ബിഎൽഒമാരെ ഇനിയും കുരുതി കൊടുക്കരുത്

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Nov 20, 2025, 12:00 AM | 2 min read


വോട്ടർപ്പട്ടിക തീവ്രപരിഷ്‌കരണ (എസ്ഐആർ)വുമായി ബന്ധപ്പെട്ട ജോലികളുടെ അമിതഭാരം ബൂത്ത് ലെവൽ ഓഫീസർമാരെ കടുത്ത സമ്മർദത്തിലാഴ്‌ത്തിയിരിക്കുന്നു. മാനസിക സമ്മർദത്താൽ കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്ത് വാമനപുരം മണ്ഡലത്തിലെ ഒരു ബിഎൽഒ കുഴഞ്ഞുവീണു. വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്യുകയും പൂരിപ്പിച്ച ഫോമുകൾ തിരികെവാങ്ങി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയുമാണ് ബിഎൽഒമാരുടെ ജോലി.


600 മുതൽ 1500 വോട്ടർമാരെവരെ ഒരു ബിഎൽഒ കൈകാര്യം ചെയ്യണം. പലപ്പോഴും വീടുകളിൽ ആളുണ്ടാകണമെന്നില്ല. ഒരു വീട്ടിൽ മൂന്നുതവണയെങ്കിലും പോയിരിക്കണമെന്നാണ് നിർദേശം. ഫോം വിതരണംചെയ്ത് തിരികെവാങ്ങാൻ ഒരുമാസം മാത്രമാണ് സമയം നൽകിയിരിക്കുന്നത്. ഡിസംബർ നാലിനകം വീടുതോറുമുള്ള വിവരശേഖരണം പൂർത്തിയാക്കി ഫോം തിരികെവാങ്ങണം. ഈ ജോലി പ്രതീക്ഷിച്ചത്ര വേഗത്തിൽ നടക്കുന്നില്ലെന്നു പറഞ്ഞ് ബിഎൽഒമാർക്കുമേൽ സമ്മർദം ചെലുത്തുന്നു. ജോലിയിൽ വേണ്ടത്ര പുരോഗതിയില്ലെങ്കിൽ ബിഎൽഒമാരെ ചുവപ്പ്, പിങ്ക് ഗണത്തിൽപ്പെടുത്തി സമ്മർദം കൂട്ടുന്നു. കണ്ണൂർ ആലപ്പടമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ് പത്താംനമ്പർ ബൂത്തിന്റെ ചുമതലയിലിരിക്കെ ആത്മഹത്യ ചെയ്ത അനീഷ് ജോർജിനെയും ഈ ഗണത്തിൽപ്പെടുത്തിയിരുന്നു.


പൂരിപ്പിച്ച ഫോം തിരികെവാങ്ങി അപ്‌ലോഡ് ചെയ്യുന്ന ജോലി പറഞ്ഞസമയത്ത് പൂർത്തിയാക്കാനാകുമോ എന്ന ആശങ്ക സുഹൃത്തുക്കളോട് അനീഷ്‌ പങ്കുവച്ചിരുന്നു. ഫോം വിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദേശമുണ്ടായതിന്‌ പിറ്റേദിവസമാണ് അനീഷ് ആത്മഹത്യ ചെയ്യുന്നത്. 417 വീടുകളിലായി 1149 ഫോമുകൾ അനീഷിന് വിതരണം ചെയ്യേണ്ടതുണ്ടായിരുന്നു. അത്‌ പൂരിപ്പിച്ചശേഷം തിരികെവാങ്ങി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും വേണം. 36 വീടുകളിലെ ഫോം വിതരണം ബാക്കിനിൽക്കെയാണ് അനീഷ് ജീവനൊടുക്കുന്നത്.


