ഇതെന്തൊരു മാധ്യമപ്രവർത്തനം

കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധതയിൽ ഊന്നി പ്രവർത്തിക്കുന്നവയാണ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ വലതുപക്ഷം സംഘടിപ്പിച്ച വിമോചന സമരത്തിലുൾപ്പെടെ ചേർന്നുനിന്നവരാണ് ഭൂരിപക്ഷം മാധ്യമങ്ങളും. ഇടതുപക്ഷവിരുദ്ധ കൂറ് അവർ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ നിഷ്‌പക്ഷ മേലങ്കിയണിഞ്ഞാണ് ഇടതുപക്ഷത്തിനെതിരെ വ്യാജവാർത്തകളുമായി ഇവർ ജനങ്ങൾക്കു മുന്നിലെത്തുന്നത്. ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തകർക്കാൻ ഉൽപ്പാദിപ്പിച്ച വ്യാജ വാർത്തകളുടെ അളവ് നോക്കിയാൽ കേരളത്തിൽ പുരോഗമന പ്രസ്ഥാനത്തിന്റെ കണികപോലും ഉണ്ടാകേണ്ടതല്ല. എന്നാൽ, പ്രബുദ്ധ ജനത വലതു മാധ്യമങ്ങളുടെ എല്ലാ കുത്തിത്തിരുപ്പുകളെയും തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നിൽക്കുന്നുവെന്നതാണ് നമ്മുടെ അനുഭവം. മനോരമ, മാതൃഭൂമി തുടങ്ങിയ മുൻനിര മാധ്യമങ്ങൾ യുഡിഎഫിന്റെ മുഖപത്രംപോലെയാണ് പ്രവർത്തിക്കുന്നതെന്ന് മലയാളികൾക്കെല്ലാം നന്നായി അറിയാം. മാധ്യമങ്ങൾ പക്ഷം ചേരുന്നതിനോ വിമർശാത്മക വാർത്തകൾ നൽകുന്നതിനോ സർക്കാരിനെ വിമർശിക്കുന്നതിനോ ഇടതുപക്ഷം എതിരല്ല. എന്നാൽ, വ്യാജവാർത്തകൾ ഉണ്ടാക്കി വിവാദങ്ങളിൽ അഭിരമിക്കാനാണ് മാധ്യമങ്ങളിപ്പോൾ മത്സരിക്കുന്നത്. ഇത് മാധ്യമധർമത്തിന് ചേർന്നതാണോയെന്ന് അതിന്റെ നടത്തിപ്പുകാർ ചിന്തിക്കേണ്ട കാലം കഴിഞ്ഞു.
സിപിഐ എമ്മിനെ കടന്നാക്രമിക്കാൻ എന്ത് കളവും സങ്കോചമില്ലാതെ വിളിച്ച് പറയാമെന്ന നിലയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും. സ്വാർഥതാൽപ്പര്യത്തോടെ ഏതെങ്കിലും കേന്ദ്രം നൽകുന്ന ഇടതുപക്ഷവിരുദ്ധ വാർത്തകൾ സത്യപരിശോധന കൂടാതെ അച്ചടിക്കാനും പ്രചരിപ്പിക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയ്‌ക്ക് ഏൽക്കുന്ന കനത്ത ആഘാതമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട രണ്ട് വാർത്ത ഇതിന് ഉദാഹരണമാണ്. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള, ഗോവ, ബംഗാൾ ഗവർണർമാരെ മുഖ്യമന്ത്രി ഞായറാഴ്ച അത്താഴവിരുന്നിന് ക്ഷണിച്ചെന്നും ഗവർണർമാർ അത് നിരസിച്ചെന്നുമാണ് വാർത്ത നൽകിയത്. ചാനലുകളിൽ ദിവസം മുഴുവൻ നീളുന്ന ബ്രേക്കിങ് ന്യൂസായിരുന്നു. മനോരമയുടെ ഒന്നാം പേജ് സ്റ്റോറിയുമായി.
സത്യവുമായി പുലബന്ധമില്ലാത്ത സംഭവം വിശ്വസനീയ വാർത്തയെന്ന നിലയിലാണ് അവതരിപ്പിച്ചത്. ക്ലിഫ് ഹൗസിൽ ഞായറാഴ്ച അങ്ങനെയൊരു അത്താഴവിരുന്ന് ഒരുക്കിയിരുന്നില്ല. അന്ന് വൈകിട്ട് മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഒരു മാസംമുമ്പേ സർക്കാർ വാർഷികാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തപ്പോൾ തീരുമാനിച്ചതാണ്. 28ന് രാവിലെ ഇടുക്കി നെടുങ്കണ്ടത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് ഞായർ വൈകിട്ടുതന്നെ പുറപ്പെടേണ്ടിയിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഭവമെന്ന നിലയിൽ, കശ്‌മീരിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ എറണാകുളത്തെ വീട് സന്ദർശിച്ചശേഷം ഇടുക്കിക്ക് പുറപ്പെടാൻ തീരുമാനിച്ചത് രണ്ടുദിവസം മുമ്പാണ്. സ്ഥലത്തില്ലാത്ത മുഖ്യമന്ത്രി ഗവർണർമാരെ വിരുന്നിന് ക്ഷണിച്ചെന്ന അസംബന്ധം വാർത്തയാക്കണമെങ്കിൽ അസാമാന്യ തൊലിക്കട്ടി വേണം.
