കഥ
ഡോണ മരിയ, ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്- എ

കണക്കൂർ ആർ സുരേഷ് കുമാർ
Published on Nov 15, 2025, 12:29 PM | 10 min read
‘‘ആ കുട്ടീന്റെ കവിതകള് വായിച്ചോ സോമേട്ടാ...? വല്യ ഉള്‍ക്കാഴ്‌ച്ചേക്കെ ഉണ്ടത്രെ. കുഞ്ഞുപ്രായത്തിത്തന്നെ ഓളെത്ര ഫേമസ്സായി! നാലാംക്ലാസില് പഠിക്കുന്ന കുട്ടിക്കല്ലേ ഈ അവാര്‍ഡൊക്കെ കിട്ടീത്! പത്രക്കാരടേം ചാനലുകാരടേം തെരക്കാരുന്നവിടെ.'' പായസത്തിന് സേമിയ വറുത്തുകൊണ്ടിരുന്നതിനിടെ മാലിനി പറഞ്ഞു.
ഡോണയെ എനിക്കറിയാം. വർണപ്പകിട്ടുള്ള കുഞ്ഞുടുപ്പിട്ട്, ശലഭം പോലൊരു കുട്ടി. മിക്കപ്പോഴും ഒറ്റയാണവള്‍. പ്രായത്തിന് യോജിക്കാത്ത ഗൗരവം നിറഞ്ഞ മുഖം. അല്ലെങ്കില്‍ത്തന്നെ ഇപ്പഴത്തെ കുട്ടികള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയാണെന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവരുടെ വര്‍ത്തമാനത്തിലും നടപ്പിലും കുട്ടിത്തം കുറവാണ്. വലിയ ഗായകര്‍ പാടി ഹിറ്റാക്കിയ പഴയ പാട്ടുകളിപ്പോള്‍ അഞ്ചും ആറും വയസുള്ള കൊച്ചുകുട്ടികള്‍ എത്ര അനായാസമായി പാടുന്നു! ടെലിവിഷന്‍ ഷോകളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് എത്ര നല്ല നിലവാരമാണുള്ളത്.
മാലിനി ഫോർവേഡ് ചെയ്‌തുതന്ന ന്യൂസ് ക്ലിപ്പിങ് ഞാന്‍ സെല്‍ഫോണില്‍ പലവട്ടം കണ്ടു. ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് ഡോണ കൃത്യമായി മറുപടികള്‍ കൊടുക്കുന്നുണ്ട്.
‘‘ഡോണമോള്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട മലയാള പുസ്‌തകമേതാണ്?''
‘‘ഞാന്‍ വായിച്ചതില്‍ മാര്‍ത്താണ്ഡവർമ. അതിനൊപ്പം നില്‍ക്കുന്ന ഒരു നോവല്‍ വേറെ വായിച്ചിട്ടില്ല അങ്കിൾ.''
ചിത്രീകരണം: സുനിൽ അശോകപുരം
അവളുടെ മറുപടി കേട്ട് റിപ്പോര്‍ട്ടര്‍ അന്തംവിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. എട്ടുവയസുള്ള കുട്ടി പൊടുന്നനെ അയാള്‍ക്കു മുമ്പില്‍ ഭീമാകാരിയായി വളര്‍ന്നപോലെ..!
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് മാലിനിയുടെ ശബ്ദമെത്തി. ‘‘നിങ്ങളവളോട് മിണ്ടീട്ടൊണ്ടോ? എന്തു വിഷയത്തെ കുറിച്ചാണെങ്കിലും ഓള് വ്യക്തമായി സംസാരിക്കും. പലസ്‌തീനിലെ മനുഷ്യക്കുരുതീനെ കുറിച്ചൊക്കെ എനിക്കെന്തറിയാം... എന്നാലാ കുഞ്ഞ് കഴിഞ്ഞ ദെവസം പറഞ്ഞു, കൂട്ടമായിട്ട് കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്തിലേക്കാണല്ലോ വീണ്ടും ഓരോ കുട്ടീം ജനിച്ചു വീഴുന്നതെന്ന്. നോക്ക്... അയിന്റെ ചിന്ത എത്രത്തോളം പോയീന്ന്. കുട്ടികളൊക്കെ വല്ല കാര്‍ട്ടൂണും കണ്ടിരിക്കുന്നതാ നല്ലത്. അവര് പത്രം വായിക്കേം വാര്‍ത്ത കാണേം കാര്യങ്ങള് മനസ്സിലാക്കുവേം ചെയ്‌താല് മുതിര്‍ന്നവരുടെ ലോകത്തെ കുറിച്ചൊള്ള മുഴുവന്‍ ഇമേജും പോവും.''
ഡോണയുടെ കവിതവന്ന ആഴ്‌ചപ്പതിപ്പ് ഞാന്‍ വീണ്ടുമെടുത്തു. ഒരിക്കല്‍ക്കൂടി വായിച്ചപ്പോള്‍ വരികള്‍ കൂടുതല്‍ ശക്തിയോടെ എന്നെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. യഥാർഥ കവിതകള്‍ അങ്ങനെയാണത്രെ. പുനർവായനയിലാണ് അവ തനിസ്വരൂപം വെളിപ്പെടുത്താറുള്ളത്.
ലിഫ്റ്റിലും താഴെയുള്ള ലോബിയിലും വെച്ച് ചിലപ്പോള്‍ അവളെന്നെ നോക്കി ചിരിക്കാറുണ്ട്. നല്ല ഭംഗിയുള്ള ചിരി. സത്യത്തില്‍ മുതിര്‍ന്നവരോടുപോലും ചിരിക്കാന്‍ പൊതുവെ എനിക്ക് മടിയാണ്. അതെന്റെ സ്വഭാവവൈകൃതമാകാം. നിങ്ങക്ക് ആരോടെങ്കിലും ഒന്നു ചിരിച്ചാലെന്താ എന്ന് മാലിനി നൂറുവട്ടം ചോദിച്ചിട്ടുമുണ്ട്.
