കവർസ്റ്റോറി
ഓർമയുടെ വലയങ്ങൾ

എതിരൻ കതിരവൻ
Published on Nov 15, 2025, 11:39 AM | 11 min read
ഓർമയാണ് നമ്മളെ വ്യക്തികളാക്കുന്നത്, കുടുംബത്തിലേയും സമൂഹത്തിലേയും അംഗം എന്ന വ്യക്തിത്വം രേഖപ്പെടുത്തുന്നത്. ആൽസൈമേഴ്സ് അസുഖം ബാധിച്ച അച്ഛനോ അമ്മയോ മകനേയോ മകളേയോ തിരിച്ചറിയുന്നില്ലെങ്കിൽ അവർ മകനോ മകളോ അല്ലാതാവുകയാണ്, അച്ഛനെ/ അമ്മയെ സംബന്ധിച്ചിടത്തോളം. നാൽപ്പതു കൊല്ലം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയ റിപ് വാൻ വിങ്കിൾ ആരുമല്ലാത്ത, ആർക്കും തിരിച്ചറിയാൻ പറ്റാത്ത ആളാകുകയാണ്. മറ്റൊരു സ്ഥല-കാലത്തിലേയോ കഴിഞ്ഞ ജന്മത്തിലേയോ- ഓർമ തിരിച്ചുവന്നാൽ മാറിയ സ്വത്വം സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് നാം ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ കണ്ടതാണ്. ഓർമ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറവിയും. അത്യാവശ്യമാണത്രേ അത്. ചില മുഖങ്ങളും കാര്യങ്ങളും മറക്കേണ്ടത് അതിജീവനത്തിനു ആവശ്യമായി ഭവിച്ചേക്കാം. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന ചോദ്യം എപ്പോഴും സംഗതമല്ല. എന്നാൽ അപകടസമയത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് നമ്മെ രക്ഷിച്ച ഒരാളുടെ മുഖം നമ്മൾ ഒരിക്കലും മറക്കുകയില്ല. ഓർമകളുടെ സൂക്ഷിപ്പ് അവസരോചിതം ആണെന്ന് സൂചന.
ഫോട്ടോ: ബിജു ഇബ്രാഹിം
ഓർമകൾ വസ്‌തുക്കളുമായോ സംഭവങ്ങളുമായോ ബന്ധപ്പെട്ടതാണ്. ശകുന്തളയെ മറന്ന ദുഷ്യന്തന് ഒരു മോതിരം മതിയായിരുന്നു ഓർമകൾ തിരിച്ചുകിട്ടാൻ. വെറും മഞ്ചാടിക്കുരുമണികൾ ബാല്യകാല ഓർമകളുടെ സാകാരരൂപമാണെന്ന് കാൽപ്പനികത്വം ആവിഷ്‌കരിക്കുന്ന എഴുത്തുകാരുടെ കണ്ടുപിടുത്തമല്ല, സത്യമാണ്. മണങ്ങളുടെ ഓർമ വളരെ തീക്ഷ്ണമാണ്, ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റേയും. പണ്ടത്തെ പാട്ട് കേൾക്കുമ്പോൾ എല്ലാ ഓർമകളും തിരിച്ചുകിട്ടുന്ന നായകൻ/ നായിക സിനിമകളിൽ സുലഭം. മനുഷ്യരുടെ ഓർമ വളരെ മെച്ചപ്പെട്ടതാണെന്ന് കരുതേണ്ട. നായ്‌ക്കൾക്ക് പതിന്മടങ്ങോ അതിൽകൂടുതലോ മണം ഓർക്കാൻ കഴിവുണ്ട്. ദേശാടനപ്പക്ഷികൾക്ക്, പശുക്കൾക്ക് ഒക്കെ ഇടവും വഴികളുമായുള്ള ഓർമ തീവ്രമാണ്. ആനയുടെ, ഒക്റ്റോപ്പസിന്റെ ഓർമക്കഴിവ്, അധികം പരിണമിച്ച മനുഷ്യമസ്‌തിഷ്‌കത്തിന്റെ കുത്തകയൊന്നുമല്ല അത് എന്ന് സൂചിപ്പിക്കുന്നു.
എന്നാൽ ഭാഷയും എഴുത്തും കണക്കും പാട്ടുകളും ശാസ്‌ത്രവും ആവിഷ്‌കരിച്ച നമ്മുടെ തലച്ചോറിലെ സ്മൃതിരേഖകൾ സങ്കീർണമാണ്. മില്യൺ മില്യൺ ഓർമകളാണ് കുഞ്ഞുമസ്‌തിഷ്‌കത്തിൽ ഒതുക്കിയിരിക്കുന്നത്. ദീർഘകാല ഓർമകൾ ധാരാളമുണ്ട്. പലതും അതിജീവനത്തിന് ആവശ്യമായവയാണ്. അറിവ്, സ്വഭാവം എന്നിവ രൂപീകരിക്കപ്പെട്ട ചെറുപ്രായത്തിലെ സംഭവങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കപ്പെടുന്നുണ്ട്. അവ ഗാഢമാണുതാനും. അതുകൊണ്ടാണ് ആൽസൈമേഴ്സ് പോലെയുള്ള മറവിരോഗം ബാധിച്ചവർക്കും വളർച്ചയുടെ ആദ്യകാലത്തെ ഓർമകൾ തിരിച്ചുപിടിക്കാൻ സാധിക്കുന്നത്. ഇത്തരമല്ലാതെ കുറച്ചുകാലത്തേക്ക് മാത്രം-, ആഴ്‌ചകളോ മാസങ്ങളോ ചുരുങ്ങിയ വർഷങ്ങളോ, ഓർത്തിരിക്കുന്നവയുണ്ട്. Short term memory (ഹ്രസ്വകാല ഓർമ-) എന്നാണിതിനു പേര്. അതിലും ചെറിയ, കുറച്ചു സെക്കൻഡുകൾ മാത്രം നിൽക്കുന്ന ഓർമകളുണ്ട്, Working memory (കാര്യമാത്ര ഓർമ) എന്നത്. ഒരു കാര്യം ചെയ്യുമ്പോൾ അതിനു തൊട്ടുപിന്നിലെ കാര്യം എന്താണെന്ന് ഓർത്തുവയ്‌ക്കലാണിത്. തൂമ്പ എടുത്ത് കിളയ്‌ക്കാൻ തുടങ്ങുകയാണെങ്കിൽ തൂമ്പ എടുത്തു, അടുത്തതെന്താണ് എന്ന് ഉടൻ തീരുമാനിക്കുന്നു. തൂമ്പ എടുത്തു എന്ന് ഓർമയില്ലെങ്കിൽ പിന്നീട് ഒന്നും സംഭവിക്കുകയില്ല. അതിയായ മാനസിക സംഘർഷം ഉള്ളപ്പോൾ തൂമ്പ എടുക്കാതെ കിളയ്‌ക്കാൻ ഇറങ്ങിയേക്കും. അങ്ങനെ അനുസ്യൂതമായ, പെട്ടെന്ന് ഓർമിച്ച് ഉടൻ മറന്നുപോവുന്ന ഓർമകളാണ് ഈ കാര്യമാത്ര ഓർമ. തീവ്രമായ സ്മൃതിനാശം സംഭവിച്ചവർക്ക് ഒന്നും ചെയ്യാനാവാതെ പോകുന്നത് ഈ working memory പ്രാവർത്തികമല്ലാതെ പോവുന്നതുകൊണ്ടാണ്.
