും മണിപ്പുരിനും വേണ്ടി മേരി കോം നേടിയതെല്ലാം മെയ്‌തെയ്കൾക്ക് ഇപ്പോൾ അപമാനം മാത്രമാണ്.

മണിപ്പുരി സിനിമാസംവിധായകൻ പബൻ കുമാർ ഹോബാമിനും കുടുംബത്തിനുമൊപ്പം വേണുമണിപ്പുരി സിനിമാസംവിധായകൻ പബൻ കുമാർ ഹോബാമിനും കുടുംബത്തിനുമൊപ്പം വേണു

വഴിയിൽ ചിലയിടങ്ങളിൽ ഏഴു നിറങ്ങൾ തുന്നിച്ചേർത്ത മഴവിൽപ്പതാകകൾ കണ്ടു. ഇത് മെയ്‌തെയ് പതാകയാണെന്നും, ഏഴു നിറങ്ങൾ സൂചിപ്പിക്കുന്നത് ഏഴ് വിഭിന്ന മെയ്‌തെയ് ശാഖകളെയാണെന്നും ഐസോ പറഞ്ഞു. കുക്കികളെ ഉന്മൂലനം ചെയ്യാനായി ആയുധമെടുക്കുന്നവർക്ക് മെയ്‌തെയ് ഐക്യശക്തിയുടെ പ്രതീകമായ പുതിയ പതാക നൽകുന്ന ഊർജം വളരെ വലുതായിരിക്കണം. കുറച്ചപ്പുറത്തായി പുതിയൊരു വലിയ മെയ്‌തെയ് ക്ഷേത്രം ഉയർന്നുവരുന്നുണ്ട്. മെയ്‌തെയ് പുരുഷന്മാരുടെ തലപ്പാവിന്റെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ മുഖം രൂപപ്പെടുത്തിയിരിക്കുന്നത്. അതിനു പിന്നിൽ ഏഴുനിലയിലാണ് ഗോപുര നിർമിതി. അവിടെയും ഏഴുനിറമുള്ള കൊടികൾ കണ്ടു. പഴയ ക്ഷേത്രത്തിനു മുന്നിൽ പൊക്കത്തിൽ നാട്ടിനിർത്തിയിരിക്കുന്ന കൊടിമരത്തിന്റെ മേലെ മുളഞ്ചിന്തു കൊണ്ടുണ്ടാക്കി ചെറിയ അലങ്കാരങ്ങൾ ചെയ്‌ത വൃത്താകൃതിയിലുള്ള ഏഴു വളയങ്ങൾ, കൊടിമരത്തിനു കൈവളകളിട്ടതുപോലെ ഒന്നിന് മേലെ ഒന്നായി ചെറിയ അകലത്തിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു.


നാളെ ഇംഫാൽ വഴി കൊഹിമയിലെത്തണം. ഇംഫാലിൽ മണിപ്പുരി സിനിമാസംവിധായകനും സുഹൃത്തുമായ പബൻ കുമാർ ഹോബാമിന്റെ വീട്ടിൽ പോവുക എന്നതാണ് ഏക പരിപാടി. മൊയ്റംഗിൽ നിന്ന് ഒരു മണിക്കൂർ മതി ഇംഫാലിലെത്താൻ. അവിടെനിന്ന് വീണ്ടുമൊരു നാലര മണിക്കൂർ ദൂരെയാണ് നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമ. ലൈറ്റണച്ച് കിടന്നപ്പോൾ ഗാന്ധിമതി ബാലന്റെ മുഖം തെളിഞ്ഞുവന്നു. ഓർക്കാൻ ഒരുപാടുണ്ട്. മരണപ്പെടുന്ന അടുപ്പക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയില്ല എന്നറിയാം. എങ്കിലും, ഒരുപാട് മരണങ്ങളെന്ന്‌ ചിലപ്പോൾ തോന്നുന്നു.


