ad
Deshabhimani

ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന കേസ്; സിയയുടെ കാമുകന്റെ സുഹൃത്തും അറസ്റ്റിൽ

KETAN AGARWAL SIYA MURDER

കേതൻ അഗർവാള്‍, സിയ ഗോയല്‍, റിതേഷ് ഹിംഗെ

വെബ് ഡെസ്ക്

Published on Sep 05, 2026, 08:32 PM | 2 min read

പുണെ: ലോഹഗഡ് കോട്ടയിൽ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെ അറസ്റ്റ്. കേസിലെ മുഖ്യപ്രതി ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹിംഗെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


കേതനെ ആദ്യം കൈകാലുകൾ തകർത്ത് പരിക്കേൽപ്പിക്കാനും പിന്നീട് ഇല്ലാതാക്കാനുമുള്ള പദ്ധതിയെക്കുറിച്ച് റിതേഷിന് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂൺ 18ന് ലോഹഗഡ് കോട്ടയിലെ കൊലപാതകത്തിന് പിന്നാലെ ചേതൻ റിതേഷിനെ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് റിതേഷിനെ കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.


പ്രതിശ്രുതവധു സിയ ഗോയലിനൊപ്പം ട്രക്കിങ്ങിന് പോയ കേതൻ അഗർവാൾ ജൂൺ 18നാണ് ലോഹഗഡ് കോട്ടയിൽനിന്ന് താഴേക്ക് വീണ് മരിച്ചത്. ആദ്യം അപകടമെന്നായിരുന്നു കരുതിയത്. പിന്നീട് കുടുംബത്തിന്റെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന പൊലീസ് കണ്ടെത്തൽ പുറത്തുവന്നത്.


ഇരുവരെയും ജൂൺ 23ന് അറസ്റ്റ് ചെയ്തിരുന്നു. സിയയും ചേതനും തമ്മിലുള്ള ബന്ധത്തിന് കേതൻ തടസ്സമായതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കേസ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിനിടെയാണ് റിതേഷിന്റെ പങ്ക് കണ്ടെത്തിയത്.


സിയയും ചേതനും തമ്മിലുള്ള ബന്ധം മൂന്ന് വർഷത്തോളമായി തുടരുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഇരുവരും രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായും ആകെ 238 മണിക്കൂറോളം സംഭാഷണം നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഫേസ്‌ടൈം, വാട്‌സ്ആപ്പ് സംഭാഷണങ്ങൾ ഇതിന് പുറമേയായിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലവും ഇരുവരുടെയും ബന്ധവും ഉറപ്പിക്കുന്ന നിർണായക ഡിജിറ്റൽ തെളിവുകളായാണ് പൊലീസ് ഇവയെ കാണുന്നത്.


കേതനും സിയയും ജൂൺ ആറിന് ബാലിയിലേക്ക് പ്രീ-വെഡിങ് ഫോട്ടോഷൂട്ടിനായി പോകാനിരുന്നതും അന്വേഷണത്തിൽ ശ്രദ്ധേയമായി. മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കേതന്റെ പാസ്പോർട്ട് മാത്രം കാണാനില്ലെന്ന് മനസ്സിലായത്. യാത്രയ്ക്കിടെ ഒരു ഫുഡ് മാളിൽ വാഹനം നിർത്തിയപ്പോൾ ഫോൺ എടുക്കാനെന്ന പേരിൽ സിയ കാറിലേക്ക് തിരികെ പോയിരുന്നുവെന്ന് കേതന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. പാസ്പോർട്ട് മനപ്പൂർവം മാറ്റിയതാകാമെന്ന സംശയവും കുടുംബം ഉന്നയിച്ചു. ഈ സംഭവത്തിന് 12 ദിവസത്തിന് ശേഷമാണ് കേതൻ ലോഹഗഡ് കോട്ടയിൽ മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home