എൻഗ്രാം എന്ന
ഓർമ വലയം
ഓർമ എന്നത് അമൂർത്ത (abstract)മായ ഒരു ആശയമാണ്. അത് ഓരോ ജന്തുവിന്റേയും തലച്ചോറിൽ ഉരുവപ്പെടുന്നു. തലച്ചോറ് ആവട്ടെ ന്യൂറോണുകളും അവ തമ്മിൽ വൈദ്യുതിയാൽ ബന്ധപ്പെടുന്നതുകൊണ്ട് പ്രവർത്തിക്കുന്നതുമായ ഒരു ജൈവഅവയം ആണ്. അമൂർത്തമായത് മൂർത്തമായി ആലേഖനം ചെയ്യപ്പെടുന്നതും അത് സൂക്ഷിക്കപ്പെടുന്നതും വേണ്ടപ്പോൾ അതിനെ തിരിച്ചുവിളിക്കുന്നതും ഏതു തന്ത്രങ്ങളാലാണ് എന്നത് ഒരു വെല്ലുവിളിയായി നിലകൊണ്ടിരുന്നു. വികാരങ്ങൾ ചില രാസമാറ്റങ്ങളാൽ സംഭവിക്കുന്നതാണ് എന്നത് സങ്കൽപ്പിക്കാൻ എളുപ്പമാണ്. പക്ഷേ ഓർമയുടെ കാര്യം അങ്ങനെയല്ല. ഓർമ രൂപപ്പെടുന്നതിനെക്കുറിച്ച് സാമാന്യം നല്ല അറിവ് ആധുനിക ന്യൂറോ സയൻസ് സമ്മാനിക്കുന്നുണ്ട്.
ഫോട്ടോ: ബിജു ഇബ്രാഹിം
പണ്ടുതന്നെ തലച്ചോറിൽ വലയങ്ങൾ സൃഷ്ടിക്കുന്ന ഇടങ്ങളുണ്ടെന്ന് ചില സൈക്യാട്രിസ്റ്റുകൾ പ്രഖ്യാപിച്ചിരുന്നു. ‘എൻഗ്രാം’ (Engram) എന്ന് പേരിട്ട ഇവയ്‌ക്ക് തെളിവുകൾ ഒന്നും ലഭിച്ചില്ല. ശാസ്‌ത്രജ്ഞർ ആദ്യകാലങ്ങളിൽ ഈ സങ്കൽപ്പത്തെ തള്ളിക്കളയുകയും ചെയ്‌തു. സാങ്കേതികത വികസിച്ചപ്പോൾ ഓരോ ന്യൂറോണിന്റെയും പ്രവർത്തനം പഠിക്കാനും ഏതൊക്കെ ന്യൂറോണുകൾ ഊർജസ്വലരാകുന്നു എന്നത് നിരീക്ഷിക്കാനും സാധിച്ചു. ഇത് ഓർമ എന്നതിനു പ്രായോഗികവും മൂർത്തവുമായ കൃത്യഇടങ്ങൾ നിജപ്പെടുത്താൻ പര്യാപ്തമാക്കുകയും ചെയ്‌തു. ഓർമയ്‌ക്ക് ആവശ്യം ആദ്യം ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളായി ആലേഖനം (encode) ചെയ്യപ്പെടുക എന്നതാണ്. ഒരു വസ്‌തു, ഒരു സംഭവം, അല്ലെങ്കിൽ ഒരു മുഖം ഇതൊക്കെ ന്യൂറോൺ- ‐ ന്യൂറോൺ ബന്ധം എന്ന മറ്റൊരു ഭാഷയിലേക്ക് കോഡ് ചെയ്യപ്പെടുകയാണ് ഇങ്ങനെ. ഒരു കൂട്ടം നിശ്ചിത ന്യൂറോണുകൾ ഇതിൽ പങ്കെടുക്കുകയാണ്, വലയം സൃഷ്ടിക്കുകയാണ്. ഒരു ഫിംഗർ പ്രിന്റ് ആണെന്ന് കണക്കുകൂട്ടാം. ന്യൂറോണുകളുടെ ഒരു സമഷ്ടി (ensemble) ആണിത്. ഇവയ്‌ക്ക് രൂപപരമായതും രാസപരമായതുമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് ഈ പ്രക്രിയയിൽ. ഇവ സ്ഥിരീകരിക്കപ്പെട്ടാൽ ഒരു എൻഗ്രാം എന്ന് വിളിക്കാം. ഒരു ഓർമയുടെ എൻഗ്രാം തലച്ചോറിന്റെ ഒരു ഇടത്ത് മാത്രം നിജപ്പെടുത്തിയത് ആകണമെന്നില്ല, തലച്ചോറിലെ പല ഇടങ്ങളിലുമായി വ്യാപിച്ചു കിടന്നേക്കാം. ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ട ന്യൂറോൺ വലയം, പിന്നീട് ഓർമ എന്നത് (ഉൾക്കൊണ്ട അറിവ് തിരിച്ചുപിടിക്കുക) ഉളവാകുമ്പോൾ അവയിലെ ന്യൂറോണുകൾ തമ്മിൽത്തമ്മിൽ വൈദ്യുതിയാൽ ഊർജസ്വലരായി ബന്ധപ്പെട്ട് ഉണർവിലേറുകയാണ്, നമ്മൾ ഒരു കാര്യം ഓർമിച്ചെടുക്കുകയാണ്. എൻഗ്രാമിന്റെ ഉണർവ് ആണ് ഓർമ എന്നു സാരം.