ഏപ്രിൽ 11. ഇംഫാൽ‐കൊഹിമ

രാവിലെ ഏഴുമണിക്ക് വ്യു തീരെ ഇല്ലാത്ത ലേക് വ്യൂ ഹോട്ടലിൽ നിന്നിറങ്ങി. മഴയ്‌ക്കുള്ള സാധ്യതയൊന്നും കാണുന്നില്ല. നോപ്പാ വിട്ടതിനുശേഷം മഴ പെയ്‌തിട്ടില്ലെങ്കിലും മാർച്ച് മഴ അവസാനിച്ചു എന്നു പറയാറായിട്ടില്ല. ഇംഫാലിലേക്കുള്ള വഴിയായ എൻഎച്ച്‌‐രണ്ടിന്റെ നിലവാരം ഇവിടെ മെച്ചമായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ഇംഫാലിലെത്തി. പബൻ അയച്ചുതന്ന വീടിന്റെ ലൊക്കേഷൻപിൻ തെറ്റായിരുന്നു. ഒടുവിൽ പബൻ തന്നെ ഞാൻ നിൽക്കുന്ന സ്ഥലം കണ്ടുപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. അവരെല്ലാം മെയ്‌തെയ് ഹിന്ദുക്കളാണ്. ദിവസവും വലിയ രീതിയിൽ പൂജയും പ്രാർഥനയുമുള്ള വീടുപോലെയാണ് തോന്നിയത്. എന്നെ അതിശയിപ്പിച്ചുകൊണ്ട് പബന്റെ ഭാര്യ പ്രാതലിന് വിളമ്പിത്തന്നത്, മണിപ്പുരി മുളകു ചട്ണിക്കൊപ്പം ഇഢലിയും ദോശയും സാമ്പാറുമായിരുന്നു. ലോക്‌ടാക് തടാകത്തിലെ കുടിയിറക്കിനെപ്പറ്റി പബൻ പണ്ടുണ്ടാക്കിയ സിനിമയിൽ നിന്നു കിട്ടിയ വിവരങ്ങൾ മാത്രമായിരുന്നു, നേരിൽ കാണുന്നതുവരെ ലോക്‌ടാകിനെക്കുറിച്ച് എനിക്ക് ആകെയുണ്ടായിരുന്ന അറിവ്. ഭക്ഷണം കഴിഞ്ഞ് കുറച്ചുനേരം ഞങ്ങൾ അതുമിതും പറഞ്ഞിരുന്നു. എന്നാൽ നേരത്തെ തയ്യാറാക്കി വെച്ച അദൃശ്യമായ ഏതോ മുൻധാരണപ്രകാരമെന്ന പോലെ, മെയ്‌തെയ്‐കുക്കി യുദ്ധം ഒരിക്കൽപോലും ഇവിടെ സംസാരവിഷയമായില്ല.


എൻഎച്ച്‌‐രണ്ട്‌ തന്നെയാണ് ഇംഫാലിൽനിന്ന്‌ കൊഹിമയും കടന്നുപോകുന്ന ഹൈവേ. വഴിയരികിലൂടെ തൊഴിലുറപ്പു പണിക്കാർ വലിയ സംഘങ്ങളായി നീങ്ങുന്നുണ്ട്.

കുക്കികൾക്ക് ഇപ്പോൾ ഇത്തരം സഹായങ്ങളൊന്നും കിട്ടാനുള്ള സാഹചര്യം നിലവിലില്ല. ഇംഫാലിൽ നിന്നിറങ്ങി അരമണിക്കൂറിനുള്ളിൽ അന്തരീക്ഷം മാറി. കുന്നിൻപുറങ്ങളിൽ കുരിശുകളും മലമുകളിലെ ഗ്രാമങ്ങളിൽ പള്ളികളും കണ്ടുതുടങ്ങി. വഴി വീണ്ടും കുക്കി മേഖലയിലേക്കാണ് പോകുന്നതെന്ന് മനസ്സിലായി. മുന്നോട്ടുള്ള വഴിയുടെ ഇടതുവശത്ത് ആംഗ്ലോ‐ - കുക്കി യുദ്ധത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ശില നിൽക്കുന്നത് ഖെങ്ജാങ് എന്ന സ്ഥലത്താണ്. തൊട്ടടുത്ത്, ലംകയിൽ കണ്ടതിന്‌ സമാനമായി, കൊല്ലപ്പെട്ട കുക്കികളുടെ ചിത്രങ്ങൾ പതിച്ച ഓർമച്ചുവരും ഇരുവശത്തും മണൽച്ചാക്കുകളുടെ മതിലും ഉണ്ടായിരുന്നു. കുക്കി സ്ത്രീകളുടെ ജാഗ്രതാസേന വണ്ടികൾ തടഞ്ഞു പരിശോധിക്കുന്നുണ്ട്. ചിലരുടെ ഐഡിയും ചോദിച്ചുവാങ്ങി നോക്കുന്നു. ഇത്തരം സന്നാഹങ്ങളും പരിശോധനകളും രാപ്പകൽ തുടരുന്ന സ്ഥലങ്ങളെല്ലാം കുക്കികൾ വൻതോതിൽ ആക്രമിക്കപ്പെട്ട സ്ഥലങ്ങളാണ്. ഓരോ ദിവസവും മെയ്‌തെയ് ഗ്രൂപ്പുകളിൽ നിന്നുള്ള ആക്രമണ ഭീഷണി ഭയന്നു കഴിയുന്നവരാണ് ഇവിടെയുള്ളവർ. വടക്കോട്ട് പോകുന്തോറും കുക്കി ഗ്രാമങ്ങൾ കൂടുതൽ കണ്ടുതുടങ്ങി. തൊട്ടടുത്ത കാങ്പോക്പി എന്ന സ്ഥലമെത്തിയപ്പോൾ പട്ടാളത്തിന്റെ വൻ സന്നാഹങ്ങളാണ് വഴിനീളെ.

