നേപ്പാളിൽ വേണ്ടത്‌ ഇടക്കാല ഭരണവും തെരഞ്ഞെടുപ്പും

nepal violence
വെബ് ഡെസ്ക്

Published on Sep 12, 2025, 12:00 AM | 2 min read


രജിസ്‌ട്രേഷൻ ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഏതാനും സമൂഹമാധ്യമങ്ങൾക്ക്‌ വിലക്കേർപ്പെടുത്തിയതിന്‌ പിന്നാലെയുണ്ടായ അക്രമസംഭവങ്ങൾ അയൽരാജ്യമായ നേപ്പാളിനെ രാഷ്ട്രീയ അനിശ്‌ചിതാവസ്ഥയിലേക്കാണ്‌ തള്ളിവിട്ടിരിക്കുന്നത്‌. 2024 ജൂലൈയിൽ കെ പി ശർമ ഒലിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കൂട്ടുകക്ഷി സർക്കാർ, യുവജനപ്രതിഷേധത്തെ തുടർന്ന്‌ ചൊവ്വാഴ്‌ച രാജിവച്ചു. പുതിയൊരു ഇടക്കാല ഭരണസംവിധാനത്തിന്‌ വഴിയൊരുക്കാനുള്ള ചർച്ചകൾ കാഠ്‌മണ്ഡുവിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുകയാണ്‌. പ്രസിഡന്റ്‌ രാമചന്ദ്ര പ‍ൗഡലും കരസേനാ മേധാവി അശോക്‌രാജ്‌ സിഗ്‌ദലുമാണ്‌ ചർച്ചകൾക്ക്‌ നേതൃത്വം നൽകുന്നത്‌. ‘ജെൻ സി’ (ജനറേഷൻ സെഡ്) തലമുറക്കാരുടെ പ്രതിനിധികളുമായാണ്‌ നിലവിൽ ചർച്ചകൾ. നേപ്പാളിലെ ആദ്യ വനിതാ ചീ-ഫ്‌ ജസ്‌റ്റിസ്‌ സുശീല കാർക്കി, നേപ്പാൾ വൈദ്യുതി അതോറിറ്റി മുൻ എം ഡി കുൽമൻ ഖിസിങ് തുടങ്ങിയ പേരുകളാണ് ഇടക്കാല ഭരണസംവിധാനത്തിന്റെ നേതൃപദവിയിലേക്ക്‌ മുഖ്യമായും പരിഗണിക്കുന്നത്‌. ഇടക്കാല ഭരണസംവിധാനത്തിന്‌ രൂപം നൽകിയശേഷം എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങി മാത്രമേ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനാകൂ.


240 വർഷം നീണ്ട രാജവാഴ്‌ചയ്‌ക്ക്‌ അന്ത്യം കുറിച്ചുകൊണ്ട്‌ പൂർണമായ ജനാധിപത്യ മാർഗത്തിലേക്ക്‌ നേപ്പാളിനെ എത്തിച്ചത്‌ 2006 ലെ ജനകീയപ്രക്ഷോഭമാണ്‌. തുടർന്ന്‌ രൂപപ്പെട്ട ഭരണഘടനാ നിർമാണസഭ രാജാവിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ്‌ നേപ്പാളിനെ ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. എന്നാൽ, പുതിയൊരു ഭരണഘടനയ്‌ക്കായി വീണ്ടും ഏഴുവർഷംകൂടി കാക്കേണ്ടിവന്നു. ഇതിനിടയിൽ ഭരണഘടനാനിർമാണ സഭയിലേക്ക്‌ രണ്ടുവട്ടം തെരഞ്ഞെടുപ്പുമുണ്ടായി. പാർലമെന്ററി ജനാധിപത്യം സ്ഥാപിച്ചുകൊണ്ടുള്ള പുതിയ ഭരണഘടന 2015 സെപ്‌തംബറിൽ അംഗീകരിക്കപ്പെട്ടു.


ഇതിന്‌ ശേഷമുള്ള 10 വർഷ കാലയളവിൽ ഏഴ്‌ സർക്കാരാണ്‌ നേപ്പാളിൽ മാറിമാറി വന്നത്‌. സർക്കാരുകളുടെ അസ്ഥിരത സ്വാഭാവികമായും ജനങ്ങളുടെ,‍ പ്രത്യേകിച്ച്‌ യുവാക്കളുടെ അവമതിക്ക് ‌ ഇടയാക്കി. ഇതോടൊപ്പം അഴിമതിയും തൊഴിലില്ലായ്‌മയും ഭരണവിരുദ്ധ വികാരത്തിന്‌ ആക്കം കൂട്ടി. രാഷ്ട്രീയനേതാക്കളെയാകെ മോശക്കാരായി ചിത്രീകരിച്ചുള്ള ബോധപൂർവമായ പ്രചാരണവും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായി. 2022 ലെ കാഠ്‌മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച റാപ്‌ സംഗീതകാരൻ ബാലേന്ദ്രഷാ നേടിയ വിജയം നേപ്പാളിലെ മുഖ്യധാരാ രാഷ്ട്രീയ പാർടികൾക്കുള്ള മുന്നറിയിപ്പായിരുന്നു.


