സൂപ്പര്‍ ലീഗ് കേരള
കാലിക്കറ്റ് എഫ്സി മലപ്പുറം എഫ്സി മത്സരം ഇന്ന്

കോഴിക്കോട്
സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റില്‍ കാലിക്കറ്റ് എഫ്സി തിങ്കൾ മലപ്പുറവുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് എഫ്സിയും മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എഫ്സിയും തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി ഏഴരക്കാണ് മത്സരം. ഏഴ് കളികളില്‍ നാല് ജയം രണ്ട് സമനില, ഒരു തോല്‍വി എന്നിവയിലൂടെ 14 പോയിന്റുകളുമായാണ് കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇതുവരെ തോല്‍പ്പിക്കാനാവാതിരുന്ന തൃശൂരിനെ കഴിഞ്ഞ മത്സരത്തില്‍ തോൽപ്പിച്ചതോടെ വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് സിഎഫ്സി ടീം. ഏഴ് കളികളില്‍നിന്ന് രണ്ട് ജയം, നാല് സമനില, ഒരു തോല്‍വി എന്നിങ്ങനെ പത്ത് പോയിന്റുകളുമായാണ് മലപ്പുറം എഫ്സി പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്. കഴിഞ്ഞ രണ്ട് കളികളില്‍ തോല്‍വിയും സമനിലയുമാണ് അവര്‍ക്ക് നേടാനായത്. ഇക്കുറി ആസ്റ്റര്‍ മിംസില്‍നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളാണ് കളിക്കാര്‍ക്ക് അകമ്പടിയായി മൈതാനത്തെത്തുന്നത്.







0 comments