'പറയുന്ന ഏഴുപേരെ നിയമിക്കണം'; സിവിൽ സപ്ലൈസ് മാനേജർക്ക് യുഡിഎഫ് നേതാവിന്റെ ഭീഷണി


സ്വന്തം ലേഖകൻ
Published on Sep 05, 2026, 08:11 PM | 1 min read
കൽപ്പറ്റ: അനധികൃത നിയമനത്തിന് വഴങ്ങാത്ത സിവിൽ സപ്ലൈസ് പമ്പ് മാനേജർക്ക് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവിന്റെ ഭീഷണി. മാനന്തവാടിയിലെ സിവിൽ സപ്ലൈസ് പമ്പിൽ താൻ പറയുന്ന ഏഴുപേരെ നിയമിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിങ് ചെയർമാൻ എം സി സെബാസ്റ്റ്യനാണ് പമ്പ് മാനേജർ കെ വിഷ്‌ണുവിനെ ഫോണിൽ വിളിച്ചത്.
ഭീഷണി ഫോൺ സന്ദേശം പുറത്തുവന്നിട്ടുണ്ട്. 'ഞാൻ ഒരു ഏഴുപേരുടെ ലിസ്റ്റ് തരും... അവരെ അക്കോമഡേറ്റ് ചെയ്യണം'– എന്നാണ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടത്. അനധികൃത നിയമനം നടത്താൻ കഴിയില്ലെന്ന് മറുപടി പറഞ്ഞ പമ്പ് മാനേജറോട് 'അപ്പോ അതിന്റെ വഴി നോക്കാം...' എന്നാണ് ഭീഷണി. ഇഎസ്‌ഐയും പിഎഫും വാങ്ങുന്ന തൊഴിലാളികളെ അകാരണമായി പിരിച്ചുവിടാനാകില്ലെന്നും അത് നിയമപ്രശ്‌നമുണ്ടാക്കുമെന്നും പമ്പ് മാനേജർ വിശദീകരിക്കുന്നത് ഫോൺ സംഭാഷണത്തിലുണ്ട്.
പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷൻ അംഗമായ സെബാസ്റ്റ്യൻ സ്വന്തം ലെറ്റർ പാഡിൽ നിയമിക്കേണ്ടവരുടെ പട്ടിക നൽകുകയും ചെയ്‌തു. പമ്പിലെ ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ട് പകരം യുഡിഎഫ് നേതാവ് നിർദേശിക്കുന്നവരെ നിയമിക്കാനായിരുന്നു സമ്മർദം. സിവിൽ സപ്ലൈസ് ഡിപ്പോ മാനേജർ സമ്മർദത്തിനുവഴങ്ങി രണ്ടുപേർക്ക് നിയമനം നൽകുകയും ചെയ്‌തു. ജില്ലയിലെ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്‌റ്റോറുകളിലും നിലവിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. പകരം കേരള കോൺഗ്രസ് ജേക്കബ്, കോൺഗ്രസ് നേതാക്കൾ നിർദേശിക്കുന്നവർക്കാണ് നിയമനം നൽകുന്നത്. പണം വാങ്ങിയാണ് ഭൂരിഭാഗം നിയമനമെന്നാണ് ആരോപണം.









0 comments