കോഴിക്കോട് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു; മറുപടി ഇല്ലാതെ നേതൃത്വം

കോഴിക്കോട്: കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു. യോഗ്യരല്ലാത്തവരെയാണ് സ്ഥാനാർത്ഥികളാക്കിയതെന്ന് ആരോപിച്ചാണ് എൻ വി ബാബുവിന്റെ രാജി. കെ സി വേണുഗോപാലിനും ദീപ ദാസ് മുൻഷിക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കോർപറേഷൻ സീറ്റ് സിഎംപിക്ക് നൽകിയതിനെ തുടർന്നുള്ള തർക്കത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ 12 ഭാരവാഹികൾ രാജിക്കത്ത് നൽകിയത് വിവാദമായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റായ ചാലപ്പുറം ഡിവിഷൻ സംബന്ധിച്ചായിരുന്നു പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പടെ ഉള്ളവരാണ് ഡിസിസി ഓഫീസിൽ എത്തി രാജി നൽകിയത്.
കോൺഗ്രസിന്റെ കുത്തകയായ സീറ്റ് ഘടക കക്ഷിയായ സിഎംപി ആവശ്യപ്പെട്ട രണ്ടെണ്ണത്തിൽ ഒന്നാണ് എന്നതാണ് നേതൃത്വം പറയുന്നത്. സിഎംപിയുടെ സഹകരണസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിവിഷനായ ചാലപ്പുറത്ത് ഇലക്ഷനെ മുൻനിർത്തി നേരത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ പറ്റുന്നവിധം പ്രാദേശിക നേതാവിനെ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നു.
കോൺഗ്രസിൽ ആവശ്യത്തിലധികം നേതാക്കൾ ഉള്ളിടത്ത് എന്തുകൊണ്ട് തങ്ങൾക്ക് പരിഗണന നൽകിയില്ല എന്നതാണ് രാജി നൽകിയവർ ഉന്നയിച്ച ചോദ്യം.
ഇതിനിടയിൽ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കൈയാങ്കളിയുടെ വിവരവും പുറത്ത് വന്നിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മുസ്ലിംലീഗ് നേതാവ് എം കെ മുനീറിന്റെ വീട്ടിൽ പ്രാഥമിക ചർച്ച നടത്തിയശേഷം ഡിസിസിയിൽ എത്തിയപ്പോഴായിരുന്നു തമ്മിൽതല്ല്. മണ്ഡലം പ്രസിഡന്റുമാരായിരുന്ന വിൽഫ്രഡ്, സുകുമാരൻ, ധനേഷ്, റഫീഖ് എന്നിവർക്ക് വേണ്ടിയായിരുന്നു തല്ല്.
സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു രംഗത്തെത്തിയ മണ്ഡലം പ്രസിഡന്റുമാരും ഇവരെ പിന്തുണച്ചെത്തിയ പ്രവർത്തകരുമായാണ് മറ്റ് പ്രവർത്തകർ ഇടഞ്ഞത്. വയനാട് റോഡിലെ പുതിയ ഡിസിസി ഓഫീസിലെ ഉമ്മൻചാണ്ടി ഹാളിൽ നടന്ന സ്ഥാനാർഥി നിർണയ ചർച്ചയിൽ തർക്കം രൂക്ഷമാകുകയും പരസ്‌പരം കൈയാങ്കളിയിലെത്തുകയുമായിരുന്നു. കസേരകൾ ഉൾപ്പെടെ ഫർണിച്ചറുകൾ തകർത്തു. ജീവനക്കാർ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെ വിവരമറിയിച്ചതിനെ തുടർന്ന് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഓഫീസിൽവന്ന് പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിമോഹികളായ നാല് പേരെയും മാറ്റി നടക്കാവ് വാർഡിൽ പുതിയൊരാളെ മത്സരിപ്പിക്കാനായിരുന്നു ഡിസിസിയുടെ നീക്കം. എന്നാൽ സംഭവം അന്വേഷിക്കാൻ നിർദേശിച്ച ഡിസിസി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ ഓഫീസിൽ തല്ലേയുണ്ടായില്ലെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി.









0 comments