കച്ചവടം വേറെ ലെവൽ

‘വാണിജ്യതലസ്ഥാനമായ ജില്ലയുടെ പ്രൗഢിയുടെ പ്രതീകമാണ് എറണാകുളം പുതിയ മാർക്കറ്റ് സമുച്ചയം. ജില്ലയുടെ വാണിജ്യ, വ്യാപാര പെരുമയ്‌ക്ക് ചേരുംവിധമാണ് എൽഡിഎഫ് ഭരണസമിതി നേതൃത്വത്തിൽ സമുച്ചയം നിർമിച്ചത്. തുരുത്തി ഇരട്ടഭവനസമുച്ചയം, കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം, ഷീലോഡ്‌ജ് ഉൾപ്പെടെയുള്ള ഭരണസമിതിയുടെ അഭിമാനാർഹമായ നേട്ടങ്ങളിലൊന്നാണ് ഉപഭോക്താക്കളും കച്ചവടക്കാരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞ സമുച്ചയം.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നാലുനിലകളിലായാണ് സമുച്ചയം. 72 കോടി രൂപയാണ് നിർമാണച്ചെലവ്. ആകെ 275 കടമുറികൾ. ഇതിൽ 130 പച്ചക്കറിക്കടകളും 52 സ്റ്റേഷനറിക്കടയും 28 ഇറച്ചി–മീൻ വിൽപ്പനശാലകളുമാണ്. നേന്ത്രക്കായ ഉൾപ്പെടെയുള്ളവയുടെ കച്ചവടത്തിന് 34 കടകൾ, ഏഴു പഴക്കടകൾ, മുട്ട വിൽപ്പനയ്ക്കായി മൂന്നു കടകളും. ഗ്രൗണ്ട് ഫ്ലോറിൽമാത്രം 183 കടകളുണ്ട്. ഭാവിയിൽ രണ്ടും മൂന്നും നിലകളിൽ കൂടുതൽ കടകൾ നിർമിക്കാനുള്ള സൗകര്യം. ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവും. 17 പേരെ ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റുകളും 2.5 ടൺശേഷിയുള്ള രണ്ടു ചരക്ക് ലിഫ്റ്റുമുണ്ട്. മുകൾനിലകളിലുള്ള വാണിജ്യ ഏരിയക്കായി പ്രത്യേകം ലിഫ്‌റ്റും സ്ഥാപിച്ചിട്ടുണ്ട്.
ഊർജാവശ്യങ്ങൾ നിറവേറ്റാൻ 40 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകളുണ്ട്. 82 ശുചിമുറികളാണുള്ളത്. ദ്രവമാലിന്യ സംസ്കരണത്തിന് 100 കെഎൽഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജൈവമാലിന്യങ്ങൾ വളമാക്കിമാറ്റാനുള്ള ഖരമാലിന്യ സംസ്കരണ സംവിധാനം എന്നിവയും സജ്ജമാക്കി. ബേസ്‌മെന്റിലും ഗ്രൗണ്ടിലുമായി 101 പാർക്കിങ് ഇടങ്ങളുമുണ്ട്. മൾട്ടിലെവൽ കാർ പാർക്കിങ് സമുച്ചയവും ഉടനാകും. 120 കാറുകളും 100 ബൈക്കും പാർക്ക് ചെയ്യാൻ കഴിയുന്നതാകുമിത്. 24.65 കോടി രൂപ മുടക്കിയാണ് നിർമാണം.








0 comments