ad
Deshabhimani

കയ്പമംഗലം വാഹനാപകടം; ലോറി ഡ്രൈവർക്കെതിരെ കേസെടുക്കും

Kaipamangalam Car accident.jpg
വെബ് ഡെസ്ക്

Published on Sep 05, 2026, 06:26 PM | 1 min read

തൃശൂർ: കയ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് തൃശൂർ റൂറൽ എസ്പി മുഹമ്മദ് നദീം മാധ്യമങ്ങളോട് പറഞ്ഞു.


പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തലെന്ന് റൂറൽ എസ്പി പറഞ്ഞു. അലക്ഷ്യമായി ലോറി റോഡിൽ പാർക്ക് ചെയ്ത ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ലോറി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണെന്നും റൂറൽ എസ്പി വ്യക്തമാക്കി.


നിർമാണം നടക്കുന്ന ദേശീയപാതയിൽ ഹൈവേ അതോറിറ്റിയും കരാറുകാരും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കും. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ലോറി ഡ്രൈവറുടെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തലെന്നും റൂറൽ എസ്പി പറഞ്ഞു.


അപകടത്തിൽ സേലം സ്വദേശി വിശ്വ, സന്തോഷ്, മധുര സ്വദേശി പ്രസന്ന, മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ദിണ്ടിഗൽ സ്വദേശി ജോഷ്വ, ജീവ എന്നിവരാണ് മരിച്ചത്.


കയ്പമംഗലത്ത് അതിവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്.


തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. ഏഴ് വിദ്യാർഥികളും കാർ ഡ്രൈവറുമാണ് അപകടത്തിൽ ദാരുണമായി മരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home