ഉൽക്കടഭീതിയുടെ സംഘരൂപം

ആർഎസ്‌എസ്–ബിജെപി നേതാക്കളും പ്രവർത്തകരും തുടർച്ചയായി സ്വയംഹത്യ ചെയ്യുന്ന വാർത്തകൾ പതിവായിരിക്കുന്നു. പുറത്തെന്നപോലെ അകത്തും ആ സംഘടന സൃഷ്ടിക്കുന്ന ഉൽക്കടഭീതിയാണ് ഇരുന്പുമറകൾ ഭേദിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നൂറാംവാർഷികം കൊണ്ടാടുകയാണല്ലോ ആർഎസ്‌എസ്. എന്നാൽ, അതിന്റെ തനിരൂപം പ്രവർത്തകരുടെ ആത്മഹത്യാക്കുറിപ്പിന്റെ രൂപത്തിൽ പുറത്തുവരുന്നു. മനുഷ്യരുടെ സംഘബലം എന്നത് സ്വയം വികസിക്കാനും മാനവകുലത്തിന്റെ പൊതുവായ ഉന്നമനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അതിനെ വർഗീയതയിലും ജീർണിച്ചിടുങ്ങിയ ഇരുട്ടറകളിലും ഹോമിക്കുന്പോൾ ചില മനുഷ്യർക്ക് താങ്ങാനാകാതെ വരുന്നു. പലരൂപത്തിൽ അത് പുറത്തുവരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത് പ്രോത്സാഹിപ്പിക്കാനും കഴിയില്ല. പക്ഷേ, എന്തുകൊണ്ട് ആർഎസ്‌എസിൽ തുടർച്ചയായി ഇത് സംഭവിക്കുന്നുവെന്നത് ചിന്തനീയമാണ്.
സംഘടനയ്ക്കും നേതാക്കൾക്കും എതിരെ കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത തിരുമല അനിലും ആനന്ദ് കെ തന്പിയും ചെറുപ്പംമുതലേ ആർഎസ്‌എസ് പ്രവർത്തകരാണ്. സംഘടനയോടുള്ള ആത്മാർഥതയെക്കുറിച്ച് സഹപ്രവർത്തകർക്കാർക്കും എതിരഭിപ്രായമില്ല. എന്നാൽ, സംഘടനാസംവിധാനം ഉണ്ടാക്കിയ കരകയറാനാകാത്ത പ്രതിസന്ധി തുറന്നുപറഞ്ഞാണ് അവർ മരണത്തിലേക്ക് സ്വയം എടുത്തുചാടിയത്. തിരുമല അനിലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉറ്റവർ നടത്തിയ പ്രതികരണവും പ്രതിഷേധവും നാട് കണ്ടതാണ്. ‘‘കൊണ്ടുപോയി കൊന്നില്ലേ’’ എന്ന് അനിലിന്റെ ഭാര്യ ചോദിച്ചത് ബിജെപിയുടെ സംസ്ഥാന–ജില്ലാ നേതാക്കളോടാണ്. തുടർന്ന് ഭാര്യയോ ബന്ധുക്കളോ സങ്കടങ്ങൾ മാധ്യമങ്ങളോട് തുറന്നുപറയാതിരിക്കാനായി ആർഎസ്‌എസ് പ്രവർത്തകർ ബന്തവസ്സ് ഏർപ്പെടുത്തി.
എന്നാൽ, എത്ര പാളിയിട്ട് വിലക്കിയാലും സത്യം പുറത്തുചാടുമെന്നാണ് ആനന്ദ് കെ തന്പിയുടെ ആത്മഹത്യാക്കുറിപ്പ് തെളിയിച്ചത്: ‘‘എനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ആർഎസ്‌എസ് പ്രവർത്തകനായതാണ്. എന്റെ മൃതദേഹം റോഡിലിട്ടാലും ആർഎസ്‌എസ്–ബിജെപി ഓ-ഫീസിൽ കൊണ്ടുവയ്ക്കരുത്, നേതാക്കളെയും കാണിക്കരുത്’’– നെഞ്ചിൽ തറയ്ക്കുന്ന വാക്കുകൾ! ആർഎസ്‌എസിന്റെ ഭീതിദ സംഘടനാരൂപത്തെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പുകൾ വിരൽചൂണ്ടുന്നത്.
