ആർഎസ്‌എസ് ശാഖയല്ല രാജ്‌ഭവൻ

‘നമ്മുടെ ഇന്ത്യ ഒരു സമുദായവും അന്യമല്ലാത്ത വിധം എല്ലാ സമുദായങ്ങളുടെയും മാതാവായിരിക്കട്ടെ’ എന്ന വചനം സങ്കുചിത ദേശീയവാദത്തെ വെല്ലുവിളിച്ച മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ സാർവദേശീയ ബോധത്തിന്റെ ഔന്നത്യമാണ് വെളിവാക്കിയത്. 1909ലെ ഒരു പ്രഭാഷണത്തിൽ ടാഗോർ പറഞ്ഞ ഇക്കാര്യം 2025ന്റെ പകുതി പിന്നിടുമ്പോഴും പ്രസക്തമാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ ഈ രാജ്യത്തിന് ഇനിയും രാഷ്‌ട്രീയമായ പക്വത വന്നിട്ടില്ല എന്നാണർഥം. ഭരണഘടനയല്ല മനുസ്‌മൃതിയാണ് തങ്ങളെ നയിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നവർ ഭരിക്കുന്ന ഈ രാജ്യം കൂടുതൽ അപരിഷ്‌കൃതമായ പ്രവണതകളിലേക്ക് നയിക്കപ്പെടുകയാണ്.
ബിജെപിയെ എതിർക്കുന്ന പാർടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത് അയക്കുന്ന ഗവർണർമാരുടെ ധിക്കാരവും ഭരണഘടനാ ലംഘനങ്ങളും പുതിയ വാർത്തയല്ല. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ തെരുവിലിറങ്ങി വെല്ലുവിളിക്കാനും പുലഭ്യം പറയാനും ദൈനംദിന വാർത്താസമ്മേളനങ്ങളിലൂടെ ഏറ്റുമുട്ടാനും തയ്യാറായ ആരിഫ് മൊഹമ്മദ് ഖാനുശേഷം നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻഗാമിയേക്കാൾ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഭരണഘടനയെ പരസ്യമായി വെല്ലുവിളിച്ച് ആർഎസ്‌എസ് പ്രത്യയശാസ്‌ത്രം പ്രകടമായിത്തന്നെ പ്രചരിപ്പിക്കാൻ രാജ്‌ഭവനെത്തന്നെ വേദിയാക്കുകയാണ് ഗവർണർ. ഭരണഘടനാ പദവിയെ നഗ്‌നമായ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ ഭരണഘടനാവിരുദ്ധമെന്നല്ലാതെ മറ്റെന്ത് പറയും.
രാജ്‌ഭവനും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയിൽ കാവിക്കൊടി പിടിച്ചുനിൽക്കുന്ന ഒരു സ്‌ത്രീയുടെ ചിത്രത്തിൽ ‘ഭാരതാംബയ്‌ക്ക് പുഷ്‌പവൃഷ്‌ടി’ എന്ന ചടങ്ങ് തിരുകിക്കയറ്റിയതാണ് പുതിയ വിവാദം. അത് നടക്കില്ലെന്ന് പ്രഖ്യാപിച്ച് ധീരമായി വേദിവിട്ടിറങ്ങിപ്പോന്നു ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
‘‘ഭരണഘടനയാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്‌ട്രസങ്കൽപ്പവും അതിനു മീതെയല്ല,’’ ചടങ്ങ് ബഹിഷ്‌കരിച്ചശേഷം മന്ത്രി ശിവൻകുട്ടി പറഞ്ഞ ഈ വാക്കുകൾതന്നെയാണ് ഈ നാട്ടിലെ എല്ലാ ജനാധിപത്യവിശ്വാസികൾക്കും രാജ്യസ്‌നേഹികൾക്കും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനോട് പറയാനുള്ളത്. ഭരണഘടന എന്നു കേൾക്കുമ്പോൾ കുരിശു കണ്ട ചെകുത്താനെപ്പോലെ വിറളി പിടിക്കുന്ന ആർഎസ്‌എസുകാർക്ക് ഇതിലും ഉചിതമായ മറുപടിയില്ല.