കൊല്ലപ്പെട്ട കുക്കികളുടെ ചിത്രങ്ങൾ പതിച്ച ഖെങ്ജാങിലെ ഓർമച്ചുവര്‌കൊല്ലപ്പെട്ട കുക്കികളുടെ ചിത്രങ്ങൾ പതിച്ച ഖെങ്ജാങിലെ ഓർമച്ചുവര്‌

ഇന്ന്, 2025 മാർച്ച് ആദ്യം, ഇതെഴുമ്പോൾ കാങ്പോക്പി കലാപഭൂമിയായി പത്രങ്ങളുടെ ഒന്നാം പേജിൽ വീണ്ടും വാർത്തയായിരിക്കുന്നു. ഇവിടെയിപ്പോൾ കാണുന്ന വഴിതടയലും പരിശോധനകളും സ്വന്തം സുരക്ഷയ്‌ക്കു വേണ്ടിയാണ് കുക്കികൾ ചെയ്യുന്നത്. സ്വാഭാവികമായും അതു ബാധിക്കുന്നത് മെയ്‌തെയ്കളെ മാത്രമാണ്. അവരെയും, അവരുടെ ചാരന്മാരെയും, അവരുടെ ആയുധങ്ങളുമാണ് കുക്കികൾ തിരയുന്നത്. ഇംഫാലിൽ നിന്ന് കൊഹിമയിലേക്ക് റോഡുമാർഗം യാത്ര ചെയ്യാൻ ധൈര്യപ്പെടുന്ന ഒരു മെയ്‌തെയ് പോലും ഇന്ന്‌ മണിപ്പുരിൽ ഉണ്ടാകില്ല. ആകാശം മാത്രമാണ് സാധ്യമായ യാത്രാമാർഗം. അതിനുള്ള ചെലവ് താങ്ങാൻ പറ്റുന്നവർ ചുരുക്കമാണ്. 2025 ഫെബ്രുവരിയിൽ മെയ്‌തെയ് മുഖ്യമന്ത്രി ബീരേൻ സിങ് രാജിവയ്‌ക്കാൻ നിർബന്ധിതനായ ശേഷം മണിപ്പുരിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നത്. സമാധാനം വീണ്ടെടുക്കാനുള്ള ആദ്യത്തെ നടപടിയായി കേന്ദ്ര സർക്കാർ കണ്ടത്, താഴ്‌വരയിൽ കുടുങ്ങിക്കിടക്കുന്ന മെയ്‌തെയ്കൾക്ക് റോഡുസഞ്ചാര സൗകര്യം ഉടൻ ചെയ്‌തുകൊടുക്കുക എന്നതായിരുന്നു. അതിനായി അവർ തയ്യാറാക്കിയ വാഹനം ബുള്ളറ്റ് പ്രൂഫും മൈൻ പ്രൂഫുമായ ഒരു മിനി ബസായിരുന്നു. എന്നാൽ, മെയ്‌തെയ്കൾക്ക് ഇങ്ങോട്ട് പ്രവേശനമില്ല എന്ന നയത്തിൽ കുക്കികൾ ഉറച്ചുനിന്നു. അതു വകവയ്‌ക്കാതെ കനത്ത സായുധ സുരക്ഷയിൽ ഇംഫാലിൽ നിന്ന് എൻഎച്ച്‌‐രണ്ട്‌ വഴി കൊഹിമയിലേക്ക് പുറപ്പെട്ട മിനി ബസിന്റെ ആദ്യ യാത്രയിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. മിനി ബസും അകമ്പടി പോയ സൈനിക വാഹനങ്ങളും കുക്കി സ്ത്രീകളുടെ വലിയൊരു സംഘം ഞാനിപ്പോൾ നിൽക്കുന്ന കാങ്പോക്പിയിൽ തടഞ്ഞിട്ടു. പട്ടാളത്തിന്റെ വക ഗ്രനേഡ്, കണ്ണീർവാതക പ്രയോഗങ്ങളും തിരിച്ചു കുക്കികളുടെ വക കല്ലേറും തീവയ്‌പ്പും നടന്നു. തുടർന്നുണ്ടായ വെടിവയ്‌പ്പിൽ ഒരു പത്തൊൻപതുകാരൻ മരിച്ചു. അതോടെ കലാപം കൈവിട്ടു കത്തിയാളാൻ തുടങ്ങി. കുറച്ചുകാലമായി മറന്നു കിടന്ന മണിപ്പുർ ഇന്നു വീണ്ടും വലിയ വാർത്തയായി മാറിയിരിക്കുന്നു. ഇതെഴുതുന്ന 2025 മാർച്ച് 13 വരെയും പട്ടാള വെടിവയ്‌പ്പിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ പോലും അനുവദിക്കാതെ കുക്കികൾ വൻ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സർക്കാരിന്റെ മിനി ബസ് പീസ് മിഷൻ മണിപ്പുരിലെ അശാന്തി വീണ്ടും ആളിക്കത്തിക്കുക മാത്രമാണ് ചെയ്‌തത്. യുദ്ധമാണോ സമാധാനമാണോ തങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുന്നത് എന്നു മാത്രം നോക്കിയാണ് രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുന്നത്.


