ലൈഫ് പദ്ധതിയിൽ ഒരു വീടുപോലും നൽകാതെ തൃക്കാക്കര നഗരസഭ
ചതി, 380 കുടുംബങ്ങളോട്

കാക്കനാട്
സംസ്ഥാനത്ത് ഏറ്റവുമധികം തനതുവരുമാനമുള്ള മുനിസിപ്പാലിറ്റിയായ തൃക്കാക്കരയിൽ കഴിഞ്ഞ അഞ്ചുവർഷം ലൈഫ് പദ്ധതിപ്രകാരം ഒരു വീടുപോലും നിർമിച്ചുനൽകിയിട്ടില്ലെന്ന വിവരാവകാശരേഖ പുറത്തുവന്നു. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്‌ക്ക് നഗരസഭ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 43 ഡിവിഷനുകളിലായി 380 പേരാണ് അഞ്ചുവർഷത്തിനിടെ വീടിനായി അപേക്ഷിച്ചത്. ഇതിൽ ഒരു വീടിന്റെയെങ്കിലും നിർമാണം തുടങ്ങാൻപോലും യുഡിഎഫ് ഭരണസമിതിക്ക് കഴിഞ്ഞില്ല. ഒന്നുമുതൽ 21 വരെ അപേക്ഷകൾ ലഭിച്ച ഡിവിഷനുകളുണ്ട്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിപ്രകാരം വിവിധ തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ അഞ്ചുലക്ഷത്തിലധികം പേർക്ക് സുരക്ഷിത ഭവനം കൈമാറി മാതൃകയാകുമ്പോഴാണ് തൃക്കാക്കര നഗരസഭയുടെ അലംഭാവം. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ ഏതാനും ഡിവിഷനുകളും ഉൾപ്പെടുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ 2051 വീടുകളാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ചതെന്ന് നേരത്തേ സർക്കാർ പുറത്തുവിട്ട കണക്കുകളിലുണ്ട്. ഇതിൽ 1600 എണ്ണം പൂർത്തിയായി. 451 എണ്ണം നിർമാണം പുരോഗമിക്കുന്നു. കോർപറേഷനിലെ എൽഡിഎഫ് ഭരണസമിതി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നത്തിനൊപ്പം നിന്നപ്പോഴാണ് തൊട്ടടുത്ത തൃക്കാക്കര നഗരസഭയുടെ ജനവഞ്ചന. സർക്കാർവിഹിതവും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും ഉൾപ്പെടെയാണ് ലൈഫ് പദ്ധതിയിൽ വീടു പൂർത്തിയാക്കാൻ അനുവദിക്കുന്നത്.
വരുമാനത്തിൽ പിന്നാക്കംനിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടെ നൂറുകണക്കിന് ഭവനരഹിതർക്ക് കൈത്താങ്ങാകുന്പോഴാണ് തനതുവരുമാനത്തിൽ മുന്നിലുള്ള തൃക്കാക്കര നഗരസഭ രാഷ്‌ട്രീയവിരോധംമൂലം പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നത്.








0 comments