അക്ഷരനഗരി ഒരുങ്ങി;
ക‍ൗമാര സർഗോത്സവത്തിന്‌

skool kalolsavam

റവന്യൂ ജില്ലാ കലോത്സവത്തിന് മുന്നോടിയായി കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്‌എസ്എസിലെ വിദ്യാർഥികൾ 
അവസാനവട്ട നാടകപരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Nov 24, 2025, 01:52 AM | 1 min read

കോട്ടയം പ്രതിഭകളുടെ സംഗമവേദിയായ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ‘ആൽഫാബീറ്റ്‌സ്‌’ന്‌ ചൊവ്വാഴ്ച അക്ഷരനഗരിയിൽ കൊടിയേറും. കലയുടെ പുതിയ ചരിത്രമെഴുതാൻ വേദികൾ ഒരുങ്ങിക്കഴിഞ്ഞു. നഗരം ഇനി കലയുടെ ലഹരിയിൽ ആറാടും. കൗമാര കലാപ്രതിഭകളുടെ സർഗാത്മക വാസനകൾ മാറ്റുരയ്‌ക്കുന്ന കലോത്സവം 28വരെ കോട്ടയം നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായാണ്‌ നടക്കുക. ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നുള്ള ആറായിരത്തിലധികം വിദ്യാർഥികൾ നാല്‌ ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ പങ്കെടുക്കും. തുടർച്ചയായി 23 വർഷം കിരീടത്തിൽ മുത്തമിട്ട ളാക്കാട്ടൂർ എംജിഎം എൻഎസ്‌എസ്‌ എച്ച്‌എസ്‌എസാണ്‌ ഇത്തവണയും കലോത്സവത്തിലെ ശ്രദ്ധാകേന്ദ്രം. പോയിന്റുകളുടെ വ്യത്യാസത്തിൽ കഴിഞ്ഞതവണ കിരീടം നഷ്‌ടപ്പെട്ട ഇ‍ൗരാറ്റുപേട്ട മുസ്ലീം ഗേൾസ്‌ എച്ച്‌എസ്‌എസും കോട്ടയം മ‍ൗണ്ട്‌ കാർമൽ എച്ച്‌എസ്‌എസും കൂടുതൽ കരുത്തോടെ എത്തുമ്പോൾ പോരാട്ടം കടുക്കുമെന്ന്‌ ഉറപ്പ്‌. കോട്ടയം എംഡി എസ്‌എച്ച്‌എസ്‌എസാണ്‌ പ്രധാനവേദി. മ‍ൗണ്ട്‌ കാർമൽ എച്ച്‌എസ്‌എസ്‌, സെന്റ്‌ ആൻസ്‌ ജിഎച്ച്‌എസ്‌എസ്‌, വിദ്യാദിരാജ ഹൈസ്‌കൂൾ, എംഡി എൽപി സ്‌കൂൾ, എംടി എൽപി സ്‌കൂൾ, സെന്റ്‌ ജോസഫ്‌സ്‌ ജിഎച്ച്‌എസ്‌എസ്‌, എംടിഎസ്‌ എച്ച്‌എസ്‌എസ്‌, ഹോളി ഫാമിലി എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ വേദികൾ. ചൊവ്വാ വൈകിട്ട്‌ നാലിന്‌ കലക്ടർ ചേതൻകുമാർ മീണ കലോത്സവം ഉദ്‌ഘാടനംചെയ്യും. ഇനി കാത്തിരിക്കാം, കൗമാരങ്ങളുടെ സർഗവസന്തങ്ങൾ ആസ്വദിച്ച്‌ കണ്ണിമ ചിമ്മാതെ കൂട്ടിരിക്കാൻ.



deshabhimani section

Related News

View More
0 comments
Sort by

Home