കാങ്പോക്പിയിലെ ഒരു കടയിൽ നിന്ന് കുറച്ചു പഴം വാങ്ങി വരുമ്പോൾ എന്റെ വണ്ടിയുടെ മുന്നിൽ ഒരു പട്ടാള ജീപ്പ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. അതിന്റെ വശത്ത് എന്നെ മാത്രം നോക്കി അർധ യൂണിഫോം ധരിച്ച ഒരു യുവ ഓഫീസർ നിൽക്കുന്നുണ്ട്. അടുത്തു ചെന്നപ്പോൾ ചിരിച്ചിട്ട്, KL നമ്പർ കണ്ട് നോക്കിയതാണെന്നു പറഞ്ഞു. നിങ്ങൾ മലയാളിയാണോ എന്നും ചോദിച്ചു. കൊച്ചി നേവൽ ബേസിലായിരുന്നു അച്ഛന് ജോലി എന്നും 8, 9, 10 ക്ലാസുകളിൽ പഠിച്ചത് നേവൽ ബേസ് സെൻട്രൽ സ്‌കൂളിലായിരുന്നു എന്നും ഹരിയാനക്കാരനായ കേണൽ ദീപക് സിങ് പറഞ്ഞു. ഞാൻ മലയാളത്തിലെന്തോ വെറുതേ ചോദിച്ചപ്പോൾ, അയ്യോ അതൊക്കെ പണ്ടേ മറന്നു, എന്നു പറഞ്ഞ് കേണൽ എന്നെ അദ്ദേഹത്തിന്റെ ക്യാമ്പിലേക്ക് ക്ഷണിച്ചു.

