കൊടും ക്രിമിനലുകൾക്ക് ആജീവനാന്തം തടവറ

കുട്ടികൾക്കും സ്‌ത്രീകൾക്കുമെതിരെ അതിക്രമം നടത്തുന്നവർ എത്ര ഉന്നതരായാലും നിയമത്തിനുമുന്പിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. നിയമസഭയ്‌ക്കകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ നയം നേരത്തേ വ്യക്തമാക്കിയതാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യഎൽഡിഎഫ് സർക്കാർ തുടക്കത്തിൽതന്നെ പെരുന്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ അറസ്‌റ്റ് ചെയ്‌ത് ഇൗ പ്രതിബദ്ധത തെളിയിച്ചു. ഡമ്മിപ്രതികളെ ഹാജരാക്കി യുഡിഎഫ് സർക്കാർ നാടകം കളിച്ചപ്പോൾ എൽഡിഎഫ് സർക്കാർ യഥാർഥ പ്രതിയെ ജയിലിൽ അടച്ചു. ഇപ്പോഴിതാ വിദ്യാർഥിനിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്‌എസ് നേതാവായ അധ്യാപകൻ കെ പത്മരാജൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മതതീവ്രവാദസംഘടനകളും പ്രതിപക്ഷവും ചില മാധ്യമങ്ങളും നുണക്കഥകളിലൂടെ സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും സിപിഐ എമ്മിനെയും പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ച പാലത്തായി കേസിലാണ് പ്രതിക്ക് കനത്ത ശിക്ഷ ലഭിച്ചത്. കേരള പൊലീസിന്റെ അന്വേഷണ മികവിനുള്ള അംഗീകാരംകൂടിയാണ് ഇൗ കേസിലെ ശിക്ഷാവിധി.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അതേ സ്‌കൂളിലെ അധ്യാപകനായ കെ പത്മരാജൻ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. 2020 മാർച്ച് 17ന് പാനൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതിനിടെ എസ്‌ഡിപിഐ, ബിജെപി, ആർഎസ്‌എസ്, യുഡിഎഫ് തുടങ്ങിയ സംഘടനകൾ ആരോപണവുമായി രംഗത്തിറങ്ങി. ബിജെപിക്കാരും ആർഎസ്‌എസുകാരും പത്മരാജനെ വിശുദ്ധനാക്കി. രാഷ്‌ട്രീയ വിദ്വേഷത്തിന്റെ ഭാഗമായി പത്മരാജനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആർഎസ്‌എസ് പ്രചരിപ്പിച്ചു. സർക്കാർ കേസ് അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തി എസ്‌ഡിപിഐക്കാർ സമരംനടത്തി. അതിനിടയിൽ യുഡിഎഫ് മുതലെടുപ്പ് നടത്തി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടും സർക്കാർവിരുദ്ധ പ്രചാരണം തുടർന്നു. നിയമസഭ–ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ എമ്മിനെതിരെ പാലത്തായി കേസ് പ്രചാരണായുധമാക്കി. എന്നാൽ, കെ പത്മരാജനെ ജീവിതകാലം മുഴുവൻ തടവിന് ശിക്ഷിച്ചതോടെ എല്ലാ കള്ളക്കഥകളും പൊട്ടി. പൊലീസിന്റെ പഴുതടച്ച ശാസ്‌ത്രീയ അന്വേഷണവും തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ നടത്തിയ വാദവുമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്.
പാലത്തായി കേസിൽ അധ്യാപകൻ ശിക്ഷിക്കപ്പെട്ടതോടെ, മതതീവ്രവാദ സംഘടനകൾ സമൂഹത്തെ എത്രമാത്രമാണ് ക്രിമിനൽവൽക്കരിക്കുന്നതെന്ന് വ്യക്‌തം. സ്വന്തം ശിഷ്യയായ കൊച്ചുകുഞ്ഞിനെ മൂന്നുതവണയാണ് പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചത്. മാതാ പിതാ ഗുരു ദൈവം എന്നൊരു സങ്കൽപ്പമുണ്ട്. ‘ആർഷഭാരത സംസ്കാരം സനാതന ധർമം’എന്നൊക്കെ പറഞ്ഞുനടക്കുന്നവരാണ് ആർഎസ്‌എസുകാർ. സംഘപരിവാറിന്റെ പ്രചാരകനായ അധ്യാപകനാണ് ശിഷ്യയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചത്. അത്തരം ആശയം ഉള്ളിൽ പേറുന്നയാൾ എത്രമാത്രം സാമൂഹ്യവിരുദ്ധനും ക്രിമിനലും ആകുമെന്നതിന് തെളിവാണ് പാലത്തായി കേസും പത്മരാജൻ എന്ന അധ്യാപകനും.
കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ പൊലീസ് നടത്തിയ മികവാർന്ന അന്വേഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പാലത്തായി കേസ്.
പെരുന്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെ നിയമത്തിന് മുന്പിൽ കൊണ്ടുവന്ന് വാക്കും പ്രവൃത്തിയും ഒന്നാണെന്ന് തെളിയിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. യുവനടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. സ്‌ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനത്തിനിരയായി വിസ്‌മയ എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന് ശിക്ഷ വാങ്ങിക്കൊടുത്തു. തിരുവനന്തപുരം കേശവദാസപുരത്തും അന്പലമുക്കിലും സ്‌ത്രീകൾ കൊല്ലപ്പെട്ട കേസിൽ പ്രതികളെ അറസ്‌റ്റ് ചെയ്‌തത് ദിവസങ്ങൾക്കകമാണ്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച അഷ്‌ഫാഖ് ആലത്തെയും പിടികൂടി. ഇലന്തൂരിൽ ഇരട്ട നരബലിക്കേസും കൂടത്തായി കേസും തെളിയിച്ചത് കേരള പൊലീസിന്റെ മികവിന് ഉദാഹരണമാണ്.
എടുത്തുപറയാൻ ഇനിയുമേറെയുണ്ട്. ഏവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ക്രമസമാധാനനില തികച്ചും ഭദ്രമാണ്. സ്‌ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമെല്ലാം സുരക്ഷിതമായി കഴിയാനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് കേരളം ആത്‌മവിശ്വാസമുള്ളവരുടെ നാടായി വിളങ്ങിനിൽക്കുന്നത്. പത്മരാജനെപ്പോലുള്ള കൊടുംക്രിമിനലുകൾക്ക് കൽത്തുറുങ്കുകൾ ഉറപ്പാക്കുന്പോൾ സാധാരണമനുഷ്യർക്ക് ആധികളൊഴിഞ്ഞ് ജീവിക്കാം.








0 comments