മുണ്ടക്കയത്തിന് മുന്നേറ്റം തുടരണം

മുണ്ടക്കയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ 14 വാർഡുകളും മുണ്ടക്കയത്തെ 23 വാർഡുകളും പാറത്തോട് പഞ്ചായത്തിലെ 10 വാർഡുകളും കോരുത്തോട് പഞ്ചായത്തിലെ എട്ട് വാർഡുകളും എരുമേലിയിലെ ഒരു വാർഡുമടക്കം 56 വാർഡുകൾ ചേരുന്ന ഡിവിഷനാണിത്. ആകെ 80,000 വോട്ടർമാർ. മുപ്പതിനായിരത്തിലധികം വീടുകൾ. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ കെ രാജേഷാണ് എൽഡിഎഫ് സ്ഥാനാർഥി. മുമ്പ് യുഡിഎഫ് 15,000ലേറെ വോട്ടിന് ജയിച്ചിരുന്ന ഡിവിഷൻ 2015ൽ എൽഡിഎഫ് പിടിച്ചെടുത്തത് രാജേഷിലൂടെയായിരുന്നു. 2020ൽ പി ആർ അനുപമയിലൂടെ സിപിഐ എം സീറ്റ് നിലനിർത്തി. ഡിവിഷൻ പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിൽ കോരുത്തോടൊഴികെ നാലും എൽഡിഎഫാണ് ഭരിക്കുന്നത്. കടുത്ത പ്രകൃതിക്ഷോഭം കൂട്ടിക്കലിനെ തകർത്തപ്പോഴെല്ലാം, പുനരുജ്ജീവനത്തിനായി കൈമെയ് മറന്ന് മുന്നിൽനിന്ന കെ രാജേഷിനെ നാടിന് മറക്കാനാകില്ല. വാർഡിന്റെ ഹൃദയമായ മുണ്ടക്കയത്താണ് താമസം. ജില്ലാ പഞ്ചായത്തംഗമായിരിക്കെ ഷീ ടോയ്‌ലെറ്റ് എന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത് രാജേഷായിരുന്നു. പിന്നീടത് എല്ലായിടത്തും നടപ്പാക്കി. 2019ലെ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങളിൽ പാലങ്ങളും റോഡും അതിവേഗം പുനർനിർമിച്ചു. കിടപ്പുരോഗി പരിചരണത്തിലും ജീവിതശൈലി രോഗനിയന്ത്രണത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. കൂട്ടിക്കൽ പ്രളയബാധിതർക്ക് സിപിഐ എം 25 വീടുകൾ വച്ചുകൊടുത്തപ്പോൾ, അതിന്റെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു. മെമ്പറായിരിക്കെ വിവിധ അക്കാദമികളുടെ സഹായത്തോടെ ക്യാമ്പുകൾ, നാടൻകലകളെ രക്ഷിക്കാൻ ഫോക്‌ലോർ അക്കാദമിയുമായി ചേർന്നുള്ള പദ്ധതികൾ, പുസ്‌തകോത്സവങ്ങൾ തുടങ്ങിയവ മുണ്ടക്കയത്ത് പുതിയ സാംസ്‌കാരിക അന്തരീക്ഷത്തിന് തുടക്കമിട്ടു. കെ രാജേഷ് വീണ്ടും ജനവിധി തേടുമ്പോൾ, 10 വർഷം എൽഡിഎഫ് നടപ്പാക്കിയ വികസനമാണ് ചർച്ചയാകുന്നത്. പി ആർ അനുപമ മെമ്പറായിരുന്ന കഴിഞ്ഞ അഞ്ച് വർഷത്തിൽ ഓപ്പൺ ജിം, 400 കുടുംബങ്ങൾക്ക് കുഴൽകിണർവഴി ജലം എത്തിക്കുന്ന ബൃഹത്തായ ജലാമൃതം പദ്ധതി, മൾട്ടിപർപ്പസ് ഓഡിറ്റോറിയം തുടങ്ങി നിരവധി പദ്ധതികൾ ഡിവിഷനിൽ നടപ്പാക്കി. ഗ്രന്ഥശാലകൾ മികവുറ്റതാക്കി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി ജീരാജാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ഇൗസ്‌റ്റ് ജില്ലാ സെക്രട്ടറി ഷീബ രാജുവാണ് എൻഡിഎ സ്ഥാനാർഥി.








0 comments