മികവോടെ മുന്നോട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2025, 12:00 AM | 2 min read


ഉപരിപഠനത്തിന്റെ വിശാല സാധ്യതകളിലേക്ക്‌ വഴിതുറക്കുന്ന പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കുന്ന മാതൃകാ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും മുന്നേറ്റം പ്രതിഫലിക്കുന്നതാണ്‌ പരീക്ഷാഫലം. താഴെത്തട്ടിൽനിന്നുള്ള സിലബസ്‌ പരീക്ഷാ പരിഷ്‌കരണങ്ങളും പാഠ്യപദ്ധതിയിലെ മാറ്റങ്ങളും അടിസ്ഥാനസൗകര്യ വികസനവും അധ്യാപക പരിശീലനവുമെല്ലാം പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തി.


ഇക്കുറി 3,70,642 പേരാണ്‌ പ്ലസ്‌ടു പരീക്ഷ എഴുതിയത്‌. 2,88,394 പേർ ഉപരിപഠനത്തിന്‌ അർഹതനേടി. 77.81 ശതമാനം വിജയം. പരീക്ഷ എഴുതിയവരിലും ഉപരിപഠനത്തിന്‌ അർഹത നേടിയവരിലും പെൺകുട്ടികളാണ്‌ മുന്നിൽ. 1,90,690 പേരിൽ 1,65,234 പേരും ഉപരിപഠനാർഹരായി. വിജയശതമാനം 86.65. സർക്കാർ സ്‌കൂളുകളിൽ 73.23 ശതമാനവും എയ്‌ഡഡ്‌ മേഖലയിൽ 82.16 ശതമാനവുമാണ്‌ ഉപരിപഠന യോഗ്യർ. റെഗുലർ വിദ്യാർഥികളിൽ 46,810 പേർ എ ഗ്രേഡോ അതിനു മുകളിലോ നേടി. ഇവരിലും പെൺകുട്ടികളാണ്‌ മുന്നിൽ. വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. ടെക്‌നിക്കൽ ഹയർ സെക്കൻഡറിയിലും ആർട്ട്‌സ്‌ സ്‌കീമിലും മികച്ച വിജയമുണ്ട്‌.


രാജ്യമാകെ ശ്രദ്ധിക്കുന്ന പരിഷ്‌കരണ നടപടികളാണ്‌ വിദ്യാഭ്യാസ മേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. കേന്ദ്ര സർക്കാർ ഏജൻസിയായ നിതി ആയോഗ്‌ നിരന്തരം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചു. പുതിയ കാലത്തിനനുസരിച്ച്‌ സർക്കാർ സ്വീകരിച്ച നടപടികൾ പ്രായോഗികതലത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ ചെറുതല്ല. പുതുപുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള കർമപദ്ധതി നടപ്പാക്കി. നവകേരള കർമപദ്ധതിയുടെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയും തുടർ വിദ്യാഭ്യാസ പരിപാടിയും പൊതുവിദ്യാഭ്യാസമേഖലയെ കുതിപ്പിലേക്ക്‌ നയിച്ചു. കിഫ്‌ബിയടക്കമുള്ള പദ്ധതികളിലൂടെ 5000 കോടിയിലധികമാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌. അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. 2565 കോടി ചെലവിൽ 973 സ്കൂൾ കെട്ടിടമാണ്‌ പുതുതായി വരുന്നത്‌. ഇവയിൽ ഭൂരിഭാഗവും നിർമാണം പൂർത്തീകരിച്ചു. അമ്പതിനായിരത്തിലധികം ക്ലാസ് മുറികൾ ഹൈടെക് പഠന സൗകര്യമൊരുക്കി. ഡിജിറ്റൽ ഉപകരണങ്ങൾ, റോബോട്ടിക്സ്, ടിങ്കറിങ് ലാബുകൾ തുടങ്ങിയവയാണ്‌ പ്രത്യേകത. സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗം ക്ലാസ്‌ മുറികൾക്കാണ്‌ മുന്തിയ പരിഗണന നൽകിയത്‌. എട്ടുമുതൽ 12 വരെ ക്ലാസുകളിലെ എല്ലാ ക്ലാസ്‌ മുറികളും സാങ്കേതിക സൗഹൃദ ക്ലാസ്‌ മുറികളാക്കി മാറ്റി. സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 29,000 റോബോട്ടിക് കിറ്റും നൽകി.


