രേഖാമൂലം
കോൺഗ്രസ് സമ്മേളനങ്ങളിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോകൾ


ശ്രീകുമാർ ശേഖർ
Published on Nov 15, 2025, 10:47 AM | 3 min read
കോൺഗ്രസ് സമ്മേളനത്തിൽ കമ്യൂണിസ്റ്റുകാർക്കെന്തുകാര്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നും പണ്ടും ഒരുപോലെയല്ല. സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ആദ്യ പതിറ്റാണ്ടുകളിൽ കമ്യൂണിസ്റ്റ് പാർടി ദേശീയപ്രസ്ഥാനത്തിനുള്ളിൽ നിന്നുതന്നെയാണ് പ്രവർത്തിച്ചത്. സമരത്തിന്റെ രാഷ്‌ട്രീയ ഉള്ളടക്കം ജനോന്മുഖമാക്കാൻ പിറവിയെടുത്തതുമുതൽ പാർടി പരിശ്രമിച്ചുകൊണ്ടേയിരുന്നു.
കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ ആദ്യഘടകം 1920 ഒക്‌ടോബർ 17ന് താഷ്‌കെന്റില്‍ രൂപംകൊണ്ടതിന് തൊട്ടുപിന്നാലെ 1921‐ല്‍ തന്നെ പാർടി ആദ്യചുവട് നീക്കി.
ഹസ്രത് മൊഹാനി ഡോ. ബി ആർ അംബേദ്‌കർക്കൊപ്പം
അഹമ്മദാബാദില്‍ കോൺഗ്രസ് ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പറയാനുള്ളത് സമ്മേളനത്തില്‍ പറയാന്‍ പാർടി തീരുമാനിച്ചു. വിദേശത്തായിരുന്ന എം എൻ റോയിയും അബനി മുഖർജിയും ചേർന്ന് ഒരു "മാനിഫെസ്റ്റോ' തയ്യാറാക്കി.
‘സഹനാട്ടുകാരെ’ എന്ന അഭിസംബോധനയോടെ തുടങ്ങിയ മാനിഫെസ്റ്റോയിൽ പൂർണ സ്വാതന്ത്ര്യത്തിനായി അടിത്തറവരെ പിടിച്ചുകുലുക്കുന്ന വിപ്ലവത്തിനൊരുങ്ങാൻ ജനങ്ങളെ സജ്ജമാക്കണമെന്നു നിർദേശിച്ചു. ഒട്ടേറെ കോൺഗ്രസ് നേതാക്കൾക്ക് വിദേശത്തുനിന്ന് മാനിഫെസ്റ്റോ അയച്ചിരുന്നു. അജ്മീറിൽനിന്നുള്ള രണ്ട് പ്രതിനിധികൾ രേഖ വീണ്ടും അച്ചടിപ്പിച്ച് അഹമ്മദാബാദ് സമ്മേളനത്തിലെ പ്രതിനിധികൾക്കിടയിൽ വിതരണംചെയ്‌തു.
ഹസ്രത് മൊഹാനി മാനിഫെസ്റ്റോയുടെ ഉള്ളടക്കം സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിച്ചു. അന്നുതന്നെ അറിയപ്പെടുന്ന ഉറുദു കവി ആയിരുന്നു അദ്ദേഹം. ആദ്യതലമുറയിലെ ഇന്ത്യൻ കമ്യൂണിസ്റ്റുകാരൻ. പിന്നീട് വ്യത്യസ്‌ത നിലപാടുകളിലേക്ക് മാറി. ‘ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ രചയിതാവ് കൂടിയാണ് മൊഹാനി. ‘ചുപ്കേ ചുപ്കേ രാത് ദിൻ’ എന്ന അദ്ദേഹത്തിന്റെ ജനകീയ ഉർദു ഗസലും പ്രസിദ്ധം.
ബ്രിട്ടനുമായി ചര്‍ച്ചകളിലൂടെ നേടുന്ന ഒരു ആനുകൂല്യമായാണ് അന്ന് ഗാന്ധിജി അടക്കമുള്ളവര്‍ സ്വരാജിനെ കണ്ടത്. മൊഹാനി അതിനെ പുനര്‍നിർവചിച്ചു. സമ്മേളന റിപ്പോർട്ടിന്റെ അമ്പതാം പേജുമുതൽ പ്രമേയാവതരണത്തിന്റെ വിശദാംശങ്ങൾ കാണാം.
മൊഹാനി ഉറുദുവിൽ പ്രമേയം വായിച്ചു. ‘നിയമപരവും സമാധാനപരവും ആയ എല്ലാമാർഗങ്ങളിലൂടെയും ഇന്ത്യന്‍ ജനത വിദേശനിയന്ത്രണങ്ങളില്‍ നിന്ന് മുക്തമായ സ്വരാജ് അഥവാ സമ്പൂർണ സ്വാതന്ത്ര്യം നേടുക എന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കണം'‐- ഇതായിരുന്നു ഭേദഗതി.
മോഹാനി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്:
"ആരുടേയും വാക്കുകള്‍ക്ക് വഴങ്ങി നിങ്ങള്‍ ആടിപ്പോകരുത്. മഹാത്മാഗാന്ധിയുടെ അഭ്യർഥന നിങ്ങളെ സ്വാധീനിക്കും. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചിന്തിക്കുമെങ്കില്‍ ഗാന്ധിജിയുടെ അഭ്യർഥന പോലും നിങ്ങളുടെ അഭിപ്രായത്തെ മറികടക്കില്ലെന്നു ഞാന്‍ കരുതുന്നു.’
