ശബരിമല തീർഥാടകർക്ക് സുഗമദർശനം

wayanad housewife suicide
വെബ് ഡെസ്ക്

Published on Nov 22, 2025, 12:33 AM | 2 min read


​മണ്ഡലപൂജയ്‌ക്കായി നട തുറക്കുംമുന്പുതന്നെ ശബരിമലയിൽ വലിയ കുഴപ്പങ്ങളാണെന്ന്‌ വരുത്തിത്തീർക്കാൻ കേരളത്തിലെ വലതുപക്ഷ നേതാക്കളും അവർക്ക്‌ രാഷ്‌ട്രീയദിശ കാണിച്ചുകൊടുക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും കഠിനശ്രമം തുടങ്ങിയിരുന്നു. ഒരുദിവസം ഒന്നോ ഒന്നരയോ മണിക്കൂറുകൾമാത്രം നീണ്ടുനിന്ന അനിയന്ത്രിതമായ തിരക്കിനെ പർവതീകരിച്ചുകൊണ്ടായിരുന്നു ഇ‍ൗ പ്രചാരണം. ഇ‍ൗ കാനനക്ഷേത്രത്തിലേക്ക്‌ ദീർഘപാതകൾ താണ്ടിയെത്തുന്ന തീർഥാടകർക്ക്‌ സുഗമദർശനം ഒരുക്കാൻ സർക്കാരും തിരുവിതാംക‍ൂർ ദേവസ്വം ബോർഡും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ മാസങ്ങളായി കൈക്കൊണ്ട നടപടികളെല്ലാം വൃഥാവിലായെന്ന പ്രതീതി സൃഷ്‌ടിക്കുകയായിരുന്നു ഇ‍ൗ പ്രചാരണത്തിന്റെ ലക്ഷ്യം.


ശബരിമലയിൽ നിയന്ത്രിക്കാനാകാത്തവിധം തിരക്ക്‌ വർധിച്ചെന്നും ഏതു നിമിഷവും അത്യാഹിതം സംഭവിക്കുമെന്നുമുള്ള ആശങ്ക പടർത്തി തീർഥാടകരെ അകറ്റാനുള്ള ശ്രമമായാണ്‌ യഥാർഥവിശ്വാസികൾ അതിനെ കണ്ടത്‌. ശബരിമലയിൽ കാണിക്ക ഇടരുതെന്ന്‌ നിരന്തരം പറഞ്ഞുകൊണ്ടിരുന്നവരും അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽനിന്ന്‌ അദ്ദേഹത്തിന്റെ ഉറ്റതോഴൻ വാവരെ എടുത്തുമാറ്റണമെന്ന്‌ വാദിച്ചുകൊണ്ട്‌ ഇ‍ൗ തീർഥാടനകേന്ദ്രത്തിന്റെ മതനിരപേക്ഷപൈതൃകംതന്നെ തകർക്കാൻ ശ്രമിച്ചവരുമായിരുന്നു ഇ‍ൗ പ്രചാരണത്തിന്റെ മുൻപന്തിയിൽ.


ശബരിമലയിലെ ഒരുക്കങ്ങളെല്ലാം പാളിയെന്ന്‌ സമർഥിക്കാൻ ശ്രമിച്ചവരിൽ ചിലർക്കെങ്കിലും മാറ്റിപ്പറയാൻ തോന്നിയിട്ടുണ്ട്‌. സർക്കാരിനെയും ദേവസ്വം ബോർഡിനെയും പൊലീസ്‌ സംവിധാനങ്ങളെയുമൊക്കെ വിമർശിച്ച ഒരു മാധ്യമംതന്നെയാണ്‌ ഒടുവിൽ ‘മനസ്സ്‌ നിറഞ്ഞ്‌ ഭക്തർ, ദർശനം സുഗമം’ എന്ന ശ‍ീർഷകത്തിൽ വാർത്ത നൽകിയത്‌. ‘ശരംകുത്തിയിൽ സമയമെടുത്ത്‌ പ്രാർഥിക്കാൻ അവസരം, കുടിക്കാൻ ചുക്കുവെള്ളവും കഴിക്കാൻ പഴവും ബിസ്‌കറ്റും, പിടിച്ചുകയറ്റാൻ സദാ സന്നദ്ധരായ പൊലീസുകാർ സുഖദർശനം’ എന്നെഴുതിക്കൊണ്ട്‌ മുൻ വിമർശങ്ങളെ പാടേ തള്ളുന്നു ആ മാധ്യമം. പന്പയിലെത്തിയാൽ വെറും നാലരമണിക്കൂർകൊണ്ട്‌ തൊഴുതുമടങ്ങാൻ സാധിക്കുംവിധമുള്ള സജ്ജീകരണങ്ങളാണ്‌ ഇപ്പോഴുള്ളത്‌.