ഓർമ നിജപ്പെടുത്തുന്നത്
മനസ്സിൽപ്പതിഞ്ഞ ഒരു വസ്‌തുവോ സംഭവമോ അല്ലെങ്കിൽ പഠിച്ചെടുക്കുന്നവയോ ഓർമയിലേക്ക് പായിക്കണമെങ്കിൽ മേൽപ്പറഞ്ഞ വലയങ്ങൾ തീർക്കാനുള്ള ന്യൂറോണുകൾ തയ്യാറായി നിൽക്കേണ്ടിയിരിക്കുന്നു. പെട്ടെന്ന് ‘ഫയർ’ (ന്യൂറോണുകൾ വൈദ്യുതി പായിച്ചാണ് മറ്റൊരു ന്യൂറോണിനോട് ബന്ധപ്പെടുന്നത്, ശരിക്കും ഒരു ‘ഫയറിങ്’ ആണ്) ചെയ്യാനാകുന്ന ന്യൂറോണുകളാണ് എൻഗ്രാം നിർമിതിയിൽ പങ്കുചേരാൻ സാധ്യത. ഒരു പാട്ട് പഠിച്ചെടുക്കാൻ അത് ആവർത്തിക്കുകയാണെങ്കിൽ ഇത്തരം ന്യൂറോണുകളെല്ലാം ഒത്തുചേരുകയാണ്, പരസ്‌പരം ബന്ധിക്കപ്പെടുകയും പാട്ട് ആവർത്തിക്കുന്തോറും ഈ ബന്ധം ദൃഢമാകുകയും ചെയ്യുകയാണ്. പെട്ടെന്ന് ചില ജീനുകൾ ഉണർത്തിയെടുക്കാൻ വേണ്ടിയുള്ള ചില പ്രോട്ടീനുകൾ അതിനു വേണ്ടി ഒരുമ്പെടുകയാണ്. ഇതിൽ പ്രധാനി CREB എന്നൊരു പ്രോട്ടീൻ ആണ്. ഈ ജീനിന്റെ പ്രവർത്തനം മന്ദീഭവിക്കപ്പെട്ട ന്യൂറോണുകൾ ഈ വലയനിർമിതിയിൽ പങ്കെടുക്കാൻ അശക്തരാണ്. അങ്ങനെ ഒരു എൻഗ്രാം നിജപ്പെടുകയാണ്, ശരിക്കും ഒരു രാസമാറ്റം സംഭവിച്ച ഈ ന്യൂറോണുകളെല്ലാം ഒത്തുചേർന്ന് തന്നെ. ഈ ജീനുകളെ കൃത്രിമമായി ഉണർത്തിയാൽ ഓർമയിലേക്ക് പല കാര്യങ്ങളും നിജപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഒരു രാസമാറ്റം മാത്രമല്ല ഈ ന്യൂറോണുകളുടെ സ്വഭാവവും മാറുന്നുണ്ട്. അവയുടെ മറ്റ് പ്രവൃത്തികൾ ചെയ്യാനുള്ള വഴക്കം (neuronal plasticity) ഉൾച്ചേരുകയാണ്.
ഇടങ്ങളെക്കുറിച്ച് ഓർമ നിജപ്പെടുത്തേണ്ടത് അതിജീവനത്തിനു അത്യാവശ്യമാണ്. ന്യൂറോണുകളുടെ പ്രത്യേക താൽപ്പര്യമാണ് ഇടങ്ങൾ ഓർമിക്കുക എന്നത്. ഇതിനുവേണ്ടി ചില പ്രത്യേക ന്യൂറോണുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഓരോ പുതിയ ഇടങ്ങളിൽ എത്തുമ്പോഴും ഈ ന്യൂറോണുകൾ സജീവമാകുകയാണ്, എൻഗ്രാം വലയങ്ങൾ നിർമിക്കാൻ ഒരുമ്പെടുകയാണ്. മേൽച്ചൊന്ന ജീൻ ഉണർവ് പ്രോട്ടീനുകൾ ഇടം‐ഓർമയിൽ പങ്കെടുക്കുന്നില്ല.
ഫോട്ടോ: ബിജു ഇബ്രാഹിം
വൈദ്യുതിയാലുള്ള ഉണർവിന് ഔത്സുക്യമുള്ള (highly excitable) ന്യൂറോണുകളാണ് ഒരു കൂട്ടായ്‌മയിലേക്ക് വ്യതിചലിക്കാൻ കൂടുതൽ തയ്യാറാകുന്നത്. ഇവ പെട്ടെന്ന് സമാനസ്വഭാവക്കാരെ (ന്യൂറോണുകളെ) കണ്ടുപിടിച്ച് ഒരുമിച്ച് ഫയർ ചെയ്യാൻ കാത്തിരിക്കുകയാണ്. ചിലപ്പോൾ ഈ ന്യൂറോണുകൾ മറ്റ് ന്യൂറോണുകളുമായി നേരിയ വൈദ്യുതിബന്ധം സ്ഥാപിച്ചിരുന്നിരിക്കും, ഓർമയിൽ പങ്കെടുക്കാൻ നേരത്ത് ഒന്നിച്ച് ഫയർ ചെയ്യുന്നവരെ സംഘം ചേർത്ത് എൻഗ്രാം നിർമിക്കയാണ്. അത്ര തീവ്രമായ excitability ഇല്ലാത്ത ന്യൂറോണുകളെ അവഗണിച്ച് മത്സരബുദ്ധിയോടെ ഊർജസ്വലരായവരെ കൂടെ ചേർക്കുകയാണ് എൻഗ്രാം നിർമിതിയിൽ.
ഓർമ: ഊണിലും
ഉറക്കത്തിലും
ആദ്യം ഒരു ന്യൂറോൺ വലയം നിർമിക്കപ്പെട്ടു കഴിഞ്ഞാൽ അത് നിലനിർത്തുന്നത് അടുത്തപടിയാണ്. വീണ്ടും വീണ്ടും ഉറപ്പിക്കാത്ത വലയങ്ങൾ പതുക്കെ നശിച്ചുതുടങ്ങും. എന്തെങ്കിലും പഠിച്ചെടുക്കുമ്പോൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എൻഗ്രാമിൽ encode ചെയ്യപ്പെടുന്നത് ആ ന്യൂറോൺ ബന്ധങ്ങളെ എന്നും നിലനിർത്താനാണ്. പലേ പുതിയ ജീനുകളും ഉണർത്തിയെടുക്കുന്നു, പുതിയ പ്രോട്ടീനുകൾ നിർമിച്ചെടുക്കുന്നു‐ ഇതൊക്കെയാണ് അപ്പോൾ സംഭവിക്കുന്നത്. മേൽച്ചൊന്ന CREB എന്ന പ്രോട്ടീനിന്റെ ഇടപെടൽ ഇവിടെയുണ്ട്. ഈ പ്രോട്ടീനിനെ അമർച്ച ചെയ്‌താൽ ഓർമ നിലനിൽക്കില്ല എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്. മറ്റ് പ്രോട്ടീനുകളും പ്രധാനമായി ചെയ്യുന്നത് ന്യൂറോണുകൾ തമ്മിലുള്ള ബന്ധം (സൈനാപ്സിസ്) ബലപ്പെടുത്തുക എന്നതാണ്. CREB പ്രോട്ടീൻ നൽകുന്ന ഉണർവിൽ എൻഗ്രാം ന്യൂറോണുകളിൽ ഘടനാപരമായതും പ്രവർത്തനപരമായതുമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പങ്കെടുക്കുന്ന ന്യൂറോണുകൾ അവയുടെ പടരുന്ന ശിഖരങ്ങൾ (നീണ്ട നാരുകൾ- ഒരു ന്യൂറോണിൽ നിന്ന് പുറപ്പെട്ട് മറ്റൊരു ന്യൂറോണുമായി സന്ധിക്കുന്ന dendrites) വലയങ്ങൾ നെയ്‌തെടുക്കുന്നത് ഊർജസ്വലമാക്കുകയാണ്.