പ്രമേയത്തെ പിന്താങ്ങി നാലുപേർ സംസാരിച്ചു. എതിര്‍ത്തു സംസാരിക്കാന്‍ ഒരാളെയേ അധ്യക്ഷന്‍ ക്ഷണിച്ചുള്ളൂ. അതുപക്ഷെ മഹാത്മാഗാന്ധിയെ ആയിരുന്നു.
പ്രമേയത്തെ അനുകൂലിക്കരുത് എന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. ‘‘ഒരു സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അങ്ങനെ ഉടുപ്പ് മാറുംപോലെ തോന്നുമ്പോള്‍ മാറ്റാന്‍ പാടുള്ളതാണോ?'’‐ഗാന്ധിജി വികാരാധീനനായി.
1926ൽ ഗോഹത്തിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പേരിൽ അവതരിപ്പിച്ച മാനിഫെസ്റ്റോയുടെ തുടക്കം
മൊഹാനി ഒരിക്കല്‍കൂടി സംസാരിച്ച ശേഷം പ്രമേയം വോട്ടിനിട്ടു. ബഹുഭൂരിപക്ഷം പ്രതിനിധികളും എതിരായി വോട്ടുചെയ്‌തു. ആ വിപ്ലവ മുന്നേറ്റത്തെയും മുളയിലേ നുള്ളുന്നതില്‍ നേതൃത്വം വിജയിച്ചു.
‘ദ ഹിസ്റ്ററി ഓഫ് ദ ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന കൃതിയിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരനായ ഡോ. പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ അന്നത്തെ നിലപാടിനെപ്പറ്റി ഇങ്ങനെ എഴുതി:
"തിരിഞ്ഞുനോക്കുമ്പോൾ, കോൺഗ്രസോ ഗാന്ധിയോ അതിനെ ചെറുത്തത് എന്തിനെന്ന് ആരുംതന്നെ അത്ഭുതപ്പെട്ടുപോകും. പക്ഷേ, ആ സന്ദർഭത്തിൽ ഇങ്ങനെയാണ് ഗാന്ധിജി പ്രതികരിച്ചത്.’
പ്രമേയം വിജയിച്ചില്ലെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മാപിനികള്‍ അപകടസൂചനകൾ പിടിച്ചെടുത്തിരുന്നു. സമ്മേളനം കഴിഞ്ഞ് വൈകാതെ ഹസ്രത് മൊഹാനിയെ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്‌തു. 1922‐ൽ ഗയ സമ്മേളനത്തിലും കമ്യൂണിസ്റ്റ് പാർടി പൂർണ സ്വരാജിനുവേണ്ടി പൊരുതിത്തോറ്റു. ഈ ഇടപെടലുകളിൽ പക്ഷേ കമ്യൂണിസ്റ്റ് പാർടി എന്ന പേര് ഉപയോഗിച്ചിരുന്നില്ല. 1926‐ൽ ഗോഹത്തിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർടിയുടെ പേരിൽ തന്നെ ഒരു മാനിഫെസ്റ്റോ അവതരിപ്പിക്കപ്പെട്ടു.
ലണ്ടനിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് പാർടി പ്രവാസി ഘടകമാണ് മാനിഫെസ്റ്റോ അച്ചടിച്ചതെന്ന് ‘കമ്യൂണിസ്റ്റ് പാർടിയും ഞാനും’ എന്ന കൃതിയിൽ ഇന്ത്യയിലെ പാർടിയുടെ ആദ്യകാല നേതാവ് മുസഫർ അഹമ്മദ് എഴുതുന്നു. ‘ഞങ്ങൾക്ക് തപാൽ വഴി കൽക്കത്തയിൽ കിട്ടിയ കോപ്പികൾ സഖാവ് അബ്‌ദുൾ ഹലിം വഴിയാണ് ഗോഹത്തിയിൽ വിതരണം ചെയ്‌തത്’‐അദ്ദേഹം പറയുന്നു.
1921ലെ അഹമ്മദാബാദ് എഐസിസി സമ്മേളന റിപ്പോർട്ടിൽ ഹസ്രത് മൊഹാനിയുടെ പ്രമേയത്തെപ്പറ്റിയുളള ഭാഗം
കോൺഗ്രസിന്റെ ജനകീയ സ്വഭാവം തളരുന്നതിൽ രേഖ നിരാശ പ്രകടിപ്പിച്ചു. ‘ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണം, അത് പൂർണവും ഉപാധിരഹിതവുമാകണം.’ ചൂഷകർക്കെതിരായ പോരാട്ടത്തിൽ വർഗീയവിഭജനം ഉണ്ടാക്കുന്ന ആപത്തും രേഖ വിശദമാക്കുന്നു.
‘പൂർണ സ്വരാജ്’ എന്ന, കമ്യൂണിസ്റ്റ് പാർടി നിർദേശം 1930‐ലെ ലാഹോര്‍ സമ്മേളനത്തിൽ മാത്രമാണ് കോണ്‍ഗ്രസ് അംഗീകരിച്ചത്. അപ്പോഴേക്കും പത്ത് പോരാട്ടവര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ദിശാബോധം നല്‍കാനുള്ള സജീവ പ്രവർത്തനങ്ങളിലൂടെയായിരുന്നു ദേശീയ രാഷ്‌ട്രീയത്തിലെ കമ്യൂണിസ്റ്റ് ഇടപെടലുകളെന്ന് ചരിത്രം രേഖാമൂലം തെളിവുനൽകുന്നു. ഇതോടെയാണ് കമ്യൂണിസ്റ്റ് കുതിപ്പ് തടയാൻ ഗൂഢാലോചനാ കേസുകളിലൂടെ ബ്രിട്ടന്‍ നീക്കം തുടങ്ങിയത്. പെഷവാര്‍, കാൺപൂര്‍, മീററ്റ് തുടങ്ങിയ കേസുകൾ പിൽക്കാല ചരിത്രം .









0 comments