നിർമിതബുദ്ധിയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം ഉറപ്പാക്കുകയാണ്‌ സർക്കാർ. വിഷയം പാഠപുസ്‌തകത്തിന്റെ ഭാഗമാക്കി. ഇക്കാര്യത്തിൽ രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി കേരളം. പൊതുവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെത്തുടർന്ന്‌ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ പുതുതായി എത്തിയത്‌ 5.27 ലക്ഷം കുട്ടികളാണ്‌. അക്കാദമിക് നിലവാരം ഉയർത്തുന്നതിന്‌ പൊതുപരീക്ഷകളിൽ വിഷയ മിനിമം മാനദണ്ഡം ഘട്ടംഘട്ടമായി നടപ്പാക്കിത്തുടങ്ങി. ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കി. അടുത്ത അധ്യയനവർഷം 5, 6, 7, 9 ക്ലാസുകളിലും നടപ്പാക്കും. എസ്‌സിഇആർടി നേതൃത്വത്തിൽ പ്രീപ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ പാഠ്യപദ്ധതി പരിഷ്‌കരണം പുരോഗമിക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള പരിഷ്‌കരണം പൂർത്തിയാക്കി പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി പരിഷ്‌കരണം അടുത്ത വർഷം നടക്കും. മെഡിക്കൽ, എൻജിനിയറിങ്‌ പ്രവേശന പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കാൻ വിദ്യാർഥികൾക്കായി കൈറ്റ്‌ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസുകളും ഇന്ററാക്ടീവ്‌ പോർട്ടലും വലിയ പ്രശംസ പിടിച്ചുപറ്റി. ഇത്‌ വിപുലീകരിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ ഉദ്ദേശിക്കുന്നു. ഹയർ സെക്കൻഡറി അധ്യാപകർക്കായി പുതിയ പരിശീലന പരിപാടി ആവിഷ്‌കരിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ വകുപ്പിന്റെയും അധ്യാപകരുടെയും പിടിഎകളുടെയും നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളും വിജയംകണ്ടു. എസ്‌എസ്‌എൽസി വിജയിക്കുന്നവർക്കെല്ലാം പ്ലസ്‌വണ്ണടക്കം ഉപരിപഠന സൗകര്യം ഉറപ്പാക്കി. ആധുനിക ലാബുകളും ജോബ് ഫെയറുകളും വിദ്യാർഥികർക്ക്‌ വിഎച്ച്‌എസ്‌ഇ കോഴ്സുകൾക്കുശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നാൽപ്പത്തിമൂവായിരത്തിലധികം നിയമനങ്ങളാണ്‌ നടത്തിയത്‌.


ഹയർ സെക്കൻഡറി ഉപരിപഠനത്തിന്‌ അർഹരായവർക്ക്‌ തുടർപഠനത്തിന്‌ വിപുലമായ സൗകര്യങ്ങളുണ്ട്‌. അഭിരുചി, ലക്ഷ്യം, തൊഴിൽസാധ്യത തുടങ്ങിയവയെല്ലാം പരിഗണിച്ചാകണം കോഴ്‌സുകൾ തെരഞ്ഞെടുക്കേണ്ടത്‌. പരീക്ഷയിൽ വിജയം നേടിയവരെ അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന്‌ അർഹത നേടാനാകാത്തവർ നിരാശരാകേണ്ട. ആത്മവിശ്വാസത്തോടെ ഉടനെയുള്ള അവസരം ഉപയോഗപ്പെടുത്തി വിജയം നേടാം.



deshabhimani section

Related News

View More
0 comments
Sort by

Home