ചിലപ്പോള്‍ ആ കുട്ടി എന്റെ വീട്ടിലും വരും. പുസ്‌തകങ്ങളൊക്കെ എടുത്തു മറിച്ചുനോക്കുമത്രെ. ഞാന്‍ വായിച്ചശേഷം മാറ്റിയിട്ട ചില ആനുകാലികങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ മാലിനിയോട് അനുവാദം ചോദിക്കും. ‘‘നമ്മള് മറന്നാലും അവള്‍ മറക്കില്ല. കൊണ്ടോയതൊക്കെ കൃത്യമായ് മടക്കിക്കൊണ്ടുത്തരും. അല്ലേത്തന്നെ നിങ്ങള് വായിച്ചുകഴിഞ്ഞ വീക്കിലികള് പിന്നെയാര്‍ക്ക് വേണം. നമ്മടെ പിള്ളേര് ഒരുകാലത്തും അതൊന്ന് തൊടുന്നത് കണ്ടിട്ടില്ല. ആ വേസ്റ്റുപേപ്പറുകാരനെ വിളിച്ചാല് വരാനും എന്തു പാടാണ്...''
അങ്ങനെ ഡോണ മരിയ ഞങ്ങളുടെ പാര്‍പ്പിട സമുച്ചയത്തിലും വെളിയിലും സംസാരവിഷയമായ നാളുകളിലാണ് മാലിനി പറഞ്ഞത്-, ‘‘നാളെ സോമേട്ടന്‍ വീട്ടിലൊണ്ടാവുമല്ലോ. ഞാന്‍ ഡോണമോളെ ഉച്ചഭക്ഷണത്തിന് വിളിച്ചു. ഇവിടെ വേറെയും ചിലര്‍ വിളിച്ച് വിരുന്ന് കൊടുത്തുകഴിഞ്ഞു. അവള്‍ക്ക് കൊറച്ചെങ്കിലും അടുപ്പമുള്ളത് നമ്മളുമായാണ്. ഈ ഫ്ലാറ്റില് വേറെ ഏതു വീട്ടിലാ പുസ്‌തകോക്കെ വരുത്തുന്നത്? പക്ഷേ, റോസാ മര്യയും ഡേവീസും വരില്ല. മോളെ മാത്രം വിളിച്ചാമതി എന്നാണവരുടെ മട്ട്. അല്ലേലും ആ പട്ടാളം ഡേവീസിന്റെ മോന്ത കണ്ടാല്‍ എന്തോ എനിക്ക് പിടിക്കില്ല.''
മാലിനിയുടെ ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ഒരു വിഐപി വരുന്ന കണക്കിനാണ് കാര്യങ്ങള്‍.
ചിത്രീകരണം: സുനിൽ അശോകപുരം
‘‘എഴുത്തൊക്കെ ഉണ്ടേലും ഒരു ചെറിയ കൊച്ചല്ലേ വരുന്നത്. അതിന് ഇത്രേം ഒരുക്കോക്കെ വേണോ..?'' ഞാന്‍ അതിശയം വിട്ടുമാറാത്തതുകൊണ്ട് ചോദിച്ചു.
‘‘ചെറ്യ കൊച്ചാണെങ്കിലും ഒരു പെങ്കൊച്ചല്ലേ... അതാണ് പ്രധാനം. ഇനി വളര്‍ന്നുവരുന്ന പെങ്കൊച്ചുങ്ങോളൊക്കെ ഇങ്ങനെ കൊറച്ചൂടി കരുത്തും ശക്തീം ഒള്ളതുങ്ങളാവണം. എങ്കിലേ ലോകം മാറൂ.'' അവള്‍ എനിക്കുനേരെ ചുണ്ടു കോട്ടിക്കാണിച്ചു. എന്റെ ഭാര്യയ്‌ക്ക് നല്ല പുരോഗമനമുണ്ടല്ലോ എന്നു ഞാന്‍ കൗതുകം പൂണ്ടു.
കുറച്ചുനാള്‍ മുമ്പ്, ഞാന്‍ വീട്ടിലുണ്ടാരുന്ന നേരത്ത് ആ കുട്ടി വന്നത് ഓർമയുണ്ട്. ആഴ്ചപ്പതിപ്പില്‍ മുങ്ങി മയങ്ങിയിരിക്കുകയാരുന്നു ഞാന്‍. എന്നെ കണ്ട് ‘എന്നാല്‍ ആന്റീ, ഞാന്‍ പിന്നെ വരാം' എന്നു പറഞ്ഞ് അവള്‍ മടങ്ങാന്‍ തുടങ്ങി.
‘‘അങ്കിളുള്ളതുകൊണ്ടാണോ? അതൊന്നും സാരല്ല ഡോണമോളേ... നീ വന്നോളൂ. ആളും മോളെപ്പോലെ പുസ്‌തകോക്കെ വായിക്കുന്നതല്ലേ? കൊഴപ്പമില്ല.''
എനിക്ക് ജാള്യത തോന്നി. ഒരു കൊച്ചുകുട്ടിയുമായാണ് താരതമ്യം. ഞാന്‍ അസുഖത്തോടെ മാലിനിക്കുനേരെ കണ്ണുരുട്ടി. ഡോണയുടെ കണ്ണുകള്‍ പുസ്‌തക ഷെല്‍ഫിലാണ്. പുതിയതു വല്ലതുമുണ്ടോ എന്ന് തിരയുകയാകാം. കുറച്ചുകാലമായി ഞാന്‍ പുതുപുസ്‌തകങ്ങളൊന്നും വാങ്ങിയിരുന്നില്ല. വാങ്ങിയതും കൂട്ടുകാര്‍ തന്നതുമൊക്കെയായി വായിച്ചുതീര്‍ക്കാന്‍തന്നെ കുറച്ചുണ്ട്. സെല്‍ഫോണില്‍ തോണ്ടല്‍ശീലം വരുത്തുന്ന വിന!
‘‘അങ്കിള്‍...'' അവള്‍ വിളിച്ചു. ‘‘എലിഫ് ഷഫാക്കിന്റെ ബുക്‌സേതെങ്കിലും വായിച്ചിട്ടുണ്ടോ?''
