കവർസ്റ്റോറി

മംദാനി വിജയിക്കുമ്പോൾ

സൊഹ്‌റാൻ മംദാനി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ
avatar
വി ബി പരമേശ്വരൻ

Published on Nov 15, 2025, 12:16 PM | 5 min read



മേരിക്കയിലെ ഏറ്റവും വലുതും സമ്പന്നവുമായ നഗരമായ ന്യൂയോർക്കിൽ ഇന്ത്യൻ വംശജനും മുസ്ലീമും കുടിയേറ്റക്കാരനുമായ മുപ്പത്തിനാലുകാരൻ സൊഹ്‌റാൻ മംദാനിക്ക് വൻവിജയം നേടാനായത് ലോകമെങ്ങുമുള്ള മതനിരപേക്ഷ ജനാധിപത്യ പുരോഗമനവാദികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. ശതകോടീശ്വരന്മാരുടെയും കോർപറേറ്റുകളുടെയും പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെയും സ്ഥാനാർഥിയായി സ്വതന്ത്രവേഷം കെട്ടി മത്സരിച്ച മുൻമേയർ ആൻഡ്രൂ കുമോയെ ഒമ്പത്‌ ശതമാനം വോട്ടിന് തോൽപ്പിച്ചാണ് സൊഹ്‌റാൻ മംദാനി വിജയിച്ചത്. ഡെമോക്രാറ്റിക് പാർടിക്കകത്ത് നടന്ന മത്സരത്തിൽ ആൻഡ്രൂ കുമോയെ തോൽപ്പിച്ചാണ് മംദാനി സ്ഥാനാർഥിത്വം നേടിയത്. ഇതേതുടർന്ന്‌ കോർപറേറ്റുകളും ശതകോടീശ്വരരും ചേർന്ന് അവരുടെ താൽപ്പര്യ സംരക്ഷണത്തിനായി കുമോയെ സ്വതന്ത്രനായി രംഗത്തിറക്കുകയായിരുന്നു.

സൊഹ്‌റാൻ മംദാനി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെസൊഹ്‌റാൻ മംദാനി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ

എന്നാൽ ശതകോടീശ്വരന്മാർക്കുമേൽ, ദുഷ്‌പ്രഭുത്വത്തിന്മേൽ, ട്രംപിന്റെ തീവ്രവലതുപക്ഷ വംശീയ രാഷ്‌ട്രീയത്തിനു മേൽ വിജയം നേടാൻ മംദാനിക്ക് കഴിഞ്ഞു. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് മംദാനി. ന്യൂയോർക്കിലെ മേയർ പദവി അലങ്കരിക്കുന്ന ആദ്യ മുസ്ലീമും ഏഷ്യൻ വംശജനായ കുടിയേറ്റക്കാരനും കൂടിയാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രസിദ്ധ സിനിമാ സംവിധായിക മീരാ നായരുടെയും (സലാം ബോംബെ, മിസിസിപ്പി മസാല, മൺസൂൺ വെഡ്ഡിങ് എന്നീ സിനിമകളുടെ സംവിധായിക) ഗുജറാത്തിൽ വേരുകളുള്ള, ഉഗാണ്ടയിൽ വളർന്ന ചരിത്ര പണ്ഡിതനായ മുഹമ്മദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. അദ്ദേഹത്തിന്‌ ഹിന്ദിയും ഉറുദുവും സ്‌പാനിഷും ഇംഗ്ലീഷും നന്നായി കൈകാര്യം സംസാരിക്കാനറിയാം.