ഭഗവധ്വജം (കാവിക്കൊടി) കൈയിലേന്തി ഒരു സിംഹത്തെ ചാരി ഇന്ത്യൻ റിപ്പബ്ലിക്കിന്റേതല്ലാത്ത ഭൂപടത്തിലെ പശ്‌ചാത്തലത്തിൽ നിൽക്കുന്ന സ്‌ത്രീരൂപം എങ്ങനെയാണ് ഭാരതാംബയാകുന്നതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ. ആർഎസ്‌എസ് ശാഖകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണത്. രാജ്‌ഭവൻ ആർഎസ്‌എസ് ശാഖയല്ലെന്ന് ആർലേക്കറും രാജ്‌ഭവനിലെ അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. ഇന്ത്യൻ ഭരണഘടനയെയോ ദേശീയപതാകയെയോപോലും അംഗീകരിക്കാത്ത ആർഎസ്‌എസ് മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രസങ്കൽപ്പത്തെ അംഗീകരിക്കാൻ തൽക്കാലം ഈ നാട്ടിലെ മതനിരപേക്ഷവാദികൾക്ക് സൗകര്യമില്ല എന്നുതന്നെയാണ് മന്ത്രി ശിവൻകുട്ടിയുടെ വാക്കുകളുടെ പൊരുൾ. മിത്തുകളിലും പുരാണങ്ങളിലും അധിഷ്‌ഠിതമായ, ചാതുർവർണ്യവ്യവസ്ഥയെ ആശ്ലേഷിക്കുന്ന, അന്യമതവിദ്വേഷത്തിൽ കാലുറപ്പിച്ച സംഘപരിവാറിന്റെ ആശയസമുച്ചയത്തെ അംഗീകരിക്കാൻ കേരളത്തിന് സൗകര്യമില്ല എന്നതിന്റെ പ്രഖ്യാപനമാണ് മന്ത്രി ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക്.
ആദ്യമല്ല കാവിക്കൊടി പിടിച്ച സ്‌ത്രീയുടെ ചിത്രം ഔദ്യോഗിക ചടങ്ങിൽ പ്രദർശിപ്പിച്ച് രാജ്‌ഭവൻ പ്രകോപനം സൃഷ്‌ടിക്കുന്നത്. പരിസ്ഥിതി ദിനാചരണത്തിൽ ഇതേ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്‌ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ബഹുസ്വര ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ പരിച്ഛേദമായ പാർലമെന്റിന്റെ ഉദ്‌ഘാടനത്തിന് ശൈവസന്യാസിമാരെ ക്ഷണിച്ചുകൊണ്ടു വന്നപ്പോൾ ആദിവാസി വിഭാഗത്തിൽപ്പെട്ട രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെപ്പോലും മാറ്റിനിർത്തിയത് മറക്കരുത്. അയോധ്യയിൽ പള്ളി തകർത്തിടത്ത് നിർമിച്ച ശ്രീരാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കണം. മതം രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയം മതത്തിലും ഇടപെടുന്നത് അസ്വാഭാവികമല്ലെന്ന ദയനീയ സ്ഥിതി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ തുടർച്ചയാണ് രാജ്‌ഭവനിലെ കാവിക്കൊടി പിടിച്ച സ്‌ത്രീ ചിത്രത്തിലുള്ള പുഷ്‌പവൃഷ്‌ടിയും. ആർഎസ്‌എസ് രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ ഹിന്ദുരാഷ്‌ട്രവൽക്കരണം തീവ്രമാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ശക്തമായ മതനിരപേക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചുവേണം ഈ അപകടത്തെ ചെറുക്കാൻ.









0 comments