ഇല്ലെന്ന് പറഞ്ഞ് ഞാനാ കുട്ടിയെ പകപ്പോടെ നോക്കി. അങ്ങനെ ഒരെഴുത്തുകാരിയെ കുറിച്ച് ഞാന്‍ കേട്ടിട്ടുകൂടിയില്ല. മാലിനി അവള്‍ക്കു കുടിക്കാന്‍ ജ്യൂസ് കൊണ്ടുവന്നു. സെറ്റിയില്‍ ഒരു പാവക്കുട്ടിയെ കണക്കിരിക്കുന്ന അവളുടെ കാലുകള്‍ ശരിക്ക് നിലത്തെത്തുന്നില്ല. ഈ കുരുന്നാണ് ഇക്കണ്ട വലിയ വര്‍ത്തമാനോക്കെ പറയുന്നത്. മാലിനി അവളെ കൗതുകത്തോടെ, അതിലേറെ കൊതിയോടെ നോക്കുന്നത് ശ്രദ്ധിച്ചു.
‘‘നമുക്ക് വായിക്കുമ്പോള്‍ വംശഹത്യേക്കെ വല്യ ഫിക്‌ഷനായിട്ടു തോന്നും. അല്ലേ അങ്കിളേ... എന്നാലീ ലോകത്തെല്ലാടത്തും അതു നിരന്തരം നടക്കുന്നു. എനിക്ക് അതൊക്കെ വായിക്കുമ്പോ സങ്കടം വരും. ഞങ്ങള്‍ കൊച്ചുകുട്ടികള്‍ വളര്‍ന്നു വരുമ്പം ജീവിക്കാനൊരു ലോകമുണ്ടാകുമോ എന്നുതന്നെ സംശയം. അതൊന്നും മുതിര്‍ന്നവരാരും ചിന്തിക്കുന്നില്ല.''
അവളെക്കുറിച്ചു കേട്ടതൊക്കെ സത്യമാണ്. ഞാനവളെ സുക്ഷിച്ചു നോക്കി. നോക്കുമ്പോള്‍ ഭയം തോന്നി. ലോകത്തിന്റെ ഭാവി വിളിച്ചുപറയാന്‍ ജനിച്ച ഒരു പ്രവാചകയാണോ എന്റെ മുന്നിലിരിക്കുന്നത്?
അതിനിടെ മാലിനി സെല്‍ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് വന്നു.
‘‘മോള്‍ അങ്കിളിന്റെ അടുത്തിരിക്ക്... ഒരു ഫോട്ടോ എടുക്കാനാണ്. ഫാമിലി ഗ്രൂപ്പിലിടണം. നമ്മളിത്ര അടുപ്പോള്ള കാര്യം ഓരേക്കെ അറിയിക്കുന്നതൊരു വെയിറ്റല്ലേ..?''
‘‘വെറ്‌തേ എന്തിനാണാന്റീ... അങ്കിളിന് അതിലൊന്നും വലിയ താൽപ്പര്യം ഉണ്ടാവില്ല...'' അവള്‍ മടിച്ചു.
‘‘അത് മോള്‍ക്കുമില്ല എന്നറിയാം. എങ്കിലും എനിക്കുവേണ്ടി രണ്ടാളും ഒന്നിരിക്കൂ.''
ഡോണ അടുത്തുവന്നിരുന്നു. കൊച്ചുകുട്ടിയാണ്. എടുത്തു മടിയില്‍ ഇരുത്തേണ്ട കുട്ടി. പക്ഷെ ഇടയില്‍ രണ്ടിഞ്ചു വിടവ് അവശേഷിപ്പിച്ചാണ് ഞാനിരുന്നത്. ഡോണ അവളുടെ ഫോണില്‍ ഒരു സെല്‍ഫിയും പകര്‍ത്തി.
‘‘കൊച്ചുകുട്ടികള്‍ക്ക് ഫോണെന്തിനാണെന്ന് ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. പക്ഷെ ഇക്കാലത്ത് ഇതൊരു സെല്‍ഫ് ഡിഫന്‍സ് ടൂളാണങ്കിൾ. ഒറ്റയ്‌ക്ക് പൊറത്തുപോകുമ്പോള്‍ കയ്യിലിതൊണ്ടെങ്കില്‍ ഒപ്പം ഒരാളുണ്ടെന്ന ഫീലാണ്.'' ഡോണ ചിരിച്ചു.
പിന്നീട് മാലിനി എന്റെ ഫോണിലേക്ക് അയച്ച ആ ചിത്രത്തില്‍ നോക്കിയപ്പോള്‍ എത്ര ഓമനത്തമാണ് ആ കുട്ടിയുടെ മുഖത്ത് എന്ന് തോന്നി. ‘‘ആ മോള്‍ക്ക് പ്രായത്തിനൊത്ത വളര്‍ച്ചേം പുഷ്ടീം കൊറവാണ്. അതിന് വായനേം എഴുത്തും കഴിഞ്ഞ് എന്തേലും കഴിക്കാന്‍ നേരമുണ്ടാവില്ല'' എന്ന മാലിനിയുടെ വാക്കുകള്‍ ഓർമവന്നു.
അന്നത്തെ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ് അവളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അവളുടെ പുസ്‌തകം ഇറങ്ങുന്ന കാര്യം ചിലര്‍ അതിശയത്തോടെ പറയുന്നതു കേട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം വഴിയില്‍ വച്ച് അവളെന്നെ വിളിച്ചു. ‘‘അങ്കിളേ... എന്റെ പുസ്‌തകത്തിന്റെ റിലീസ് ആണ്. ഞങ്ങടെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്. ആന്റീം അങ്കിളും തീര്‍ച്ചയായും വരണം.'' ദിവസവും സമയവും അവള്‍ പറഞ്ഞു. വരാമെന്ന് തല കുലുക്കിയതല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവള്‍ ചിരിച്ചുകൊണ്ട് ഓടിപ്പോയി. ഒരു കണ്‍ഗ്രാറ്റ്‌സ് എങ്കിലും പറയേണ്ടതാരുന്നു എന്ന് അവള്‍ പോയ്‌ക്കഴിഞ്ഞപ്പോഴാണ് തോന്നിയത്. എന്താണ് പുസ്‌തകം? കവിതകളാണോ? ടൈറ്റിലെന്താണ്? ആരാണ് പബ്ലിഷര്‍? അങ്ങനെ എന്തൊക്കെ ചോദിക്കാമായിരുന്നു!
ചിത്രീകരണം: സുനിൽ അശോകപുരം
വൈകിട്ട് സങ്കോചത്തോടെ ആ കാര്യം മാലിനിയോട് പങ്കുവച്ചു.