സ്‌പോട്ട്‌ ബുക്കിങ് 5000 ആയി ഹൈക്കോടതി കുറച്ചതോടെ തീർഥാടനം കൂടുതൽ സുഗമമായി. ദുഷ്‌ടശക്തികൾ പടച്ചുവിട്ട വാർത്തകളും റീലുകളും കണ്ട്‌ ഭയപ്പാടോടെ എത്തിയ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ, സുഗമദർശനം സാധ്യമായതിന്‌ സർക്കാരിനോടും ദേവസ്വം ബോർഡിനോടും പൊലീസ്‌ സേനയോടും സന്നദ്ധപ്രവർത്തകരോടും നന്ദി പറഞ്ഞാണ്‌ മടങ്ങുന്നത്‌. ശബരിമലയിൽ എത്താനുള്ള റോഡുകളുടെ മികവിനെക്കുറിച്ചും അവർ വാചാലരായി. ഒരാൾക്കുപോലും ദർശനം കിട്ടാതെ തിരിച്ചുപോകേണ്ടി വരുന്നില്ലെന്ന്‌ ഉറപ്പാക്കാൻ കഴിയുന്നുണ്ട്‌. കൊല്ലത്തുനിന്നെത്തിയ തീർഥാടകസംഘം തിരക്ക്‌ ഭയന്ന്‌ തിരിച്ചുപോയതറിഞ്ഞ്‌ അവരെ തിരിച്ചെത്തിച്ച്‌ ദർശനം സാധ്യമാക്കി. ലക്ഷത്തിലധികംപേർ വന്നുപോകുന്ന തീർഥാടനകേന്ദ്രത്തിലാണ്‌ ഇത്രയും ഫലപ്രദമായി തിരക്ക്‌ നിയന്ത്രിക്കാൻ സാധിക്കുന്നത്‌. ഇതൊരു ചെറിയ കാര്യമല്ല.


അലഹബാദിലെ മഹാകുംഭമേളയിലും ഗുജറാത്തിലെയും തെലങ്കാനയിലെയും ക്ഷേത്രങ്ങളിലും തമിഴ്‌നടൻ വിജയ്‌യുടെ റാലിയിലും ബംഗളൂരുവിൽ ഐപിഎൽ വിജയാഘോഷത്തിനിടെയും തിക്കിലും തിരക്കിലും പെട്ട്‌ നിരവധിയാളുകൾ ദാരുണമായി മരിച്ച സംഭവം നമുക്കുമുന്നിലുണ്ട്‌. ജനങ്ങൾ കൂടുന്നിടത്ത്‌ അവിചാരിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ ചരിത്രംകൂടി കണക്കിലെടുത്തായിരുന്നു വിപുലമായ ഒരുക്കങ്ങൾ. ഒരാൾക്കുപോലും ബുദ്ധിമുട്ടുണ്ടാകാത്തവിധം 41 ദിവസത്തെ മണ്ഡല തീർഥാടനകാലം ശുഭകരമാകണമെന്നുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രതിജ്ഞാബദ്ധതയാണ്‌ ശബരിമലയിൽ പ്രതിഫലിക്കുന്നത്‌.


പമ്പയിലും സന്നിധാനത്തും തിരക്ക് വർധിക്കുമ്പോൾ നിലക്കലിൽനിന്ന് പമ്പയിലേക്കുള്ള ഭക്തജനപ്രവാഹം നിയന്ത്രിക്കാനായതും മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലെ ക്യൂ കോംപ്ലക്‌സുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കിയതും ഏറെ ഗുണം ചെയ്‌തു. ഇവിടെ വിശ്രമിക്കാനും വെള്ളം, ചുക്കുകാപ്പി, ബിസ്‌കറ്റ് എന്നിവ നൽകാനും സൗകര്യങ്ങൾ ഏർപ്പെടുത്തി. ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക് കുടിവെള്ളം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്യാൻ കൂടുതൽ ജീവനക്കാരെ വിന്യസിച്ചു. ഇതുകൊണ്ടെല്ലാംതന്നെയാണ്‌ വലിയ നടപ്പന്തലിലും സന്നിധാനത്തുമൊക്കെ തിരക്ക്‌ നിയന്ത്രിക്കാനായത്‌.


ശബരിമലയുടെ വികസനം ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ഇ‍ൗ തീർഥാടനകേന്ദ്രത്തിന്റെ ഖ്യാതി ലോകമെങ്ങും വ്യാപിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഇ‍ൗ വർഷം തീർഥാടകർ വർധിച്ചതിനുപിന്നിൽ അതും ഒരു ഘടകമാണ്‌. വിശ്വാസിസമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കൊപ്പമാണ്‌ എൽഡിഎഫ്‌ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുമെന്ന് ഇ‍ൗ മണ്ഡലകാലം തെളിയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home