അപമാനഭാരവും സമ്മർദവും സഹിക്കാനാകാതെ ഇനിയുമെത്രപേർ?
സ്വയം വിഷലിപ്ത ആശയങ്ങളുടെ വക്താക്കളാവുക. അതിന്റെ മറവിൽ മാഫിയകളും കൊള്ളക്കാരുമായും കൂട്ടുചേർന്ന് സാമൂഹ്യവിരുദ്ധസംഘമായി അധഃപതിക്കുക. അന്യമതവിദ്വേഷം ആളിക്കത്തിച്ച്, വർഗീയചേരിയുണ്ടാക്കി ഇന്ത്യയിൽ ഭരണം കൈയാളുന്ന ആർഎസ്‌എസ്–ബിജെപി നേതൃത്വം കോർപറേറ്റുകളുമായി ചങ്ങാത്തം സ്ഥാപിച്ച് നടത്തുന്ന കൊള്ളയുടെ മറ്റൊരു രൂപം.
ആർഎസ്‌എസ് പ്രവർത്തകനായ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജി ജീവനൊടുക്കുംമുമ്പ് പങ്കുവച്ച വീഡിയോയിൽ സംഘടനയുടെ ജീർണിച്ച മറ്റൊരു മുഖം ലോകത്തെ കാണിച്ചു. ‘‘ആരും ആർഎസ്‌എസുകാരാകരുത്’’ എന്നഭ്യർഥിച്ചുകൊണ്ട് പറഞ്ഞത് നേതാക്കളിൽനിന്ന് അനുഭവിക്കേണ്ടിവന്ന ലൈംഗികവൈകൃതങ്ങളെക്കുറിച്ചാണ്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട ആർഎസ്‌എസ് സംഘത്തിലുൾപ്പെട്ട പ്രകാശ് വീട്ടിൽ തൂങ്ങിമരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് ആർഎസ്‌എസും ബിജെപിയും പ്രകാശിനെ ഭീഷണിപ്പെടുത്തിയിരുന്നു, മർദിച്ചിരുന്നു. താൻ പ്രസിഡന്റായ സഹകരണ സംഘത്തിൽനിന്ന് വായ്‌പയെടുത്ത് തിരിച്ചടയ്ക്കാത്ത 90 ശതമാനം ആളുകളും സ്വന്തം പാർടിക്കാരാണെന്ന് വെളിപ്പെടുത്തിയത് ബിജെപി മുൻ സംസ്ഥാന വക്താവ് എം എസ് കുമാറാണ്.
കേരളത്തിൽ ആർക്ക് മർദനമേറ്റാലും ആത്മഹത്യ ചെയ്താലും കൊല്ലപ്പെട്ടാലും കേസെടുക്കലും കുറ്റം തെളിയിക്കലും ശിക്ഷ ഉറപ്പാക്കലും കൃത്യമായി നടക്കുന്ന സംസ്ഥാനമാണ്. ഉത്തരേന്ത്യയിൽ ഇത്തരം കണക്കെടുക്കലോ കേസോ ഇല്ലാത്തതിനാൽ ആർഎസ്‌എസ്–ബിജെപി കാര്യാലയങ്ങളിൽ നടക്കുന്നതൊന്നും വാർത്തപോലുമാകില്ല. ന്യൂനപക്ഷങ്ങളോടും എതിർ ആശയക്കാരോടും മാത്രമല്ല, സംഘടനയ്ക്കകത്തും ആക്രമണോത്സുക സമീപനമാണ് ആർഎസ്‌എസ് എടുക്കുന്നതെന്ന് വ്യക്തമാണ്.
‘സത്യമാണ് എന്റെ ദൈവം’ എന്ന് ലോകത്തോട് പറഞ്ഞ അർധനഗ്നനായ ഫക്കീറിന്റെ നെഞ്ചിലേക്ക് നിഷ്‌കരുണം നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്‌സേയും ഒരു ആർഎസ്‌എസുകാരനായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇൗ സംഘത്തോടൊപ്പം ചേരാനാകില്ലതന്നെ. ആർഎസ്‌എസിനുള്ളിൽനിന്നുതന്നെ അത്തരം ശബ്ദങ്ങൾ കേൾക്കുന്നുവെന്നത് ആശാവഹമാണ്.







0 comments