വ്യാജ വാർത്തയെത്തുടർന്ന് പ്രതിപക്ഷ നേതാവിന്റെ വഷളൻ ജൽപ്പനങ്ങളും മാധ്യമങ്ങൾക്ക് വാർത്തയായി. ഒടുവിൽ, ഗോവ ഗവർണർതന്നെ വാർത്ത നിഷേധിച്ച് കുറിപ്പിറക്കി. കേരള മുഖ്യമന്ത്രി വിരുന്നിന് ക്ഷണിക്കുകയോ നിരസിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയതോടെ വാർത്തയുടെ വിശ്വാസ്യത പോയതാണ്. എന്നാൽ, മനോരമപോലുള്ള പത്രങ്ങൾ വ്യാജവാർത്ത വിടാതെ പിന്തുടർന്നതിന് നികൃഷ്ട മാധ്യമപ്രവർത്തനം എന്നല്ലാതെ എന്ത് പറയാൻ. ബിജെപി ബന്ധവും മുഖ്യമന്ത്രിയുടെ മകളുടെ കേസ് ഒതുക്കുന്നതിലേക്കുവരെ നീണ്ടു ഭാവന. നേതാക്കൾ നിരനിരയായി ബിജെപിയിലേക്ക് പോകുന്ന പാർടിയുടെ നേതാവാണ്, ആർഎസ്എസ് സ്ഥാപകന്റെ ഫോട്ടോക്കുമുന്നിൽ വണങ്ങി നിൽക്കാൻ മടിയില്ലാത്ത ആളാണ് സിപിഐ എമ്മിൽ ബിജെപി ബന്ധം ആരോപിക്കുന്നത്. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിൽ ഗോവ ഗവർണറെ നേതാക്കൾ വാനോളം പുകഴ്ത്തിയത് ഏത് ബന്ധത്തിന്റെ പേരിലാണെന്ന ശ്രീധരൻപിള്ളയുടെ ചോദ്യമാണ് സതീശനുള്ള മറുപടി.
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽനിന്ന് പുറത്താക്കിയെന്നത് മാതൃഭൂമിയുടെ നട്ടാൽ മുളയ്‌ക്കാത്ത മറ്റൊരു നുണ വാർത്തയാണ്. സിപിഐ എമ്മിന്റെ സംഘടനാ രീതികളെക്കുറിച്ച് തികച്ചും അജ്ഞരാണ് വാർത്തകൾ സൃഷ്ടിക്കുന്നത്. നുണവാർത്തയാണെന്ന് ശ്രീമതിയും സംസ്ഥാന സെക്രട്ടറിയും ജനറൽ സെക്രട്ടറിയും പറഞ്ഞിട്ടും തിരുത്താൻ തയ്യാറാകാത്തത് മാധ്യമ മാടമ്പിത്തരമാണ്. തദ്ദേശതെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സിപിഐ എമ്മിനും സർക്കാരിനും എതിരെ വ്യാജ വാർത്തകളുണ്ടാക്കി കടന്നാക്രമിക്കാമെന്നാണ് വലതു മാധ്യമങ്ങളുടെ പദ്ധതിയെങ്കിൽ അതൊന്നും ജനങ്ങൾക്കിടയിൽ ഏശാൻ പോകുന്നില്ലെന്നാണ് മുൻകാല അനുഭവം. എന്നാലും ഈ മാധ്യമങ്ങൾ ഇടതുപക്ഷത്തെ ആക്രമിക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ജോലി അഭംഗുരം തുടരും. പൊതു ജനത്തിനു മുന്നിൽ നഗ്നരായി നിന്നാലും അതും തങ്ങൾക്ക് അലങ്കാരമാണെന്ന് ചിന്തിക്കുന്ന മാധ്യമങ്ങളിൽനിന്ന് വരുംദിവസത്തിൽ വലിയ നുണകൾ പ്രതീക്ഷിക്കാം. പക്ഷേ, അതൊക്കെ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങളെന്ന് വലതുപക്ഷ മാധ്യമങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.









0 comments