മോദി, ഈ വേട്ടയാണ്‌ 
രാജ്യദ്രോഹം

Modi Government agenda
വെബ് ഡെസ്ക്

Published on Aug 21, 2025, 12:00 AM | 2 min read


സംഘപരിവാറിനാൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകൾ മാധ്യമങ്ങളെയും മനുഷ്യാവകാശപ്രവർത്തകരെയും പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെയും വേട്ടയാടാൻ നടത്തുന്ന അങ്ങേയറ്റം സ്വേച്ഛാധിപത്യപരമായ നടപടികളിൽ ഒടുവിലത്തേതാണ്‌ ‘ദ വയർ’ എന്ന ഓൺലൈൻ മാധ്യമസ്ഥാപനത്തിനെതിരെ അസം പൊലീസ്‌ പുനരാരംഭിച്ച നടപടിയും ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന്‌ ബില്ലും. സ്വതന്ത്രവും സത്യസന്ധവുമായി വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിൽനിന്ന്‌ രാജ്യത്താകെയുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി തടയുന്നതിനാണ്‌ പൊലീസിനെ ദുരുപയോഗിച്ച്‌ അസം സർക്കാർ വയർ എഡിറ്റർ സിദ്ധാർഥ്‌ വരദരാജനും കൺസൾട്ടിങ് എഡിറ്റർ കരൺ ഥാപ്പർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ സമൻസ്‌ അയച്ചിരിക്കുന്നത്‌. ശക്തമായ പ്രതിഷേധത്തിനിടയാക്കി അമിത്‌ ഷാ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലുകളാകട്ടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാനും രാജ്യത്തിന്റെ ഫെഡറൽ ഭരണസംവിധാനത്തെയാകെ തകർത്ത്‌ ഹിന്ദുത്വ വർഗീയവാഴ്‌ചയിലേക്ക്‌ ചുവടുവയ്‌ക്കാനുമാണ്‌. ജനാധിപത്യത്തിൽ സുപ്രധാന പങ്കുള്ള മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെയുള്ള ഈ നടപടികൾ ഭരണഘടനാ തത്വങ്ങൾക്കെതിരും ജനവിരുദ്ധവും ദേശദ്രോഹപരവുമാണ്‌.


മലയാളത്തിലുള്ളവയടക്കം രാജ്യത്തെ ‘നിഷ്‌പക്ഷ’ മാധ്യമങ്ങളിലധികവും ബിജെപിയുടെയും സംഘപരിവാറിന്റെയും ആക്രമണങ്ങളും പ്രതികാരനടപടികളും ഭയന്ന്‌ അവയ്‌ക്ക്‌ വിധേയപ്പെട്ടുമാത്രം പ്രവർത്തിക്കുന്ന ഇക്കാലത്ത്‌ വയർപോലുള്ള പുതുമാധ്യമ ഇടങ്ങൾ ഹിന്ദുത്വവാദികൾക്കും മറ്റ്‌ വിഘടന, വിധ്വംസക ശക്തികൾക്കുമുണ്ടാക്കുന്ന അലോസരങ്ങൾ ചെറുതല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ്‌ ലക്ഷ്യമിട്ടിറങ്ങിയ ബിജെപിക്ക്‌ കേവലഭൂരിപക്ഷംപോലും ലഭിക്കാതിരുന്നത്‌ രാജ്യത്തിന്റെ യഥാർഥ അവസ്ഥ ഇത്തരം മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിയതുകൊണ്ടാണ്‌. സമസ്‌ത മേഖലകളിലും പരാജയപ്പെട്ട മോദി സർക്കാരിന്റെ കെടുകാര്യസ്ഥതകളും വീഴ്‌ചകളും തുറന്നുകാട്ടുന്നതിൽ മുന്നിലുള്ള സിദ്ധാർഥ്‌ വരദരാജനും വയറിലെ സഹപ്രവർത്തകർക്കുമെതിരെ മുമ്പും അസമിലെ ബിജെപി സർക്കാരിന്റെ പ്രതികാരനടപടികൾ ഉണ്ടായിട്ടുണ്ട്‌.


സുരക്ഷാവീഴ്‌ചയെത്തുടർന്ന്‌ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‌ തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ സർക്കാരിന്റെ അവകാശവാദങ്ങൾക്കപ്പുറം ചില വീഴ്‌ചകൾകൂടി ഉണ്ടായെന്ന്‌ ജനങ്ങളെ അറിയിച്ചതിനായിരുന്നു കഴിഞ്ഞമാസം അവർക്കെതിരെ നീക്കമുണ്ടായത്‌. അത്‌ സുപ്രീംകോടതി തടഞ്ഞിരിക്കെയാണ്‌ കുറ്റങ്ങൾ എന്തെന്നുപോലും വ്യക്തമാക്കാതെ പുതിയ കേസും ഭീഷണിയും. കരൺ ഥാപ്പറാകട്ടെ തന്റെ പ്രസിദ്ധമായ അഭിമുഖപരിപാടിയിൽ ഗുജറാത്ത്‌ വംശഹത്യാവിഷയത്തിൽ 18 വർഷംമുമ്പ്‌ നരേന്ദ്ര മോദിയെ ഉത്തരംമുട്ടിക്കുകയും അക്ഷരാർഥത്തിൽ വെള്ളംകുടിപ്പിക്കുകയും ചെയ്‌തതുമുതൽ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്‌.