കാങ്പോക്പിയിൽ നിന്ന് നാലഞ്ചു കിലോമീറ്റർ മുന്നിലുള്ള ഹെങ്ബങ് എന്ന സ്ഥലത്തൊരു കുന്നിൽ മുകളിലാണ് അസം റൈഫിൾസിന്റെ ക്യാമ്പ്. ദീപക്കാണ് ഇവിടെ കമാൻഡിങ് ഓഫീസർ. വളരെക്കുറച്ചു മാത്രം സംസാരിക്കുന്നയാളാണ് ദീപക്. ചെന്നയുടൻ തന്നെ ചായയും സാൻഡ്‌വിച്ചും കശുവണ്ടിയും അടങ്ങിയ സൽക്കാരങ്ങൾ ആരംഭിച്ചു. താൽപ്പര്യമുണ്ടെങ്കിൽ തയ്യാർ എന്നു പറഞ്ഞ് ബിയർ കാനുകളും അടുത്തു വന്നിരുന്നു. എന്റെ യാത്രയുടെ വിവരങ്ങൾ വലിയ കൗതുകത്തോടെയാണ് ദീപക് കേട്ടിരുന്നത്. അഞ്ചു വർഷം മുമ്പ്‌ ഹരിയാന മുതൽ കശ്‌മീരും നേപ്പാളുംവരെ തനിച്ചൊരു കാറിൽ പോയി വന്ന കഥ അദ്ദേഹം പറഞ്ഞു. താമസിയാതെ തന്നെ കേണൽ ദീപക് എന്നെ അങ്കിൾ എന്നു വിളിക്കാൻ തുടങ്ങി. മാത്രമല്ല ഇന്നൊരു രാത്രി തന്റെ അതിഥിയായി ഇവിടെ ചെലവഴിക്കാനും ക്ഷണിച്ചു. വളരെ ആഗ്രഹമുണ്ടെങ്കിലും മുന്നോട്ടുള്ള പല പ്ലാനുകളും തെറ്റാൻ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നിർബന്ധിച്ചില്ല. പതുക്കെപ്പതുക്കെ സംഭാഷണം കുക്കി‐ മെയ്‌തെയ് യുദ്ധത്തിലേക്ക് തിരിഞ്ഞു.

നാഗാമലകളിലെ ചെരിവിന് കുറുകെ നിരപ്പുകളായി തിരിച്ച തട്ടുകളുടെ വരമ്പുകൾനാഗാമലകളിലെ ചെരിവിന് കുറുകെ നിരപ്പുകളായി തിരിച്ച തട്ടുകളുടെ വരമ്പുകൾ

എന്റെ സംശയങ്ങൾക്ക് മറുപടിയായി കേണൽ ദീപക് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. മെയ്‌തെയ്കളെ പട്ടികവർഗമായി തരംമാറ്റാനുള്ള തീരുമാനം ഉണ്ടാകുന്നതോടെ കുക്കികൾ പ്രതിഷേധിക്കും എന്നറിയാവുന്ന മെയ്‌തെയ് ഗ്രൂപ്പുകൾ, ഇംഫാലിൽ പണിയെടുക്കുന്ന കുക്കികളേയും മലയടിവാരത്തുള്ള കുക്കി ഗ്രാമങ്ങളെയും ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ ആദ്യം തന്നെ ആരംഭിച്ചു. ആയുധങ്ങൾ ശേഖരിക്കുകയും ആളെക്കൂട്ടുകയും ചെയ്‌തു. പ്രതിഷേധവുമായി കുക്കികൾ വഴിയിലിറങ്ങുമെന്നും, അതു കാത്തിരിക്കുന്ന മെയ്‌തെയ്കൾ അവരുടെ മേൽ വലിയ ആക്രമണങ്ങൾ അഴിച്ചുവിടുമെന്നും പൊലീസിനും പട്ടാളത്തിനും നേരത്തെ അറിവുണ്ടായിട്ടും അതു തടയാനുള്ള യാതൊരു ശ്രമവും ഉണ്ടായില്ല. അക്രമങ്ങൾ ആരംഭിച്ചതിനു ശേഷവും പൊലീസും സിആർപിഎഫും നോക്കിനിന്നു. പൊലീസ് ട്രെയ്‌നിങ് സ്‌കൂളിൽ നിന്ന് മെയ്‌തെയ്കൾ ആയുധങ്ങൾ കവർന്നതല്ല, അതവർക്ക് മണിപ്പുർ പൊലീസ് സമ്മാനിച്ചതാണ്. പിന്നീട് കൊട്ടിഘോഷിച്ചു നടത്തിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കൽ ചടങ്ങ് നാടകമായിരുന്നു. നഷ്ടപ്പെട്ട യന്ത്രത്തോക്കുകൾക്ക് പകരം അന്ന്‌ തിരിച്ചുകിട്ടിയ ആയുധങ്ങളെല്ലാം ഡമ്മികളും ചില നാടൻ തോക്കുകളുമായിരുന്നു. കുക്കികൾക്ക് പരിരക്ഷ കൊടുക്കാൻ ശ്രമിക്കുന്ന ഏക സേനാവിഭാഗം അസം റൈഫിൾസാണ്. മണിപ്പുരിൽനിന്ന് അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ഈയിടെയായി മെയ്‌തെയ്കൾ നിരന്തരം ആവശ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെയാണ്. കുക്കികൾക്കു മേൽ മെയ്‌തെയ്കൾ നടത്തിയതും, ഇപ്പോഴും തുടരുന്നതുമായ അതിക്രമങ്ങൾ ഭരണകൂട ഭീകരപ്രവർത്തനം ആണെന്ന് മാത്രം കേണൽ ദീപക് സിങ് പറഞ്ഞില്ല.


