പൊലീസ് പൂട്ടാൻ മറന്ന ലോക്കപ്പിൽനിന്ന് ചാടിയ പ്രതി പിടിയിൽ

കുണ്ടറ: പൊലീസുകാർ ലോക്കപ്പ് പൂട്ടാൻ മറന്നതിനെത്തുടർന്ന് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. എഴുകോൺ കാരുവേലിൽ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് പിടിയിലായത്. മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇയാളെ ലോക്കപ്പിൽ അടച്ചിരുന്നു. എന്നാൽ ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഇതേത്തുടർന്ന് ബുധൻ പുലർച്ചെയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി വ്യാപകമായ തെരച്ചിൽ നടത്തിവരവേ ശനി പതിനൊന്നോടെ കരിക്കോട് സാരഥി ജംക്ഷന് സമീപത്തുനിന്നാണ് പിടിയിലായത്.
പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുതറിയോടാൻ ശ്രമിക്കുകയും പൊലീസുമായി ബലപ്രയോഗം നടത്തുകയും ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കുണ്ടറ എസ്എച്ച്ഒ സുനുകുമാർ, എസ്ഐ ആർ രാഹുൽ, എഎസ്ഐ ഷിന്റെ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ തുടങ്ങി മനുഷ്യസാന്നിധ്യമില്ലാത്ത ഇടങ്ങളാണ് ഇയാൾ മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. മോഷണ വസ്തുക്കൾ ആക്രിക്കടകളിലും മറ്റുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനായി ചെലവഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments