എട്ട് ജീവനുകൾ പൊലിഞ്ഞതിന് പിന്നാലെ ദേശീയപാതകളിൽ അടിയന്തര പരിശോധനയ്ക്ക് നിർദേശം

തൃശൂർ: കയ്പമംഗലത്തെ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി.
എൻഎച്ച്എഐ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുക. ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
എട്ട് ജീവനുകൾ പൊലിഞ്ഞതിന് ശേഷമാണ് ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളും മോട്ടോർ വാഹന വകുപ്പിന്റെ കൃത്യമായ പരിശോധനകൾ ഇല്ലാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
ദേശീയപാതയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നുവെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം. എന്നാൽ, അപകടസമയത്ത് റോഡിൽ മതിയായ വെളിച്ചമില്ലായിരുന്നെന്നും മുന്നറിയിപ്പ് ബോർഡ് മറച്ച നിലയിൽ റോഡിന്റെ മധ്യഭാഗത്തായാണ് ചരക്ക് ലോറി നിർത്തിയിട്ടിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
മൂന്ന് ലോറികൾ അപകടസ്ഥലത്ത് അടുത്തടുത്തായി നിർത്തിയിട്ടിരുന്നതായും നാട്ടുകാർ പറയുന്നു. രാത്രി ഒൻപത് മണിവരെ വാഹനങ്ങൾ കടത്തിവിട്ട ശേഷം വ്യക്തമായ സുരക്ഷാ നിർദേശങ്ങളില്ലാതെ റോഡ് അടച്ചതായും ആരോപണമുണ്ട്.
അനധികൃത പാർക്കിംഗിനെതിരെ പൊലീസ്, ആർടിഒ എന്നിവർ സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കാനും ആവശ്യമായാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാനും കളക്ടർ നിർദേശം നൽകി. എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും റോഡ് സുരക്ഷാ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ എട്ട് വിദ്യാർഥികൾ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന് സമീപമാണ് നടൻ കൊല്ലം സുധി മരിച്ച വാഹനാപകടവും നടന്നത്. മതിയായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്ന വിമർശനം അന്നും ഉയർന്നിരുന്നു.









0 comments