ഗവി പാതയിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നു; ഉടൻ വാഹനമോടില്ല


സ്വന്തം ലേഖകൻ
Published on Sep 05, 2026, 08:14 PM | 1 min read
ചിറ്റാർ: ഏതുനിമിഷവും വീണ്ടും മണ്ണിടിഞ്ഞ് വീഴാവുന്ന അപകടകരമായ അവസ്ഥ നിലനിൽക്കുന്നതിനാൽ മൂഴിയാർ –ഗവി പാതയിൽ വാഹനഗതാഗതത്തിന് ഇനിയും കാലതാമസമുണ്ടാകും. ആഗസ്‌ത് ഒന്നുമുതൽ ഏഴുവരെ പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് മൂഴിയാർ പെൻസ്റ്റോക്ക് ക്രോസിങ് കഴിഞ്ഞ് ബട്ടർഫ്ലൈ വാൽവ് ഹൗസിനും ഇടയിൽ 100 മീറ്ററിലധികം ദൂരത്തിൽ മലയിടിഞ്ഞുവീണ് റോഡിൽ പതിച്ചത്.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടതിനെ തുടർന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം ഒരു മാസത്തോളമെടുത്ത് മണ്ണ് നീക്കി. എന്നാൽ റോഡിന്റെ ഇടതുഭാഗത്ത് മലമുകളിൽ 20 അടി ഉയരത്തിൽ അടർന്നുവീണ മണ്ണിന്റെ ബാക്കി ഭാഗം ഏതുനിമിഷവും റോഡിലേക്ക് വീണ്ടും പതിക്കാവുന്ന അപകടകരമായ അവസ്ഥയിലാണ്. ഇതുമൂലം ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസും വിനോദസഞ്ചാരികളുടെയും യാത്രയ്ക്ക് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തി. അതേസമയം ഇലക്‌ട്രിസിറ്റി ബോർഡിന്റെയും ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടേയും വനംവകുപ്പിന്റെയും വാഹനങ്ങളെ ഇതുവഴി കടത്തി വിടുന്നുണ്ട്.
റോഡിന്റെ ഇടതുവശത്ത് മുകൾഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണിന്റെ ആഘാതത്തിൽ റോഡിന്റെ വലതുഭാഗം 50 അടിയോളം താഴേക്ക് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് പിഡബ്ല്യുഡി എൻജിനീയറിങ് വിഭാഗം പറയുന്നു. ഓണക്കാലത്ത് സഞ്ചാരികളൊന്നും ഇതുവഴി വന്നിട്ടില്ല. മാത്രവുമല്ല നിലവിൽ ഗവി നിവാസികൾക്ക് സീതത്തോട് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലേക്ക് ഈ വഴി യാത്ര ചെയ്യാൻ കഴിയാതെ വലിയ ബുദ്ധിമുട്ടുമാണ് അനുഭവപ്പെടുന്നത്. പ്രദേശവാസികൾ വണ്ടിപ്പെരിയാർ – മുണ്ടക്കയം വഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കുമളി ഡിപ്പോയിൽനിന്നും രണ്ട് കെഎസ്ആർടിസി ബസുകൾ ഗവി പച്ചക്കാനം പ്രദേശത്തേക്ക് സർവീസ് നടത്തുന്നുണ്ട്. പച്ചക്കാനം, ഗവി മേഖലയിൽനിന്നും 40, 36 കിലോമീറ്റർ സഞ്ചരിച്ചുവേണം വണ്ടിപ്പെരിയാർ, കുമളി മേഖലയിലെത്താൻ.
കലക്ടറേറ്റിലേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശത്ത് നിലവിൽ അപകടകരമായ സ്ഥിതി നിലനിൽക്കുകയാണെന്നാണ് കണ്ടെത്തൽ.









0 comments