തയ്യാറെടുപ്പുകൾക്ക് വേണ്ടത്ര സാവകാശം നൽകാതെ വോട്ടർപ്പട്ടിക പരിഷ്കരണംപോലെ വിപുലവും ജാഗ്രത ഏറെ ആവശ്യമുള്ളതുമായ ഒരു കർത്തവ്യം അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ്‌ കമീഷനാണ് അനീഷിന്റെ മരണത്തിന് ഉത്തരവാദിത്വം പറയേണ്ടത്. ജോലി പൂർത്തിയാക്കേണ്ട സമയം അടുക്കുംതോറും ബിഎൽഒമാരുടെ ആശങ്ക ഏറുകയാണ്. അവരിൽ നല്ലൊരു ശതമാനം സ്ത്രീകളുമാണ്. ബന്ധപ്പെട്ട ഏവരെയും മുൾമുനയിൽ നിർത്തി ഇത്ര തിടുക്കത്തിൽ വോട്ടർപ്പട്ടിക പരിഷ്കരണം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത കമീഷൻ വിശദീകരിക്കുന്നുമില്ല. കമീഷന്റെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ സംശയനിഴലിലായിരിക്കുന്നത്.


ബിഹാറിലെ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം സംബന്ധിച്ച പല സംശയങ്ങളും ഉന്നയിച്ച സുപ്രീംകോടതി, ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിക്കുംമുന്പേയാണ് കേരളമടക്കം 12 സംസ്ഥാനങ്ങളിൽ രണ്ടാംഘട്ടമായി എസ്ഐആർ പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കുപോലും എടുക്കാതെ കമീഷൻ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ബൃഹത്തായ പ്രക്രിയ നടക്കേ വോട്ടർപ്പട്ടിക പരിഷ്കരണംകൂടി അടിച്ചേൽപ്പിച്ച് സംസ്ഥാനത്തെയാകെ സമ്മർദത്തിലാക്കുകയായിരുന്നു കമീഷൻ. തികച്ചും ഏകപക്ഷീയമായും ഏകാധിപത്യപരമായും സംസ്ഥാനത്ത് എസ്ഐആർ പ്രഖ്യാപിച്ച കമീഷൻ, ജനാധിപത്യസംവിധാനത്തിലെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ പാലിക്കേണ്ട ഔചിത്യവും മര്യാദയും അമ്പേ അവഗണിക്കുകയായിരുന്നു.


വസ്തുതകൾ ഇതായിരിക്കെ അനീഷ് ജോർജിന്റെ മരണം സിപിഐ എം സമ്മർദംമൂലമാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതൃത്വം ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്. അനീഷ് ആത്മഹത്യ ചെയ്തത് ജോലിഭാരംകൊണ്ടാണെന്ന് കുടുംബം ആവർത്തിക്കുമ്പോഴും ആരോപണത്തിൽനിന്ന് പിന്മാറാൻ കോൺഗ്രസ് തയ്യാറാകുന്നുമില്ല. രാജസ്ഥാനിലും ജോലിസമ്മർദത്താൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഇതേസമയം അനീഷിനെ കോൺഗ്രസിന്റെ ബിഎൽഎ ഭീഷണിപ്പെടുത്തിയത്‌ പുറത്തുവന്നിട്ടും അക്കാര്യം മൂടിവയ്‌ക്കുകയാണ്‌. ബിജെപിക്കുവേണ്ടിമാത്രം നടപ്പാക്കുന്നതെന്ന് പ്രത്യക്ഷത്തിൽത്തന്നെ വ്യക്തമാകുന്ന വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ യജ്ഞത്തിലെ ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാട്ടാനോ പ്രതികരിക്കാനോ തയ്യാറാകാത്ത കോൺഗ്രസ്, ബിജെപിയുമായി ചേർന്ന് സിപിഐ എമ്മിനെ ആക്രമിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.


ബിഎൽഒമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർത്തിയിട്ടും അത് കണ്ടില്ലെന്നു നടിച്ച തെരഞ്ഞെടുപ്പ്‌ കമീഷൻ, അതിലൂടെ തങ്ങളുടെ ഭാഗത്തുനിന്ന് ആശ്വാസകരമായ ഒരുനടപടിയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഭരണസ്തംഭനത്തിലേക്ക് നയിക്കുന്ന എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സർക്കാരിന്റെ നടപടിയിലാണ് ഇനി ഏക പ്രതീക്ഷ. ഇനിയും അനീഷ് ജോർജുമാർ ഉണ്ടാകാതിരിക്കാനും പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽതന്നെ വേണ്ടിവന്നിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home