താഴ്‌വരയിൽനിന്ന് വഴി മെല്ലെ കുന്നുകളിലേക്ക് വീണ്ടും കയറിത്തുടങ്ങി. മണിപ്പുരിലെ ഏറ്റവും വടക്കെ അറ്റത്തുള്ള ജില്ലയാണ് സേനാപതി. അതു കഴിഞ്ഞാൽ നാഗാലാൻഡായി. സേനാപതിയുടെ വടക്കൻ ഭാഗങ്ങളിലെ ഭൂരിപക്ഷനിവാസികളും നാഗായാണ്. കാടെരിച്ചുള്ള ഝൂം കൃഷി മറ്റിടങ്ങളിലെപ്പോലെ വിശാലമായി ഇവിടെ കണ്ടില്ല. പലയിടങ്ങളിലും കുന്നുകളുടെ ഇളംചെരിവുകൾ തട്ടുകളാക്കിയാണ് നിലമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ കൊയ്‌ത്തു കഴിഞ്ഞ് എല്ലാം തരിശായി കിടക്കുന്നു. മണിപ്പുരിൽ വെച്ച് അപ്രത്യക്ഷമായ വൗബേയുടെ വെള്ളപ്പൂക്കൾ നാഗമലകളിൽ വീണ്ടും ധാരാളമായി കണ്ടുതുടങ്ങി. ഈ വഴിയെപ്പറ്റി ഞാനെന്റെ ഡയറിയിൽ എഴുതിയിരുന്നത് ‘ഗുഡ്, ബാഡ് ആൻഡ് അഗ്ലി’ എന്നായിരുന്നു. സാവധാനം ചാഞ്ഞിറങ്ങുന്ന കുന്നുകളുടെ ചെരിവിന് കുറുകെ കുഞ്ഞുകുഞ്ഞു നിരപ്പുകളായി തിരിച്ചിട്ടിരിക്കുന്ന അസംഖ്യം തട്ടുകളുടെ വരമ്പുകൾ, വളഞ്ഞു പുളഞ്ഞ് തമ്മിൽ തൊടാതെ അടുത്ത ചെരിവിലേക്ക് ഒഴുകി മറയുന്നു. വിസ്വേമാ എന്ന വലിയ ഗ്രാമത്തിന്റെ ഒരു ഭാഗത്ത് പുതിയ കെട്ടിടങ്ങൾ മാത്രമാണ്‌ കണ്ടത്. മലമുകളിലെ തുരുമ്പു നിറമുള്ള ഇരുമ്പു ഷീറ്റുകൾക്കടിയിൽ തിങ്ങിനിറഞ്ഞാണ് പഴയ ഭാഗങ്ങൾ നിൽക്കുന്നത്. വിസ്വേമായിലെ തട്ടുനിലങ്ങളുടെ താഴത്തെ നിലകളിൽ ഇപ്പോൾ വെള്ളം നിറഞ്ഞിട്ടുണ്ട്.