‘‘ഓ... നിങ്ങള്‍ക്ക് മനഷ്യപ്പറ്റ് കൊറവാണെന്ന് ഇപ്പഴെങ്കിലും സമ്മതിച്ചല്ലോ...'' അവള്‍ പരിഹസിച്ചു. പിന്നെ ഷെല്‍ഫിലേക്ക് ചൂണ്ടി. ‘‘അതാ... ആ ബുക്ക് അവിടുണ്ട്. സോമങ്കിളിനുള്ളതാണെന്ന് പറഞ്ഞ് അവള്‍ കൊണ്ടുത്തന്നു. ഇവിടെ വേറെയാര്‍ക്കും കൊടുത്തിട്ടില്ലത്രെ. ആ കുട്ടിക്ക് നിങ്ങളെ വല്യ കാര്യമാണ്.''
‘ഡോണ മരിയ, ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് -എ.' വിചിത്രമായ ടൈറ്റില്‍!
ഗദ്യകവിതകളാണ്. ഒറ്റയിരിപ്പിന് കുറച്ചു കവിതകള്‍ ആര്‍ത്തിപിടിച്ച് വായിച്ചു. ചിലത് പലവട്ടം ആവര്‍ത്തിച്ചു. മുമ്പ് വീക്ക്‌ലിയില്‍ കണ്ടതില്‍ നിന്നൊക്കെ എത്ര മികവാണ് ഓരോ രചനയ്‌ക്കും! ഈ കവിതകള്‍ ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി എഴുതിയതാണെന്ന് ഡോണയെ നേരില്‍ അറിയാത്തവര്‍ വിശ്വസിക്കണമെന്നില്ല. ആമുഖത്തില്‍ അവളെഴുതിയ ചില വരികളാണ് ഏറെ വിസ്മയിപ്പിച്ചത്.
‘‘ഡോണ മരിയ ഒരു കുട്ടി മാത്രമല്ല. എത്രയോ കുട്ടികളെ ഉള്ളില്‍ പേറുന്നവളാണ്. അനേകം അണ്ഡകോശങ്ങളുമായി ജനിക്കുന്നവളാണ്. നാലില്‍ പഠിക്കുന്ന ഒരു കൊച്ചുകുട്ടി എഴുതിയതെന്ന് കരുതി ഈ കവിതകളെ നിങ്ങടെ പുസ്‌തക ഷെല്‍ഫിന്റെ മൂലയില്‍ ഒതുക്കാമെന്ന് ആരും കരുതരുത്. ആത്മത്തില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് അത് അവിടെയും വളരും. വളര്‍ന്ന് മുറി മുഴുവന്‍ നിറയും. കാരണം, സമൂഹം അടക്കിയിട്ട കുറേ കുഞ്ഞാത്മാക്കള്‍ ഇതിലുണ്ട്. നിങ്ങള്‍ പിറക്കാനനുവദിക്കാതെ പറിച്ചെറിഞ്ഞ, പിറന്നപടി വലിച്ചെറിഞ്ഞ, കാലുറയ്‌ക്കും മുമ്പേ ഞെരിച്ചും മൂക്കും വായും പൊത്തിയും ജീവനെ മുടിച്ച, മുലപ്പാലിനൊപ്പം വിഷനീരിറ്റിച്ചു കൊന്ന നിരവധി കുഞ്ഞുങ്ങളുടെ ആത്മാക്കള്‍...''
എനിക്കാണ് സത്യത്തില്‍ ശ്വാസം മുട്ടിയത്. പുസ്‌തകത്താളുകളില്‍ നിന്ന് കുഞ്ഞുകൈകള്‍ നീണ്ടുവന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചില്‍. അക്ഷരങ്ങള്‍ നുരച്ചുനീങ്ങുന്നപോലെ തോന്നി. കവികാര്‍ന്നവന്‍മാരെ... നിങ്ങളീ കൊച്ചുകുട്ടീടെ കവിതകള്‍ വായിക്കൂ... ഇങ്ങനെവേണം കവിതകള്‍ എന്ന് ഉറക്കെപ്പറയണം എന്നുപോലും തോന്നി. അവളെ നേരില്‍ കാണുമ്പോള്‍ അഭിനന്ദിക്കണം.
അങ്ങനെയിരിക്കുമ്പോഴാണ് അവളെ മാലിനി ഭക്ഷണത്തിന് ക്ഷണിച്ചത്.
‘‘മോള്‍ വരുമ്പോള്‍ അവള്‍ക്ക് നിങ്ങളെന്തെങ്കിലും ഒരു ഗിഫ്റ്റും കൊടുക്കണം.'' ഭാര്യയുടെ ഉത്തരവ്. എന്തായിരിക്കും അവള്‍ക്കു യോജിച്ച സമ്മാനം? ചോക്കലേറ്റ് ബാര്‍, കേക്ക്, ചൈനീസ് കളിപ്പാട്ടങ്ങള്‍ തുടങ്ങി എന്തെങ്കിലുമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാങ്ങേണ്ടത്. പക്ഷെ ഇത് അങ്ങനെയല്ലല്ലോ. പുസ്‌തകം വാങ്ങിയാല്‍ മതി. പക്ഷെ കുട്ടികള്‍ക്കുള്ള പുസ്‌തകം മതിയോ? പേന വാങ്ങിയാല്‍ അവള്‍ ഉപയോഗിക്കുമോ? ആകെ ആശയക്കുഴപ്പത്തിലായി. ‘‘അതൊക്കെ നിങ്ങള്‍ ആലോചിച്ച് കണ്ടെത്തണം. എനിക്കെന്തറിയാം!'' മാലിനി കൈയൊഴിഞ്ഞു.
ഒടുക്കം സാമാന്യം വിലയുള്ള ഒരു ടാബ് വാങ്ങി വന്നപ്പോള്‍ മാലിനിക്ക് സന്തോഷമായി. അവള്‍ അതിന്റെ വിലപോലും ചോദിച്ചില്ല.
ചുവന്ന പൂക്കളുള്ള ഫ്രോക്കൊക്കെയിട്ട് സുന്ദരിക്കുട്ടിയായി ഞങ്ങളുടെ കൊച്ചതിഥി എത്തി. മാലിനിക്ക് ഇഷ്ടത്തിന് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. അവള്‍ ഫാമിലി ഗ്രൂപ്പിലിട്ട ഫോട്ടോയുടെ ചുവട്ടില്‍ വിദേശത്തുനിന്ന് മകന്റെ മറുപടി,- ‘അച്ഛന്‍ ഒന്നു വിചാരിച്ചിരുന്നെങ്കില്‍ അമ്മയ്‌ക്ക് ഇതുപോലൊരു മോളൂടെ ഉണ്ടായേനെ.' അതു വായിച്ച് ചിരി അടക്കാനായില്ല.
