നാഷണൽ ഹെറാൾഡ് : കോൺഗ്രസ് പ്രതിസന്ധിയിൽ

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒന്നും രണ്ടും പ്രതികളായതോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങാതിരിക്കാൻ കോൺഗ്രസ് നേതൃത്വം എല്ലാ ശ്രമവും നടത്തി. ഇഡി കേസിനെതിരായി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാൽ, നടപടികൾ തുടരട്ടെയെന്ന നിലപാടാണ് ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും സ്വീകരിച്ചത്. ഡൽഹി ഹൈക്കോടതിയാകട്ടെ ഒരു പടികൂടി കടന്ന് ക്രിമിനൽ ദുരുദ്ദേശ്യം പ്രഥമദൃഷ്‌ട്യാതന്നെ വ്യക്തമാണെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. ഇപ്പോൾ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതിയും കുറ്റപത്രം സ്വീകരിച്ച് തുടർനടപടികളിലേക്ക് കടന്നു.
സോണിയയും രാഹുലും ഒന്നും രണ്ടും പ്രതികളായുള്ള ഇഡി കേസ് വിചാരണഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയമപരമായി നേരിടുകയല്ലാതെ കോൺഗ്രസിന് പോംവഴിയില്ല. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുക്കുമ്പോൾ കടുത്ത ആശങ്കയും ഭീതിയും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുണ്ട്. രാഷ്ട്രീയ പകപോക്കലാണെന്ന വാദമാണ് അവർ ഉയർത്തുന്നതെങ്കിലും നാഷണൽ ഹെറാൾഡ് ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്ന അഭിപ്രായം കോൺഗ്രസിൽ പലർക്കുമുണ്ട്. 1937ൽ അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ചേർന്ന് ആരംഭിച്ചതാണ് നാഷണൽ ഹെറാൾഡ് പത്രം. നിരവധി സ്വാതന്ത്ര്യസമര സേനാനികൾ ഓഹരിയുടമകളായുള്ള അസോസിയേറ്റഡ് ജേർണൽസാണ് പത്രം നടത്തിയിരുന്നത്. ഇംഗ്ലീഷിനു പുറമെ ഹിന്ദിയിലും ഉറുദുവിലും പത്രമിറക്കി. ദേശീയതലത്തിൽ കോൺഗ്രസ് ക്ഷീണിച്ചതോടെ സാമ്പത്തികമായി പത്രം ദുർബലപ്പെട്ടു തുടങ്ങി. 2008 ഏപ്രിലിൽ അടച്ചുപൂട്ടി. ഡൽഹി, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 2000 കോടിയോളം മൂല്യംവരുന്ന കെട്ടിടങ്ങളും ആസ്‌തിയും ശേഷിച്ചു.
2011ലാണ് വിവാദ ഇടപാടുകൾക്ക് തുടക്കമാകുന്നത്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഡയറക്ടർമാരായുള്ള ‘യങ് ഇന്ത്യൻ’ എന്ന കമ്പനി വെറും 50 ലക്ഷം രൂപയ്‌ക്ക് അസോസിയേറ്റഡ് ജേർണൽസിനെ ഏറ്റെടുത്തു. അസോസിയേറ്റഡ് ജേർണൽസ് സാമ്പത്തികപ്രതിസന്ധി നേരിട്ടപ്പോൾ പലപ്പോഴായി 90 കോടി രൂപ കോൺഗ്രസ് കടമായി നൽകിയിരുന്നു. ഈ കടബാധ്യത അടക്കമാണ് ‘യങ് ഇന്ത്യൻ’ വെറും 50 ലക്ഷം രൂപയ്‌ക്ക് ഏറ്റെടുത്തത്. യങ് ഇന്ത്യന്റെ 78 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്. ട്രഷററായിരുന്ന മോത്തിലാൽ വോറയുടെയും കോൺഗ്രസ് നേതാവായിരുന്ന ഓസ്‌കാർ ഫെർണാണ്ടസിന്റെയും പേരിലാണ് ശേഷിക്കുന്ന ഓഹരികൾ. വോറ 2020 ഡിസംബറിലും ഫെർണാണ്ടസ് 2021 സെപ്‌തംബറിലും അന്തരിച്ചു.
‘യങ് ഇന്ത്യൻ’ ഏറ്റെടുക്കുന്ന ഘട്ടത്തിൽ അസോസിയേറ്റഡ് ജേർണൽസിന് ആയിരത്തിലേറെ ഓഹരി ഉടമകളുണ്ടായിരുന്നു. ഇവരെ അറിയിക്കാതെയായിരുന്നു ഏറ്റെടുക്കൽ എന്നത് ഇടപാടിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഏറ്റെടുക്കൽ തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് ഓഹരി ഉടമകളായ മുൻകേന്ദ്രമന്ത്രി ശാന്തിഭൂഷണും മുൻ സുപ്രീംകോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവും പരസ്യമായി പറഞ്ഞിരുന്നു. അസോസിയേറ്റഡ് ജേർണൽസിനെ സോണിയയും രാഹുലും സ്വന്തമാക്കിയ ഘട്ടത്തിൽ 2000 കോടിയോളം രൂപയായിരുന്നു ആസ്‌തി മൂല്യം. നിലവിൽ ഇത് 5000 കോടി വരുമെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്. ഡൽഹി, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലായി അസോസിയേറ്റഡ് ജേർണൽസിനുണ്ടായിരുന്ന കെട്ടിടങ്ങൾ ഇഡി നേരത്തേതന്നെ പിടിച്ചെടുത്തു. ഈ നടപടി കഴിഞ്ഞ ദിവസം പിഎംഎൽഎ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ശരിവയ്‌ക്കുകയും ചെയ്തു.
ഇഡി കേസിനു പുറമെ സിബിഐ, വരുമാനനികുതി വകുപ്പ് എന്നീ ഏജൻസികളും നാഷണൽ ഹെറാൾഡ് ഇടപാടിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സിബിഐയുടെ അന്വേഷണപരിധിയിലുള്ളത്. നാഷണൽ ഹെറാൾഡിന്റെ സ്വത്തുവകകൾ യങ് ഇന്ത്യൻ ഏറ്റെടുത്തശേഷം 85 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ സ്ഥാപനത്തിന്റെ മറവിൽ നടന്നിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു. കേസ് നടപടികൾ ഗൗരവത്തിൽ നീങ്ങിയാൽ വലിയ പ്രതിസന്ധിയാകും വരുംദിവസങ്ങളിൽ കോൺഗ്രസ് അഭിമുഖീകരിക്കുക. നാഷണൽ ഹെറാൾഡ് കേസിനു പുറമെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്‌ക്കെതിരായ ഭൂമിയിടപാട് കേസിലും നടപടി പുരോഗമിക്കുകയാണ്.
മറ്റുപല പ്രതിപക്ഷ പാർടികളെയും രാഷ്ട്രീയലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ ആഹ്ലാദിക്കുന്ന കോൺഗ്രസ് നേതൃത്വം എന്നാൽ, സ്വന്തം നേതാക്കൾ പ്രതികളായതോടെ രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലും മറ്റും ഇഡിയെ പ്രകീർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അതേ ഇഡി ഓഫീസുകളിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയത് അവരുടെ ഇരട്ടത്താപ്പ് കൂടുതൽ വെളിപ്പെടുത്തുകയാണ്.









0 comments