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ, ക്ഷേമവിരുദ്ധ രാഷ്‌ട്രീയത്തിന് അഥവാ ട്രംപിസത്തിന് മേൽക്കൈ ലഭിച്ച ഘട്ടത്തിലാണ് അതിന് നേർവിപരീതമായ രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ച മംദാനിക്ക് വിജയിക്കാൻ കഴിഞ്ഞത്. സൊഹ്റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചതിന് ശേഷമാണ് റിപ്പബ്ലിക്കൻ പാർടി നേതാവായ ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകുന്നത്. വിജയസാധ്യത ഇല്ലാത്ത സ്വന്തം പാർടി സ്ഥാനാർഥി കുർടിസ് സിൽവയെ (ഏഴ് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്) പിന്തുണയ്‌ക്കുന്നതിന് പകരം കോർപറേറ്റുകളുടെ സ്ഥാനാർഥിയായ കുമോയെ പിന്തുണയ്‌ക്കാനാണ് ട്രംപ് തയ്യാറായത്. മംദാനി നൂറുശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തനാണെന്നും കാണാൻ കൊള്ളാത്തവനാണെന്നും വെറുപ്പുളവാക്കുന്ന ശബ്ദത്തിന്റെ ഉടമയാണെന്നും പറഞ്ഞ് അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ട്രംപ് തയ്യാറായി. ഡെമോക്രാറ്റിക് പാർടിയിലെ കോർപറേറ്റ് അനുകൂലികളും മംദാനിയെ അംഗീകരിക്കാനോ അദ്ദേഹത്തിനായി വോട്ട് അഭ്യർഥിക്കാനോ തയ്യാറായില്ല.

ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌സ്‌ ഓഫ്‌ അമേരിക്ക റാലിയിൽ മംദാനിഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌സ്‌ ഓഫ്‌ അമേരിക്ക റാലിയിൽ മംദാനി

ഡെമോക്രാറ്റിക് പാർടി നേതാവും സെനറ്റ് മൈനോറിറ്റി ലീഡറുമായ ചക്ക് ഷൂമർ ന്യൂയോർക്ക് വാസിയായിട്ടുപോലും അവസാനം വരെയും മംദാനിയെ പിന്തുണയ്‌ക്കാൻ തയ്യാറായില്ല. അതുപോലെ ഡെമോക്രാറ്റിക് പാർടിയുടെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിനും വോട്ടെടുപ്പിന് ഒരാഴ്‌ച മുമ്പ് മാത്രമാണ് മംദാനിയെ പിന്തുണയ്‌ക്കാൻ തയ്യാറായത്. മംദാനി ന്യൂയോർക്ക് മേയറായി വിജയിച്ചാൽ സ്വാഭാവികമായും ഭാവിയിൽ ഡെമോക്രാറ്റിക് പാർടിയുടെ പ്രധാന നേതാവായി മാറും. പാർടിയുടെ ഭാവി നേതാവ് ഒരു മുസ്ലീമും കുടിയേറ്റക്കാരനുമാകുന്നത് അംഗീകരിക്കാൻ ഡെമോക്രാറ്റിക് പാർടിയിലെ വലതുപക്ഷ -കോർപറേറ്റ് അനുകൂലികളായ നേതാക്കൾക്ക് പോലും കഴിഞ്ഞിരുന്നില്ലെന്നതാണ് വസ്‌തുത. അതുകൊണ്ടു തന്നെ മംദാനിയെ തോൽപ്പിക്കാൻ എല്ലാ നിറങ്ങളിലുള്ള വലതുപക്ഷവും കോർപറേറ്റുകളും പരസ്യമായി രംഗത്തിറങ്ങിയിരുന്നു.

