കർണാടകത്തിലെ മൃഗശാലയിൽ 28 കൃഷ്ണമൃഗങ്ങൾ ചത്തു

KITTUR ZOO BELAGAVI
വെബ് ഡെസ്ക്

Published on Nov 15, 2025, 05:04 PM | 1 min read

ബെലഗാവി: കർണാടക ബെലഗാവി മൃഗശാലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 28 കൃഷ്ണമൃഗങ്ങൾ ചത്തു. കിത്തൂർ റാണി ചെന്നമ്മ മൃഗശാലയിലാണ് ദുരൂഹ സാഹചര്യത്തിൽ കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തത്. മൃഗശാലയിൽ ആകെ 38 കൃഷ്ണമൃഗങ്ങളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കർണാടക വനം മന്ത്രി ഈശ്വര ഖൻഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു.


എട്ട് കൃഷ്ണമൃഗങ്ങൾ രണ്ട് ദിവസം മുമ്പും 20 എണ്ണം ശനിയാഴ്ചയുമാണ് മരിച്ചത്. ബാക്ടീരിയ അണുബാധ മൂലമാണ് അവ മരിച്ചതെന്ന് സംശയിക്കുന്നതായി വെറ്ററിനറി ഡോക്ടർ പറഞ്ഞു. എന്നാൽ യഥാർഥ കാരണം വ്യക്തമായിട്ടില്ല. മരണ കാരണം കണ്ടെത്താൻ ബംഗളൂരുവിലെ ബന്നാർഘട്ട സുവോളജിക്കൽ പാർക്കിലേക്ക് കൃഷ്ണമൃ​ഗത്തിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ അയച്ചിട്ടുണ്ട്.


പകർച്ചവ്യാധി മൂലമാണ് മൃ​ഗങ്ങൾ കൂട്ടത്തോടെ ചത്തതെന്നും റിപ്പോർട്ടുണ്ട്. ഇതോടെ മൃഗശാലയിലെ മറ്റ് മൃഗങ്ങൾക്ക് രോഗം വരാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വനം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മലിനമായ വെള്ളവും ഭക്ഷണവും കഴിച്ചതാണോ ഈ മരണങ്ങൾക്ക് കാരണമെന്ന് അന്വേഷിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ നിർദേശിച്ചു. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് മരണമെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home