ചരിത്രനേട്ടവുമായി ഹർമൻപ്രീത് കൗർ: 150 ട്വന്റി20 മത്സരങ്ങളിൽ ക്യാപ്റ്റനായ ആദ്യ താരം

ഹർമൻപ്രീത് കൗർ| Photo:X
ദുബായ് : വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ടോസിനിറങ്ങിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് അപൂർവ റെക്കോഡ്. പുരുഷ-വനിതാ ക്രിക്കറ്റ് ഉൾപ്പെടെ ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ 150 മത്സരങ്ങളിൽ ക്യാപ്റ്റനായ ആദ്യ താരമെന്ന നേട്ടമാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്.
ദുബായിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിലാണ് ഹർമൻപ്രീത് ചരിത്രനേട്ടത്തിലെത്തിയത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവാണ് പട്ടികയിൽ രണ്ടാമത്. 121 വനിതാ ട്വന്റി20 മത്സരങ്ങളിലാണ് അത്തപ്പത്ത് ശ്രീലങ്കയെ നയിച്ചത്. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് 100 ട്വന്റി 20 മത്സരങ്ങളിൽ ടീമിനെ നയിച്ച മൂന്നാമത്തെ താരമാണ്.
പുരുഷ ക്രിക്കറ്റിൽ ഇതുവരെ ഒരു താരവും100 ട്വന്റി20 മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടില്ല. നമീബിയയുടെ ഗെർഹാർഡ് എറാസ്മസാണ് പുരുഷ താരങ്ങളിൽ ഏറ്റവും കൂടുതൽ ട്വന്റി20 മത്സരങ്ങളിൽ ക്യാപ്റ്റനായത്. 91 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്.
149 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യ 86 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും ഹർമൻപ്രീതിന്റെ പേരിലാണ്. ക്യാപ്റ്റനായ നിലയിൽ 3301 റൺസാണ് താരം നേടിയിട്ടുള്ളത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് താരം.
2016ലാണ് ഹർമൻപ്രീത് ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനാകുന്നത്. 2022ൽ മിതാലി രാജിൽനിന്ന് മൂന്ന് ഫോർമാറ്റുകളിലെയും ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു.
ടോസ് നേടിയ പാകിസ്ഥാൻ തെരഞ്ഞെടുത്തു. ഏഷ്യാ കപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ മത്സരം ജയിച്ച പാകിസ്ഥാന് രണ്ട് പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ പാകിസ്ഥാന് സെമിഫൈനൽ ഉറപ്പിക്കാം.









0 comments