ഒലി സർക്കാരിനെതിരായി നേപ്പാളിൽ പലയിടത്തും സമീപകാലത്ത്‌ പ്രക്ഷോഭങ്ങളുണ്ടായി. ഭൂകമ്പം അടക്കം തുടർച്ചയായുള്ള പ്രകൃതിക്ഷോഭങ്ങളും ജനജീവിതത്തെ ദുരിതപൂർണമാക്കി. സർക്കാരുകളുടെ സ്ഥിരതയില്ലായ്‌മ പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. സമൂഹമാധ്യമങ്ങൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനാണെന്ന പ്രചാരണം തെരുവിലേക്ക്‌ ഇറങ്ങാൻ യുവാക്കളെ പ്രേരിപ്പിച്ചു. പ്രക്ഷോഭം അടിച്ചമർത്താനുള്ള സർക്കാർ ശ്രമവും സ്ഥിതിഗതികൾ ഗുരുതരമാക്കി. 31 യുവാക്കൾ വെടിവയ്‌പിൽ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക്‌ പരിക്കുണ്ട്‌.


സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക്‌ വേഗത്തിൽ പിൻവലിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു. പ്രത്യേക ലക്ഷ്യമോ നേതൃത്വമോ ഇല്ലാതെയുള്ള യുവജനങ്ങളുടെ പ്രതിഷേധം വളരെ വേഗം അക്രമാസക്തമായി. കാഠ്‌മണ്ഡു അടക്കം പ്രധാനനഗരങ്ങളിൽ അക്രമികൾ അഴിഞ്ഞാടി. മുതിർന്ന രാഷ്ട്രീയനേതാക്കളുടെ വീടുകൾക്ക്‌ തീയിട്ടു. നേതാക്കളെയും കുടുംബാംഗങ്ങളെയും കായികമായി ആക്രമിച്ചു. മുൻപ്രധാനമന്ത്രി ജാലാനാഥ്‌ ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്‌മി ചിത്രാകറെ അക്രമികൾ ചുട്ടുകൊന്നു. പാർലമെന്റും സുപ്രീംകോടതിയും ഒട്ടനവധി സർക്കാർ ഓഫീസുകളും അഗ്‌നിക്കിരയാക്കി.


വ്യാപാരസ്ഥാപനങ്ങളും മറ്റും കൊള്ളയടിച്ചു. ജയിലുകളിൽനിന്ന്‌ തടവുകാരെ കൂട്ടമായി മോചിപ്പിച്ചു. 14,307 തടവുകാർ ജയിലുകളിൽനിന്ന്‌ കടന്നതായാണ്‌ റിപ്പോർട്ടുകൾ. ഇവരിൽ പലരും ഇന്ത്യയിലേക്ക്‌ കടക്കാനാണ്‌ ശ്രമിക്കുന്നത്‌. സർക്കാർ വിരുദ്ധമെന്ന പേരിൽ തുടങ്ങിയ പ്രക്ഷോഭം നേപ്പാളിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്ന കലാപത്തിലേക്കാണ്‌ വഴിമാറിയത്‌. സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തിന്‌ രംഗത്തിറങ്ങേണ്ടി വന്നു. നിലവിൽ രാജ്യമെങ്ങും കർഫ്യൂവിലാണ്‌.


ഇതിനിടയിൽ യുവജനപ്രക്ഷോഭം മുതലെടുത്ത്‌ രാജഭരണം തിരിച്ചുകൊണ്ടു വരാനുള്ള ശ്രമവും ചില കോണുകളിൽ നിന്നുണ്ടായി. അവസാന രാജാവായിരുന്ന ഗ്യാനേന്ദ്ര ഷാ തിടുക്കത്തിൽ കാഠ്‌മണ്ഡുവിലെത്തി. രാഷ്ട്രീയ പ്രജാതന്ത്ര പാർടിയാണ്‌ വീണ്ടും രാജവാഴ്‌ചയെന്ന വാദം മുന്നോട്ടുവയ്‌ക്കുന്നത്‌. ഏകാധിപത്യഭരണം അവസാനിപ്പിച്ച്‌ ജനാധിപത്യത്തിലേക്ക്‌ നേപ്പാൾ വഴിമാറിയത്‌ ഏറെ നാളത്തെ സമരപോരാട്ടത്തിലൂടെയാണ്‌. ഇത്‌ മറന്നുള്ള തിരിച്ചുപോക്ക്‌ ആത്മഹത്യാപരമാകും. ഇടക്കാല ഭരണസംവിധാനത്തിന്‌ വേഗത്തിൽ രൂപം നൽകി, തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ കണ്ടെത്തുക മാത്രമാണ്‌ നിലവിൽ നേപ്പാൾ അകപ്പെട്ടിട്ടുള്ള രാഷ്ട്രീയ അനിശ്‌ചിതാവസ്ഥയ്‌ക്കുള്ള പരിഹാരം.



deshabhimani section

Related News

View More
0 comments
Sort by

Home