നാഗ്‌പുർ കലാപവും സംഘപരിവാർ അജൻഡ

അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ വിദ്വേഷ, വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘപരിവാറിന്റെ മുഖമുദ്രയാണ്. ഓരോ സംസ്ഥാനത്തും ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ ന്യൂനപക്ഷങ്ങളെ അപരന്മാരാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ബിജെപി സർക്കാരിന്റെ സർവവിധ ഒത്താശയോടുകൂടിയാണ് രാജ്യത്ത് പല ഭാഗത്തും കലാപവും അട്ടിമറി പ്രവർത്തനങ്ങളും നടത്തുന്നത്. ചരിത്രവസ്‌തുതകളെ മറച്ചുവച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും തുടർച്ചയായി നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ സംഘർഷങ്ങൾക്ക് കാരണമാകുന്നു. മഹാരാഷ്‌ട്രയിലെ നാഗ്‌പുരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വർഗീയസംഘർഷങ്ങൾ ഇതിന് ഉദാഹരണമാണ്. ഛത്രപതി സംഭാജി നഗർ (ഔറംഗബാദ്) ജില്ലയിലെ ഖുൽദാബാദിലുള്ള മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള തീവ്ര ഹിന്ദുത്വശക്തികളുടെ പ്രതിഷേധങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്.
ആർഎസ്‌എസ് ആസ്ഥാനമായ നാഗ്‌പുരിലെ സംഘർഷം സ്വയമേവയുള്ള പൊട്ടിത്തെറികളല്ലെന്നും ആസൂത്രിതമായിരുന്നെന്നും വ്യക്തമാവുകയാണ്. ഔറംഗസേബിന്റെ ശവകുടീരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്‌മാരകമാണ്. ഇത് നീക്കം ചെയ്യണമെന്ന് ഏറെ നാളായി സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബിജെപിയും അവരുടെ സഖ്യകക്ഷികളും ഇതിനെ പ്രചാരണ വിഷയമായി ആവർത്തിച്ച് ഉപയോഗിച്ചു. മാർച്ച് മൂന്നിന് മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചതുമുതൽ സംഘർഷത്തിനുള്ള നീക്കം ആരംഭിച്ചിരുന്നു. ഭരണസഖ്യത്തിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളിൽനിന്നും സർക്കാരിനെതിരെയുള്ള ജനരോഷത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനാണ് കലാപാന്തരീക്ഷം സൃഷ്ടിച്ചത്. സംസ്ഥാനത്തെ വിദർഭ ഉൾപ്പെടെയുള്ള മേഖലകളും പണപ്പെരുപ്പം, കർഷക ആത്മഹത്യകൾ, സാമ്പത്തിക ദുരിതങ്ങൾ എന്നിവയാൽ വലയുകയാണ്. ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം ഭരണകക്ഷി നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങൾ ആവർത്തിക്കുകയായിരുന്നു. സത്താറയിലെ ബിജെപി എംപി ഉദയ രാജെ ഭോസ്‌ലെ സ്‌മാരകം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചില മന്ത്രിമാരും ഭോസ്‌ലയെ പിന്തുണച്ച് രംഗത്തുവന്നു. ബിജെപി നേതാവും മുൻ പാർലമെന്റ് അംഗവുമായ നവനീത് റാണയും ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സ്‌മാരകം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പിയും ബജ്‌റംഗദളും തെരുവിലിറങ്ങി. സർക്കാർ പൊളിച്ചുമാറ്റിയില്ലെങ്കിൽ കർസേവ നടത്തുമെന്നും പ്രഖ്യാപിച്ചു.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘ഛാവ’ എന്ന ബോളിവുഡ് ചലച്ചിത്രവും തീവ്ര ഹിന്ദുത്വശക്തികൾക്ക് പ്രചോദനമായി. ഛത്രപതി സംഭാജിയുടെ കീഴിലുള്ള മറാഠികളും ഔറംഗസേബിന്റെ കീഴിലുള്ള മുഗളരും തമ്മിലുള്ള സംഘർഷത്തെ ചിത്രീകരിക്കുന്ന ഛാവ വൻ സാമ്പത്തിക വിജയം കൈവരിച്ചതിനൊപ്പം സിനിമാഹാളുകളിലും പുറത്തും അസാധാരണമായ വർഗീയാന്തരീക്ഷം സൃഷ്ടിച്ചു. സിനിമ പ്രദർശിപ്പിച്ച തിയറ്ററുകളിൽ വിദ്വേഷ മുദ്രാവാക്യം വിളികൾ ഉയർന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവശ്യാനുസൃതം രൂപപ്പെടുത്തിയ ഛാവ ചരിത്രവസ്തുതകളെ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പാകപ്പെടുത്തി അവതരിപ്പിക്കുകയാണുണ്ടായത്. സമീപകാലത്ത് ഇത്തരത്തിൽ സമൂഹത്തെ വിഷലിപ്‌തമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദ കശ്മീർ ഫയൽസ്, ദ കേരള സ്റ്റോറി, ദ വാക്സിൻ വാർ, ആർട്ടിക്കിൾ 370, ദ നക്സൽ സ്റ്റോറി, സ്വതന്ത്ര വീർസവർക്കർ, ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി, സമ്രാട്ട് പൃഥ്വിരാജ് , ദ സബർമതി റിപ്പോർട്ട് തുടങ്ങിയ സിനിമകളെല്ലാം വർഗീയ വിദ്വേഷ പ്രചാരണത്തിനുവേണ്ടിയായിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. നിരവധിപേർക്ക് പരിക്കേറ്റു. കോട്വാലി, ഗണേശ്പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗർ, സക്കാർദാര, നന്ദൻവൻ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ തുടരുകയാണ്. നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പൂർണമായും സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദികൾ സംഘടിതമായി മുസ്ലിംവിരുദ്ധവികാരം ആളിക്കത്തിച്ചാണ് മഹാരാഷ്‌ട്രയിൽ ധ്രുവീകരണം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്.
വർഗീയവികാരം ആളിക്കത്തിക്കുന്ന നിലപാടായിരുന്നു മഹാരാഷ്ട്ര സർക്കാർ തുടക്കംമുതൽ സ്വീകരിച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. നിന്ദ്യമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ചരിത്രത്തെ ചൂഷണം ചെയ്‌ത് കലാപം സൃഷ്ടിക്കുന്ന വർഗീയശക്തികൾക്കെതിരെ പൊതുസമൂഹം ഉണർന്നുപ്രവർത്തിക്കേണ്ടിയിരിക്കുന്നു.









0 comments