ഇങ്ങനെ ആദ്യം നിർമിച്ചെടുക്കപ്പെടുന്ന എൻഗ്രാം വലയങ്ങൾ നെടുനാളത്തെ ഓർമയിലേക്ക് നിജപ്പെടുത്താൻ നമ്മളറിയാതെ ചില ഉറപ്പിക്കലുകൾ നടക്കുന്നുണ്ട്. മനസ്സ് ശാന്തമായിരിക്കുമ്പോഴും ഉറക്കത്തിലും ഈ ഓർമകൾ താനേ ആവർത്തിക്കപ്പെടുകയാണ്; എൻഗ്രാം ന്യൂറോണുകളുടെ ബന്ധങ്ങൾ തീവ്രതരമാക്കുകയാണ്. ആദ്യത്തെ പഠിച്ചെടുക്കലിനേക്കാൾ 20 തവണ കൂടുതൽ വേഗതയിലാണ് ഈ സ്ഥിരീകരിക്കൽ. സന്നിഗ്ധാവസ്ഥയിലോ, ജീവനു ഭീഷണിയുണ്ടാകുന്നതോ, അധികം പേടിപ്പെടുത്തുന്നതോ ആയ ഓർമകൾ കൂടുതലായും ഇങ്ങനെ നമ്മളറിയാതെ സ്ഥിരീകരിക്കപ്പെടുന്നവയിൽപ്പെടും.
ഫോട്ടോ: ബിജു ഇബ്രാഹിം
എൻഗ്രാം സമഷ്ടികൾ
ഒരു ഓർമയ്‌ക്ക് ഒരു വലയം എന്ന കണക്കിനല്ല ഓർമകൾ നിജപ്പെടുത്തുന്നത്. ഒരു പറ്റം വലയങ്ങൾ, തലച്ചോറിന്റെ പല ഇടത്തുമായി വിന്യസിക്കപ്പെട്ടവ പങ്കുചേരുന്നുണ്ട് ഇതിൽ. ഈ വലയങ്ങൾ ചെറിയ സമഷ്ടികൾ (ensemble) ആണ്, ഇവ പലതും ഒന്നിച്ചുചേർന്ന് എൻഗ്രാം സമുച്ചയം (Unified Engram complex) നിർമിക്കപ്പെടുകയാണ്. എന്നു വച്ചാൽ തലച്ചോർ ആകെ വ്യാപിച്ചു കിടക്കുകയാണ് ഓർമയുടെ ആലേഖനങ്ങൾ. നേരത്തെ ഓർമകേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് തലച്ചോറിന്റെ ഏറ്റവും ഉള്ളിലുള്ള ഹിപ്പോകാമ്പസ് എന്ന കേന്ദ്രമാണ്; ഈ ഭാഗത്തിനു ക്ഷതം പറ്റിയാൽ ഓർമ നിലനിർത്താൻ പ്രയാസമാണെന്നതിനാൽ. എന്നാൽ എൻഗ്രാം പഠനങ്ങൾ തെളിയിക്കുന്നത് ഈ ഹിപ്പോകാമ്പസ് ഒരു ലൈബ്രറിയിലെ കാറ്റലോഗിൽ പുസ്‌തകങ്ങളുടെ ഇൻഡക്‌സ് (index) പോലെ ഓർമകളുടെ ഇൻഡക്‌സ് സൂക്ഷിക്കുന്ന ഇടമാണ് എന്നാണ്. ഇതുകൂടാതെ അടുത്തുള്ള അമിഗ്‌ദലയും തലച്ചോറിന്റെ പുറമേയുള്ള അടരായ കോർടെക്‌സും ഇതിൽ പങ്കുചേരുന്നുണ്ട്. ഹിപ്പോകാമ്പസിലെ ന്യൂറോൺ സമഷ്ടികൾ ഒരു ഓർമയുടെ സന്ദർഭവും അമിഗ്‌ദല അതിന്റെ വികാരപരമായ മൂല്യവും കോർടെക്‌സ് കാഴ്‌ച, കേൾവി ഒക്കെ ചേർന്നുള്ള സംവേദക/ഗ്രഹണശീലപരമായ (sensory) വിശദാംശങ്ങളും ആലേഖനം ചെയ്യുകയാണ്, ഈ സമഷ്ടികൾ ഒത്തുചേർന്ന് ഈ ഇടങ്ങളിലൂടെ പുറത്തേക്കും വ്യാപിക്കുന്ന മറ്റ് ന്യൂറോൺ വലയങ്ങളും ചേർത്ത് engram complex രൂപപ്പെടുകയാണ്. ഈ ഓർമ അധികം താമസിയാതെ ഹിപ്പോകാമ്പസിന്റെ നിയന്ത്രണങ്ങളിൽനിന്ന് വിട്ട് കോർടെക്‌സിന്റെ മാത്രം ഉത്തരവാദിത്വമായി മാറുന്നുണ്ട്. ഹിപ്പോകാമ്പസിലുള്ള ആലേഖനം അത്യാവശ്യമാണ്, മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും. എന്നാൽ കോർടെക്‌സിലേത് ആഴ്‌ചകൾ എടുത്തേക്കാം. എൻഗ്രാം ന്യൂറോണുകളിൽ ഘടനാപരമായ മാറ്റങ്ങളും ഈ വേളയിൽ സംഭവിക്കുന്നുണ്ട്. ഹിപ്പോകാമ്പസും കോർടെക്‌സുമായി സമ്പർക്കങ്ങൾ സംഭവിക്കുന്നുണ്ട്, അതിലൂടെയാണ് ഓർമ ഉറപ്പിച്ചെടുക്കുന്നത്. ഇത് ഉറക്കത്തിലും സംഭവിക്കുന്നു എന്നത് കൗതുകകരം തന്നെ. പിന്നീട് ഹിപ്പോകാമ്പസ് ഒരു ഇൻഡക്‌സ് മാത്രം സൂക്ഷിക്കും, ബാക്കിയെല്ലാം കൊർടെക്‌സിന്റെ ജോലി.
