തെരുവ് നായശല്യം തടയാൻ ഫലപ്രദമായ നടപടി

കേരളത്തിലെ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തെരുവ് നായകളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവ് നായകളുടെ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടംപിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവും പകലുമില്ലാതെ നായകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും വിഹരിക്കുന്നു. റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്റ്റാൻഡ്, റോഡുകൾ, ഇടവഴികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ എല്ലായിടവും നായകൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി അപകടമുണ്ടാക്കുന്നു. അടുത്തിടെ ഇത്തരം അപകടത്തിൽ രണ്ട് പേർ മരിച്ചു. ചില ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി പേർക്കാണ് കടിയേൽക്കുന്നത്. പേവിഷബാധയേറ്റ് കുട്ടികൾ ഉൾപ്പെടെ മരിച്ച സംഭവങ്ങളുമുണ്ട്. നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2023ൽ 25ഉം 2024ൽ 24ഉം മരണങ്ങൾ പേവിഷബാധയേറ്റുണ്ടായി. 2022ൽ 1,63,366 പേർക്കും 2023ൽ 2,32,754 പേർക്കും 2024ൽ 3,61,522 പേർക്കും നായകളുടെ കടിയേറ്റു. കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിന് മാത്രമായി പ്രതിവർഷം 20 കോടിയിലേറെ രൂപ സംസ്ഥാനം ചെലവഴിക്കുന്നു.
പേവിഷബാധയ്ക്ക് സാധ്യതയുള്ള ജീവികളുടെ കടിയേറ്റാൽ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിനുള്ള സംവിധാനം സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ 810 ആശുപത്രിയിൽ ഇത് സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രോഗബാധിതമായ നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ്. തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി തുടർനടപടികൾ സ്വീകരിച്ച് തെരുവ് നായ പ്രശ്‌നത്തിലെ ആശങ്ക ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എബിസി നിയമപ്രകാരമല്ല, അനിമൽ ഹസ്‌ബൻഡറി പ്രാക്ടീസസ് പ്രൊസിജിയേഴ്‌സ് റൂൾസ് 2023 സെക്‌ഷൻ എട്ട് പ്രകാരമാണ് ദയാവധം നടപ്പാക്കുക. അപകടങ്ങൾ സംഭവിച്ചോ അല്ലാതെയോ രോഗം ബാധിച്ചതെന്ന് കണ്ടെത്തുന്ന നായകളെ കൊല്ലാമെന്നാണ് ഈ നിയമം പറയുന്നത്. രോഗം ബാധിച്ചെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപത്രം നൽകണം.
തെരുവ് നായ പ്രശ്‌നത്തിൽ നിലവിലുള്ള കേന്ദ്ര ചട്ടങ്ങൾക്ക് വിധേയമായി മാത്രമേ തീരുമാനങ്ങൾ എടുക്കാനാകൂ. വന്യമൃഗ സംരക്ഷണ നിയമത്തിലേതുപോലെതന്നെ ഇക്കാര്യത്തിലും സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണ്. നിലവിലുള്ള എബിസി ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. കേന്ദ്ര ചട്ടങ്ങൾപ്രകാരം എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോൾ ജനങ്ങളിൽനിന്ന് എതിർപ്പും പ്രതിഷേധവും ഉയരുന്നതും പ്രധാന പ്രശ്‌നമാണ്. തെരുവ് നായകളുടെ നിയന്ത്രണത്തിന് ശാസ്‌ത്രീയവും ഫലപ്രദവുമായ സമഗ്ര പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.
ആഗസ്‌തിൽ തെരുവ് നായകൾക്ക് വിപുലമായും വളർത്തുനായകൾക്ക് സെപ്‌തംബറിൽ പ്രത്യേകമായും വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്സിനേഷൻ എടുക്കുമ്പോൾത്തന്നെ വളർത്തുനായകൾക്ക് ലൈസൻസ് നൽകും. എബിസി നിയമത്തിലെ ചട്ടങ്ങൾപ്രകാരം പോർട്ടബിൾ മൊബൈൽ എബിസി കേന്ദ്രങ്ങൾ വഴിയുള്ള വന്ധ്യംകരണവും ആരംഭിക്കും. തദ്ദേശഭരണവകുപ്പ് ബ്ലോക്ക് അടിസ്ഥാനത്തിൽ പോർട്ടബിൾ മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. പഞ്ചായത്തുകൾ കണ്ടെത്തുന്ന സ്ഥലത്തായിരിക്കും കേന്ദ്രം സ്ഥാപിക്കുക. തെരുവ് നായകളെ പിടികൂടാൻ കുടുംബശ്രീ മുഖേന പരിശീലനം നൽകും. ഒന്നിനെ പിടിക്കുന്നതിന് 300 രൂപ നൽകും. എല്ലാ തദ്ദേശസ്ഥാപനതലങ്ങളിലും നിരീക്ഷണത്തിനായി ജനകീയ കമ്മിറ്റികളും രൂപീകരിക്കും.
ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള അവശിഷ്‌ടങ്ങളും പൊതുജനങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്നതും തെരുവ് നായകൾ പെരുകാൻ പ്രധാന കാരണമാകുന്നുണ്ട്. ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിലും തെരുവ് നായകളെ പിടികൂടി പ്രജനന നിയന്ത്രണം നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ നിലവിലില്ല. തെരുവ് നായകളുടെ ഫലപ്രദമായ നിയന്ത്രണത്തോടൊപ്പം പ്രതിരോധ കുത്തിവയ്പും പേവിഷബാധ നിർമാർജനത്തിന് അനിവാര്യമാണ്. രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കുമ്പോൾ പലയിടത്തും മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്ന ചിലർ മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ രംഗത്തുവരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം തദ്ദേശസ്ഥാപനങ്ങളും ജനകീയ നിരീക്ഷണ കമ്മിറ്റിയും മുൻകൂട്ടി കാണേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളും ജനകീയ കമ്മിറ്റികളും ഫലപ്രദമായ ഇടപെടൽ നടത്തിയാലേ തെരുവ് നായകളുടെ ഭീഷണി നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.









0 comments