പണം ഒഴുക്കി മംദാനിയെ തോൽപ്പിക്കാൻ വലിയ ശ്രമം നടന്നു. ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ അക്ക്മാൻ കുമോയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 1.75 ദശലക്ഷം ഡോളർ നൽകി. മുൻ മേയറും ശതകോടീശ്വരനുമായ മൈക്കിൾ ബ്ലുംബർഗ് 8.3 ദശലക്ഷം ഡോളറും കോസ്‌മെറ്റിക്‌ വ്യവസായത്തിലെ അതികായൻമാരായ ലോഡർ കുടുംബം 2.6 ദശലക്ഷം ഡോളറും ടിസ്‌ക്‌ കുടുംബം 1.2 ദശലക്ഷം ഡോളറും കുമോയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തു. 36 ദശലക്ഷം ഡോളറാണ് കുമോ ചെലവാക്കിയതെന്നാണ് കണക്ക്. ജനക്ഷേമ നടപടികൾ നടപ്പിലാക്കാൻ കോർപറേറ്റുകളിൽ നിന്നും അതിസമ്പന്നരിൽ നിന്നും രണ്ട് ശതമാനം കൂടുതൽ നികുതി പിരിക്കുമെന്ന പ്രഖ്യാപനമാണ് മംദാനിയെ തോൽപ്പിക്കാൻ വൻതോതിൽ പണമിറക്കാൻ കോർപറേറ്റുകളെ പ്രേരിപ്പിച്ചത്.

കോർപറേറ്റുകളെ മാത്രം സേവിക്കുന്ന, അവർക്ക് വേണ്ടി ഭരണചക്രം തിരിക്കുന്ന ട്രംപിന്റെ തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തെ പല തലങ്ങളിലും എതിർക്കുന്ന രാഷ്‌ട്രീയമാണ് മംദാനി മുന്നോട്ടുവച്ചത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ‐ മുസ്ലീം വിരുദ്ധ രാഷ്‌ട്രീയം പോലും കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കാനുള്ള പുകമറ മാത്രമാണെന്ന് കഴിഞ്ഞകാല സംഭവങ്ങൾ അടിവരയിടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാക്കി തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തെ എതിരിടുക എന്ന തന്ത്രമാണ് മംദാനി സ്വീകരിച്ചത്. സാമ്പത്തിക വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചാൽ മാത്രമേ വംശീയവും വർഗീയവുമായ വിദ്വേഷത്തിന്റെ രാഷ്‌ട്രീയത്തിൽ നിന്നും അവരെ മോചിപ്പിക്കാൻ കഴിയൂ എന്ന പാഠമാണ് മംദാനി നൽകുന്നത്. ഓരോ പ്രസംഗവും സാമ്പത്തിക അസമത്വത്തിലേക്കും ജീവിതം അസാധ്യമാക്കുന്ന കോർപറേറ്റ് അനുകൂല നയങ്ങൾ ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും കേന്ദ്രീകരിക്കാൻ മംദാനിയും അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങിയ ഒരു ലക്ഷം വളന്റിയർമാരും ശ്രദ്ധിച്ചിരുന്നു.