ഓർമ
തിരിച്ചുവിളിക്കപ്പെടുന്നത്
ഏതു സമയവും ഉണർന്നെണീറ്റ്, മധുരിക്കും ഓർമകൾ മലർമഞ്ചലുമായി ആ മാഞ്ചുവട്ടിൽ നമ്മളെ കൊണ്ടുപോകാൻ തയ്യാറെടുത്തു നിൽക്കുകയാണ്. ലക്ഷക്കണക്കിനു മുഖങ്ങൾ, സംഭവങ്ങൾ, വസ്‌തുക്കൾ, സംഭാഷണങ്ങൾ, ശബ്ദങ്ങൾ... ഒക്കെക്കൂടിയുള്ള ഓർമക്കലവികൾ. ഓർമ തിരിച്ചുപിടിക്കുന്നത് ഏറ്റവും സഫലമാകുന്നത് അതേ ചുറ്റുപാടുകളിൽ നമ്മൾ എത്തപ്പെടുമ്പോഴാണ്. ഒരു മാവിൻചുവട്ടിൽപ്പോയി നിൽക്കുമ്പോൾ മാമ്പഴം പെറുക്കുന്ന കുട്ടിക്കാലത്തെ ഓർമകൾ പുറത്തെടുക്കാൻ മേൽപ്പറഞ്ഞ ഓർമ വലയങ്ങൾക്ക് താൽപ്പര്യം കൂടുതലായുണ്ട്. വർഷങ്ങൾക്കു മുമ്പ്, അറിയാവുന്ന ഒരാളെ, നമ്മൾ ഒരിക്കലും ഓർക്കാത്തതെങ്കിലും, പൊടുന്നനവേ കാണുമ്പോൾ അയാളുമായി ബന്ധപ്പെട്ട, അക്കാലത്തെ ഓർമകൾ എല്ലാം തലച്ചോർ ചികഞ്ഞെടുക്കും, എളുപ്പത്തിൽ. ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് ജന്തുക്കളുടെയും തലച്ചോറിന്റെ സ്വഭാവമാണ്; എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിവാണ്.
ഫോട്ടോ: ബിജു ഇബ്രാഹിം
ഓർമകളുടെ ഇൻഡക്‌സ് സൂക്ഷിക്കുന്ന ഹിപ്പോകാമ്പസ് ആണ് ഒരു നിശ്ചിത ഓർമയുടെ എൻഗ്രാം കണ്ടുപിടിച്ച് കോർടെക്‌സിന്റെ സഹായത്തോടേ ആ എൻഗ്രാം സമഷ്ടിയിൽപ്പെട്ട എല്ലാ ന്യൂറോണുകളേയും ഊർജസ്വലരാക്കുന്നത്. ആ ന്യൂറോണുകൾ എല്ലാം വൈദ്യുതിതരംഗങ്ങളാൽ ബന്ധപ്പെട്ടവയായി ചമയുന്നു, ആ ഓർമ അനുഭവവേദ്യമാകുന്നു. പേടിയുളവാക്കുന്ന ഒരു സംഭവം ഓർമിക്കുന്ന എലികൾ പരീക്ഷണശാലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ നിശ്ചിത എൻഗ്രാമിനെ നിർവീര്യമാക്കിയാൽ അവർ അത് ഓർമിച്ചെടുക്കാൻ കഴിയാത്തവരായി മാറുന്നുണ്ട്. ഓർമ തിരിച്ചു പിടിക്കാനുള്ള കഴിവിന്റെ തോത് അത് രൂപപ്പെട്ട സമയത്ത് എത്ര ആഴത്തിൽ അത് എൻഗ്രാം ആയി നിജപ്പെടുത്തി എന്നത് അനുസരിച്ചാണ്. പ്രൈമറി സ്‌കൂളിൽ പഠിച്ച ഗുണനപ്പട്ടികയോ പാട്ടോ വളരെ പെട്ടെന്ന് ഓർമിച്ചെടുക്കാൻ കഴിയുന്നത് അവ അത്രമാത്രം ആവർത്തിച്ച് ഉറപ്പിച്ചെടുത്തവ ആയതുകൊണ്ടാണ്. ചില എൻഗ്രാമുകൾ ഉണർന്ന് ഊർജസ്വലമാകുമ്പോൾ അതുമായി ബന്ധപ്പെട്ട പല എൻഗ്രാമുകളും ഉണർന്നുവന്നേക്കാം. ഒരാളുടെ ചിത്രം കാണുമ്പോൾ ആ ആളുമായി ബന്ധപ്പെട്ട പല ഓർമകളും ആ കാലത്തെ മറ്റ് ഓർമകളും ഒരുമിച്ച് അനുഭവപ്പെടാം എന്നതിന്റെ പൊരുൾ ഇതു തന്നെ.
സാഹചര്യങ്ങൾ അനുസരിച്ചാണ് എൻഗ്രാമുകൾ ഉണരുന്നത്. രാത്രിയിൽ നഗരത്തിന്റെ അപകടകരമായ ഇടത്ത് ഒരു വെടി പൊട്ടുന്ന ശബ്‌ദം കേട്ടാൽ അപായങ്ങളോട് പ്രതികരിക്കാനുള്ള ഓർമകളായിരിക്കും ഉണരുന്നത്. എന്നാൽ ഇതേ ശബ്ദം ഒരു ഉത്സവത്തിന്റെ വെടിക്കെട്ട് സമയത്ത് കേട്ടാൽ ഉത്സാഹത്തിന്റെ ചില ഓർമകൾ മനസ്സ് തേടിപ്പിടിച്ചേക്കും. അയൽപക്കത്തെ കുട്ടികൾ മാമ്പഴം പെറുക്കുന്നതിന്റെ ഉത്സാഹത്തിമിർപ്പ് ഇത് വീക്ഷിക്കുന്നവരിൽ ഉണരുന്ന എൻഗ്രാമുകളല്ല, കുഞ്ഞുമകൻ മാമ്പഴവുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ മരിച്ചുപോയ അമ്മയിൽ ഉണരുന്ന എൻഗ്രാമുകൾ. സിനിമയിൽ ഒരേ പാട്ട് ആഹ്ലാദത്തിന്റേതായും ശോകഗാനമായും അവതരിപ്പിക്കുന്നത് നമ്മളിൽ രണ്ടുതരം എൻഗ്രാമുകളെ ഉണർത്താനാണ്. ഇങ്ങനെ സാഹചര്യവ്യത്യാസങ്ങളുടെ ഓർമബന്ധം ആധുനിക സാങ്കേതികതാവിദ്യകളാൽ പരീക്ഷണശാലയിൽ കൃത്യമായി തെളിയിക്കപ്പെട്ടതാണ്, എലികളിലെ ഹിപ്പോകാമ്പസ് ഭാഗത്തെ എൻഗ്രാമുകൾ ആലേഖനം ചെയ്യപ്പെട്ടുകൊണ്ട്. പെപ്പർമിന്റിന്റെ മണത്തോടൊപ്പം പഞ്ചസാര കിട്ടാനുള്ള സാഹചര്യവും അതേ മണത്തോടൊപ്പം അത് കിട്ടാത്ത സാഹചര്യവും അറിയുന്ന എലികൾ ഏതു സാഹചര്യത്തിലാണ് പഞ്ചസാര കിട്ടാത്തത് എന്ന് ഓർമിച്ചുവയ്‌ക്കുന്നു, മറ്റൊരു പറ്റം എൻഗ്രാമുകൾ ഉണരുന്നു.