മേരി കോംമേരി കോം

കൊഹിമ അടുക്കാറായപ്പോൾ ഇരുട്ടു വീണു തുടങ്ങി. വഴി ചെറുതാകുകയും വാഹനങ്ങൾ വർധിക്കുകയും ചെയ്‌തു. കൊഹിമ പട്ടണത്തിന്റെ മറുവശത്താണ് എന്റെ ഹോട്ടൽ അല്ലെങ്കിൽ ഹോം സ്റ്റേ. നിങ്ങളവിടെ എത്തിക്കഴിഞ്ഞു എന്നു നാവിഗേഷൻ പറയുമ്പോൾ, തീരെ വീതി കുറഞ്ഞ ഒരു ഇരുട്ടുവഴിയുടെ നടുവിലാണ് ഞാനെത്തി നിൽക്കുന്നത്. പുറത്തു നിന്നു താഴിട്ടു പൂട്ടിയ ഒരു പഴയ ഗേറ്റല്ലാതെ മറ്റൊന്നും അവിടെയില്ല. ആ ഗേറ്റ് തുറന്നിട്ട് കാലം കുറേയായി എന്നു കണ്ടാലറിയാം. ദൂരെ മുന്നിൽ കണ്ട വെളിച്ചത്ത് വണ്ടി നിർത്തി അവിടെക്കണ്ട ഒരാളോട് റാസു പ്രൂ എന്ന്‌ ഹോട്ടലിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. എഴുതിക്കാണിക്കുകയും ചെയ്‌തു. അയാൾ പറഞ്ഞതു ഞാൻ മനസ്സിലാക്കിയ പ്രകാരം, തിരിച്ചാണ് പോകേണ്ടത്. ഇരുട്ടത്ത് വണ്ടി തിരിക്കാൻ അൽപ്പം ബുദ്ധിമുട്ടി. വന്ന വഴി വിട്ട് ഇടത്തോട്ട് മാറി വലിയൊരു മലയുടെ വശത്തുകൂടിയാണ് ചെറിയ വഴി ഇപ്പോൾ പോകുന്നത്. പത്തു പതിനഞ്ചു വീടുകളും നാലഞ്ച് കടകളുമുള്ള ഒരു സ്ഥലത്തിറങ്ങി വഴി ചോദിച്ചപ്പോൾ ആർക്കും ഒന്നും മനസ്സിലാകുന്നില്ല. അവിടെനിന്നു നോക്കിയാൽ അക്കരെയുള്ള മലഞ്ചെരുവിൽ കൊഹിമ പട്ടണത്തിന്റെ ലൈറ്റുകൾ കാണാം. അത്‌ ചൂണ്ടി വീണ്ടും ചോദിച്ചപ്പോൾ എല്ലാവരും ചേർന്ന് ഉച്ചത്തിൽ, നേരേ പോയി വലത്തോട്ട് എന്ന് ആംഗ്യത്തിൽ പറഞ്ഞു. വഴി കൊഹിമയിലേക്ക് വീണ്ടും കയറിച്ചെന്നു. അവിടെനിന്നു വീണ്ടും റാസു പ്രൂ എന്നു നാവിഗേഷൻ റീസെറ്റ്‌ ചെയ്‌ത്‌ പോയപ്പോൾ അഞ്ചു മിനിറ്റുകൊണ്ട് സ്ഥലത്തെത്തി.


പാശ്ചാത്യ രീതിയുള്ള പഴയൊരു ബംഗ്ലാവിന്റെ ആറു മുറികളാണ് റാസു പ്രൂ എന്ന പേരിൽ ഹോം സ്റ്റേ ആക്കി മാറ്റിയിരിക്കുന്നത്. സീസണല്ലാത്തതുകൊണ്ട് മുറിവാടക വളരെക്കുറവാണ്. കഴിഞ്ഞ ദിവസം മുറി ബുക്കു ചെയ്യാനായി വിളിച്ചപ്പോൾ സംസാരിച്ച സ്ത്രീയുടെ പേര് സുഷ്‌മ എന്നായിരുന്നു. അത് താൻ തന്നെയാണെന്ന്, കാതിൽ നിറയെ കമ്മലുകളും മൂക്കുത്തിയും മുത്തുമാലയും ഫാഷൻ വസ്ത്രങ്ങളും ധരിച്ച ഒരു ചെറുപ്പക്കാരി സ്വാഗതം ചെയ്‌തുകൊണ്ട് പറഞ്ഞു. ഞാനാദ്യം ധരിച്ചതുപോലെ അവർ വീട്ടുടമയല്ല, ഹൗസ് കീപ്പറാണ്. എന്നെക്കൂടാതെ അന്നവിടെ താമസിച്ചിരുന്നത് വളരെ പ്രായം തോന്നുന്ന ഒരു അമേരിക്കൻ മിഷണറി സ്ത്രീ മാത്രമായിരുന്നു. അവർ രാവിലെ പോകുമെന്ന് സുഷ്‌മ പറഞ്ഞു. കുളിക്കാൻ ചൂടുവെള്ളവും കഴിക്കാൻ ചപ്പാത്തിയുടെ കൂടെ ചിക്കൻ കറിയും ഉണ്ടായിരുന്നു. പോത്തും പന്നിയും മടുത്ത നാവിന് വലിയ ആശ്വാസമായിരുന്നു കോഴി . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Home