ഞങ്ങളുടെ പാരിതോഷികം കണ്ട് അവള്‍ അമ്പരന്നു. അത് വാങ്ങാന്‍ മടിച്ചു. ‘‘സാരമില്ല. അത് മോളുടെ ഉള്ളിലുള്ള അക്ഷരദേവതയ്‌ക്കുള്ളതാണ്. വാങ്ങിച്ചോ മോളേ...'' മാലിനിയുടെ വാക്കുകള്‍ അവളനുസരിച്ചു. ഡോണയുമായി ഏറെനേരം സംസാരിച്ചിരുന്നു. കല, സാഹിത്യം, ജീവിതം. വിഷയം പലവഴിയില്‍ കാടുകേറിപ്പോയി. പ്രായത്തിന്റെ വ്യത്യാസം ഞങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ അനുഭവപ്പെട്ടില്ല. കുട്ടികളുടെ വിഷയത്തിലേക്ക് ഞങ്ങളെത്തി.
ഫിദ എന്നൊരു കൊച്ചുകുട്ടിയെ മുതിര്‍ന്നൊരാള്‍ പീഡിപ്പിച്ചു കൊന്ന സംഭവത്തിലെ രോഷം അവള്‍ മറച്ചുവച്ചില്ല. ദിവസങ്ങള്‍ മുമ്പ് നഗരകേന്ദ്രത്തിലാണ് മനസ്സാക്ഷിയെ നടുക്കിയ ആ സംഭവം നടന്നത്.
‘‘കുട്ടികള്‍ മാത്രമല്ലല്ലോ മോളെ ആക്രമിക്കപ്പെടുന്നത്. മുതിര്‍ന്നവരുടെ ലോകവും ഒട്ടും സേഫ് അല്ല. വൃദ്ധന്‍മാര്‍ക്ക് രക്ഷയുണ്ടോ?''- ഞാന്‍ ചോദിച്ചു.
‘‘തീര്‍ച്ചയായും ആരും ഉപദ്രവിക്കപ്പെടരുത്. പക്ഷെ അങ്കിള്‍, ഞങ്ങള്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ദുര്‍ബലരാണ്. അതുകൊണ്ട് സമൂഹത്തിന് ഞങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം വേണം. സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന മൃഗങ്ങളുണ്ട്. എന്നാല്‍ മനുഷ്യര് മൃഗങ്ങളീന്നൊക്കെ ഒത്തിരി പുരോഗമിച്ചു എന്നു പറയുന്നു. എന്നിട്ടെന്താണ് നടക്കുന്നത്. സ്വന്തം പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞും മാലിന്യത്തൊട്ടീലെറിഞ്ഞും കൊന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. അമ്മത്തൊട്ടിലുകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ബന്ധം അമ്മയും കുഞ്ഞും തമ്മിലുള്ളതാണെന്ന് പറയുന്നത് വെറുതെയാകുമോ അങ്കിൾ?''
അവള്‍ ഉത്തരത്തിന് കാക്കുന്ന മട്ടില്‍ എന്നെ തുറിച്ചുനോക്കി. ആ കണ്ണുകളില്‍നിന്ന് ഒളിക്കാനായി ഞാനെന്റെ നോട്ടം ജാലകത്തിലൂടെ അകലെക്കാണുന്ന ആകാശത്തേക്കെറിഞ്ഞു.
‘‘കുഞ്ഞുങ്ങടെ ലോകത്തെക്കുറിച്ച് മുതിര്‍ന്നവര്‍ ചിന്തിക്കുന്നതേയില്ല അങ്കിൾ. ഒരുവശത്ത് ക്രെഷുകള്‍ എന്ന നശിച്ചയിടത്ത് വിതുമ്പീം കരഞ്ഞും തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍. ഇനിയൊരു കൂട്ടര്‍ റിം ജിം പാര്‍ക്കില് കുഞ്ഞുങ്ങളെ ഇരുത്തീട്ട് സെല്‍ഫോണില്‍ ചേക്കേറുന്നു. ഗാഡ്ജറ്റുകള്‍ കുത്തിനിറച്ച വീടകങ്ങളിലും കുഞ്ഞുങ്ങള്‍ ഒറ്റപ്പെടുന്നു. മറുവശത്ത് യുദ്ധഭൂമിയുടെ പരിസരങ്ങളില്‍ വിശന്നു കരയുന്ന കിടാങ്ങളുണ്ട്. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് വാവിട്ട് കരയുന്ന കുഞ്ഞുങ്ങടെ ദേഹത്തേക്കാണ് ടണ്‍ കണക്ക് സ്‌ഫോടകവസ്‌തുക്കള്‍ വീണ്ടും വന്നുവീഴുന്നത്. ഞങ്ങടെ ലോകം ഇത്തരത്തില്‍ സംഘര്‍ഷ ഭരിതമാക്കിയത് ആരാണ്? എന്തിന്റെ പേരിലാണ്?''
എനിക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലായിരുന്നു.
‘‘ഇതൊക്കെയോര്‍ത്ത് ആകെ ടെന്‍സ്ഡ് ആകുകയാണ് ഞാന്‍. എന്നിട്ട് ഞങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ആര്‍ക്കും വേണ്ടാത്ത കുറേ പാഠങ്ങള്‍.''
‘‘നാലാംക്ലാസില്‍ പിന്നെ എന്താണ് നിങ്ങളെ പഠിപ്പിക്കേണ്ടത്?'' ഞാന്‍ കൗതുകത്തോടെ ചോദിച്ചു.
