നാമനിർദേശ പത്രിക പിൻവലിക്കൽ അവസാനം ഇന്ന്‌

അതിദൂരം എൽഡിഎഫ്‌, 
വിമതരിൽ കുരുങ്ങി യുഡിഎഫ്‌

The district's contest picture will be complete when the deadline for withdrawing nominations for the local government elections ends on Monday.
വെബ് ഡെസ്ക്

Published on Nov 24, 2025, 01:32 AM | 1 min read

കോഴിക്കോട്‌

തദ്ദേശ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരം തിങ്കളാഴ്‌ച കഴിയുന്നതോടെ ജില്ലയുടെ മത്സരചിത്രം പൂർണമാകും. പകൽ മൂന്നുവരെയാണ്‌ പിൻവലിക്കാനുള്ള അവസാന സമയം. അതിനുശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക സമർപ്പിക്കുംമുന്നേതന്നെ സജീവമായ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാംഘട്ടത്തിൽ മുന്നേറുകയാണ്‌. വിമതർ തലവേദന സൃഷ്‌ടിക്കുന്നതിനാൽ യുഡിഎഫ്‌ പ്രചാരണം ഇനിയും എങ്ങുമെത്തിയിട്ടില്ല. കോർപറേഷനിലുൾപ്പെടെ പലയിടത്തും കോൺഗ്രസിന്റെയും ലീഗിന്റെയും സ്വജനപക്ഷപാതിത്വത്തിലും പേമെന്റ്‌ സീറ്റിലും പ്രതിഷേധിച്ച്‌ വിമതർ മത്സരിക്കുന്നുണ്ട്‌. ഇവരെ അനുനയിപ്പിച്ച്‌ പത്രിക പിൻവലിപ്പിക്കാനുള്ള സമ്മർദശ്രമങ്ങളിലാണ്‌ നേതാക്കളും പ്രവർത്തകരും. അതേസമയം, തദ്ദേശ സ്ഥാപനതലത്തിലും വാർഡുതലത്തിലും കൺവൻഷനുകൾ പൂർത്തിയായി എൽഡിഎഫ്‌ പ്രചാരണം റാലികളിലേക്ക്‌ നീങ്ങി. കോർപറേഷൻ കല്ലായി വാർഡിൽ വി എം വിനുവിനുപകരം കൊണ്ടുവന്ന ബൈജു കാളക്കണ്ടിക്കെതിരെ കോൺഗ്രസിലെ സുധീപ്‌ വിമതനായി രംഗത്തുണ്ട്‌. അരീക്കാട്‌ നോർത്ത്‌ 41ാം വാർഡിൽ ലീഗ്‌ സ്ഥാനാർഥിക്കെതിരെ ലീഗ്‌ ഡിവിഷൻ ഭാരവാഹിയും രംഗത്തുണ്ട്‌. ജില്ലാ പഞ്ചായത്തിൽ ചെട്ടികുളം ഡിവിഷനിൽ ലീഗിനെതിരെ കോൺഗ്രസിൽനിന്നും വിമതനുണ്ട്‌. വടകര മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിനും ലീഗിനും ആർഎംപിക്കും വിമതരുണ്ട്‌. പ്രാദേശികതലത്തിൽ പ്രവർത്തകർ കൂട്ടമായി ഭിന്നിച്ചുനിൽക്കുകയും വിമത സ്ഥാനാർഥിക്കായി പ്രവർത്തിക്കുകയുംചെയ്യുന്നതിനാൽ യുഡിഎഫ്‌ ഒ‍ൗദ്യോഗിക സ്ഥാനാർഥികളുടെ പ്രചാരണം ഏറെ പിന്നിലാണ്‌. പരാജയഭീതി ശക്തമായതോടെ വിമതരെ മറ്റ്‌ വാഗ്‌ദാനങ്ങൾ നൽകിയും മറ്റും അനുനയിപ്പിച്ച്‌ തിങ്കളാഴ്‌ചയോടെ പിൻവലിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ നടക്കുന്നത്‌. എൽഡിഎഫ്‌ ക‍ൺവൻഷനുകളിലെല്ലാം വലിയ ജനപങ്കാളിത്തമാണ്‌. സർക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന–ക്ഷേമ പ്രവർത്തനങ്ങൾ നേരിട്ടും ഓൺലൈൻ വഴിയും വിപുലമായി ജനങ്ങളിലെത്തിക്കാനായി. പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ വീടുകൾ കയറി വോട്ടുറപ്പാക്കുന്നു. സ്ഥാനാർഥികളുടെ പര്യടനവും രണ്ടാംഘട്ടത്തിലാണ്‌. അന്തിമ കണക്കനുസരിച്ച്‌ ജില്ലയിൽ 10,046 സ്ഥാനാർഥികളാണുള്ളത്‌. 4735 പുരുഷൻമാരും 5311 സ്‌ത്രീകളും ഇതിലുൾപ്പെടും. മൊത്തം 14,246 പേരാണ്‌ നാമനിർദേശ പത്രിക സമർപ്പിച്ചത്‌. സൂക്ഷ്‌മ പരിശോധനയിൽ 4200 പേരുടെ പത്രിക തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Home