ട്രംപ്‌ട്രംപ്‌

സാധാരണക്കാർക്ക് ജീവിതം അസാധ്യമാകുന്ന ന്യൂയോർക്ക് നഗരത്തെ അവർക്ക് കൂടി താമസിക്കാൻ പറ്റുന്ന ഇടമാക്കി മാറ്റുമെന്നതായിരുന്നു മംദാനിയുടെ പ്രധാന വാഗ്ദാനം. ന്യൂയോർക്കിലെ ഏറ്റവും വലിയ വിഷയം താമസത്തിന് ഒരു ഇടം ലഭിക്കുക എന്നതാണ്. അമേരിക്കയിൽ തന്നെ ഏറ്റവും ജീവിതച്ചെലവേറിയ നഗരമാണ് ന്യൂയോർക്ക്. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ വളർച്ചയോടൊപ്പം വാടകയും ആകാശംമുട്ടെ ഉയർന്നു. ഒരു കുടുംബത്തിന് താമസിക്കാൻ ചെറിയ ഒരു വീട് ലഭിക്കാൻപോലും 4500 മുതൽ 5000 ഡോളർ വരെ നൽകണം. അതായത് നാല് ലക്ഷം രൂപ മുതൽ അഞ്ച്‌ ലക്ഷം രൂപവരെ നൽകണം. ശമ്പളം മുഴുവൻ വാടക നൽകേണ്ട സ്ഥിതിയാണ്. ഇതിനൊരു അന്ത്യം കാണുമെന്നതാണ് മംദാനിയുടെ പ്രധാന വാഗ്‌ദാനം. അതായത്, വാടക മരവിപ്പിക്കും. ഒരു വർഷം വാടക നിശ്ചയിച്ചാൽ ചുരുങ്ങിയത് മൂന്ന് വർഷത്തേക്ക് ആ വാടക മാത്രമേ വാങ്ങാവൂ. വർഷാവർഷം വാടക പുതുക്കാൻ പറ്റില്ല എന്ന് സാരം. വാടകയ്‌ക്ക്‌ താമസിക്കുന്ന ദശലക്ഷങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന വാഗ്‌ദാനമായിരുന്നു ഇത്. ന്യൂയോർക്കിലെ വാടക താങ്ങാനാകാത്തതിൽ കിലോമീറ്ററുകൾക്കപ്പുറമാണ്‌ തൊഴിലാളികൾ താമസിക്കുന്നത്‌; അതും മണിക്കൂറുകൾ യാത്ര ചെയ്‌ത്‌. അവർക്കായി സൗജന്യവും വേഗതയേറിയതുമായ ബസ് സർവീസ് ആരംഭിക്കുമെന്ന് മംദാനി പറഞ്ഞപ്പോൾ അത് സാധാരണ തൊഴിലാളിയുടെ ഹൃദയം തൊട്ടു. അതുപോലെ ഫ്രീ ചൈൽഡ് കെയറിനെക്കുറിച്ചും വിലക്കയറ്റം തടയാനായി സിറ്റി ഗ്രോസറി സ്റ്റോറുകൾ (മാവേലി സ്റ്റോറുകൾക്ക് സമാനം) തുറക്കുന്നതിനെക്കുറിച്ചും മിനിമം കൂലി 30 ഡോളറായി ഉയർത്തുന്നതിനെക്കുറിച്ചും മംദാനി പറഞ്ഞു. എല്ലാം സ്വകാര്യമേഖലയെ ഏൽപ്പിച്ച് സർക്കാർ പൂർണമായും വിട്ടുനിൽക്കുക എന്ന നിയോലിബറൽ നയത്തിൽനിന്ന് അൽപ്പം മാറി നടക്കാനാണ് മംദാനി തയ്യാറായത്. ജനക്ഷേമകരമായ ചില മുദ്രാവാക്യങ്ങൾ മാത്രം മുന്നോട്ടുവച്ച മംദാനിയെ കമ്യൂണിസ്റ്റായും സോഷ്യലിസ്റ്റായും ചിത്രീകരിച്ച് എല്ലാ വലതുപക്ഷത്തെയും ഒന്നിച്ചണിനിരത്താനാണ് റിപ്പബ്ലിക്കൻ പാർടിയും ഡെമോക്രാറ്റിക് പാർടിയിലെ കോർപറേറ്റ് അനുകൂലികളും ശ്രമിച്ചത്. എന്നാൽ 85 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ന്യൂയോർക്ക്, ജനക്ഷേമ അജൻഡക്കൊപ്പമാണ് നിലകൊണ്ടത്.