കൊളോണിയൽ ഭരണകാലത്ത്‌ സ്വാതന്ത്ര്യസമര പോരാളികളെ വേട്ടയാടാൻ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഉപയോഗിച്ച കിരാത നിയമങ്ങൾ പരിഷ്‌കരിക്കാനെന്നപേരിൽ കൊണ്ടുവന്ന നിയമങ്ങൾ ഉപയോഗിച്ചാണ്‌ ബ്രിട്ടീഷുകാരേക്കാൾ കിരാതമായി മോദി സർക്കാർ സ്വതന്ത്ര മാധ്യമങ്ങളെയും എതിർ രാഷ്‌ട്രീയ ശബ്ദങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കുന്നത്‌. ‘രാജ്യദ്രോഹ’ത്തിനെതിരെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പിന്‌ പകരം അതുപോലെ ജനവിരുദ്ധമായ വകുപ്പുകൾ ഉൾപ്പെടുത്തി ഈ ജനാധിപത്യയുഗത്തിൽ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ഉപയോഗിച്ചാണ്‌ ജനാധിപത്യസ്വരങ്ങളെ അമർച്ചചെയ്യുന്നത്‌. ന്യൂസ്‌ക്ലിക്ക്‌, ന്യൂസ്‌ ലോൺട്രി, ബിബിസി തുടങ്ങിയ നിരവധി മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ റെയ്‌ഡുകളും മറ്റ്‌ പ്രതികാരനടപടികളും ഉണ്ടായി. ഗുജറാത്ത്‌ വംശഹത്യയിലെ ഇരകൾക്ക്‌ നീതികിട്ടാൻ വേണ്ടി പോരാടിയ മനുഷ്യാവകാശപ്രവർത്തക തീസ്‌റ്റ സെതൽവാദ്‌ ന്യൂസ്‌ക്ലിക്കിൽ ലേഖനങ്ങൾ എഴുതിയതിന്റെ പേരിലാണ്‌ അവരുടെ വീട്ടിൽ 2023ൽ അധികാരത്തിന്റെ കിങ്കരന്മാർ എത്തിയത്‌. ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ അടക്കമുള്ളവരുടെ അറസ്‌റ്റിനെതിരെ പ്രതിഷേധിച്ചതിന്‌ അന്ന്‌ അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്തി കേസ്‌ എടുത്തത്‌ 2010ൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ്‌.


ഇത്തരത്തിൽ അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതാക്കാൻ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമാണ്‌ രാഷ്‌ട്രീയ പ്രതിപക്ഷത്തെയും ഇല്ലാതാക്കാനുള്ള ശ്രമം. പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രിമാർ വരെയുള്ളവർ അഞ്ചുവർഷം ശിക്ഷ ലഭിക്കാവുന്ന കേസിൽ പ്രതിയാക്കപ്പെട്ട്‌ 30 ദിവസം ജയിലിലായാൽ അവരുടെ സ്ഥാനം ഇല്ലാതാക്കുന്നതിനുവേണ്ടി അവതരിപ്പിച്ച ബിൽ പ്രതിപക്ഷകക്ഷികളെ ഇല്ലാതാക്കി ബിജെപിയുടെ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനാണെന്ന്‌ വ്യക്തം. നമ്മുടെ മുൻതലമുറകൾ പോരാടി നേടിയ സ്വാതന്ത്ര്യങ്ങൾ കവർന്നെടുക്കാനാണ്‌ ശ്രമം.


തെരഞ്ഞെടുപ്പ്‌ കമീഷനടക്കം നിഷ്‌പക്ഷവും സ്വതന്ത്രവും ആയിരിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ഭരണകക്ഷിയുടെ വിധേയരാക്കുന്നതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുമ്പോഴാണ്‌ അതിൽനിന്ന്‌ ശ്രദ്ധതിരിക്കുന്നതിനുകൂടി പുതിയ കടന്നാക്രമണങ്ങൾ. സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ്‌ പാദസേവകരായി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരുടെ പിൻഗാമികളുടെ ദേശദ്രോഹപരമായ ഈ അമിതാധികാരനീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യയുടെ സമസ്‌ത വൈവിധ്യങ്ങളും ജനാധിപത്യവും സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന മുഴുവനാളുകളും രംഗത്തുവരണം.



deshabhimani section

Related News

View More
0 comments
Sort by

Home