സുരക്ഷാ വീഴ്‌ചയും കേന്ദ്രം ഗൗരവത്തോടെ കാണണം

Pahalgam Terror Attack and safety breach
വെബ് ഡെസ്ക്

Published on Apr 25, 2025, 12:00 AM | 2 min read


രാജ്യത്തെയാകെ നടുക്കിയ ഭീകരാക്രമണമാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായത്. രാജ്യം ഒറ്റക്കെട്ടായും ലോകരാഷ്ട്രങ്ങളും ശക്തമായ ഭാഷയിൽ ഇതിനെ അപലപിച്ചു. വ്യാഴാഴ്‌ച ചേർന്ന സർവകക്ഷിയോഗം ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികളെടുക്കാനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കനത്ത തിരിച്ചടി നൽകാനും കേന്ദ്രസർക്കാരിന്‌ പൂർണ പിന്തുണ ഉറപ്പുനൽകി. രാജ്യത്ത് സാധാരണ പൗരന്മാരെ ലക്ഷ്യംവച്ച് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു പഹൽഗാമിലേത്‌. ഒരു മലയാളിയടക്കം 26 സാധാരണക്കാരെയാണ് ഭീകരർ കൊന്നുതള്ളിയത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് വിദേശ ശക്തികളാൽ നിയന്ത്രിക്കുന്ന ഭീകരരാണ്‌ ഇതിനുപിന്നിൽ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ പങ്ക്‌ ഇക്കാര്യത്തിൽ തീർച്ചയായും ഉണ്ടാകും. പാക്‌ സ്വദേശികളും അവിടെ പരിശീലനം ലഭിച്ച പ്രദേശവാസിയുടെയും നേതൃത്വത്തിലാണ്‌ ആക്രമണം നടന്നതെന്ന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ തുടർച്ചയായി പാകിസ്ഥാനുമായുള്ള ഉഭയകക്ഷി–-നയതന്ത്ര ബന്ധങ്ങൾ കുറയ്‌ക്കാനും സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി ജാഗ്രതയോടെ നിലകൊള്ളാൻ സൈന്യത്തോടും നിർദേശിച്ചിട്ടുണ്ട്‌. ആഭ്യന്തരപ്രശ്‌നങ്ങളിൽ ഉഴലുന്ന പാകിസ്ഥാൻ പ്രകോപനവും യുദ്ധാന്തരീക്ഷവും സൃഷ്ടിച്ച്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ ശ്രമിക്കുന്നത്‌.


ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ എവിടെയായിരുന്നാലും കണ്ടെത്തി നിയമത്തിന് മുന്നിൽക്കൊണ്ടുവരികയും ശക്തമായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. ഒപ്പം ഇത്രയും ഭീകരമായ ആക്രമണത്തിലേക്ക് നയിക്കാനിടയായത്‌ ഗുരുതരമായ സുരക്ഷാ വീഴ്‌ചകളാണോ എന്ന്‌ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്‌. 2019 ലെ പുൽവാമ ഭീകരാക്രമണത്തിനു പിന്നിലെ ഗുരുതര സുരക്ഷാ പാളിച്ചകളെപ്പറ്റി ബിജെപി നേതാവും അന്നത്തെ ഗവർണറുമായിരുന്ന സത്യപാൽ മലിക്‌ നടത്തിയ വെളിപ്പെടുത്തൽ ഈ സാഹചര്യത്തിലും കൂട്ടിവായിക്കേണ്ടതാണ്‌. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പേ ഉണ്ടായ പുൽവാമയിലെ ഭീകരാക്രമണത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു ബിജെപി.


