വിദ്യാർഥികൾക്കെതിരായ എബിവിപി അതിക്രമം; എസ്എഫ്ഐ വാർത്താസമ്മേളനം നാളെ

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാ വിദ്യാർഥികൾക്കെതിരെ എബിവിപി പ്രവർത്തകരുടെ അതിക്രമം വർധിച്ചുവരുന്നതായി എസ്എഫ്ഐ ഡൽഹി. എബിവിപി അതിക്രമങ്ങൾ പുറത്തുകൊണ്ടുവരാൻ എസ്എഫ്ഐ ഡൽഹി സെപ്തംബർ 6ന് വൈകിട്ട് മൂന്നിന് വാർത്താസമ്മേളനം നടത്തും. ന്യൂഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലായിരിക്കും വാർത്താസമ്മേളനം.
എബിവിപിയുടെ ഉപദ്രവം നേരിട്ട വനിതാ വിദ്യാർഥികൾ തന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തി അനുഭവങ്ങൾ വിശദീകരിക്കും. പിജിഡിഎവി കോളേജിൽ എബിവിപിയുടെ ആക്രമണം നേരിട്ട നാദിയ, കിരോരി മാൽ കോളേജിൽ ആക്രമിക്കപ്പെട്ട ഡൽഹി സർവകലാശാല ഐസിസി പ്രതിനിധി അനന്യ, അറബിന്ദോ കോളേജിൽ ആക്രമിക്കപ്പെട്ട മുൻ ഐസിസി പ്രതിനിധി മെഹിന, ശ്യാംലാൽ കോളേജിൽ ആക്രമണം നേരിട്ട സിമ്രൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സർവകലാശാലയിലെ അഞ്ചിലധികം കോളേജുകളിൽ വനിതാ വിദ്യാർഥികൾ എബിവിപിയുടെ ഉപദ്രവത്തിന് ഇരയായതായി എസ്എഫ്ഐ അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലം സർവകലാശാലയിലെ വനിതാ വിദ്യാർഥികൾക്ക് ഭയവും അസുരക്ഷയും നിറഞ്ഞ സാഹചര്യമായി മാറിയിരിക്കുകയാണ്. ക്യാമ്പസുകളിൽ അക്രമവും ഭീഷണിയും ഉപയോഗിച്ച് അടിച്ചമർത്താനാണ് എബിവിപി ശ്രമിക്കുന്നത്.










0 comments