പുതുതലമുറ വിദ്യാഭ്യാസത്തിലേക്ക് കേരളം

new generation education in kerala
വെബ് ഡെസ്ക്

Published on Jan 15, 2025, 12:00 AM | 2 min read


പുതിയൊരു വരേണ്യവർഗത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പ്രതിലോമകരമായ ‘പരിഷ്കരണ' ങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ്‌ കൊച്ചി സർവകലാശാലയിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്. അറിവ് അധികാരമായിരിക്കെ ബഹുഭൂരിപക്ഷം ജനങ്ങളെയും അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും അപരവിദ്വേഷത്തിലും തളച്ചിടുന്നതിനുതകുന്ന തരത്തിൽ രൂപപ്പെടുത്തിയെടുത്തതാണ്‌ ദേശീയ വിദ്യാഭ്യാസ നയം. പാഠ്യപദ്ധതി പൊളിച്ചെഴുതിയും യുജിസി നിയമങ്ങൾ ഭേദഗതി ചെയ്തും കേന്ദ്രം നടത്തുന്ന നീക്കങ്ങൾ അറിവിന്റെ കുത്തകവൽക്കരണമാണ് ലക്ഷ്യമിടുന്നത്‌. ഒരു വശത്ത് പൊതുവിദ്യാഭ്യാസത്തെ വ്യാജ നിർമിതികളും വർഗീയതയും വിഭജന രാഷ്ട്രീയവുംകൊണ്ട് മലീമസമാക്കുമ്പോൾ മറുവശത്ത് സ്വകാര്യ വരേണ്യ സർവകലാശാലകൾ അടക്കമുള്ള സമാന്തര സമ്പന്ന വിദ്യാഭ്യാസത്തിലൂടെ പുതിയ വരേണ്യവർഗത്തെ സൃഷ്ടിച്ചെടുക്കുന്നു. അറിവിനെ കുത്തകയാക്കുന്ന നീക്കങ്ങൾക്ക് തടയിടാൻ അറിവിനെ ജനാധിപത്യവൽക്കരിക്കുക മാത്രമാണ് മാർഗം.


അറിവിന്റെ പുതിയ മേഖലകളിലേക്ക് (Towards a new epistem) എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ലക്ഷ്യം വയ്ക്കുന്നത്‌ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കലും അതുവഴി അറിവിന്റെ ജനാധിപത്യവൽക്കരണവുമാണ്‌. ശാസ്ത്രപഠനം കേരളത്തിൽ അധ്യാപന ജോലിക്കുള്ള യോഗ്യതയായി പരിമിതപ്പെടുന്നുവെന്ന പരാതി പണ്ടേയുള്ളതാണ്.


ശാസ്ത്രത്തിന്റെ അനന്ത വിഹായസ്സിലേക്ക് വിദ്യാർഥികൾ ആകർഷിക്കപ്പെടണമെങ്കിൽ അതിന്റെ മാനവികവും പ്രയോജനപരവുമായ മൂല്യം അവർക്ക് പരിചയമാകേണ്ടതുണ്ട്. അതു ലക്ഷ്യമാക്കിയാണ് രണ്ടു ദിവസത്തെ സെഷനുകളും സെമിനാറുകളും പ്രഭാഷണങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗവേഷണ സൗകര്യം ശാസ്ത്ര വിദ്യാർഥികൾക്ക് അവരുടെ വിജ്ഞാനദാഹത്തെ ശമിപ്പിക്കാൻ അനിവാര്യമാണ്. ശാസ്ത്ര കുതുകികളായ പ്രതിഭകൾ ഗവേഷണസൗകര്യം തേടി വിദേശത്തേക്ക് ചേക്കേറുക പതിവാണ്. അതുകൊണ്ടുതന്നെ ഗവേഷണ മികവ് വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് കോൺക്ലേവ് പരമപ്രാധാന്യം നൽകിയിട്ടുണ്ട്.


കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും ബോധപൂർവം നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ വഴിതെറ്റി കുറേ പേരെങ്കിലും ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി നാടുവിടുന്നുണ്ട്. മാധ്യമങ്ങൾ അതിനെ വലിയൊരു സാമൂഹിക വിപത്തായി പർവതീകരിക്കുന്നുമുണ്ട്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാണെന്ന ബോധ്യം അതിനാൽ പൊതു സമൂഹത്തിൽ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ആഗോള ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള ആദ്യപടിയായി ഈ കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത് അതിനാലാണ്. മാത്രമല്ല, വിദേശ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനുള്ള മാർഗങ്ങൾ കോൺക്ലേവ് ആരായുന്നുമുണ്ട്. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതംകൂടി ആകേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകളും അതിനാൽ കോൺക്ലേവിന്റെ ഭാഗമാണ്.


പുതുതലമുറ വിദ്യാഭ്യാസം ( next generation education) ലക്ഷ്യം വച്ച് ഗവേഷണം, പാഠ്യപദ്ധതി രൂപവൽക്കരണം, അന്താരാഷ്ട്ര സഹകരണം, വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെ സംയോജനം, ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക ചെലവിന്റെ വിശകലനം എന്നീ വിഷയങ്ങളിൽ നടക്കുന്ന വിദഗ്ധ ചർച്ചകൾ പ്രായോഗികതലത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് അത് പുതിയൊരു വഴിത്തിരിവാകും.


വേദങ്ങളിലും വൈദിക കർമങ്ങളിലുമുള്ള അറിവിന്റെ പേരിലാണ് ജാതി ബ്രാഹ്മണ്യം മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്കുമേൽ അധീശത്വം സ്ഥാപിച്ചത്. വേദേതിഹാസങ്ങളിലും പുരാണങ്ങളിലും വിദ്യാഭ്യാസത്തെ കൊണ്ടുചെന്നു കെട്ടി മഹാഭൂരിപക്ഷത്തെ അടിമകളാക്കാനുള്ള ശ്രമമാണ് രാജ്യത്ത്‌ ഇന്ന്‌ നടത്തുന്നത്. ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല ശാസ്ത്രത്തെ സങ്കുചിത ദേശീയവാദത്തിന്റെ തൊഴുത്തിൽ കെട്ടാനും ശ്രമിക്കുന്നു. വേദഗണിതവും മറ്റും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. എല്ലാം മുന്നേ ഭാരതീയർ കണ്ടുപിടിച്ചിരുന്നെന്ന വായ്ത്താരി ഊതി വീർപ്പിച്ച പാരമ്പര്യപെരുമയിൽ മയങ്ങിക്കിടക്കാനും അടിമത്തത്തെ സ്വയമറിയാതെ സ്വീകരിക്കാനും കാരണമാകുന്നു. വർഗീയതയുടെയും നവ മുതലാളിത്തത്തിന്റെയും മാരകചേരുവയുടെ ഈ നീരാളിപ്പിടിത്തത്തിൽനിന്ന് വിദ്യാഭ്യാസത്തെ രക്ഷപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഇതിനിടയിൽ ശുഭപ്രതീക്ഷയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home