വ്യവസായക്കുതിപ്പിന്‌ കരുത്തേകാൻ പാലക്കാട് സ്മാർട്ട്‌ സിറ്റിയും

palakkad industrial smart city
വെബ് ഡെസ്ക്

Published on Sep 26, 2025, 12:00 AM | 2 min read


​എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ അർഥപൂർണമായ സാഫല്യമാണ് കൊച്ചി-–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്ട്‌ സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്‌ ക്ലസ്റ്റർ) അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്‌. കേരളത്തിന്റെ വ്യവസായക്കുതിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാകാൻ പോവുകയാണ്‌ പാലക്കാട്‌. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്‌പി പ്രോജക്ട്‌സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്തസംരംഭത്തിനാണ് നിർമാണക്കരാർ. രാജ്യത്ത് അനുവദിച്ച 12 വ്യവസായ ഇടനാഴി സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഇത്‌ എല്ലാ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്‌. സംസ്ഥാന സർക്കാർ കിഫ്‌ബി വഴി പണം അനുവദിച്ച്‌ ആവശ്യമായ സ്ഥലം എത്രയുംവേഗം ഏറ്റെടുത്ത്‌ കൈമാറാൻ കഴിഞ്ഞു. 1316.13 കോടി രൂപയ്ക്കാണ് നിർമാണക്കരാര്‍ ഒപ്പിട്ടത്. 42 മാസത്തിനകം നിർമാണം പൂർത്തിയാക്കണം.


3600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട്ട്‌ സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടുവര്‍ഷം മുന്പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1489 കോടി രൂപ ചെലവിട്ടു. 1450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പറേഷന് കൈമാറും. ഡിസംബറില്‍ 110 ഏക്കറും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറി. കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരിപങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ്‌ (കെഐസിഡിസി) പാലക്കാട് സ്മാര്‍ട്ട്‌ സിറ്റിയുടെ വികസനം ഏകോപിപ്പിക്കുന്നത്.


ദേശീയതലത്തിലും അന്തർദേശീയതലത്തിലും കേരളത്തിലെ വ്യവസായസൗഹൃദ അന്തരീക്ഷം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ്‌ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്‌ ക്ലസ്റ്ററിന്റെ നിർമാണം ആരംഭിക്കുന്നത്‌. കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ആഗോളവ്യവസായ നിക്ഷേപക ഉച്ചകോടിയിൽ രണ്ടുലക്ഷത്തോളം കോടി രൂപയുടെ നിക്ഷേപവാഗ്‌ദാനമാണ്‌ ലഭിച്ചത്‌. ഇതിൽ 33,000 കോടി രൂപയുടെ പദ്ധതികൾക്ക്‌ തുടക്കംകുറിച്ചു. ഈ ഉച്ചകോടിക്കുശേഷം കൂടുതൽ സ്ഥാപനങ്ങൾ നിക്ഷേപവാഗ്‌ദാനവുമായി മുന്നോട്ടുവരുന്നു. യുവതലമുറയുടെ ആശയങ്ങളും ഗവേഷണഫലങ്ങളും ഉൽപ്പാദനമായി പരിവർത്തനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ലോകം ശ്രദ്ധിക്കപ്പെടുന്ന സ്റ്റാർട്ടപ് സംരംഭങ്ങൾ കേരളത്തിൽ വളരുന്നു.


ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലും മറ്റ്‌ ചെറുകിട ഐടി പാർക്കുകളിലും ലോകോത്തര വൻകിട കമ്പനികൾ പ്രവർത്തനം തുടങ്ങി. ഐബിഎം ഉൾപ്പെടെയുള്ള നിരവധി വൻകിട കന്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ലോകത്തിലെ നിരവധി കമ്പനികൾ അവരുടെ ജിസിസി ഇവിടെ സ്ഥാപിക്കാനുള്ള ചർച്ചകൾ നടത്തുന്നു.


പുതിയ ഇൻഡസ്ട്രിയൽ -ഐടി കോറിഡോറുകളും രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റവും കേരളത്തെ ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്.

പശ്ചാത്തലസൗകര്യം ഒരുക്കുന്നതിൽ എൽഡിഎഫ്‌ സർക്കാർ കാട്ടിയ ഇച്ഛാശക്തിയും വ്യവസായ വികസനത്തിനാവശ്യമായ ഭൂമിയും മറ്റ് അനുമതികളും ചുവപ്പുനാടകളില്ലാതെ വേഗത്തിൽ ലഭ്യമാക്കുന്നതും സംസ്ഥാനത്തെ സമാധാനാന്തരീക്ഷവുമാണ്‌ നിക്ഷേപകർക്ക്‌ കേരളത്തെ ആകർഷകമാക്കുന്നത്‌. വ്യക്തമായ നയപരിപാടികളിലൂടെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌ ഓരോ മേഖലയിലും സർക്കാർ മുന്നോട്ടുവച്ചത്. വ്യവസായമേഖലയിൽ വലിയതോതിൽ നിക്ഷേപം കൊണ്ടുവരണമെങ്കിൽ പശ്ചാത്തലസൗകര്യങ്ങൾ വികസിക്കണം. നിക്ഷേപസൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കണം. ദേശീയപാത വികസനം, റോഡ്, പാലങ്ങൾ, തുറമുഖം എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകിയത് ഈ കാഴ്ചപ്പാടിൽനിന്നാണ്.


വ്യവസായവകുപ്പാകട്ടെ, വ്യവസായമേഖലയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ച്‌ അവ വിശകലനം ചെയ്ത് പരിഹരിക്കാൻ കൃത്യമായ മാർഗരേഖ തയ്യാറാക്കി. സാമ്പത്തികവളർച്ചയെ സഹായിക്കുന്നതും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങൾക്ക് മുൻഗണന നൽകി. കേരളത്തിന്റെ അറിവും അനുഭവവും പ്രതിഭയും സർഗശേഷിയും സമന്വയിപ്പിച്ച് വ്യവസായവളർച്ച സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ്‌ നടപ്പാക്കിയത്‌. ഇത്‌ അഭൂതപൂർവമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ലോകത്ത്‌ രൂപപ്പെട്ടുവരുന്ന പുതിയ സാഹചര്യത്തിൽ കൂടുതൽ വ്യവസായങ്ങളെ കേരളത്തിലേക്ക്‌ ആകർഷിക്കാൻ കഴിയും. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് വ്യവസായവിപ്ലവം 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണ്‌ കേരളം.



deshabhimani section

Related News

View More
0 comments
Sort by

Home