വികസനക്കുന്നായി പൊൻകുന്നം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2025, 01:47 AM | 1 min read

പൊൻകുന്നം ചിറക്കടവ്, വാഴൂർ, പള്ളിക്കത്തോട്, അകലക്കുന്നം പഞ്ചായത്തുകളിലെ 53 വാർഡുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ. അകലക്കുന്നം പഞ്ചായത്തിലെ ഒമ്പതും പള്ളിക്കത്തോട് പഞ്ചായത്തിലെ പത്തും വാഴൂർ പഞ്ചായത്തിലെ 16ഉം ചിറക്കടവ് പഞ്ചായത്തിലെ 18ഉം വാർഡുകൾ ഉൾക്കൊള്ളുന്നു. ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുന്നത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ ബി സുരേഷ്‌കുമാറാണ്‌. ജില്ലയിലെ യുവജന പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകർന്ന നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ അനുഭവസമ്പത്തുമായാണ്‌ സുരേഷ്‌ കന്നിയങ്കത്തിനിറങ്ങുന്നത്‌. ഡിവിഷനിൽ ഉൾപ്പെടുന്ന കൂടുതൽ പഞ്ചായത്തുകൾ ഭരിക്കുന്നത്‌ എൽഡിഎഫ്‌ ആണെന്നതും ഇടതുപക്ഷത്തിന്‌ കരുത്താകുന്നു. സിപിഐ എം പ്രതിനിധിയായ ടി എൻ ഗിരീഷ് കുമാറാണ്‌ കഴിഞ്ഞ അഞ്ചുവർഷം ഡിവിഷനെ പ്രതിനിധീകരിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും എൽഡിഎഫിന്‌ കരുത്താകും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന ഡയാലിസിസ് യൂണിറ്റടക്കം എട്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഡിവിഷനിൽ നടന്നത്. റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടുകോടി രൂപ, കുടിവെള്ള പദ്ധതികൾക്കായി ഒന്നരക്കോടി രൂപ, വിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നരക്കോടി രൂപ, ഗ്രന്ഥശാല നവീകരണത്തിന്‌ ഒരു കോടി രൂപ, ആരോഗ്യമേഖലയുടെ സംരക്ഷണത്തിന് പദ്ധതികൾ, പാലിയേറ്റീവ് ആംബുലൻസ്, വനിതാ ഫിറ്റ്നസ് സെന്ററുകൾ, തെരുവ് വിളക്കുകൾ, ക്ഷീരസംഘങ്ങൾക്കും കർഷകർക്കുമായി വിവിധ പദ്ധതികൾ തുടങ്ങിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഡിവിഷനിൽ നടന്നത്. കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. അഭിലാഷ് ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Home