‘‘അങ്കിൾ... ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ നാലാംക്ലാസില്‍ ഞങ്ങളെ ടീച്ചര്‍മാര്‍ ബുദ്ധിമുട്ടി പഠിപ്പിക്കുന്നുണ്ട്. പിന്നെ കൊറേ കുട്ടിക്കവിതേം പാട്ടും. കൂട്ടാനും ഹരിക്കാനുമൊക്കെ പഠിപ്പിച്ചു കഴിഞ്ഞു. പക്ഷെ നാളെ ഞങ്ങള് ഫേസ് ചെയ്യാമ്പോണ ലോകത്തില്‍ എങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന് ആരാണ് പഠിപ്പിക്കുന്നത്? കൊള്ളാവുന്ന വായൂം വെള്ളോമൊക്കെ കിട്ടാതാകുന്ന ലോകത്തെ എങ്ങനെ നേരിടണമെന്ന് ആരു പറഞ്ഞുതരും? രാസായുധങ്ങളുടെ കൺവെട്ടത്തു നിന്ന് രക്ഷപ്പെടാന്‍ എന്തു ചെയ്യണമെന്ന അറിവ് എവിടെക്കിട്ടും?''
മാലിനി ഊണ് വിളമ്പി പലവട്ടം വിളിച്ചു. ‘‘കഴിച്ചോണ്ട് സംസാരിക്കാല്ലോ...'' അവള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു.
ചിത്രീകരണം: സുനിൽ അശോകപുരം
ഊണ് കഴിഞ്ഞ് ഡോണ മടങ്ങിയിട്ടും അവളുടെ കുഴഞ്ഞുമറിഞ്ഞ ചോദ്യങ്ങള്‍ ഉള്ളില്‍ പുകഞ്ഞു. വൈകിട്ട് എന്റെ ഫോണില്‍ അവളുടെ സന്ദേശം വന്നു. ‘‘സോറി. ഞാന്‍ എന്തൊക്കെയോ പറഞ്ഞ് അങ്കിളിനെ ബോറടിപ്പിച്ചു. ചിലപ്പോള്‍ ഞാന്‍ കുട്ടിയെന്ന കാര്യം മറന്നുപോകുന്നു. അതെന്റൊരു പ്രശ്‌നമാണ്. സോറി...''
സംസാരിക്കുന്നതിനിടെ ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറിയിരുന്നു. ഞാന്‍ അവളുടെ നമ്പര്‍ ‘ഡോണ ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് -എ’ എന്ന പേരിലാണ് സേവ് ചെയ്‌തത്.
അടുത്ത രാത്രി അവളെനിക്ക് ഒരു സന്ദേശമയച്ചു.
‘‘അങ്കിളേ... ഒരു രഹസ്യ സംശയമുണ്ട്. മറ്റാരുമറിയില്ല എന്ന വിശ്വാസത്തോടെ ചോദിക്കട്ടെ. കഴിഞ്ഞ ദിവസം ഫിദ എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് നമ്മുടെ നഗരത്തിലാണ്. നാല്‍പ്പതു വയസ്സുള്ള ഒരാള്‍ അവളെ ലൈംഗികമായി ഉപയോഗിച്ച് കൊന്നു. പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പീഡനം. ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടി. ഒന്നുമറിയാത്ത അതിനെ ലൈംഗികവസ്‌തുവായി ഉപയോഗിച്ചാല്‍ ശരിക്കും അയാള്‍ക്ക് അതിലെന്തെങ്കിലും രതിസുഖം ലഭിക്കുമോ? അങ്കിളിലെ പുരുഷന്റെ അഭിപ്രായമെന്ത്?''
സന്ദേശം വായിച്ചതും തീ ദേഹത്തു വീണപോലെ ചാടിയെഴുന്നേറ്റു. മാലിനി അറിയാതെ മെല്ലെ എഴുന്നേറ്റ് ബാല്‍ക്കണിയിലെത്തി. നഗരത്തിന്റെ മീതെ പൂണ്ടുകിടക്കുന്ന പൊടി രാവിനെ വിവർണമാക്കിയിട്ടുണ്ട്. വിളറിയ ആകാശത്തെ നിസ്സഹായതയോടെ നോക്കി. എന്ത് മറുപടിയാണ് ഡോണയ്‌ക്ക് കൊടുക്കേണ്ടത്! അതൊന്നും ലൈംഗികമായ ആഗ്രഹപൂര്‍ത്തിയുടെ വിഷയമല്ല. മാനസിക വൈകല്യം കൊണ്ടുണ്ടാകുന്നതാണ് എന്നൊക്കെ എഴുതാന്‍ ആലോചിച്ചു. തലയും പുകച്ചിരിക്കെ, ഡോണയുടെ സന്ദേശം മാഞ്ഞുപോയി. അവളത് ഡിലീറ്റ് ചെയ്‌തിട്ട് ‘സോറി അങ്കിൾ' എന്നൊരു സന്ദേശവും അയച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ ലിഫ്റ്റിലോ ലോബിയിലോ വച്ച് അവളുടെ മുമ്പില്‍ പെടരുതെന്ന് ആഗ്രഹിച്ചാണ് പോയതും വന്നതുമെല്ലാം. അവളുടെ പുസ്‌തകത്തിന്റെ ചട്ടയിലെ ചിത്രം പോലും ഭയപ്പെടുത്തുന്നതായി തോന്നിയപ്പോള്‍ അതിനെ പുസ്‌തകഷെല്‍ഫിന്റെ പിന്നില്‍ മറച്ചിരുത്തി. അസമയത്ത് ഫോണിലെത്താനിടയുള്ള തീവ്രതയേറിയ ഒരു കുറിപ്പിനെ ഭയന്ന് ഡോണയുടെ നമ്പര്‍ ബ്ലോക്ക് ചെയ്‌താലോ എന്നുകൂടി തോന്നിയിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി. ഡോണയെ കുറിച്ചുള്ള ചിന്തകള്‍ ക്ഷയിച്ചു തുടങ്ങി. മാലിനിയും പുതിയ വിശേഷങ്ങള്‍ക്കു പിന്നാലെ പോയിക്കഴിഞ്ഞു. അങ്ങനെയിരിക്കെയാണ്, പ്രമുഖ ആഴ്‌ചപ്പതിപ്പ് ഡോണയുടെ മുഖചിത്രവുമായി ഇറങ്ങിയത്. കവർപേജില്‍ നോക്കിയിരിക്കെ, കുട്ടിത്തം തിങ്ങിയ കണ്ണുകള്‍ ചിമ്മുന്നപോലെ തോന്നി! ഉള്ളടക്കത്തില്‍ മികച്ചൊരു കവിതയും. ആദ്യരാവ് എന്ന പേരു കണ്ടപ്പോള്‍ ആശങ്കയോടെയാണ് വായിച്ചത്. എന്നാല്‍ തടങ്കല്‍പാളയത്തില്‍പ്പെട്ട ഒരു മധ്യവയസ്സുകാരിയുടെ ആദ്യത്തെ രാവനുഭവങ്ങളുടെ ദുഃഖസാക്ഷ്യമായിരുന്നു പ്രമേയം. അന്നാണത്രെ അവള്‍ ഒരു പേടിയും കൂടാതെ ഉറങ്ങിയത്. നെയ്യാമ്പലുകള്‍ നിറഞ്ഞ പൊയ്ക അവള്‍ സ്വപ്‌നം കണ്ടു. ചൂടുള്ള കാലാവസ്ഥയായിട്ടും ആ രാവില്‍ അവള്‍ക്ക് നല്ല തണുപ്പ് ലഭിച്ചു. ചെറിയ ജയിലറ വിവൃതമായ ഭൂമികയായി തോന്നി! കാര്യമായ ജീവിതാനുഭവങ്ങള്‍ ഇല്ലാത്ത ഒരു കുട്ടി എഴുതിയതാണെന്ന ചിന്ത എന്നില്‍ വിമ്മിട്ടമുണ്ടാക്കി. വൈകാതെ, അടുത്തൊരു തണുത്ത സായാഹ്നത്തില്‍ ഡോണയുടെ വിളിയുമെത്തി. തിരക്കേറിയ ഒരു നഗരവഴിയിലൂടെ നടക്കുകയായിരുന്നു ഞാന്‍. ചെറിയ സന്ദേഹത്തോടെയാണ് ഫോണ്‍ ചെവിയോടു ചേര്‍ത്തത്.