ഓരോ തവണയും ഒരു ഓർമ തിരിച്ചുവിളിക്കപ്പെടുമ്പോൾ ബന്ധപ്പെട്ട എൻഗ്രാമുകൾ കൂടുതൽ ശക്തിയാർജിക്കുകയോ ഉറപ്പിച്ചെടുക്കുകയോ ചെയ്യപ്പെടുന്നുണ്ട് (reconsolidation). ഓർമകളെ നിലനിർത്തണമെങ്കിൽ വീണ്ടു വീണ്ടും അവ ഓർക്കുക, എൻഗ്രാമുകളെ പുതുക്കിയെടുക്കുക എന്നതാണ് ആവശ്യം. ഇന്ന് മറവിരോഗം വഷളാകാതിരിക്കാൻ പഴയകാല ഓർമകൾ ഓർമിപ്പിക്കുന്ന ചികിത്സാരീതികൾ ആവിർഭവിച്ചിട്ടുണ്ട്. Virtual reality ഹെഡ്‌സെറ്റുകൾ ഉപയോഗിച്ച് സ്വന്തം ജീവിതത്തിൽനിന്നുള്ള പഴയകാല ഫോട്ടോകളോ വീഡിയോകളോ ചെറുസിനിമാ ക്ലിപ്പുകളോ രോഗികളെ കാണിക്കുക എന്നത് ക്ലിനിക്കുകളിൽ എത്തിയിട്ടുണ്ട്. മറവി വരാതിരിക്കണമെങ്കിൽ പഴയ കാര്യങ്ങൾ വീണ്ടു വീണ്ടും ഓർക്കുക എന്നതിനു സാധൂകരണമുണ്ട്. നൊസ്റ്റാൾജിയ എന്നത് മനുഷ്യസഹജമാകുന്നത് ഓർമകളെ /എൻഗ്രാമുകളെ ത്രസിപ്പിച്ചു നിർത്തുക എന്ന പ്രായോഗിക കർമം കൂടിയാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.
ഫോട്ടോ: ബിജു ഇബ്രാഹിം
മറവി എന്ന സാധാരണത്വം
തലച്ചോറിന്റെ പ്രവൃത്തികളിൽ ഒന്നുതന്നെയാണ് മറവി, അത് ദൗർബല്യമല്ല. ഭൂതകാലത്തിൽ പഠിച്ച, ഇപ്പോഴും ഓർമിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഒാരോ സന്ദർഭവും സാഹചര്യവും നമ്മളിൽ കടന്നുകൂടുന്നത് ഓർമയിൽനിന്ന് അറിഞ്ഞെടുത്ത അനുമാനങ്ങളായാണ്. അതിജീവനത്തിന് ഇത് അത്യാവശ്യമാണുതാനും. അങ്ങനെ വരുമ്പോൾ ഇത്തരം മേന്മകൾ ഇല്ലാത്ത ഓർമകൾ സൂക്ഷിക്കേണ്ടതില്ല എന്നതുതന്നെ പ്രായോഗികം. സാവധാനം അവയെ മാറ്റിക്കളയുന്നു നമ്മുടെ മസ്‌തിഷ്‌കം. പരിതസ്ഥിതിയുമായി ഇണങ്ങിച്ചേരൽ പ്രതിഭാസമാണിത്, ഭാവിയിലെ തീരുമാനങ്ങൾ എടുക്കുന്നത്, വികാരനിയന്ത്രണങ്ങൾ, മാനസികാരോഗ്യം ഇവയെയൊക്കെ പിന്തുണയ്‌ക്കപ്പെടാനോ അഭിവൃദ്ധിപ്പെടുത്താനോ ഉതകുന്നതല്ലെങ്കിൽ ആ ഓർമകൾ സൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ. എൻഗ്രാമുകളാവട്ടെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കപ്പെട്ടവയാണ്. പുതിയ ന്യൂറോണുകൾ റിക്രൂട്ട് ചെയ്യപ്പെട്ട് പഴയവയെ മാറ്റിക്കളയുന്നുണ്ട് (synaptic remodeling). ഓർമിക്കപ്പെടാത്ത എൻഗ്രാമുകളിൽ ഇത് സംഭവിക്കാറില്ല, അവ നിശ്ശബ്ദത പാലിച്ചുതുടങ്ങും. അവ നശിക്കുന്നില്ലെങ്കിലും അവയെ തിരിച്ചുവിളിക്കുന്നത് വിഷമകരവും ആണ്.
