ad
Deshabhimani

നദി വൃത്തിയാക്കാൻ ഒറ്റയ്ക്കിറങ്ങി; 21കാരന് ജോലി വാ​ഗ്ദാനവുമായി ഡച്ച് കമ്പനി

bittu tabahi dutch
വെബ് ഡെസ്ക്

Published on Sep 05, 2026, 07:44 PM | 2 min read

ഭോപ്പാൽ: പ്ലാസ്റ്റിക്കും പായലും മാലിന്യവും നിറഞ്ഞ നദി വൃത്തിയാക്കാൻ ഒറ്റയ്ക്കിറങ്ങിയ യുവാവിനെ തേടി നെതർലൻഡ്സിൽനിന്ന് ജോലി വാഗ്ദാനം. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിയായ 21കാരൻ സുരേന്ദ്ര സിങ് ചൗധരിയെയാണ് ‘ബിട്ടു തബാഹി’ എന്ന പേരിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ബിഎസ്‌സി വിദ്യാർഥിയായ ബിട്ടുവിന്റെ അജ്നാർ നദി ശുചീകരണമാണ് ഇപ്പോൾ രാജ്യാന്തര ശ്രദ്ധനേടിയത്.


പ്രദേശത്തെ ക്ഷേത്രത്തിന് സമീപമുള്ള അജ്നാർ നദിയിൽ പ്ലാസ്റ്റിക്കും പായലും ചെളിയും അടിഞ്ഞുകൂടി ദുർഗന്ധം രൂക്ഷമായിരുന്നു. ഔദ്യോഗിക സഹായത്തിന് കാത്തുനിൽക്കാതെ ജനുവരി 26നാണ് ബിട്ടു നദി വൃത്തിയാക്കാൻ തുടങ്ങിയത്. ആദ്യം ഏതാനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് ശുചീകരണം ഏറെക്കുറെ ഒറ്റയ്ക്കായി. കാര്യമായ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയായിരുന്നു ജോലി. നീന്തൽ പോലും അറിയാത്ത ബിട്ടു സാധാരണ ഉപകരണങ്ങൾ ഉപയോഗിച്ച് നദിയിൽനിന്ന് ടൺ കണക്കിന് മാലിന്യമാണ് പുറത്തെടുത്തത്. ശുചീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിട്ടുവിന്റെ പ്രവർത്തനം വലിയ ശ്രദ്ധ നേടി.


ഇതിനിടെയാണ് നെതർലൻഡ്സ് ആസ്ഥാനമായ പരിസ്ഥിതി സംഘടനയായ ദ ഓഷ്യൻ ക്ലീനപ്പി (The Ocean Cleanup) ന്റെ സ്ഥാപകനും സിഇഒയുമായ ബോയൻ സ്ലാറ്റിന്റെ ശ്രദ്ധയിൽ ബിട്ടുവിന്റെ പ്രവർത്തനം എത്തിയത്. നദി ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ പോസ്റ്റ് കണ്ട സ്ലാറ്റ് ബിട്ടുവിന് നേരിട്ട് ജോലി വാഗ്ദാനം ചെയ്തു. 'വരൂ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാം' എന്നായിരുന്നു സ്ഥാപനം പറഞ്ഞത്


അത്ര എളുപ്പമായിരുന്നില്ല ശുചീകരണം . സ്വന്തം സമ്പാദ്യത്തിൽനിന്നാണ് ആവശ്യമായ സാധനങ്ങൾ ബിട്ടു വാങ്ങിയത്. മലിനജലത്തിൽ തുടർച്ചയായി ഇറങ്ങിയതോടെ കൈകാലുകളിൽ അണുബാധയും ചർമത്തിൽ ചൊറിച്ചിലും ഉണ്ടായി. പാമ്പുകളെയും നേരിടേണ്ടിവന്നു. എന്നിട്ടും ശുചീകരണം ഉപേക്ഷിച്ചില്ല.


ബിട്ടു ശുചീകരണത്തിനായി സ്വന്തം പണത്തിൽ ഏകദേശം ₹30,000 ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്ലാസ്റ്റിക്, കുപ്പികൾ, പായൽ, പൂജാസാമഗ്രികൾ എന്നിവയാണ് പ്രധാനമായും നദിയിൽനിന്ന് നീക്കിയത്. ചില ഇടങ്ങളിൽ ഒഴുക്ക് തടഞ്ഞുകിടന്ന മാലിന്യവും ഇയാൾ കൈകൊണ്ട് നീക്കി.


നദി വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ നാട്ടിലെ ചിലർ ഇയാളെ പരിഹസിക്കുകയും “വീഡിയോയ്ക്കുവേണ്ടിയാണ് ചെയ്യുന്നത്” എന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമീപനം മാറി. സമൂഹമാധ്യമങ്ങളിൽ ബിട്ടുവിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home