ad
Deshabhimani

കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ കാർ യാത്രക്കാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി

private bus employee kochi

അൻസാർ കാറിന് മുന്നിൽ തടഞ്ഞുനിന്ന് യാത്ര തടസപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 07:02 PM | 1 min read

കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം തുടർക്കഥയാകുന്നു. ബസിന് പിന്നിൽ നിന്ന് ഹോൺ അടിച്ചതിന്റെ പേരിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. കലൂർ ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കണ്ണൂർ സ്വദേശി അൻസാറാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.


അൻസാർ ജോലി ചെയ്യുന്ന സ്വകാര്യ ബസ് റോഡിന് നടുവിൽ നിർത്തിയപ്പോൾ പിന്നിൽ എത്തിയ കാർ യാത്രക്കാർ ഹോൺ മുഴക്കിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് അൻസാർ അസഭ്യം പറയുകയും കാറിന് മുന്നിൽ തടഞ്ഞുനിന്ന് യാത്ര തടസപ്പെടുത്തുകയും ചെയ്തു.


ഭയന്നുപോയ കാറിലുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അൻസാർ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസം മുൻപ് ഇടപ്പള്ളിയിൽ കാർ യാത്രക്കാരെ സ്വകാര്യ ബസ് ജീവനക്കാർ ആക്രമിച്ച സംഭവമുണ്ടായിരുന്നു.


കഴിഞ്ഞ ദിവസം സൈഡ് നൽകാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ നോർത്ത് പാലത്തിന് സമീപം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.


കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിതവേഗവും ജീവനക്കാരുടെ ആക്രമണവും സംബന്ധിച്ച് ഹൈക്കോടതി ഉൾപ്പെടെ നേരത്തെ രൂക്ഷമായി വിമർശനം ഉന്നയിച്ചിട്ടും ചില ബസ് ജീവനക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home