ദുരന്തമുഖത്തെ
വിവേചനത്തിന്‌ ഉദാഹരണം വേറെ വേണോ

editorial.
വെബ് ഡെസ്ക്

Published on Jun 03, 2025, 12:00 AM | 2 min read

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ പ്രധാനമാണ്‌ ഫെഡറലിസം. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന നിലയിലാണ്‌ ഇന്ത്യൻ റിപ്പബ്ലിക്ക്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌; അതായത്‌ കേന്ദ്രത്തിന്റെ ശാഖകളല്ല സംസ്ഥാനങ്ങൾ. ബിജെപി സർക്കാർ 2014ൽ അധികാരമേറ്റതുമുതൽ റിപ്പബ്ലിക്കിന്റെ ഫെഡറൽ സ്വഭാവം തകർക്കാൻ പലവഴിയിൽ ശ്രമം നടക്കുകയാണ്‌. പ്രകൃതിദുരന്തങ്ങൾ നേരിടാൻ സഹായം ലഭ്യമാക്കുന്നതിൽമുതൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളിൽവരെ പ്രതിപക്ഷപാർടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകൾ അനീതി നേരിടുന്നു. ഇത്തരത്തിൽ കേന്ദ്രത്തിന്റെ ഏറ്റവും കടുത്ത കടന്നാക്രമണം നേരിടുന്ന സംസ്ഥാനമാണ്‌ കേരളം. 2018ലെ മഹാപ്രളയകാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വിദേശഫണ്ട്‌ സ്വീകരിക്കാൻ കേരളത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചു. കാലപ്പഴക്കം വന്ന ചട്ടങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ വിദേശഫണ്ട്‌ വാങ്ങുന്നത്‌ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ന്യായവുമാണ്‌ അന്ന്‌ കേന്ദ്രം മുന്നോട്ടുവച്ചത്‌. ഇപ്പോഴാകട്ടെ, ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. രാഷ്‌ട്രീയ വിവേചനത്തിനും ഇരട്ടനീതിക്കും ഇതിൽപ്പരം ഉദാഹരണം ആവശ്യമുണ്ടോ.


നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായ 2018ൽ സംസ്ഥാനത്ത്‌ 50,000 കോടിയിൽപ്പരം രൂപയുടെ നാശനഷ്ടമുണ്ടായി. അഞ്ഞൂറോളം പേർ മരിക്കുകയും 15 ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുകയും ചെയ്‌തു. സംസ്ഥാനത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണി നേരിട്ടപ്പോൾ നാട്ടിലെ സർവമനുഷ്യരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. ദുരന്തത്തിന്റെ വൈപുല്യം പരിഗണിച്ച്‌ വിദേശമലയാളികളുടെ മുൻകൈയിൽ വിദേശത്തുനിന്ന്‌ സഹായം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്താൻ വൻതോതിൽ വിഭവങ്ങൾ വേണ്ടിവരും. ആഭ്യന്തരമായി സമാഹരിക്കുന്ന സമ്പത്ത്‌ വഴി ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വന്നേക്കാമെന്ന്‌ ലോകത്തിന്‌ ബോധ്യമുണ്ട്‌. യുഎഇ സർക്കാർ കേരളത്തിന്‌ 700 കോടി രൂപ വാഗ്‌ദാനം ചെയ്‌തു. മാലദ്വീപ്‌, ഖത്തർ, തായ്‌ലൻഡ്‌ തുടങ്ങിയ രാജ്യങ്ങളും വാഗ്‌ദാനം ചെയ്‌ത സഹായം സ്വീകരിക്കാൻ കേരളത്തെ കേന്ദ്രം അനുവദിച്ചില്ല. ദുരിതാശ്വാസ ഫണ്ട്‌ സമാഹരിക്കാൻ മന്ത്രിതല സംഘങ്ങൾക്ക്‌ വിദേശയാത്ര നടത്താൻ അനുമതിയും നിഷേധിച്ചു. 2001ൽ ഭുജ്‌ ഭൂകമ്പത്തെതുടർന്ന്‌ ഗുജറാത്ത്‌ വിദേശസഹായം സ്വീകരിച്ചത്‌ മറച്ചുപിടിച്ചാണ്‌ കേന്ദ്രം കേരളത്തോട്‌ കരുണയില്ലാതെ പെരുമാറിയത്‌.


വിദേശസഹായം വാങ്ങാൻ മഹാരാഷ്‌ട്രയ്‌ക്ക്‌ കേന്ദ്രം അനുമതി നൽകിയത്‌ സ്വാഗതാർഹമാണ്‌. 2010ലെ വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരമാണ്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക്‌ ഇതിനായി രജിസ്‌ട്രേഷൻ നൽകിയത്‌. എന്നാൽ, ബിജെപി മുന്നണി ഭരണത്തിലുള്ള സംസ്ഥാനമായതുകൊണ്ടാണോ മഹാരാഷ്‌ട്രയ്‌ക്ക്‌ കേന്ദ്രം ഈ സൗകര്യം നൽകിയതെന്ന ചോദ്യം വ്യാപകമായി ഉയരുകയാണ്‌. ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ വിഹിതം നൽകുന്നതിലും സംസ്ഥാനങ്ങളെ പല തട്ടിൽ പരിഗണിക്കുന്നുവെന്ന പരാതി ശക്തമാണ്‌. രക്ഷാപ്രവർത്തനം നടത്തിയ സൈനിക ഹെലികോപ്‌ടറുകളുടെ വാടകപോലും കേരളത്തിനുള്ള ഫണ്ടിൽനിന്ന്‌ തട്ടിക്കിഴിച്ചു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക്‌ ദുരിതാശ്വാസഫണ്ട്‌ യഥേഷ്ടം നൽകുകയും ചെയ്‌തു.


വയനാട്‌ ദുരന്തനിവാരണ നിർമാണ പ്രവർത്തനങ്ങൾക്കായി 529 കോടി രൂപ കേരളത്തിന്‌ വായ്‌പയായി അനുവദിച്ചത്‌ വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു; 45 ദിവസത്തിനകം ചെലവഴിച്ചുതീർക്കണം എന്ന നിബന്ധനയും കേന്ദ്രം വച്ചു. അതേസമയം, മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ഗ്രാന്റായാണ്‌ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ പണം നൽകിയത്‌. കേരളത്തോട്‌ അനീതികളുടെ പരമ്പര തുടരുകയാണ്‌. യുഡിഎഫും ബിജെപിയും മിക്കപ്പോഴും കേന്ദ്രനിലപാടിന്‌ പ്രോത്സാഹനം നൽകുന്ന പ്രതികരണങ്ങളാണ്‌ നടത്തുന്നത്‌. എൽഡിഎഫ്‌ സർക്കാരിനോടുള്ള രാഷ്‌ട്രീയ എതിർപ്പ്‌ കാരണം സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നതിന്‌ കൂട്ടുനിൽക്കുകയാണ്‌ പ്രതിപക്ഷ പാർടികൾ. രാഷ്‌ട്രീയവിഷയമായല്ല, ജനജീവിതം മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കാനുള്ള പ്രവർത്തനമായാണ്‌ ദുരിതനിവാരണ നടപടികളെ എല്ലാവരും കാണേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home