കാടിന്റെയും കവിതയുടെയും കാവൽക്കാരൻ

സുരേഷും ദിവാകരനും
കോട്ടയം കാടുമായി അത്രയേറെ ഇഴുകിച്ചേർന്ന ജീവിതമാണ് സുരേഷിന്റെത്. വന്യജീവികളുടെയും പ്രകൃതിയുടെയും സംരക്ഷിക്കുന്നതിനൊപ്പം സംഗീതത്തിന്റെ ലോകത്ത് കൂടെയും സഞ്ചരിക്കുകയാണ് ഇൗ കലാകാരൻ. എരുമേലി റേഞ്ചിലെ പ്ലാച്ചേരി സെക്ഷനിൽ ഫോറസ്റ്റ് ഓഫീസറായ സുരേഷ് എഴുതിയ അയ്യപ്പഭക്തിഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. എരുമേലി കാനനപാതയിൽ തീർഥാടകർക്ക് സുഗമയാത്രയൊരുക്കുന്ന സുരേഷ് ‘പെരിയാറ്റപ്പൻ’ എന്ന പേരിലാണ് പുതിയ ഗാനമെഴുതിയത്. മുമ്പ് മുല്ലപ്പെരിയാറിൽ ജോലിചെയ്യുന്ന സമയത്താണ് പെരിയാറ്റപ്പൻ എന്ന ഗാനത്തിന് ആശയം ലഭിക്കുന്നതും അത് കവിതയാക്കുന്നതും. നാളുകൾക്ക് മുമ്പേ വരികൾ മനസിൽ വിരിഞ്ഞെങ്കിലും ഗാനമായി പുറത്തിറങ്ങാൻ വീണ്ടും ഏറെ കാത്തിരുന്നു. ജോലിയുടെ ഇടവേളയ്‌ക്കിടെ സഹപ്രവർത്തകൻ കൂടിയായ പി ജി ദിവാകരന്റെ പാട്ട് കേട്ടതോടെയാണ് ആ ശബ്‌ദത്തിലൂടെ തന്നെ പെരിയാറ്റപ്പനെ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ശാസ്‌ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഗാനത്തിന് സംഗീതം ഒരുക്കിയതും സുരേഷ് തന്നെയാണ്. തന്റെ മനസിലെ താളമാണ് ഗാനമായി പുറത്ത് വരുന്നതെന്ന് അദ്ദേഹം പറയുന്നു. കാൽനുറ്റാണ്ടായി വനംവകുപ്പിൽ ജോലി നോക്കുന്ന സുരേഷ് ചെറുപ്പം മുതൽ ചെറുകവിതകളും കഥകളും എഴുതിത്തുടങ്ങിയിരുന്നു. വനംവകുപ്പിന്റെ മാസികയായ അരണ്യത്തിലൂടെയാണ് ഒൗദ്യോഗികമായി എഴുത്തിലേക്ക് എത്തുന്നത്. പിന്നീട് ഓണപ്പാട്ടുകൾ, കരോൾ ഗാനങ്ങൾ, ഗോത്രകവിതകൾ എന്നിവയെല്ലാം ആ വിരൽത്തുമ്പിൽനിന്ന് പിറന്നു. കഴിഞ്ഞവർഷം അരശുമുടി അയ്യൻ എന്ന അയ്യപ്പ ഭക്തിഗാനവും പുറത്തിറങ്ങിയിരുന്നു. നിലവിൽ പുതിയ കവിതാസമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ്.








0 comments