ന്യൂറോണുകളല്ലാതെ അവയെ പരിപാലിക്കുന്നതും പരിസരങ്ങൾ വൃത്തിയാക്കുന്നതും, കടന്നുകയറുന്ന ബാക്റ്റീരിയയെ ഒക്കെ ഉന്മൂലനം ചെയ്യുന്നതുമായ മറ്റ് കോശങ്ങൾ തലച്ചോറിൽ ധാരാളമായുണ്ട്. ഇവ പലപ്പോഴും ന്യൂറോൺ‐ന്യൂറോൺ ബന്ധങ്ങളെ (synapses) പുതുക്കിയെടുക്കുകയും ചിലവയെ ‘വെട്ടിനിരപ്പാക്കി’ വൃത്തിയാക്കുകയും (pruning) ചിലവയെ മാറ്റിക്കളയുകയും ചെയ്യുന്നുണ്ട്. മന്ദഗതിയിലോ നിശ്ശബ്ദതയിലോ ആണ്ടുപോയ എൻഗ്രാമുകൾ ചിലപ്പോൾ ഇതിനു വശംവദരാകുന്നുണ്ട്, പ്രത്യേകിച്ചും ഹിപ്പോകാമ്പസിൽ. ഇങ്ങനെ മറവി സാധാരണമായി സംഭവിക്കുന്നുണ്ട്. ഓർമ ആലേഖനം ചെയ്യാൻ സഹായിക്കുന്ന ചില തന്മാത്രകൾ തന്നെ എൻഗ്രാമിനു ചുറ്റും കൂടുതൽ ഊർജസ്വലരായാൽ അത് എൻഗ്രാമിന്റെ ഉണർവിനെ ബാധിക്കാറുണ്ട്, മറവി ഉളവാക്കപ്പെടുന്നുണ്ട്. മേൽപ്പറഞ്ഞ രണ്ട് പ്രതിഭാസങ്ങളും സംഭവിക്കുന്നത് Rac 1 എന്നൊരു ജീനിന്റെ പ്രഭാവത്താലാണ്. ഈ ജീനിന്റെ പ്രവർത്തനം പലപ്പോഴും അതിരു കടക്കുന്നതായിട്ടുണ്ട്, എൻഗ്രാമുകളിൽ അടങ്ങിയിരിക്കുന്ന ഓർമകളെ തിരിച്ചുവിളിക്കാൻ പറ്റാതെ വരുന്നുണ്ട്.
ചിലപ്പോൾ എൻഗ്രാമിനു ചുറ്റും നടക്കുന്ന തീവ്ര പ്രവർത്തനങ്ങൾ ആ ഇടത്തെ സന്ദേശങ്ങളാൽ ‘ശബ്ദമുഖരിതം’ (noisy) ആകാറുണ്ട്, നമ്മൾ മസ്‌തിഷ്‌കത്തിനു വേറെ കഠിനജോലി ഏർപ്പെടുത്തിക്കൊടുത്തിരിക്കുമ്പോൾ. എൻഗ്രാമിൽ പങ്കെടുക്കാത്ത ന്യൂറോണുകളുടെ തിരക്കിൽ എൻഗ്രാം ന്യൂറോണുകൾക്ക് ഓർമ ആലേഖനം വായിച്ചെടുത്ത് അതിൽനിന്ന് പൊരുൾ വേർതിരിക്കാൻ സാധിക്കാതെ വരുന്നു. ആ ന്യൂറോണുകൾ തമ്മിൽ ബന്ധപ്പെടുന്നുണ്ട്, ഉണർന്നു വരുന്നുണ്ട്, പക്ഷേ എൻഗ്രാമിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ഒരുപോലെ വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ വിഫലമാവുകയാണ്.
മറവിരോഗങ്ങളും
എൻഗ്രാം പ്രവർത്തനവും
എൻഗ്രാമുകൾക്ക് ഓർമ പ്രദാനം ചെയ്യാൻ കഴിയാതെപോകുന്നത് രണ്ടു തരത്തിൽ ആണെന്ന് കണ്ടുകഴിഞ്ഞു. ഒന്ന്, എൻഗ്രാം ശിഥിലീകരണം‐ ഇത് ഓർമ സംഭരണത്തിന്റെ (storage deficit) പ്രശ്നമാണ്, മറ്റൊന്ന് എൻഗ്രാമുകൾക്ക് വിവരങ്ങൾ തിരിച്ചുപിടിക്കാനാവതെ വരിക (retrieval deficit) ആണ്. എന്തായാലും ന്യൂറോണുകൾ തമ്മിൽ ബന്ധപ്പെടാനുള്ള സൈനാപ്‌സി (synapse) ന് വരുന്ന ക്ഷതങ്ങളോ ബലക്ഷയമോ ആണ് പൊതുവേ ഉള്ള കാരണം. മറവിരോഗങ്ങളിൽ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ന് കൂടുതൽ വ്യക്തത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഓരോ ന്യൂറോണിനെ മാത്രമോ ഒരു സംഘം ന്യൂറോണുകളെ മാത്രമോ ആയി ഉണർത്തിയെടുക്കാനും അവ നിരീക്ഷിക്കപ്പെടാനും ഉള്ള വിദ്യകളുണ്ട്. പ്രകാശത്താൽ ഉത്തേജിതമാകുന്ന പ്രോട്ടീനുകൾ സന്നിവേശിപ്പിച്ച് ഇത് സാധ്യമാക്കുകയാണ് (Optogenetics എന്ന് ഇതിന് പേര്). പഠനങ്ങൾ തെളിയിക്കുന്നത് മറവി എന്നത് പൊതുവേ എൻഗ്രാമുകൾ എന്നെന്നേക്കുമായി നശിക്കുന്നതുകൊണ്ടല്ല, അവയ്‌ക്ക് ഓർമകൾ തിരിച്ചുപിടിക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ്. ചെറുബാല്യ മറവി (infantile amnesia) എന്നൊരു രോഗമുണ്ട്, മൂന്നോ നാലോ അഞ്ചോ വയസ്സിലെ ഒരു ഓർമയും ഇല്ലാത്തവരാണിവർ. ആ കാലത്ത് ഹിപ്പോകാമ്പസ് പൂർണ വളർച്ചയിൽ എത്താത്തതിനാൽ ഇത് സംഭവിക്കാം, അല്ലെങ്കിൽ ജനിതകപരമായോ മറ്റ് അസുഖങ്ങളാലോ കടുത്ത മാനസിക ആഘാതം ആ പ്രായത്തിൽ ഏറ്റാലോ ഓർമ നഷ്ടപ്പെടാം. ഹിപ്പോകാമ്പസ് ആ കാലത്ത് വളർച്ച പ്രാപിച്ചെങ്കിൽ ഈ ഓർമകളെല്ലാം തിരിച്ചെടുക്കാം, പലേ വിദ്യകളാലും. എൻഗ്രാമുകൾ നഷ്ടപ്പെട്ടിട്ടില്ല, പക്ഷേ അവയിൽനിന്ന് ഓർമ ഉണർത്തിയെടുക്കുകയേ വേണ്ടൂ എന്ന് ഇത് തെളിയിക്കുന്നു.