സൊഹ്റാൻ മംദാനിയെ ഒരു മുസ്ലീം ഭീകരവാദിയായി ചിത്രീകരിക്കാനും ഇതേ ശക്തികൾ കൈകോർത്തു. ട്രംപ് അനുകൂലിയും ന്യൂയോർക്കിലെ മുൻമേയറുമായ റൂഡി ഗിയുലിയാനി, മംദാനി കമ്യൂണിസ്റ്റാണെന്ന് മാത്രമല്ല ഇസ്ലാമിക ഭീകരവാദിയാണെന്നും ആക്ഷേപിച്ചു. അമേരിക്കക്കെതിരെ 9/11 ഭീകരാക്രമണം ആവർത്തിച്ചാൽ സന്തോഷിക്കുന്ന മനസ്സാണ് മംദാനിക്കുള്ളതെന്നുപോലും അവർ പറഞ്ഞു. എന്നാൽ ഈ വാചകക്കസർത്തിലൊന്നും വീഴാതെ പുരോഗമനവാദിയായ, മതനിരപേക്ഷ- ജനാധിപത്യ വാദിയായ മുസ്ലീമാണ് താനെന്ന പ്രതിച്ഛായയാണ് മംദാനി കാത്തുസൂക്ഷിച്ചത്. മതമൗലികവാദികൾ മുന്നോട്ടുവയ്‌ക്കുന്ന ഒരു മുദ്രാവാക്യത്തോടും മംദാനി ആഭിമുഖ്യം കാട്ടിയില്ല. അതോടൊപ്പം താൻ മുസ്ലീമും കുടിയേറ്റക്കാരനും ആണെന്ന് അഭിമാനത്തോടെ പറയാനും അദ്ദേഹം തയ്യാറായി. ന്യൂയോർക്ക് ഇന്നത്തെ ന്യൂയോർക്കായത് കുടിയേറ്റക്കാരന്റെ വിയർപ്പും ചോരയും കൊണ്ടാണെന്ന് ആവർത്തിച്ചുറപ്പിക്കാനും മംദാനി തയ്യാറായി. സ്വന്തം പാർടി പോലും ട്രംപിനൊപ്പം ഇസ്രയേലിനെ പിന്തുണയ്‌ക്കുമ്പോൾ ഗാസയിലെ വംശഹത്യയെ ശക്തമായ ഭാഷയിൽ എതിർക്കാനും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന് ഉറക്കെ വിളിച്ചുപറയാനും മാതൃരാജ്യത്തിനായി പൊരുതുന്ന പലസ്‌തീൻ ജനതയുടെ അവകാശ പോരാട്ടത്തെ ന്യായീകരിക്കാനും പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ അണിചേരാനും മംദാനി ധൈര്യം കാട്ടി. ഇതോടെ ഗ്ലോബൽ സൗത്തിന്റെ പ്രതിനിധിയും നേതാവുമായി മംദാനി മാറി. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ നരേന്ദ്രമോദിയെയും യുദ്ധക്കുറ്റവാളിയായി മംദാനി വിശേഷിപ്പിച്ചു. മനുഷ്യവംശത്തിന് നല്ലൊരു നാളെ പ്രദാനം ചെയ്യാനാണ് തന്റെ ശ്രമമെന്നും അതിൽ എല്ലാ മതക്കാരും ദേശക്കാരും ആണും പെണ്ണും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുമെന്നും മംദാനി പറഞ്ഞു. ഈ പുരോഗമന- സെക്കുലർ പ്രതിഛായയാണ് ന്യൂയോർക്കിലെ വോട്ടർമാരെ മംദാനിയുമായി അടുപ്പിച്ചത്.

അമ്മ മീരാ നായർക്കും അച്ഛൻ മുഹമ്മദ് മംദാനിക്കുമൊപ്പം സൊഹ്‌റാൻ മംദാനിഅമ്മ മീരാ നായർക്കും അച്ഛൻ മുഹമ്മദ് മംദാനിക്കുമൊപ്പം സൊഹ്‌റാൻ മംദാനി