പഹൽഗാമിലെ ഭീകരാക്രമണത്തിലും സേനാ വിഭാഗങ്ങൾക്ക്‌ ഗുരുതര വീഴ്‌ച സംഭവിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. തീവ്രവാദ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പ്‌ സുരക്ഷാ സേനയും സർക്കാരും ഗൗരവത്തിലെടുത്തില്ലെന്നാണ്‌ ആരോപണം. കശ്മീർപോലെ ഒരിടത്ത് ജനങ്ങളുടെ ഓരോ ചലനവും സർക്കാരിന് അറിയാൻ കഴിയുന്ന ഇക്കാലത്ത് രഹസ്യാന്വേഷണ വിവരങ്ങൾ കിട്ടിയോ എന്നതും കിട്ടിയില്ലെങ്കിൽ എന്തുകൊണ്ട് എന്നതും പരിശോധിക്കേണ്ട കാര്യമാണ്. നിരവധി വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ്‌ പഹൽഗാം. ഇത്രയും ദൂരം താണ്ടി ഭീകരർ ഇവിടെയെത്തി തയ്യാറെടുപ്പ്‌ നടത്താൻ ദിവസങ്ങൾ എടുത്തിട്ടുണ്ടാകും. വനമേഖല ഉൾക്കൊള്ളുന്ന ഈ പ്രദേശത്ത്‌ ഒരുവിധ സുരക്ഷയും ഒരുക്കിയിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങളിലും ഇന്റലിജൻസ് സംവിധാനങ്ങളിലും ഉണ്ടായ പാളിച്ചയാണ്‌ ഭീകരാക്രമണത്തിന്‌ ഇടയാക്കിയത്‌. പത്ത്‌ മാസത്തിനിടയിൽ സൈന്യത്തെ ലക്ഷ്യമിട്ട്‌ നിരവധി ആക്രമണങ്ങൾ അരങ്ങേറിയിട്ടും ഫലപ്രദമായി ഇടപെടാൻ സംസ്ഥാന പൊലീസിനെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്‌ സാധിച്ചില്ല എന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌.


2014 മുതൽ രാജ്യ സുരക്ഷയെക്കുറിച്ച്‌ വാചാലനാകുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്. വെട്ടിമുറിച്ച്‌ സംസ്ഥാന പദവി എടുത്തുകളഞ്ഞ്‌ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായതോടെ തീവ്രവാദം കുറഞ്ഞ്‌ ജമ്മു കശ്‌മീർ സാധാരണ നിലയിലെത്തിയെന്നാണ്‌ മോദി–-അമിത്‌ഷാ സഖ്യം അവകാശപ്പെട്ടിരുന്നത്‌. എന്നാൽ, ഈ അവകാശവാദം പൊള്ളയാണെന്നാണ്‌ ചൊവ്വാഴ്‌ചത്തെ സംഭവം വ്യക്തമാക്കുന്നത്‌. സുരക്ഷാ വീഴ്ചയുടെ ധാർമികവും ഭരണപരവുമായ ഉത്തരവാദിത്വം മോദി സർക്കാരിനു തന്നെയാണ്. മോദി അധികാരത്തിൽ വന്നശേഷം സൈന്യത്തിന്റെയും അർധസൈനിക വിഭാഗത്തിന്റെയും ആത്മവിശ്വാസം തകർക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. അതിർത്തി സംരക്ഷിക്കുകയും ജമ്മു കശ്‌മീരിലെ ആഭ്യന്തരസുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ട ബിഎസ്‌എഫ്‌, സിആർപിഎഫ്‌ ഉൾപ്പെടെയുള്ള സേനാവിഭാഗങ്ങളെ ശക്തിപ്പെടുത്താൻ തയ്യാറായില്ല. ആധുനിക പരിശീലനം നൽകി യുദ്ധമുഖത്തേക്ക്‌ അയക്കേണ്ട കര, വ്യോമ, നാവിക സേനകളിൽ അഗ്നിവീർ എന്ന പേരിൽ കരാർ നിയമനം നടപ്പാക്കിയത്‌ സേനയുടെ ആത്മബലത്തെയാണ്‌ തകർത്തത്‌. കരസേനയിൽ മാത്രം 1,80,000 അംഗങ്ങളുടെ കുറവുണ്ട്‌. അർധസൈനിക വിഭാഗങ്ങളിലും പതിനായിരക്കണക്കിന്‌ ഒഴിവുകളുണ്ട്‌.


പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനുപകരം, ഭീകരാക്രമണത്തിന്റെ മറവിൽ വിദ്വേഷം പ്രചരിപ്പിച്ച്‌ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ കേന്ദ്രസർക്കാരും സംഘപരിവാറും ശ്രമിക്കുന്നത്‌. ആക്രമണം നടന്ന ജമ്മു കശ്‌മീർ സന്ദർശിക്കുന്നതിനുപകരം മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ബിഹാർ സന്ദർശിക്കാനാണ്‌ വ്യാഴാഴ്‌ച മോദി സമയം കണ്ടെത്തിയത്‌. ഭീകരരെ ഒറ്റപ്പെടുത്തുന്നതോടൊപ്പം കശ്‌മീർ താഴ്‌വരയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശത്തിനും സുരക്ഷയ്‌ക്കും വിശ്വാസത്തിനും പ്രാധാന്യം നൽകിയും വിഭജനരാഷ്ട്രീയം ഉപേക്ഷിച്ചും എല്ലാവരെയും ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home