‘‘അങ്കിൾ... ഒന്നു കാണാന്‍ കഴിയുമോ? ഒരു കാര്യമൊണ്ടാരുന്നു.''
‘‘മാര്‍ക്കറ്റിലാണ്. വീട്ടിലെത്താന്‍ വൈകും.'' അവളെ ഒഴിവാക്കാനാണ് തോന്നിയത്. അവള്‍ ഒന്നു മൂളിയിട്ട് ഫോണ്‍ വച്ചപ്പോള്‍ സമാധാനം തോന്നി.
പക്ഷേ, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തിരക്കില്‍നിന്ന് ആരോ ബലമായി പിടിച്ചു പിന്നിലേക്ക് വലിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ഡോണ!
‘‘ഞാനിവിടെ ട്യൂഷന്‍ പഠിക്കുന്നുണ്ട്.'' അവള്‍ ഏതോ കെട്ടിടത്തിന്റെ തലയിലേക്ക് ചൂണ്ടി. ‘‘ട്യൂഷന്‍ കഴിഞ്ഞിറങ്ങുമ്പോള്‍ അങ്കിളിനെ ഞാന്‍ കണ്ടു. അങ്കിൾ കുറച്ചുസമയം എനിക്ക് തരണം. ഇവിടെ നല്ല ഉസല്‍ സമോസ കിട്ടുന്ന ഒരു സ്ഥലമുണ്ട്. നമുക്ക് അവിടെയിരിക്കാം. വരൂ...'' അവള്‍ കൈയില്‍ പിടിച്ച് വലിച്ചു.
നിഷേധിക്കാന്‍ കഴിഞ്ഞില്ല. തിരക്കിനിടയിലൂടെ ഞങ്ങള്‍ നടന്നു. നിരവധി പതിറ്റാണ്ടുകള്‍ നഗരത്തില്‍ കഴിഞ്ഞെങ്കിലും ഇത്തരമൊരു കുഞ്ഞന്‍ കഫറ്റീരിയയില്‍ കേറീട്ടില്ല. ഇപ്പോള്‍ ആദ്യമായിതാ ഒരു കൊച്ചു കുട്ടിയോടൊപ്പം! ഇടുങ്ങിയ ഇടമെങ്കിലും ഒട്ടുമിക്ക മേശകളുടെ ചുറ്റും ആളുണ്ട്. ചെറുപ്പക്കാരായിരുന്നു കൂടുതല്‍. ഒരു മേശയുടെ ഇരുവശത്തായി ഞങ്ങളിരുന്നു.
‘‘ഇന്നെന്റെ ട്രീറ്റാണ്. അവാര്‍ഡു കാശൊക്കെ കിട്ടീട്ട് അങ്കിളിന് ട്രീറ്റ് തന്നില്ല.''- അവള്‍ പറഞ്ഞു.
‘‘വീക്ക്‌ലീല്‍ വന്ന കവിത വായിച്ചിരുന്നു. ഗംഭീരം. പറയാന്‍ വാക്കുകളില്ല. ഡോണേടെ പുതിയ പുസ്‌തകം ഉടനൊണ്ടോ?'' എന്തെങ്കിലും ചോദിക്കാനായി മാത്രം ചോദിച്ചു.
‘‘പബ്ലിഷര്‍ തയ്യാറാണ്. പക്ഷെ ഉടനെ ഒരു പുസ്‌തകം... എനിക്ക് താൽപ്പര്യം തോന്നുന്നില്ലങ്കിള്‍. പേരിനോ അവാര്‍ഡിനോ വേണ്ടിയാരുന്നില്ല ഞാന്‍ എഴുതിയത്. എന്തോ... എനിക്ക് ഒരു കൊച്ചുകുട്ടിയായി ജീവിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്.''
‘‘അതിനെന്താ... ഡോണ ഇപ്പഴും കൊച്ചു കുട്ടിയാണല്ലോ.'' ഞാന്‍ പരമാവധി സൗമ്യത വരുത്തി ചിരിച്ചു.
‘‘എങ്കില്‍ അങ്കിളെന്നെയൊന്നു കെട്ടിപ്പിടിക്കുമോ..? വേണ്ടാത്ത ചിന്തയൊന്നുമില്ലാണ്ട് മടീലിരുത്താമോ... എനിക്കൊരുമ്മ തരാമോ?''
ഒരു നടുക്കം എന്നിലൂടെ അരിച്ചുപോയി. വാക്കുകള്‍ നഷ്ടപ്പെട്ട് പരിഭ്രമത്തോടെയിരുന്ന എന്നെ അവള്‍ കരുണയോടെ നോക്കി.
