print edition പെയ്യാൻ മടിച്ച് തുലാവർഷം ; 21 ശതമാനം കുറവ്

ആലപ്പുഴ
സംസ്ഥാനത്ത് തുലാവർഷം ഇതുവരെ 94.5 മില്ലിമീറ്റർ കുറവാണ് പെയ്‌തത്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായർവരെ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവർഷം കണക്കാക്കുന്ന ഒക്‌ടോബർ ഒന്നുമുതൽ നവംബർ 23 വരെ 348.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 442.8 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ തുലാവർഷത്തിൽ 487.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
തുലാവർഷത്തിൽ 491.9 എംഎം മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. സംസ്ഥാനത്ത് 11 ജില്ലകളിൽ സാധരണയിലും കുറവ് മഴയാണ് സീസണിൽ ഇതുവരെ ലഭിച്ചത്. കണ്ണൂർ–21 ശതമാനം (278.6 മില്ലിമീറ്റർ), എറണാകുളം–20 (414.4), ഇടുക്കി–31 (352.9), കൊല്ലം–28 (398.6), കോഴിക്കോട്–23 (323.7), മലപ്പുറം–38 (266.1), പാലക്കാട്–30 (237.8), തൃശൂർ–29 (324.3), വയനാട്– 22 ശതമാനം (227.2) എന്നിവയാണ് കുറവ് മഴ ലഭിച്ച ജില്ലകൾ. ആലപ്പുഴയിൽ 16 ശതമാനവും (413), കാസർകോട് ഒമ്പത് ശതമാനവും (283.5), പത്തനംതിട്ടയിൽ 15 ശതമാനവും (476.1) കുറവ് മഴയാണ് കിട്ടിയത്. തിരുവനന്തപുരമാണ് കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാമത് (515.3മില്ലിമീറ്റർ). സാധാരണ ലഭിക്കേണ്ടതിലും (455.3) 13 ശതമാനം കൂടുതൽ മഴ ഇവിടെ ലഭിച്ചു. കോട്ടയത്ത് രണ്ട് ശതമാനം കൂടുതൽ മഴ ലഭിച്ചു. 507.7 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 516.2 മില്ലിമീറ്റർ. കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിൽ 29 ശതമാനവും മാഹിയിൽ 10 ശതമാനവും കുടുതൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ (247 മില്ലിമീറ്റർ) 70.6 മില്ലിമീറ്റർ കൂടുതൽ ലഭിച്ചപ്പോൾ മാഹിയിൽ സാധാരണയിലും (346.9) 33.7 മില്ലിമീറ്റർ അധികമഴ കിട്ടി.








0 comments