വ്യാപകം; യുഡിഎഫ്–ബിജെപി ഡീൽ

കോട്ടയം പരാജയം മുന്നിൽ കണ്ട് ജില്ലയിലെങ്ങും വ്യാപകമായി രഹസ്യ ഡീലുണ്ടാക്കി ബിജെപിയും യുഡിഎഫും. പരസ്‌പര സഹകരണ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇവർ സ്ഥാനാർഥിനിർണയം നടത്തിയത്. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഭയന്ന കോൺഗ്രസ്, കേരള കോൺഗ്രസ്(ജോസഫ് വിഭാഗം) പാർടികളുടെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ബിജെപിയുമായി അവിശുദ്ധബന്ധം ആരംഭിച്ചത്. പാമ്പാടി പഞ്ചായത്ത് ഒമ്പതാംവാർഡിൽ അയോഗ്യയായ സ്ഥാനാർഥിയെക്കൊണ്ട് കോൺഗ്രസ് പത്രിക കൊടുപ്പിച്ചത് ബിജെപിയെ സഹായിക്കാനായിരുന്നു. പത്രിക തള്ളിയതിനാൽ യുഡിഎഫിന് സ്ഥാനാർഥിയില്ലാതായി. ഇതിന് പകരമായി 13–ാം വാർഡിൽ ബിജെപിയും സ്ഥാനാർഥിയെ നിർത്താതെ കോൺഗ്രസിനെ സഹായിക്കുന്നുണ്ട്. കുമരകം പഞ്ചായത്ത് അഞ്ചാംവാർഡിൽ യുഡിഎഫിന് സ്ഥാനാർഥിയില്ല. ഇതിന് പകരമായി ആറാംവാർഡിൽ ബിജെപിയും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ആറാംവാർഡിലെ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകന്റെ ഭാര്യയാണ്. മുമ്പ് ബിജെപി ജയിച്ചിട്ടുള്ളതും കഴിഞ്ഞതവണ രണ്ടാമത് എത്തിയതുമായ വാർഡാണ് വൈക്കം നഗരസഭയിലെ മുരിയൻകുളങ്ങര. എന്നിട്ടും ഇത്തവണ ബിജെപിക്ക് അവിടെ സ്ഥാനാർഥിയില്ല. വാർഡ് 10(ഫയർസ്‌റ്റേഷൻ), 17(കായ്‌പ്പുറം) എന്നിവിടങ്ങളിലും ബിജെപിക്ക് സ്ഥാനാർഥിയില്ല. 26 വാർഡുകളുള്ള പാലാ നഗരസഭയിൽ ഏഴ് വാർഡുകളിൽ മാത്രമാണ് ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. പള്ളം ബ്ലോക്ക് അയർക്കുന്നം ഡിവിഷനിലും ബിജെപിക്ക് സ്ഥാനാർഥിയില്ല. ഭരണങ്ങാനം പഞ്ചായത്ത് 12–ാം വാർഡ് പാമ്പൂരാൻപാറയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. മുൻ ബിജെപി പ്രവർത്തകയാണ് കോൺഗ്രസ് സ്ഥാനാർഥി. കരൂർ പഞ്ചായത്തിൽ രണ്ട്, അഞ്ച്, 10, 15 വാർഡുകൾ, ഉഴവൂർ പഞ്ചായത്തിൽ അഞ്ച്, എട്ട്, വാഴൂർ പഞ്ചായത്തിൽ 17–ാം വാർഡ്, രാമപുരം മൂന്ന്, നാല്, അഞ്ച്, ഏഴ്, 11, 13, 17 വാർഡുകൾ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിയെ നിർത്താതെ ബിജെപി കോൺഗ്രസിനെ സഹായിക്കുകയാണ്.








0 comments