‘‘വെറുതേ തമാശ പറഞ്ഞതാ അങ്കിൾ... സമോസ കഴിക്ക്.''
നല്ല രുചിയുള്ള ഉസല്‍ സമോസയാകും. പക്ഷേ പിരിമുറുക്കത്തില്‍ എന്റെ രുചിമുകുളങ്ങള്‍ അപ്പാടെ കെട്ടുപോയിരുന്നു.
‘‘ഇനിയുള്ള കാലത്ത് കുട്ടികളൊക്കെ അങ്ങനെയായിരിക്കും അങ്കിൾ.'' അവള്‍ താഴ്‌ന്ന ശബ്ദത്തില്‍ തുടര്‍ന്നു-. ‘‘അവരുടെ ചോദ്യങ്ങള്‍ക്ക് ഈ ലോകം ഉത്തരങ്ങള്‍ നല്‍കില്ല. വിവരസമൃദ്ധമായ ഈ ലോകത്ത് ഉത്തരങ്ങള്‍ സ്വയം തേടുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിലേറെ കാര്യങ്ങള്‍, അറിവുകള്‍, കഴിവുകള്‍ തുടങ്ങിയവ ലഭിക്കും. ബാല്യത്തില്‍ തന്നെ അവര്‍ വൃദ്ധരാകും.''
അവള്‍ പലതും പുലമ്പി. ഇടയില്‍ കാരുണ്യത്തോടെ എനിക്കുനേരെ ചിരിച്ചു. അധികമൊന്നും മറുപടി പറയാതെ അവള്‍ ഭക്ഷണം കഴിക്കുന്നതു നോക്കി അവിടെയിരുന്നു. അതിനിടെ കയ്യെത്തി ഒരു പൊട്ട് സമോസ എന്റെ വായില്‍ തിരുകിത്തന്നു.
വീടെത്തിയിട്ടും ചില ചോദ്യങ്ങള്‍ ഉള്ളില്‍ കെട്ടിമറിഞ്ഞു. എന്തിനാണ് ഡോണയില്‍ നിന്ന് ഓടിമാറാന്‍ തോന്നിയതെന്ന ചോദ്യം. അവളെ നാലാംക്ലാസുകാരിയായ കുട്ടിയായി കാണാന്‍ കഴിയാഞ്ഞതെന്തുകൊണ്ട്?
‘‘എന്താ നിങ്ങക്ക് സുഖമില്ലേ... വന്നപ്പം മുതല്‍ മൂഡോഫ് പോലെ.'' -മാലിനിയുടെ ചോദ്യം.
ഒന്നുമില്ല എന്ന് നുണ പറഞ്ഞു. രാത്രി. ഉറക്കം മെല്ലെ അരിച്ചരിച്ചു വരുന്ന നേരം, മനസ്സിലുറപ്പിച്ചു. ഇനിയാ കുഞ്ഞിനെ കണ്ടുമുട്ടുമ്പോള്‍ ചേര്‍ത്തുപിടിച്ച് നെറുകയില്‍ മുത്തം നല്‍കണം.
ചിത്രീകരണം: സുനിൽ അശോകപുരം
കുറച്ചുദിവസങ്ങള്‍ പുറത്തെങ്ങും ഡോണയെ കണ്ടില്ല. ഒടുക്കം, മാലിനിയോട് തിരക്കി.
‘‘കുറേ ദിവസമായി. ഇങ്ങോട്ടും കാണാറില്ല. പരീക്ഷക്കാലമല്ലേ... പിള്ളേര്‍ക്കൊക്കെയിപ്പോള്‍ ഒത്തിരി പഠിക്കാനൊണ്ട്.''
അതിനിടെ ഡോണയുടെ ഒരു സന്ദേശം എന്റെ സെല്‍ഫോണിലെത്തി. രാവ് കുറുകിവരുന്ന സമയമായിരുന്നു.
‘‘അവനവന് കടിഞ്ഞാണിടാന്‍ കഴിയാത്തതാണ് മനുഷ്യന്റെ വലിയ പ്രശ്‌നം എന്നെന്റെ ചെറുമനസ്സ് നിരന്തരം പറയുന്നു. എത്ര ശ്രമിച്ചിട്ടും വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുന്നില്ല. മുഖത്തും മൂക്കിലും ചോരയൊലിക്കുന്ന കുരുന്നുകളുടെ മുഖങ്ങള്‍. അവയെ കണ്ടില്ലെന്നു കരുതിയാല്‍ ജീവിക്കാം. ആ കടിഞ്ഞാണ്‍ കൈവിട്ടാല്‍ തീര്‍ന്നു. പിന്നെ കണ്ടില്ലെന്നു നടിക്കാന്‍ ആകില്ല. അത് എത്ര താളുകള്‍ എഴുതിയാലും തീരില്ല. നിങ്ങളെല്ലാം എന്നോടു കാണിച്ച കാരുണ്യത്തിന് നന്ദി.''
ഉറക്കത്തിന്റെയും ഉണർവിന്റെയും ഇടയിലുള്ള ഏതോ നേര്‍ത്ത പാളിയില്‍ തങ്ങിക്കിടന്നുകൊണ്ട് ആ സന്ദേശം നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചു.
പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നത് മാലിനിയുടെ നിലവിളി കേട്ടാണ്.
‘‘അയ്യോ കഷ്ടം!! എത്ര അറിവും വിവരോമുള്ള കുട്ടിയാരുന്നു..! എന്നിട്ടെന്തിനാണപ്പാ ആ കൊച്ചുകുട്ടി ഈ കടുംകൈ ചെയ്‌തത്! എങ്ങനെ സഹിക്കുമീശ്വരാ...'' മാലിനിയുടെ സ്വരമിടറി.
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ഞാന്‍ സെല്‍ഫോണിലെ സന്ദേശം എടുത്തു വീണ്ടും നോക്കി. എന്നെ കുടുക്കുന്ന അപകടം പിടിച്ച ഒന്നും അതിലില്ല എന്നുറപ്പു വരുത്തി. എങ്കിലും ആ സന്ദേശം തുടച്ചു നീക്കി. ഡോണയുടെ നമ്പറും മായ്ച്ചുകളഞ്ഞു. എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്ന് അന്തഃകരണത്തെ വിശ്വസിപ്പിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു .









0 comments