അമേരിക്കയിൽ തത്വത്തിൽ ഒരു രാഷ്‌ട്രീയ പാർടി മാത്രമേ ഉള്ളൂവെന്ന നിരീക്ഷണം മുന്നോട്ടുവച്ചത് നോം ചോംസ്‌കിയാണ്. ഭരണത്തിലുള്ള റിപ്പബ്ലിക്കൻ പാർടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർടിയും സാമ്രാജ്യത്വ യുദ്ധങ്ങളെയും കോർപറേറ്റ് അനുകൂല നിയോലിബറൽ നയങ്ങളെയും ഒരുപോലെ അനുകൂലിക്കുന്നവരാണ്. ഈ രാഷ്‌ട്രീയ വംശത്തിനാണ് തന്റെ വിജയത്തിലൂടെ അന്ത്യമിട്ടതെന്നാണ് മംദാനി അവകാശപ്പെടുന്നത്. ജവാഹർലാൽ നെഹ്റുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ഉദ്ധരിച്ച് ദീർഘകാലമായി അടിച്ചമർത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവിനാണ് തന്റെ വിജയത്തിലൂടെ ജീവൻ തിരികെ ലഭിച്ചതെന്ന് മംദാനി പറഞ്ഞു. ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനവാദികളായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളിൽ (ഡിഎസ്എ) ഒരാളാണ് മംദാനി. 2017‐ലാണ് ഈ ഗ്രൂപ്പിന് രൂപം നൽകുന്നത്. വെർമോണ്ടിൽ നിന്നും 20 വർഷമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ബെർണി സാൻഡേഴ്സാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. ന്യൂയോർക്കിൽ നിന്നും അമേരിക്കൻ പാർലമെന്റിൽ അംഗമായ അലെക്‌സാൻഡ്രിയ ഒകാസിയോ കോർടെസ് ആണ് മറ്റൊരു പ്രധാന നേതാവ്. ഇപ്പോൾ മംദാനിയും ഈ വിഭാഗത്തിന്റെ ശക്തനായ വക്താവായി മാറിയിരിക്കുന്നു. നിലവിൽ 40 സംസ്ഥാനങ്ങളിലായി 250 തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ ഡിഎസ്എ അംഗങ്ങളുണ്ട്. 200 ഘടകങ്ങളിലായി 85,000 അംഗങ്ങളും ഈ വിഭാഗത്തിലുണ്ട്. കോർപറേറ്റ് താൽപ്പര്യം മാറ്റിവച്ച് ജനക്ഷേമ നയങ്ങളിൽ ഊന്നുകയും തൊഴിലാളി വർഗത്തെ പാർടിയുമായി ചേർത്തുനിർത്തുകയും ചെയ്‌താൽ മാത്രമേ ഡെമോക്രറ്റിക് പാർടിക്ക് ഭാവിയുള്ളൂ എന്ന സന്ദേശവും മംദാനിയുടെ വിജയത്തിൽ അടങ്ങിയിട്ടുണ്ട്.


ന്യൂയോർക്കിൽ ജീവിച്ച് വളർന്ന ട്രംപിനും അദ്ദേഹത്തിന്റെ ‘മെയ്‌ക്ക്‌ അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) എന്ന പേരിലുള്ള തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തിനും കനത്ത തിരിച്ചടിയാണ് മംദാനിയുടെ വിജയം ഏൽപ്പിച്ചിട്ടുള്ളത്. അമേരിക്കൻ രാഷ്‌ട്രീയത്തിൽ ഒരു ഭൂമികുലക്കമായി മംദാനിയുടെ വിജയം അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ, സമ്പന്നരുടെ മേൽ രണ്ട് ശതമാനം അധികനികുതി ഏർപ്പെടുത്തുക ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുക പ്രയാസകരമായിരിക്കും. (ന്യൂയോർക്കിൽ താമസിക്കുന്ന 24 പേരിൽ ഒരാൾ കോടീശ്വരനാണ്.) ഇത്തരം പ്രതിബന്ധങ്ങൾ എങ്ങനെ മുറിച്ചുകടക്കുമെന്നിടത്താണ് മംദാനിയുടെ രാഷ്‌ട്രീയത്തിന്റെ വിജയവും പരാജയവും നിർണയിക്കപ്പെടുക .



deshabhimani section

Related News

View More
0 comments
Sort by

Home