കപ്പൽച്ചേതം : വേണ്ടത് ജാഗ്രതയും കരുതലും

അറബിക്കടലിൽ കഴിഞ്ഞ ശനിയാഴ്‌ച പകലുണ്ടായ കപ്പൽച്ചേതം കേരളത്തിന്റെ തെക്കൻതീരത്ത് അസാധാരണ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്‌ന്നത് ബഹുമുഖ വെല്ലുവിളിയാണ് ഉയർത്തുന്നത്. നാവികരെ രക്ഷിക്കാനായെങ്കിലും കപ്പലിൽ ഉണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ നൂറോളം എണ്ണം കടലിലേക്ക് പോയി. കപ്പൽ ടാങ്കുകളിൽ 84.44 ടൺ ഡീസലും 367 ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. 184 മീറ്റർ നീളവും 25.3 മീറ്റർ വീതിയുമുള്ള ജലയാനത്തിൽനിന്ന് ചോർന്ന എണ്ണ ഒഴുകിപ്പരക്കുന്നത് തടയാൻ വിവിധ ഏജൻസികൾ തീവ്രശ്രമം തുടരുകയാണ്.
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്‌സ്) വിലയിരുത്തൽപ്രകാരം കടലിൽ തെക്കുഭാഗത്തേക്ക് ശക്തമായ ഒഴുക്കുണ്ട്. കൊച്ചിയിൽനിന്ന് 74 കിലോമീറ്ററും ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 27 കിലോമീറ്ററും അകലെ അപകടത്തിൽപ്പെട്ട കപ്പലിൽനിന്നുള്ള കണ്ടെയ്‌നറുകൾ 48 മണിക്കൂറിനകം കൊല്ലം തീരത്ത് അടിഞ്ഞത് കടലിലെ ഒഴുക്കിന്റെ തീവ്രതയ്‌ക്ക് തെളിവാണ്. എണ്ണപ്പാട എവിടെയുമെത്താമെന്നത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ കേരളതീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
എണ്ണപ്പാട പരക്കുന്നത് കടലിലെ ജീവജാലങ്ങളെ പെട്ടെന്ന് ബാധിക്കും. എണ്ണയുടെ സാന്നിധ്യം കണ്ടെത്തുന്നതനുസരിച്ച് മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് വിദഗ്‌ധർ വ്യക്തമാക്കിയിട്ടുണ്ട്. സമൃദ്ധമായി ലഭിച്ച വേനൽമഴയും കാലവർഷം നേരത്തേ എത്തിയതും മത്സ്യസമ്പത്ത് പെരുകാൻ ഇടയാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. നിലവിലെ സാഹചര്യത്തിൽ വടക്കൻജില്ലകളിൽ പ്രശ്‌നത്തിന് വഴിയില്ല. എണ്ണപ്പാട വേഗത്തിൽ നീക്കാൻ ജില്ലാ–- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളും തീരസംരക്ഷണ സേനയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും ചേർന്ന് നടപടി ആരംഭിച്ചു. കടലിൽ പരക്കുന്ന എണ്ണ, പ്രത്യേക സംവിധാനം ഉപയോഗിച്ച് തടഞ്ഞുനിർത്തി ശേഖരിക്കാനാകും. ഇത്തരത്തിൽ ലഭിക്കുന്ന മലിനമായ എണ്ണ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് റീസൈക്ലിങ് ചെയ്‌തെടുക്കാനും കഴിയും. അതേസമയം, എണ്ണച്ചോർച്ചയുടെ തീവ്രത കൂടുതലാണെങ്കിൽ നീക്കൽ ദുഷ്‌കരമാകും. പ്രക്ഷുബ്‌ധമായ കടൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യും. നാവികസേനയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 13 കണ്ടെയ്‌നറിൽ കാത്സ്യം കാർബൈഡ് അടങ്ങിയ ചരക്കുകളാണെന്നത് ദുരിതാശ്വാസ പ്രവർത്തനത്തെ സങ്കീർണമാക്കുന്നു. കാത്സ്യം കാർബൈഡ് ഉപ്പ് വെള്ളത്തിൽ പൊട്ടിത്തെറിച്ച് അസറ്റൈലിൻ വാതകം ഉൽപ്പാദിപ്പിക്കപ്പെടും. കാത്സ്യം കാർബൈഡ് വെള്ളത്തിന്റെ ക്ഷാരഗുണം ഉയർത്തുകയും ചെയ്യും. ഇതെല്ലാം കടലിലെ ആവാസവ്യവസ്ഥയ്‌ക്ക് ദോഷം വരുത്തുന്നതാണ്.
ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രിയും അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറിയും സ്ഥിതിഗതി വിലയിരുത്തി പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടുവീതം ദ്രുതകർമ സംഘങ്ങൾക്ക് തൃശൂർമുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലും ഓരോന്നുവീതം ടീമിന് വടക്കൻ ജില്ലകളിലും രൂപം നൽകും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പൊലീസും ഇതര വകുപ്പുകളും ഇവർക്ക് ആവശ്യമായ സഹായം നൽകും. എണ്ണ കടലിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ തീരസംരക്ഷണ സേന, നാവികസേന, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പ്രതിരോധപദ്ധതി നടപ്പാക്കുന്നുണ്ട്.
ഏതു സാഹചര്യവും നേരിടാൻ കൂടുതൽ സജ്ജമാകാൻ തീരസംരക്ഷണ സേന, തുറമുഖ വകുപ്പ്, നാവികസേന എന്നിവരോട് നിർദേശിച്ചിട്ടുണ്ട്. പൊതുജന സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം മുൻഗണന നൽകുകയെന്ന് തീരുമാനിച്ചത് സ്വാഗതാർഹമാണ്. ആശങ്കയ്‌ക്കും ഭീതിക്കും പകരം ജാഗ്രതയും ഉചിതമായ പ്രതിരോധനടപടിയുമാണ് വേണ്ടത്. പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. തീരത്ത് അപൂർവ വസ്‌തുക്കൾ, കണ്ടെയ്‌നറുകൾ എന്നിവ കണ്ടാൽ അടുത്ത് പോകുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. 200 മീറ്റർ എങ്കിലും അകലെ നിൽക്കണം. 112 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശം പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ നിലവിലുണ്ട്. കരുതലോടെ നീങ്ങിയാൽ ഈ പ്രയാസവും മറികടന്ന് ആശ്വാസതീരത്തണയാം.









0 comments