അനുഭവക്കരുത്തിന്റെ അകക്കാന്പ്

കരുനാഗപ്പള്ളി
പ്രായം 87 കഴിഞ്ഞു. എൻ ശിവരാജന് ഇപ്പോഴും ചുറുചുറുക്കാണ്. 1979 മുതൽ 84വരെ കരുനാഗപ്പള്ളി പഞ്ചായത്ത് അംഗമായിരുന്ന ഓർമകൾക്ക് വജ്രത്തിളക്കം. " സിപിഐ എം, സിപിഐ എന്നീ കക്ഷികളെ കൂടാതെ അന്ന് കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളും ഉണ്ടായിരുന്നു. ആന്റണി കോൺഗ്രസും ഇന്ദിരാ കോൺഗ്രസും രണ്ടുപക്ഷത്തായിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കമ്യൂണിസ്റ്റ് പാർടി നേതാവ് കെ എൻ ബാലകൃഷ്ണന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആധുനിക കരുനാഗപ്പള്ളിക്ക് തറക്കല്ലിട്ടത്. ഇപ്പോഴത്തെ മുനിസിപ്പൽ ടവർ സ്ഥിതിചെയ്യുന്ന 49.5 സെന്റ് സ്ഥലം അന്നത്തെ പഞ്ചായത്ത് ഭരണസമിതി വാങ്ങിയതാണ്. താച്ചയിൽ ജങ്ഷന് തെക്കുവശം, കരുനാഗപ്പള്ളി സഹകരണ ബാങ്കിന് പടിഞ്ഞാറ്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള സ്ഥലം വിലകൊടുത്ത് വാങ്ങി. കരുനാഗപ്പള്ളി മിഡിൽ സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തണമെന്ന പഞ്ചായത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചു. അതിനായി 40 അടി നീളമുള്ള കെട്ടിടം അന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിച്ചു. 13 വാർഡും ഒന്പതുലക്ഷം ബജറ്റിൽനിന്ന് 37 ഡിവിഷനും കോടികളുടെ ബജറ്റുമാണ് ഇന്നുള്ളത്. ഓണറേറിയം 15 രൂപയായിരുന്നു. പിന്നീട് അത് 30 ആയി. 1960 മുതൽ ഇന്നുവരെ വോട്ട് മുടക്കിയിട്ടില്ല. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം നേതാവ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച എൻ ശിവരാജൻ നാട്ടുകാരുടെ പ്രിയപ്പെട്ട ശിവരാജൻ ചേട്ടനാണ്. പ്രദേശത്തെ പ്രധാന രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നാട്ടുകാർ ഇന്നും ഇദ്ദേഹത്തിന്റെ ചുറ്റും ഒത്തുകൂടും.









0 comments