പകിട്ടോടെ അന്നദാനം
print edition ശബരിമലയിലേക്ക് ഇടമുറിയാതെ തീർഥാടകപ്രവാഹം ; ഏഴുലക്ഷം തീർഥാടകരെത്തി

ശബരിമല
മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇടമുറിയാതെ തീർഥാടകപ്രവാഹം. ഞായർ വരെ ഏഴ് ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്തെത്തി. ശനിയാഴ്ച 72,845 പേരാണ് മല ചവിട്ടി സന്നിധാനത്തെത്തിയത്.
ഞായറാഴ്ച വൈകിട്ട് ഏഴുവരെ 69,295 പേർ മലചവിട്ടി. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ശനി വൈകിട്ട് മുതൽ സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് മണിക്കൂറിൽ ദർശനം നടത്തുന്നത്. മിനിറ്റിൽ 65 തീർഥാടകർ പതിനെട്ടാംപടി കയറുന്നതായാണ് കണക്ക്. ഇത് വർധിപ്പിക്കുമെന്ന് ശനിയാഴ്‌ച ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചിരുന്നു.
ശനിയും ഞായറും സന്നിധാനത്ത് തീർഥാടകരുടെ വലിയ നിരയുണ്ടായില്ല. കൃത്യമായ ക്രമീകരണം അയ്യപ്പൻമാർക്ക് സുഖദർശനം ലഭിക്കാനിടയാക്കുന്നു. വലിയ നടപ്പന്തലിൽ കാത്തുനിൽക്കാതെ തന്നെ തീർഥാടകർക്ക് പതിനെട്ടാംപടി ചവിട്ടാനായി. മഴ തീർഥാടകരെ ചെറുതായെങ്കിലും ശല്യപ്പെടുത്തുന്നുണ്ട്. ഞായറാഴ്‌ച പമ്പയിലും മഴ പെയ്‌തു. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്. അവലോകന യോഗ തീരുമാന പ്രകാരം താൽക്കാലിക ജീവനക്കാരേയും ശുചീകരണ തൊഴിലാളികളെയും നിയമിക്കാനുള്ള അപേക്ഷ ദേവസ്വം ബോർഡ് ക്ഷണിച്ചു. ഇവരുടെ നിയമനത്തോടെ കൂടുതൽ സൗകര്യങ്ങൾ തീർഥാടകർക്ക് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ലക്ഷത്തിലധികംപേർ പങ്കെടുത്തു
പകിട്ടോടെ അന്നദാനം
സന്നിധാനത്തെത്തുന്ന തീർഥാടകര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് തീർഥാടകര്‍ അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നടതുറന്നശേഷം ഞായർ വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.

മൂന്നുനേരമാണ് ഭക്ഷണം. രാവിലെ ആറുമുതല്‍ 11 വരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും. പന്ത്രണ്ടിനാരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, അച്ചാര്‍ എന്നിവ. വൈകിട്ട് 6.45 മുതൽ അത്താഴവിതരണം. ഇത് നട അടയ്ക്കുംവരെ തുടരും. കഞ്ഞിയും പുഴുക്കുമാണ്(അസ്ത്രം) നല്‍കുന്നത്.
മാസ പൂജയ്ക്കടക്കം നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അന്നദാനമുണ്ട്. മകരവിളക്കിന് പ്രത്യേക സൗകര്യവുമൊരുക്കും. പാചകത്തിനും വിളന്പാനും ശുചീകരണത്തിനുമായി 235 ജീവനക്കാരുണ്ട്. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാം. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ് ശബരിമലയിലേത്. മാളികപ്പുറം ക്ഷേത്രത്തിനു പിന്നിലാണ് മണ്ഡപം.








0 comments