സർവകലാശാലകളുടെ 
മികവ്‌ തകർക്കാൻ നീക്കം

Sanghaparivar Agenda
വെബ് ഡെസ്ക്

Published on Jul 09, 2025, 12:05 AM | 3 min read


സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും അക്കാദമിക്‌ നിലവാരവും തകർക്കാൻ ആസൂത്രിത ശ്രമമാണ്‌ ഗവർണറെ ഉപയോഗിച്ച്‌ ഏറെക്കാലമായി സംഘപരിവാർ നടത്തുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ കേരള സർവകലാശാലയിൽ താൽക്കാലിക വിസിയുടെ ഇടപെടലും അനുബന്ധപ്രതിസന്ധികളും. തന്നിൽ നിക്ഷിപ്‌തമായ ചുമതലകൾ നിർവഹിക്കാതെ ഗവർണറുടെയും സംഘപരിവാറിന്റെയും ചട്ടുകമായി പ്രവർത്തിക്കുകയാണ്‌ താൽക്കാലിക വിസിയായ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം പരീക്ഷാനടത്തിപ്പും വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റ്‌ ഒപ്പിട്ടു നൽകുന്നതുമടക്കം ഭാരിച്ച ഉത്തരവാദിത്വമുള്ള രജിസ്‌ട്രാറെയാണ്‌ ഗവർണറോട്‌ അനാദരവ്‌ കാണിച്ചെന്ന വ്യാജ ആരോപണത്തിൻമേൽ താൽക്കാലിക വിസി സസ്‌പെൻഡ്‌ ചെയ്‌തത്‌.


മതനിരപേക്ഷതയ്‌ക്ക്‌ ഭംഗം വരാത്ത വിധമാകണം സർവകലാശാലയും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടതെന്ന്‌ സർവകലാശാല ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. സർവകലാശാലയുടെ ഭാഗമായ സെനറ്റ്‌ ഹാൾ മതപരമായ ചടങ്ങുകൾക്ക്‌ വിട്ടുനൽകരുത്‌, മതപരമായ ചിഹ്നം സ്‌റ്റേജിൽ പ്രദർശിപ്പിക്കരുത്‌ തുടങ്ങിയ നിബന്ധനകളോടെയാണ്‌ മറ്റ്‌ പരിപാടികൾക്ക്‌ അനുവദിക്കുന്നത്‌.


എന്നാൽ, അതിനു വിരുദ്ധമായി ഗവർണർ പങ്കെടുത്ത ഒരു പരിപാടിയിൽ ആർഎസ്‌എസ്‌ വേദികളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചു. അതിനാലാണ് ചടങ്ങ് റദ്ദാക്കാൻ രജിസ്‌ട്രാർ ഡോ. കെ എസ്‌ അനിൽകുമാർ നിർദേശിച്ചത്‌. സർവകലാശാല സ്റ്റാറ്റ്യൂട്ട്‌ അവഗണിച്ചാണ്‌ ഗവർണർ ആ പരിപാടിയിൽ പങ്കെടുത്തത്‌.

സർവകലാശാല മാനദണ്ഡങ്ങളിൽ ഉറച്ചുനിന്ന്‌ കടമ നിർവഹിക്കുക മാത്രമാണ്‌ രജിസ്‌ട്രാർ ചെയ്‌തതെന്ന്‌ ചട്ടം അറിയുന്നവർക്ക്‌ മനസ്സിലാകും. തന്നിൽ നിക്ഷിപ്‌തമല്ലാത്ത അധികാരം ഉപയോഗിച്ചാണ്‌ താൽക്കാലിക വിസി സസ്‌പെൻഷൻ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. എന്നാൽ, സിൻഡിക്കറ്റ്‌ പ്രത്യേക യോഗം ചേർന്ന്‌ സസ്‌പെൻഷൻ പിൻവലിക്കുകയും ഹൈക്കോടതി അത്‌ അംഗീകരിക്കുകയും ചെയ്‌തു. യോഗം പിരിച്ചുവിട്ടശേഷമാണ്‌ സിൻഡിക്കറ്റ്‌ സസ്‌പെൻഷൻ റദ്ദാക്കിയതെന്ന്‌ വിസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.


1997ലെ കേരള സർവകലാശാല ചട്ടം അനുസരിച്ച്, വിസിയുടെയോ പ്രൊ -വൈസ് ചാൻസലറുടെയോ അഭാവത്തിൽ ഒരു മുതിർന്ന സിൻഡിക്കറ്റ് അംഗത്തിന് യോഗത്തിൽ അധ്യക്ഷത വഹിക്കാം. ഡോ. കെ എസ്‌ അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കാൻ ഭൂരിപക്ഷം സിൻഡിക്കറ്റ് അംഗങ്ങളും വോട്ട് ചെയ്തു. വിസിക്ക് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഭൂരിപക്ഷ തീരുമാനം സിൻഡിക്കറ്റ് യോഗത്തിൽ അന്തിമമായി കണക്കാക്കപ്പെടും. അതാണ്‌ ഹൈക്കോടതി അംഗീകരിച്ചത്‌. രാജ്‌ഭവന്റെ വാക്കുകേട്ട്‌ ഇല്ലാത്ത അധികാരം പ്രയോഗിക്കാനിറങ്ങിയ ഡോ. മോഹനൻ കുന്നുമ്മലിനും നിലവിലെ താൽക്കാലിക വിസിക്കും ഹൈക്കോടതി തീരുമാനം പ്രഹരമായി.