ആൽസൈമേഴ്സ് അസുഖത്തിന്റെ ആദ്യകാലങ്ങളിൽ നഷ്ടപ്പെട്ട ഓർമകൾ തിരിച്ചുപിടിക്കാം എന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. കൃത്രിമമായി ഈ അസുഖം ഉളവാക്കിയ എലികളിൽ മേൽച്ചൊന്ന optogenetics വിദ്യകളാൽ എൻഗ്രാമുകളെ ഉണർത്തിയെടുക്കാം, ഓർമകൾ തെളിയിച്ചെടുക്കാം. അസുഖത്തിന്റെ ആദ്യകാലങ്ങളിൽ ഓർമകളെ ഉണർത്തിയെടുക്കാൻ പ്രയാസമാകുന്നു എന്നതാണ് സത്യം. എൻഗ്രാമുകൾ അവ ഉൾക്കൊള്ളുന്നുണ്ട്, അല്ലാതെ അവ നശിച്ചുപോയെന്ന് കരുതേണ്ട. പക്ഷേ പിന്നീട് എൻഗ്രാം ന്യൂറോണുകളെ തമ്മിൽത്തമ്മിൽ ബന്ധിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്ന പ്രവൃത്തിയ്‌ക്ക് ഗ്ലാനി സംഭവിക്കുകയാണ്. നാലുതരത്തിൽ ആൽസൈമേഴ്സ് അസുഖം ഓർമ നശിപ്പിച്ചേക്കാം.
1. ന്യൂറോണുകൾക്ക് ക്ഷതം വരിക.
2. എൻഗ്രാമുകളുടെ പൊരുൾ തിരിക്കലിൽ മറ്റ് സന്ദേശങ്ങൾ കടന്നുവന്ന് അർഥരഹിതമാകുക.
3. എൻഗ്രാമുകളുടെ ഉത്തേജനം അസാധ്യമാകുക.
4. എൻഗ്രാമുകളിലേക്ക് പുതിയ ന്യൂറോണുകൾ സന്നിവേശിച്ച് അത്യാവശ്യമായ പുതുക്കിയെടുക്കൽ നടപ്പാകുന്നത് ഇല്ലാതാകുക.
ന്യൂറോണുകൾക്കുള്ളിലും പുറത്തും കട്ടി നാരുകളും പൊറ്റയും (plaques) രൂപപ്പെടുന്നതോടെ അവയുടെ പരസ്‌പരബന്ധം സാധ്യമാകുന്നില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മറ്റ് പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ടാണോ, അതു മാത്രമായിട്ടാണോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല. വ്യക്തിപരമോ സാമൂഹികമോ ആയ മാനസികാഘാതങ്ങൾ (stress) എൻഗ്രാമുകളുടെ രൂപീകരണത്തേയും പരിപാലനത്തേയും ഓർമകളേയും ബാധിക്കുന്നുണ്ട്. മറവിരോഗത്തിന് ഇതും കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുന്നുണ്ട് ഇപ്പോൾ. ഇതുകൂടാതെ പ്രമേഹം, ഹൃദയ-രക്തക്കുഴൽ പ്രശ്നങ്ങൾ, അമിതവണ്ണം, ജനിതക കാരണങ്ങൾ ഒക്കെ ആൽസൈമേഴ്സ് അസുഖത്തിന് കാരണമാകുന്നുണ്ട്. ഇവയൊക്കെ എൻഗ്രാം പ്രവർത്തനങ്ങളെ, പ്രധാനമായും ഓർമ തിരിച്ചുപിടിക്കുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ കൃത്യമായ കാരണങ്ങൾ ഇനിയും അറിയാനുണ്ട്. എൻഗ്രാമുകളെ വഴങ്ങുന്ന രീതിയിലാക്കാനുള്ള ആധുനിക പഠനങ്ങൾ ആൽസൈമേഴ്സ് അസുഖത്തിനു പുതിയ ചികിത്സകളുടെ സാധ്യതയേറ്റുന്നുണ്ട്.
ന്യൂറോശാസ്ത്രത്തിലെ
പുതിയ താരം
ഓർമകളെപ്പറ്റിയുള്ള വിപ്ലവാത്മകവിവരങ്ങൾ ഇന്ന് അറിയപ്പെടാത്ത തലച്ചോറ് വഴികളിൽ നൂതനത്വം വരഞ്ഞെടുത്തിട്ടുണ്ടെങ്കിലും എൻഗ്രാമുകളുടെ പ്രായോഗികപ്രവർത്തന രീതികളെക്കുറിച്ച് ഏറെ അറിയാനുണ്ട്. എങ്ങനെയാണ് എൻഗ്രാമുകൾ കൃത്യമായി അറിവുകൾ ആലേഖനം ചെയ്യുന്നത്, അവ എങ്ങനെ സംഭരിച്ച് സൂക്ഷിക്കുന്നു, അമൂർത്തമായതിനെ എപ്രകാരം സമൂർത്തമാക്കുന്നു എന്നതൊക്കെ ആശ്ചര്യജനകമായ ചോദ്യങ്ങളായി മിച്ചം നിൽക്കുന്നു. എൻഗ്രാമിന്റെ ഘടനയും ശിൽപ്പവിദ്യയും ഓർമയുടെ ഗുണവും ശക്തിയും സൂക്ഷ്മതയും സുസ്‌പഷ്ടതയും എങ്ങനെ പരിപാലിക്കുന്നു, സ്വാധീനിക്കുന്നു എന്നതൊക്കെ ഇന്നും അജ്ഞാതമാണ്. എൻഗ്രാമുകൾ എങ്ങനെ പരസ്‌പരം സമ്പർക്കം പുലർത്തുന്നു, കാലക്രമേണ എന്തൊക്കെ മാറ്റങ്ങൾക്ക് വശംവദരാകുന്നു, ഈ പ്രക്രിയകളിൽ എൻഗ്രാം ചിലപ്പോൾ നിശ്ശബ്ദമാകുന്നതിന് എന്തു സാംഗത്യം എന്നിവയൊക്കെ പരീക്ഷണങ്ങൾവഴി ഇനിയും വെളിവാക്കേണ്ടിയിരിക്കുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളാണ് ഇന്നുവരെ എൻഗ്രാം ശാസ്‌ത്രത്തിന്റെ പശ്‌ചാത്തലം, ഇതെല്ലം മനുഷ്യരിൽ എങ്ങനെ പ്രായോഗികമാകുന്നു എന്നതറിയേണ്ടതുണ്ട്.
Reference
1. Lazarov O, Gupta M, Kumar P, Morrissey, Z and Phan T Memory circuits in dementia: The engram, hippocampal neurogenesis and Alzheimer’s disease. Prog. Neurobiol. 236:102601, 2024
2. Guskjolen A and Cembrowski M S Engram neurons: Encoding, consolidation, retrieval, and forgetting of memory. Mol. Psychiat. 28: 3207-3219. 2023
3. Roy D S, Park Y-G, Kim E et al. Brain-wide mapping reveals that engrams for a single memory are distributed across multiple brain regions. Nature Comm. 13:1799 2022
4. Lopez M R, Wasberg S M H., Normandin M E and Muzzio l A Mystery of the memory engram: History, current knowledge, and unanswered questions. Neurosci. Behav. Rev. 159: 105574 2024









0 comments