ad
Deshabhimani

സ്ഥാനാർഥിയെ പിന്തുണയ്‌ക്കുന്നയാൾക്ക്‌ ഡിവിഷനിൽ 
 വോട്ടുണ്ടോ എന്നുറപ്പാക്കാൻപോലും നേതൃത്വത്തിന് 
കഴിഞ്ഞില്ല

പത്രികതള്ളൽ ; പിഴച്ചത്‌ യുഡിഎഫ്‌ നേതൃത്വത്തിന്‌ , പഴി ഉദ്യോഗസ്ഥർക്ക്‌

nomination rejection Local Body Election 2025

പത്രിക തള്ളിയതിനെത്തുടർന്ന്‌ എറണാകുളം ജില്ലാപഞ്ചായത്ത്‌ കടമക്കുടി 
ഡിവിഷനിലെ യുഡിഎഫ്‌ സ്ഥാനാർഥി എൽസി ജോർജിന്റെ ഫ്ലക്‌സ്‌ ബോർഡുകൾ കോൺഗ്രസ്‌ പ്രവർത്തകർ അഴിച്ചുവച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 24, 2025, 02:49 AM | 2 min read


കൊച്ചി

കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടെ ജില്ലയിലെ പ്രധാന തദ്ദേശ സീറ്റുകളിൽ യുഡിഎഫ്‌ സ്ഥാനാർഥികളുടെ പത്രികകൾ തള്ളാനിടയായത് നേതൃത്വത്തിന്റെ കഴിവുകേടുമൂലം. മുന്നണിയിൽ യോജിപ്പോടെ സ്ഥാനാർഥിയെ നിശ്ചയിക്കലും ശരിയായി പത്രിക പൂരിപ്പിച്ച് സമർപ്പിക്കലും രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രാഥമിക ചുമതലയാണ്. സ്ഥാനാർഥിയെ പിന്തുണയ്‌ക്കുന്നയാൾക്ക്‌ ഡിവിഷനിൽ വോട്ടുണ്ടോ എന്നുറപ്പാക്കാൻപോലും നേതൃത്വത്തിന് കഴിഞ്ഞില്ല.


മുന്നണിധാരണയോടെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും പത്രിക തള്ളിയയിടത്തെല്ലാം രഹസ്യമായ കാലുവാരൽ നടന്നതായും ആക്ഷേപമുയരുന്നു.


സ്വന്തംമുന്നണിയിലും പാർടിയിലുമുള്ള തർക്കം പരിഹരിക്കാനാകാത്ത ജില്ലാ കോൺഗ്രസ് നേതൃത്വം എൽഡിഎഫിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പഴിചാരി സ്വന്തം കഴിവുകേടും വീഴ്ചയും മറയ്ക്കാനാണ് ശ്രമിക്കുന്നത്. വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ കടമക്കുടി ഡിവിഷനിലടക്കം യുഡിഎഫ്‌ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയിരുന്നു. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും അഭിഭാഷകയുമായ എൽസി ജോർജായിരുന്നു ജില്ലാപഞ്ചായത്ത്‌ കടമക്കുടി ഡിവിഷനിലെ സ്ഥാനാർഥി. ഡിവിഷനിലെ പൊന്നാരിമംഗലം ബ്ലോക്ക്‌ ഡിവിഷനിൽ മുളവുകാട്‌ പഞ്ചായത്തിലെ ആറുമുതൽ 12 വാർഡുകളാണ്‌ വരുന്നത്‌. എന്നാൽ, പിന്തുണച്ചയാൾ മുളവുകാട്‌ പഞ്ചായത്ത്‌ 13–ാം വാർഡിലെ വോട്ടറാണ്‌. ഗുരുതരമായ ഇ‍ൗ വീഴ്‌ചയ്‌ക്ക്‌ ഉദ്യോഗസ്ഥരെ പഴിക്കുന്നത്‌ എന്തിനെന്ന്‌ കോൺഗ്രസിൽനിന്നുതന്നെ ചോദ്യമുയരുന്നു. പിഴവ്‌ കണ്ടുപിടിക്കാതിരുന്ന സ്ഥാനാർഥിക്കെതിരെയും അമർഷമുണ്ട്‌.


പത്രിക തള്ളിയതോടെ എൽസി ജോർജിന്റെ പ്രചാരണ ബോർഡുകൾ ഞായറാഴ്‌ച അഴിച്ചുമാറ്റി.


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ ഒന്നാം ഡിവിഷൻ മനയ്ക്കപ്പടിയിൽ ഷെറീന ഷാജിയുടെയും 11-–ാം ഡിവിഷൻ വരാപ്പുഴയിൽ ജോൺസൺ പുനത്തിലിന്റെയും പത്രിക തള്ളിയിരുന്നു. തൃക്കാക്കര നഗരസഭ 23–ാം വാർഡിലെ യുഡിഎഫ്‌ സ്ഥാനാർഥി പ്രവീണ അജിത് ഒപ്പിടാതെ സമർപ്പിച്ച പത്രികയും തള്ളി. ചിലയിടങ്ങളിൽ കേസ്‌ വിവരങ്ങൾ മറച്ചുവച്ച കോൺഗ്രസ്‌ സ്ഥാനാർഥികളുടെ പത്രികകളിൽ തീരുമാനം തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റിയിട്ടുമുണ്ട്‌.


ഇതെല്ലാം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അനുയായിയായ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ വീഴ്‌ചയാണെന്ന്‌ അണികൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെയെല്ലാം ഡമ്മി സ്ഥാനാർഥികളെ നിർത്താത്തത്‌ നേതൃത്വത്തിന്റെ പരാജയമാണെന്നും ആരോപണമുയരുന്നു.


എന്നാൽ, വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമാണ് എൽസി ജോർജിന്റെ പത്രിക തള്ളാൻ ഇടയാക്കിയതെന്ന മുടന്തൻന്യായമാണ്‌ ഷിയാസ്‌ ഉയർത്തുന്നത്‌. സതീശന്റെ മണ്ഡലമായ പറവൂരിൽ പലയിടത്തും ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമായി സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസ്‌ ജില്ലാനേതൃത്വം കാണിച്ച ജാഗ്രതപോലും സ്വന്തം സ്ഥാനാർഥികളുടെ കാര്യത്തിൽ കാണിച്ചില്ലെന്നും വിമർശമുയരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home