മുൻ ഗവർണർ, എസ്‌യുസിഐ–- കോൺഗ്രസ്‌ അച്ചുതണ്ടിൽ പ്രവർത്തിക്കുന്ന സേവ്‌ യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ഉപദേശമാണ്‌ സ്വീകരിച്ചതെങ്കിൽ പുതിയ ഗവർണർ സംഘപരിവാർ സ്ഥാപനങ്ങളിൽനിന്ന്‌ ജോലിക്കെടുത്തവരുടെ സഹായമാണ്‌ തേടുന്നത്‌. സംസ്ഥാനത്തെ സർവകലാശാലകളുടെ മഹിമയും ഗരിമയും മനസ്സിലാക്കാതെയാണ്‌ ഗവർണർ പ്രവർത്തിക്കുന്നത്‌. കേരളത്തിലെ സർവകലാശാലകൾക്ക്‌ നിലവാരമില്ലെന്നും വിദ്യാർഥികൾ വിദേശത്തേക്ക്‌ പറക്കുകയാണെന്നുമാണ്‌ ചിലർ പ്രചരിപ്പിക്കുന്നത്‌.


എന്നാൽ, ഇവർ കഴിഞ്ഞ വർഷം യുജിസി പുറത്തുവിട്ട കണക്കുകൾ മനഃപൂർവം മറച്ചുപിടിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല റെക്കോഡ്‌ നേട്ടത്തിലാണെന്നു പറയുന്നത്‌ ദേശീയ ഗുണനിലവാര പരിശോധനാ ഏജൻസികളാണ്‌. നാക്‌ (നാഷണൽ അസസ്‌മെന്റ്‌ അക്രെഡിറ്റേഷൻ കൗൺസിൽ), എൻഐആർഎഫ്‌ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്‌) റാങ്കിങ്ങിൽ വൻ മുന്നേറ്റമാണ്‌ നമ്മുടെ സർവകലാശാലകൾ നേടിയത്‌. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോൾ വിഭാഗത്തിൽ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ആദ്യ അമ്പതിൽ കേരള സർവകലാശാലയും ആദ്യ നൂറിൽ എംജി, എൻഐടി, കുസാറ്റ് എന്നിവയും ഇടംപിടിച്ചു.


മികച്ച നൂറ് സർവകലാശാലയിൽ കേരള, എംജി, കുസാറ്റ്, കലിക്കറ്റ് എന്നിവയുണ്ട്‌. മികച്ച നൂറ്‌ കോളേജിൽ സംസ്ഥാനത്തുനിന്ന്‌ 14 എണ്ണം. ഇതിൽ മൂന്നും സർക്കാർ മേഖലയിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവ 75 റാങ്കിനുള്ളിലാണ്‌. തുടർച്ചയായി ആറാം തവണയാണ് യൂണിവേഴ്സിറ്റി കോളേജ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ദേശീയ റാങ്കിങ്ങിൽ ഇടംനേടുന്നത്. ഈ നേട്ടം തനിയെ ഉണ്ടായതല്ല. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ്.


വിദ്യാർഥികൾ നാടുവിടുന്നെന്ന പ്രചാരണത്തിന്‌ മറുപടിയാണ്‌ സംസ്ഥാനത്തെ വിവിധ സർവകലാശാലയിൽ അപേക്ഷ നൽകിയ വിദേശ വിദ്യാർഥികളുടെ കണക്ക്‌. ഈ അധ്യയനവർഷം 81 രാജ്യത്തുനിന്ന്‌ 2620 പേരാണ്‌ കേരള സർവകലാശാലയിൽ അപേക്ഷ നൽകിയത്‌. എംജി സർവകലാശാലയിൽ 982, കുസാറ്റിൽ 1761 എന്നിങ്ങനെയാണ്‌ അപേക്ഷകരുടെ എണ്ണം. കഴിഞ്ഞ നാല് വർഷത്തിനിടെ വിദേശ വിദ്യാർഥികളുടെ അപേക്ഷയിലും പ്രവേശനത്തിലും വലിയ വർധനയാണ്‌ ഉണ്ടായത്. ഈ അപേക്ഷകളിൽ 1265 എണ്ണം ബിരുദ കോഴ്സുകളിലേക്കും 1020 എണ്ണം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും 335 എണ്ണം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുമാണ്‌.


അപേക്ഷകരിൽ ഭൂരിഭാഗവും ആഫ്രിക്ക, അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇറാഖ്, ഒമാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരും. ഇതുകൂടാതെ കൊളംബിയ, പെറു, യുഎസ്എ തുടങ്ങി 52 രാജ്യത്തുനിന്നുള്ള 205 വിദേശ വിദ്യാർഥികൾ ഐസിസിആർ സ്‌കോളർഷിപ്പുകളിലൂടെയും സ്വയം ധനസഹായത്തോടെയും സർവകലാശാലയിൽ പഠിക്കുന്നത്‌ പ്രതിപക്ഷവും സംഘപരിവാറും വിസിയും ഗവർണറും കണ്ണുതുറന്നു കാണണം.



deshabhimani section

Related News

View More
0 comments
Sort by

Home